ഓട്ടോ ശങ്കർ : തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തിയ ഭീകരൻ..

Total
12
Shares

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി).

ബിജുകുമാർ ആലക്കോട്.

1987 കാലം. മദ്രാസ് (ചെന്നൈ) നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തി. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം നൽകാനോ കഴിവില്ലാത്തതിനാലായിരിക്കും ഇത് ചെയ്തത് എന്നായിരുന്നു വിചാരിച്ചതും. പരാതിയുമായി വന്നവരെ ശാസിയ്ക്കുകയാണു പൊലീസ് ചെയ്തത്.

1987 ഡിസംബറിൽ മുഖ്യമന്ത്രിയായിരുന്ന എം ജി ആർ നിര്യാതനായി. തുടർന്ന് തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണറായ പി സി അലക്സാണ്ടറായി സംസ്ഥാനത്തെ ഭരണാധികാരി. അദ്ദേഹത്തെ കണ്ട് പരാതി ബോധിപ്പിയ്ക്കാനായി തിരുവാന്മിയൂരിൽ നിന്നും ചിലർ എത്തി. കാണാതായ പെൺകുട്ടികളുടെ മാതാപിതാക്കളോടൊപ്പം ചില യുവാക്കളുടെ ബന്ധുക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. തങ്ങളുടെ പരാതികൾ തിരുവണ്മിയൂർ പൊലീസ് അല്പം പോലും പരിഗണിയ്ക്കുന്നില്ലെന്ന് അവർ ഗവർണരോട് സങ്കടം ബോധിപ്പിച്ചു. അതുകേട്ട് മനസ്സലിഞ്ഞ അദ്ദേഹം ഉടൻ തന്നെ റേഞ്ച് ഡി ഐ ജിയെ വിളിപ്പിച്ചു. ഈ ഗ്രാമീണരുടെ പരാതി ഉടൻ തന്നെ വേണ്ട പോലെ പരിഗണിയ്ക്കുവാൻ ഉത്തരവിട്ടു.

ഡി ഐ ജി ജാഫർ അലി ഉടൻ തന്നെ പുതിയൊരു പൊലീസ് ടീം രൂപീകരിച്ചു. പല്ലവാരം സർക്കിൾ ഇൻസ്പെക്ടർമാരായ തങ്കമണി, രംഗനാഥൻ, സബ് ഇൻസ്പെക്ടർമാരായ സുബ്രഹ്മണ്യൻ, സെങ്കനി കൂടാതെ നാലു കോൺസ്റ്റബിൾ മാർ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. കൂടാതെ, തിരുവന്മിയൂർ സ്വദേശിയായ ആരി എന്നൊരു കോൺസ്റ്റബിളിനെയും സംഘത്തിൽ ചേർത്തു.

1988. തിരുവണ്മിയൂർ ഗ്രാമം. അവികസിത തീര പ്രദേശം. 80 കളിലെ മദ്യ നിരോധനത്തെ തുടർന്ന് വ്യാപകമായ വ്യാജമദ്യ വില്പന നടക്കുന്നയിടം. നാടൻ ചാരായം വിൽക്കുന്ന കടകൾ വരെയുണ്ട് അവിടെ. അങ്ങനെയൊരു കടയ്ക്കു മുന്നിലൂടെ നടന്നു പോകുകയായിരുന്നു സുബ്ബ ലക്ഷ്മി എന്ന പെൺകുട്ടി. പെട്ടെന്ന് അവളുടെ സമീപത്തേയ്ക്കു ഒരു ഓട്ടോറിക്ഷാ ഓടിച്ചു വന്നു. അവളുടെ അരികിലായി നിർത്തിയ അതിന്റെ പിന്നിൽ ഇരുന്ന ആൾ അവളെ ഓട്ടോയ്ക്കുള്ളിലേയ്ക്കു പിടിച്ചു കയറ്റാൻ ശ്രമിച്ചു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ കുതറി ഓടി. ആളുകളുടെ ശ്രദ്ധ അങ്ങോട്ടേയ്ക്കു തിരിഞ്ഞതിനാൽ ഓട്ടോ ഓടിച്ചു പോയി.

സുബ്ബ ലക്ഷ്മി നേരെ തിരുവണ്മിയൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണു പോയത്. തനിയ്ക്കുണ്ടായ അനുഭവത്തെ പറ്റി അവൾ പൊലീസിൽ പരാതി നൽകി. ഡി ഐ ജിയുടെ പ്രത്യേക അറിയിപ്പുണ്ടായിരുന്നതിനാൽ പൊലീസിനു ആ പരാതി അവഗണിയ്ക്കുവാൻ പറ്റുമായിരുന്നില്ല. പരാതിയെ പറ്റി , പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അവർ നേരിട്ട് അന്വേഷണമാരംഭിച്ചു. ആരാണു ആ ഓട്ടോക്കാരൻ എന്നതിനെ പറ്റി ഒരു തുമ്പും ലഭിച്ചില്ല. അതിനു നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നതായി ആരും ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ നമ്പർ ശ്രദ്ധിച്ചില്ല. ഇതിനെല്ലാമുപരിയായി അങ്ങനെ ഒരു സംഭവം ഉണ്ടായതായി പലരും സമ്മതിയ്ക്കുന്നു പോലുമില്ല.

കാണാതായ പെൺകുട്ടികളുടെ കുടുംബങ്ങൾ തോറും നടന്ന് പൊലീസ് വിവരം ശേഖരിച്ചു. യുവാക്കളുടെ കുടുംബങ്ങളിലും അന്വേഷണം നടത്തി. എന്തായാലും ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു പൊലീസിനു മനസ്സിലായി. പെൺകുട്ടികളുടെ അപ്രത്യക്ഷമാകലിനു ശേഷം ഏറെ നാളുകൾക്കു ശേഷമാണു യുവാക്കളെ കാണാതായത്. എന്നാൽ ശുടലൈ മുത്തു എന്നൊരു യുവാവിനൊപ്പമാണു ലളിത എന്ന യുവതിയെ കാണാതായതെന്നു പൊലീസിനു മനസ്സിലായി. ശുടലൈ മുത്തുവിനെ പറ്റിയുള്ള അന്വേഷണത്തിൽ, അയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്നു മനസ്സിലായി. പക്ഷേ അയാളുടെ കുടുംബത്തിൽ ഇതേ പറ്റി കൂടുതലൊന്നുമറിഞ്ഞു കൂടാ. ലളിത എന്ന യുവതിയ്ക്കു പ്രത്യേക തൊഴിലൊന്നുമുണ്ടായിരുന്നില്ല ..

മനസ്സിലാക്കിയിടത്തോളം അവർ തമ്മിൽ പ്രണയമായിരുന്നു, എവിടേക്കോ കടന്നുകളഞ്ഞു, ഇപ്പോൾ ഒന്നിച്ചു ജീവിയ്ക്കുന്നുണ്ടാകാം.
എന്നാൽ സമ്പത്ത്, മോഹൻ, ഗോവിന്ദരാജ്, രവി എന്നീ യുവാക്കളുടെ തിരോധാനം ദുരൂഹമായി തന്നെ തുടർന്നു. ഇവരുടെയൊന്നും പുറം ബന്ധങ്ങളെ പറ്റിയോ തൊഴിലിനെ പറ്റിയോ ബന്ധുക്കൾക്ക് യാതൊരു പിടിപാടുമുണ്ടായിരുന്നില്ല. അധികം നിരക്ഷരരായ സാധാരണക്കാർ. നിത്യചിലവിനു പോലും കഷ്ടപ്പെടുന്ന അവർക്ക് അതൊന്നും ശ്രദ്ധിയ്ക്കാൻ സമയമുണ്ടായിരുന്നില്ല എന്നതാണു സത്യം. പെൺകുട്ടികളെ ഏതോ വേശ്യാലയങ്ങൾക്കു വിറ്റിട്ടുണ്ടാകുമെന്ന് പുതിയ അന്വേഷണ സംഘവും വിശ്വസിച്ചു. പക്ഷേ അതിലേയ്ക്കു നയിയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

പെരുവണ്മിയൂരിലെ മദ്യവില്പനകേന്ദ്രത്തിനു സമീപത്തായി ഒരു സൈക്കിൾ റിപ്പയറിംഗുകാരൻ കട തുടങ്ങി. തൊഴിലിൽ അത്ര വിദഗ്ദനൊന്നുമല്ലെങ്കിലും തട്ടും മുട്ടുമൊക്കെയായി അയാൾ ജോലി തുടങ്ങി. ഇടയ്ക്കിടെ അല്പം ചാരായം അകത്താക്കും. അയാളെ സന്ദശിയ്ക്കാൻ എത്തുന്ന സുഹൃത്തുക്കൾക്കും മദ്യം വാങ്ങിക്കൊടുക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ ചാരായ ഷാപ്പിലെ പ്രധാന പറ്റുപടിക്കാരനും, വില്പനക്കാരന്റെ സുഹൃത്തുമായി.

ചാരായ ഷാപ്പിൽ ധാരാളം പേർ ഓട്ടോയിൽ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ചിലതിന്റെ പിന്നിൽ ചില യുവതികൾ ഇരിയ്ക്കുന്നതു കാണാം. തീർച്ചയായും അവർ യാത്രക്കാരൊന്നുമില്ല. ഒരു ദിവസം സൈക്കിൾ റിപ്പയറിംഗുകാരൻ ചാരായ വില്പനക്കാരനോട് തന്റെ ആഗ്രഹം അറിയിച്ചു. ഒരു പെണ്ണു വേണം. ആദ്യമൊക്കെ അയാൾ ചീത്ത പറഞ്ഞ് ഓടിച്ചുവെങ്കിലും, ഒടുക്കം തന്റെ പറ്റുപടിക്കാരന്റെ ആഗ്രഹത്തിനു വഴങ്ങി. അങ്ങനെ ഒരു വൈകുന്നേരം, അയാളും ഒരു ഓട്ടോയുടെ പിന്നിൽ ഇരുന്നു,. സാധാരണ ഓട്ടത്തിന്റെ നിരക്കൊന്നുമല്ല ഈ സവാരിയ്ക്ക്. എങ്കിലും അയാൾക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. അല്പ നേരത്തെ ഓട്ടത്തിനു ശേഷം, കടലോരത്തെ ഒരു ഒറ്റപ്പെട്ട പ്രദേശത്താണു ഓട്ടോ എത്തിയത്.

അവിടെ ഓലകെട്ടിമേഞ്ഞ കുടിലുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ചിലർ അവിടവിടെയായി ഇരിയ്ക്കുന്നു. വരുന്നവരെ സസൂഷ്മം ശ്രദ്ധിയ്ക്കുന്നുണ്ട് അവർ. കടലിന്റെ ഇരമ്പവും കാറ്റും. ഓലക്കുടിലുകളുടെ വാതിലുകൾ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അയാളെ കണ്ടപാടെ ഒരാൾ അടുത്തുവന്നു. സംശയദൃഷ്ടിയോടെയാണു നോട്ടം. കാര്യം പറഞ്ഞു. അയാൾ പറഞ്ഞ തുക ഒരു മടിയും കൂടാതെ നൽകിയതോടെ ആ മുഖം തെളിഞ്ഞു. അല്പസമയത്തിനകം സൈക്കിൾ റിപ്പയറിംഗുകാരനെ ഒരു ഓലക്കുടിലിലാക്കി വാതിൽ ചാരി. ഏതാണ്ട് അരമണിക്കൂറിനു ശേഷം അയാൾ മറ്റൊരു ഓട്ടോയ്ക്കു താമസ സ്ഥലത്തേയ്ക്കു തിരികെ പോയി.

അന്നു അർദ്ധ രാത്രിയ്ക്കു ശേഷം, മൂന്നു ജീപ്പു നിറയെ പൊലീസുകാർ അവിടേയ്ക്ക് കുതിച്ചെത്തി. ഓലപ്പുരകൾ ചവിട്ടിമെതിച്ച് അവർ അവിടെയുണ്ടായിരുന്നവരെ പിടികൂടി. നടത്തിപ്പുകാരായ പുരുഷന്മാരെല്ലാം ഓടിപ്പോയിരുന്നു. കുറച്ചു സ്ത്രീകളെയും ഇടപാടുകാരെയുമാണു കിട്ടിയത്. കിട്ടിയവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മിക്ക യുവതികളും തടങ്കലിലായിരുന്നു. അവരെ പലസ്ഥലങ്ങളിലും നിന്നു തട്ടിക്കൊണ്ടൂ വന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണു വേശ്യാവൃത്തി ചെയ്യിയ്ക്കുന്നത്. ആരാണു അതിന്റെ നടത്തിപ്പുകാരൻ എന്നതിനെ പറ്റി അവർക്കൊരറിവുമില്ലായിരുന്നു. എങ്കിലും ചില ഓട്ടോ റിക്ഷക്കാരാണു ഇടപാടുകാരെ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതെന്നും മനസ്സിലായി. ചില സൂചനകൾ വെച്ച് പോലീസ് അവരിൽ ഒരുവനെ പിടികൂടി. ശിവാജി എന്നു പേരായ ഒരുവനായിരുന്നു അത്. അയാൾ ഓട്ടോ ഓടിച്ചിരുന്നത് സ്റ്റാൻഡിൽ ആയിരുന്നില്ല. ഇടപാടുകാർക്കു വേണ്ടി മാത്രം.

ചോദ്യം ചെയ്തതിൽ നിന്നും വലിയൊരു ഗാംഗിലെ കണ്ണിയാണു അയാളെന്നു മനസ്സിലായി. തുടർന്ന് ഗ്യാംഗിലെ മറ്റുള്ളവരെ കൂടി പൊലീസ് പലയിടങ്ങളിൽ നിന്നായി പൊക്കി. എല്ലാവരെയും സ്റ്റേഷനിലെത്തിച്ചു. മോഹൻ, എൽഡിൻ, ജയവേലു, രാജാരാമൻ, രവി, പളനി, പരമശിവം എന്നിവരായിരുന്നു അവർ. മോഹൻ ആണു അവരുടെ നേതാവെന്നാണു പൊലീസ് കരുതിയത്. ഒട്ടും കൂസലില്ലായിരുന്നു അവന്. പൊലീസിന്റെ മുന്നിൽ തന്റേടത്തോടെ നിന്നു. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലിൽ നിന്ന് പുതിയൊരു പേർ പുറത്തു വന്നു. ഗൌരി ശങ്കർ. മോഹന്റെ മൂത്ത സഹോദരൻ.

ഗൌരി ശങ്കറിനായി പൊലീസ് വലയൊരുക്കി. അയാൾ ഉണ്ടാകാൻ സാധ്യതയുള്ളിടത്തെല്ലാം പൊലീസ് എത്തുമ്പോഴേയ്ക്കും ആൾ രക്ഷപെട്ടിരിയ്ക്കും. ഒടുക്കം അയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തി. അവിടം റെയ്ഡ് ചെയ്തു. പല സ്ത്രീകളുടെ ഫോട്ടോകൾ, മദ്യക്കുപ്പികൾ, നാടൻ ചാരായം നിറച്ച കന്നാസുകൾ അങ്ങനെ പലതും. എന്നാൽ അവയെക്കാളോക്കെ വിലപ്പെട്ട മറ്റൊന്നു കൂടി പൊലീസ് കണ്ടെടുത്തു. ഒരു ഡയറി..! ആ ഡയറി പരിശോധിച്ച പൊലീസിനു കുറേ ഫോൺ നമ്പരുകളും കോഡ് നെയിമുകളും കാണാൻ സാധിച്ചു. ആ നമ്പറുകൾ ട്രെയിസു ചെയ്ത് പൊലീസ് അമ്പരന്നു പോയി..! തമിഴു നാട്ടിലെ മുൻ മന്ത്രിമാരുൾപ്പെടെയുള്ള ചിലരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയുമായിരുന്നു അവ.

തങ്ങൾ തിരയുന്ന ആൾ കൊമ്പൻ സ്രാവാണെന്നു മനസ്സിലായ പൊലീസ് ജാഗ്രതയോടെ നീങ്ങി. ഒരു ഓട്ടോയിലാണു ഗൌരിശങ്കർ സഞ്ചരിയ്ക്കാറുള്ളതെന്നു പൊലീസ് മനസ്സിലാക്കി. നിരവധി തിരച്ചിലിനു ശേഷം അതു കണ്ടെത്തി. വിജനമായൊരിടത്ത് ഒളിച്ചു വച്ചിരിയ്ക്കുകയായിരുന്നു അത്. വേഷം മാറിയ പൊലീസുകാർ പലയിടത്തായി ഒളിഞ്ഞിരുന്നു. രാത്രിയിൽ ഓട്ടോയിൽ കയറി പോകാൻ ഒരുങ്ങിയ അയാളെ പൊലീസുകാർ ഓടിച്ചിട്ടു പിടിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശങ്കറിനെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മുകളിൽ നിന്നുള്ള വിളി ഒഴിവാക്കാൻ ഫോൺ മാറ്റിവെച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസങ്ങളിൽ തമിഴുനാടിനെ പിടിച്ചു കുലുക്കിയ വിവരങ്ങളാണു വെളിയിൽ വന്നത്. 1955 ൽ വെല്ലൂർ ജില്ലയിലെ കാങ്കേയനല്ലൂരിലാണു ഗൌരി ശങ്കർ ജനിച്ചത്. പിന്നീട് താമസം പെരിയാർ നഗറിലേയ്ക്കു മാറി. അവിടെ ഒരു പെയിന്റിംഗ് പണികാരാനായി ജീവിതം തുടങ്ങി. എന്നാൽ അത് അത്ര ശോഭിയ്ക്കാത്തതിനാൽ അയാൾ ഒരു ഓട്ടോ റിക്ഷാ വാങ്ങി ഓടിക്കാൻ തുടങ്ങി.

മദ്യനിരോധനത്തെ തുടർന്ന് തമിഴ്നാട്ടിലെങ്ങും വ്യാജമദ്യം സുലഭമായിരുന്നു അക്കാലത്ത്. തിരുവാണ്മിയൂരിനും മാമല്ലപുരത്തിനും ഇടയ്ക്കുള്ള തീരദേശം വ്യാജ ചാരായം ഉല്പാദിപ്പിയ്ക്കുന്ന മുഖ്യ കേന്ദ്രങ്ങളായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ചിരുന്ന ശങ്കറിനു ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛവരുമാനം മതിയായിരുന്നില്ല. അയാൾ തിരുവാണ്മിയൂരിൽ നിന്നും ചെന്നൈ നഗരത്തിലെ ആവശ്യക്കാർക്കു വേണ്ടി ചാരായം കടത്താൻ ആരംഭിച്ചു. ഓട്ടോയിലായിരുന്നു ഇത്. റിസ്കുണ്ടായിരുന്നെങ്കിലും നല്ല വരുമാനം ലഭിച്ചു തുടങ്ങി. അതോടെ അനുജനായ മോഹനെയും അളിയൻ എൽഡിനെയും ബിസിനസിൽ കൂട്ടി. പണം ആയതോടെ സംഘം വിപുലീകരിച്ചു. എന്തിനും തയ്യാറുള്ള ഒരു ഗുണ്ടാസംഘം ശങ്കറിനു കീഴിൽ രൂപപ്പെട്ടു. പൊലീസുകാർക്ക് ആവശ്യത്തിനു പണം എത്തിയ്ക്കുന്നതു കൊണ്ട് അവർ ശങ്കറിന്റെ പ്രവർത്തികളിൽ ഇടപെട്ടില്ല.

അതോടെ, മദ്യത്തേക്കാൾ ലാഭകരമായ മറ്റൊരു ബിസിനസ്സിലും ഗൌരിശങ്കറിനു താല്പര്യമായി. പെൺ വാണിഭം. അതിനായി അയാൾ പെരിയാർ നഗർ തീരപ്രദേശത്തെ ഒറ്റപ്പെട്ട ഒരിറ്റത്ത് ഓലക്കുടിലുകൾ സജ്ജീകരിച്ചു യുവതികളെ അവിടെ പാർപ്പിച്ചു. ആവശ്യക്കാരെ ഓട്ടോയിലെത്തിയ്ക്കും, തിരികെ ഓട്ടോയിൽ തന്നെ കൊണ്ടു വിടും. കുറച്ചു കൂടി ഉയർന്ന ഇടപാടുകാർക്കായി തിരുവാണ്മിയൂർ LB റോഡിലെ ഒരു ലോഡ്ജ് തന്നെ വാടകയ്ക്കെടുത്തു.

തന്റെ മാംസവ്യാപാരത്തിനായി യുവതികളെ എത്തിയ്ക്കാൻ പലവഴികളും അയാൾ ഉപയോഗിച്ചു. ഒന്നു ഇതിൽ താല്പര്യമുള്ളവരെ കണ്ടെത്തുക, രണ്ടാമതായി പെൺകുട്ടികളെ പ്രണയം നടിച്ചോ ജോലി കൊടുക്കാമെന്നു പറഞ്ഞോ പ്രലോഭിപ്പിച്ചു കൊണ്ടുവരുക. മൂന്നാമതായി, പെൺകുട്ടികളെ തട്ടിയെടുക്കുക..! ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന പെൺകുട്ടികളെ വിജനപ്രദേശത്തു കണ്ടാൽ ബ ലമായി പിടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകും.

തന്റെ ബിസിനസ് വിജയകരമായി നടത്താൻ അധികാരികളുടെ സഹായം വേണമെന്ന് ഗൌരി ശങ്കറിനറിയാമായിരുന്നു. അതിനായി ഉന്നത് പൊലീസ് ഉദ്യോഗസ്തർക്കും ചില മന്ത്രിമാർക്കും അയാൾ പെൺ കുട്ടികളെ എത്തിച്ചു കൊടുത്തു. അവരുടെയെല്ലാം പിന്തുണയോടെ ഗൌരി ശങ്കർ തിരുവണ്മിയൂരിലെ കിരീടം വെക്കാത്ത രാജാവായി. ഒരാൾ പോലും അയാൾക്കെതിരെ ശബ്ദിയ്ക്കുമായിരുന്നില്ല, പരാതിപ്പെടുമായിരുന്നില്ല.

ശങ്കറിന്റെ യുവതികളിൽ ഒരാളായിരുന്നു ലളിത. അയാളുടെ ഗുണ്ടാസംഘത്തിൽ പെട്ട ശുടലൈ മുത്തുവിനു അവളോട് ഇഷ്ടം തോന്നി. ആ ഇഷ്ടം പ്രണയമായി. ശങ്കറിന്റെ സംഘത്തിൽ തുടർന്നു കൊണ്ട് തങ്ങൾക്ക് ഒന്നിച്ചു ജീവിയ്ക്കാനാവില്ല എന്നവർക്കറിയാമായിരുന്നു. 1987 ൽ ലളിതയും ശുടലൈ മുത്തുവും കൂടി ആന്ധ്രയിലേയ്ക്കു ഒളിച്ചോടി.

ഈ സംഭവം ശങ്കറിനെ കോപാകുലനാക്കി. അവരെ കണ്ടെത്താൻ തന്റെ ആൾക്കാരെ അയാൾ ചുമതലപ്പെടുത്തി. കുറച്ചു മാസങ്ങൾക്കകം അവർ ആന്ധ്രയിലുണ്ടെന്ന് ശങ്കറിനു വിവരം കിട്ടി. സംഘത്തിലെ രണ്ടു പേരെ അയാൾ ആന്ധ്രയിലേയ്ക്കയച്ചു. അവിടെയെത്തിയ അവർ ലളിതയെയും ശുടലൈ മുത്തുവിനെയും കണ്ടെത്തി. വളരെ സൌഹാർദ്ദമായാണു അവർ ഇടപെട്ടത്. അണ്ണനു ദേഷ്യമൊന്നുമില്ലെന്നും, രണ്ടു പേരും തിരുവാണ്മിയൂർക്ക് തിരികെ വരണമെന്നും അവർ നിർബന്ധിച്ചു. കുഴപ്പമൊന്നുമില്ല എന്നു അറിഞ്ഞതോടെ അവർക്കാശ്വാസമായി. പഴയ ചങ്ങാതിമാരോടൊപ്പം പെരിയാർ നഗറിലെത്തി.

വിജനമായൊരു സ്ഥലത്തേയ്ക്കാണു അവരെ കൊണ്ടു പോയത്. അവിടെ ഗൌരി ശങ്കർ ഉണ്ടായിരുന്നു. ലളിതയെയും ശുടലൈ മുത്തുവിനെയും ഭീകരമായി അയാളും സംഘവും മർദ്ദിച്ചു. രണ്ടു പേരും കൊലചെയ്യപ്പെട്ടു. ലളിതയുടെ ബോഡി അവിടെ തന്നെ കുഴിച്ചു മൂടി. ശുടലൈ മുത്തുവിനെ പെട്രോൾ ഒഴിച്ചു കത്തിച്ച ശെഷം അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ ഒഴുക്കിക്കളഞ്ഞു.
ശങ്കറിന്റെ തേർവാഴ്ച തുടർന്നു കൊണ്ടിരുന്നു.

ഒരു ദിവസം LB റോഡിലെ ശങ്കറിന്റെ ലോഡ്ജിൽ ചെറിയൊരു പ്രശ്നമുണ്ടായി. അയാളുടെ ഒരു യുവതിയെ മൂന്നു ചെറുപ്പക്കാർ ചേർന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതായിരുന്നു കാരണം. മോഹൻ, സമ്പത്ത്, ഗോവിന്ദരാജ് എന്നിവരായിരുന്നു അത്. തടയാൻ ശ്രമിച്ച ശങ്കറിനു മർദ്ദനമേറ്റു. മൂന്നു പേരും കടന്നു കളഞ്ഞു. ഗുണ്ടാ സംഘം രംഗത്തിറങ്ങി. മൂന്നു പേരെയും അവർ കണ്ടെത്തി. അവരെ പിടികൂടി വിജനസ്ഥലത്തെത്തിച്ചു. ഗൌരി ശങ്കർ അവിടെയുണ്ടായിരുന്നു. ആ മൂന്നു യുവാക്കളെയും മർദ്ദിച്ചു കൊലപ്പെടുത്തി.. ഈ അഞ്ചു കൊലകൾ കൂടാതെ രവി എന്നൊരാളെയും ഗൌരിശങ്കറിന്റെ സംഘം കൊലപ്പെടുത്തി.

തിരുവാണ്മിയൂരിൽ നിന്നു കാണാതായ പെൺകുട്ടികളിൽ ചിലരെ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ അയാൾ മറ്റേതോ സംഘങ്ങൾക്കു കൈമാറ്റം ചെയ്തിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിൽ കൂടി ഈ വാർത്തകൾ അറിഞ്ഞ തമിഴകം ഇളകി മറിഞ്ഞു. ഗൌരി ശങ്കറിനെ അവർ “ഓട്ടോ ശങ്കർ” എന്നു നാമകരണം ചെയ്തു. ശങ്കറിന്റെ ഡയറിയിലെ എല്ലാ വിവരവും പൊലീസ് പുറത്തു വിട്ടില്ല. (ശങ്കറുമായി ബന്ധമുണ്ടായിരുന്ന മന്ത്രി ആരെന്ന് പുറം ലോകം ഒരിയ്ക്കലും അറിഞ്ഞില്ല. ) ഗവർണറുടെ നിർദ്ദേശപ്രകാരം രണ്ടു ഡിവൈ എസ്പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടു.

ഗൌരി ശങ്കറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിജനമായ പറമ്പിൽ ലളിതയുടെ അസ്ഥികൾ കുഴിച്ചെടുത്തു. ശുലടൈ മുത്തുവിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. കൊലചെയ്യപ്പെട്ട മൂന്നു ചെറുപ്പക്കാരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്, ശങ്കറിന്റെ വീടിന്റെ അടിത്തറയിൽ നിന്നുമാണു, അവരെ അവിടെയായിരുന്നു അയാൾ കുഴിച്ചിട്ടത്..!

ഓട്ടോ ശങ്കറിന്റെ വാർത്തകൾ കൊണ്ട് ദിവസങ്ങളോളം പത്രത്താളുകൾ നിറഞ്ഞു. എന്നാൽ ഗൌരിശങ്കറിനു ഒരു കൂസലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. പൊലീസിലെ അയാളുടെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ശങ്കറിനെയും സംഘത്തെയും മദ്രാസ് സെൻട്രെൽ ജയിലിൽ പാർപ്പിച്ചു.

ആഗസ്റ്റ് 20. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ എത്തിച്ച ഓട്ടോ ശങ്കറിനെ അയാളുടെ സെല്ലിലേയ്ക്കു കയറ്റി. ഒപ്പം സംഘത്തിലെ രണ്ടു പേരെയും. ഒരേ കേസിലുള്ള ഒന്നിലധികം പേരെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന ജയിൽ ചട്ടം അവിടെ ലംഘിയ്ക്കപ്പെട്ടു. പിറ്റേന്നത്തെ പ്രഭാതത്തിൽ, ആ സെല്ലിന്റെ അഴികൾ വളഞ്ഞു കാണപ്പെട്ടു. സെല്ലിൽ താമസിപ്പിച്ചിരുന്ന മൂന്നു പേരും അപ്രത്യക്ഷരായിരുന്നു..! മദ്രാസ് നഗരം അക്ഷരാർത്ഥത്തിൽ ഭീതിയിലായി. മൂന്നു കൊടും ക്രിമിനലുകളാണു രക്ഷപെട്ടിരിയ്ക്കുന്നത്..!

12 ജയിൽ ജീവനക്കാരെ സസ്പെൻഡു ചെയ്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു. തൊട്ടടുത്ത ദിവസം ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡു ചെയ്തു. അപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ശങ്കറിനെയും കൂട്ടാളികളെയും കണ്ടെത്താൻ പൊലീസ് തമിഴ് നാട് മൊത്തം അരിച്ചു പെറുക്കി. സാധിച്ചില്ല. DGP പി ദുരൈ യുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി. ഒടുക്കം ഒറീസയിലെ റൂർക്കേല സ്റ്റീൽ സിറ്റിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഓട്ടോ ശങ്കറെ പൊലീസ് പിടികൂടി.

ചെങ്കല്പേട്ട് സെഷൻ കോടതിയിലാണു ഓട്ടോ ശങ്കറിന്റെയും കൂട്ടാളികളുടെയും കേസ് വിചാരണ നടന്നത്. 1991 മെയ് 31 നു വിധി പറഞ്ഞു. ശങ്കർ, ശിവാജി, എൽഡിൻ എന്നിവർക്കു വധശിക്ഷ വിധിച്ചു. അയാളുടെ അനുജൻ മോഹനു മൂന്നു ജീവപര്യന്തം ശിക്ഷയാണു ലഭിച്ചത്. ശങ്കറെയും മറ്റു രണ്ടു പേരെയും സേലം സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post