എഴുത്ത് – ജംഷീർ കണ്ണൂർ.
പുസ്തകങ്ങളെയൊന്നും തിരിഞ്ഞു നോക്കാതെ എപ്പോഴും മൊബൈല്‍ ഫോണില്‍ മാത്രം നോക്കിയിരിക്കുന്ന കുട്ടികളാണ് പുതിയ തലമുറയിലേത്. എന്നാൽ അത്തരം പുതിയ ജനറേഷൻ്റെ മുമ്പിൽ അതും ഈ ലോക്ഡൗൺ കാലത്തെ അവരുടെ പഠനത്തിൻ്റെ ഭാഗമായി ആനയും പുലിയും, പശുവും, നക്ഷത്രങ്ങളും, സൗരയൂഥവും എത്തിയാലോ.? വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ.? എന്നാൽ സംഗതി സത്യമാണ്.
മലപ്പുറം ജില്ലയിലെ മൂർക്കനാട് എംഇഎംഎ യുപി സ്കൂളിൻ്റെ എൽകെജി ക്ലാസിലെ കുരുന്നുകൾക്ക് മുമ്പിലാണ് ആനയും, പുലിയും, പശുവും, നക്ഷത്രങ്ങളും ഇറങ്ങിയത്. ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അധ്യാപകര്‍ ഇത്തരം ക്ലാസുകൾ അവതരിപ്പിച്ചത്.
ക്ലാസ്മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ പുതുപുത്തൻ ആശയങ്ങളുടെ ദൃശ്യവിരുന്നൊരുക്കി പഠനം ആനന്ദപൂര്‍ണവും ആകര്‍ഷകത്വവുമാക്കുന്ന ഐടി അധിഷ്ഠിത മായാജാല ലോകം കൂട്ടികള്‍ക്കായി കാഴ്ചവയ്ക്കുകയാണ് മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍. ഇത്തരത്തിലുള്ള ക്ലാസുകൾ മൊബൈൽ ഫോണിലൂടെ കുരുന്നുകൾക്ക് മുമ്പിൽ എത്തിയതോട് കൂടി പഠനം കുട്ടികൾക്കും ആഘോഷവും, ആസ്വാദ്യവുമായി മാറി.
കേരളത്തില്‍ തന്നെ ഒരു പൊതുവിദ്യാലയം ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി വഴിയുള്ള പഠനതന്ത്രം ആവിഷ്‌കരിക്കുന്നത്. ഈ പാഠ്യ രീതിയിലൂടെ വിദ്യാലയം ഓണ്‍ലൈന്‍ പഠനരംഗത്ത് വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ മിക്ക പ്രമുഖ ടി.വി. ചാനലുകളിൽ പോലും ‘ഓഗ്മെന്റഡ് റിയാലിറ്റി’ എന്ന സാങ്കേതികവിദ്യയിലൂടെയാണ് ന്യൂസുകൾ പോലും അവതരിപ്പിക്കുന്നത്.
ഇത്തരം ഒരു സങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന ക്ലാസുകൾ വിദ്യാലയത്തിന്റെ തന്നെ യുട്യൂബ് ചാനൽ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. ശാസ്ത്രവിഷയങ്ങളിലേതടക്കം തയ്യാറാക്കിയ ക്ലാസുകൾ വരും ദിവസങ്ങളിൽ യൂട്യൂബ് ചാനൽ വഴി കുട്ടികൾക്ക് ലഭ്യമാകും എന്ന് അറിയാൻ കഴിഞ്ഞു.
വിദ്യാലയത്തിലെ അധ്യാപകനായ വി. ശ്യാമിന്റെ ചിന്തയിലാണ് ആദ്യമായി ഈ ആശയം ഉടലെടുക്കുന്നത്.ഇത്തരം ഒരു ആശയത്തോട് സ്കൂളിലെ മറ്റ് അധ്യാപകരും കൂടി കൈകോർത്തതോടു കൂടി ഓൺലൈൻ ക്ലാസ് വേറിട്ടതാവുകയും മൂർക്കനാട്ടെ ഈ കുഞ്ഞ് സ്കുളിനെ ലോക ശ്രദ്ധയിലേക്ക് ഉയർത്തുകയും ചൈതു.
ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ സർക്കാർ നൽകിയ ഒരു ലാപ്പ്ടോപ്പും, ശ്യാം മാഷിൻ്റെ കയ്യിലുള്ള ഫോണും ഉപയോഗിച്ചാണ് ഈ സങ്കേതികവിദ്യയിലൂടെ ക്ലാസുകൾ നടപ്പിലാക്കിയത് എന്നറിയുമ്പോൾ അൽഭുതവും അഭിമാനവും തോന്നും. മൂർക്കനാട്ടെ സ്കൂളുളിലെ ഓൺലൈൻ അദ്ധ്യാപനത്തിന് കിട്ടിയ സ്വീകാര്യത കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സംവിധാനത്തിനും ആത്മവിശ്വാസം പകരുന്ന ഒന്നാണ്.
ഈ സംവിധാനം നടപ്പിലാക്കിയ ശ്യാം മാഷിനും മറ്റ് സഹപ്രവർത്തകർക്കും ഒരു ആഗ്രഹം കൂടി ബാക്കി ഉണ്ട്. കുരുന്നുകൾക്ക് ഉപകാരപ്പെടുന്ന ഈ നൂതനമായ രീതി കേരളത്തിലെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കണമെന്ന്. അങ്ങനെ എല്ലാവരും മനസ്സ് വെച്ചാൽ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും മികച്ചതാവുകയും ചെയ്യും.
എന്തായാലും ശ്യാം മാഷിനും സഹപ്രവർത്തകർക്കും ആശംസകൾ അർപ്പിക്കുന്നതോടപ്പം കേരളത്തിലെ എല്ലാ സ്കൂളുകളും ഈ നൂതന രീതി നടപ്പിൽ വരുത്തുമെന്നുള്ള പ്രതീക്ഷയോടെ ഈ എഴുത്ത് ഇവിടെ വിരാമം കുറിക്കുന്നു. ശ്യാം മാഷിനെയും സഹപ്രവർത്തകരെയും കേരളക്കര അറിയട്ടെ. ഈ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയാൻ ശ്യാം സാറിനെ നിങ്ങൾക്കും വിളിക്കാം – 9633990091.