ഒരു നാട്… ജാതിമതഭേദമന്യേ സ്വന്തം വീടുകളുടെ വാതിലുകൾ തുറന്നിട്ട് അന്യദേശക്കാർക്ക് സ്വാഗതമരുളുന്ന ഒരു കാഴ്ച… അത് ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രം സ്വന്തം…

2020 മാർച്ച് 1 നു ദേവിയെ കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലിൽ പൊങ്കാല മഹോത്സവത്തിന് സമാരംഭം കുറിക്കുകയാണ്.. അതോടെ മാർച്ച് 1 മുതൽ മാർച്ച് 10 വരെ അനന്തപുരി ഉത്സവലഹരിയിലാകും. 2020 മാർച്ച് 9 നു രാവിലെ 10.20ന് അനന്തപുരിയെ യാഗശാലക്ക് സമാനമാക്കികൊണ്ട് മേൽശാന്തി പൊങ്കാലക്ക് പണ്ടാരഅടുപ്പിൽ അഗ്നി പകരും.

ഉച്ചക്ക് ശേഷം 02.10നു ദേവിയ്ക്കായി നിവേദ്യസമർപ്പണം നടക്കും. പൊങ്കാലയ്ക്ക് സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലുള്ളതു കാരണം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ വരെ ഇടം പിടിച്ച ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രം കേരളത്തിന് തന്നെ തിലകക്കുറിയായി തിരുവനന്തപുരത്ത് വിരാജിക്കുന്നു.

കെ.എസ്.ആർ.ടി.സി കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻ വർഷങ്ങളിലെപ്പോലെ ഉത്സവക്കാലത്തെ അഭൂതപൂർവമായ ഭക്തജനത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ക്ഷേത്രനട വരെ പോകുന്ന രീതിയിൽ ചെയിൻ സർവീസുകളായി ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരികെ ക്ഷേത്രനടയിൽ നിന്നു തന്നെ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റാൻഡിലേക്കും പോകാനായി കെ.എസ്.ആർ.ടി.സി ബസുകൾ ലഭിക്കും.

കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രമാണ് ആറ്റുകാൽ ക്ഷേത്രനടയിലേക്ക് സർവീസ് നടത്തുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ മികച്ച പിന്തുണയോടു കൂടിയാണ് കെ.എസ്.ആർ.ടി.സി ജനങ്ങൾക്ക് വേണ്ടി സർവീസുകൾ ക്ഷേത്രനട വരെ ക്രമീകരിച്ചിരിക്കുന്നത്. പതിനഞ്ചിൽപ്പരം ബസ്സുകൾ ഉത്സവം പ്രമാണിച്ച് ക്ഷേത്രത്തിലേക്ക് ചെയിൻ സർവീസായി നടത്തും. യാത്രക്കാരുടെ തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുവാനായി ജീവനക്കാരുടെ സന്നദ്ധസംഘം എപ്പോഴും ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടാകും.

ക്ഷേത്രദർശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങളും കെ.എസ്.ആർ.ടി.സിയുടെ ഈ യാത്രാസംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സ്വാഗതം, കിള്ളിയാറിൻ കരയിലേക്ക് , കണ്ണകിയുടെയും കോവാലന്റെയും ചരിത്രമുറങ്ങുന്ന പുണ്യഭൂവിലേക്ക്… ആറ്റുകാലിലേക്ക്…

ആറ്റുകാൽ പൊങ്കാല – തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.

മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.