2020 ഫെബ്രുവരി 20, എല്ലാവരും ഉണർന്നത് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ ഗരുഡ വോൾവോ കിംഗ് ക്ലാസ്സ് തമിഴ്‌നാട്ടിലെ അവിനാശിയ്ക്ക് സമീപത്തു വെച്ച് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ 19 പേരുടെ ജീവൻ പൊലിഞ്ഞു.

മരിച്ചവരെല്ലാം മലയാളികളാണ്. ശിവരാത്രി അവധിയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്രയും വേഗത്തിൽ നാട്ടിലെത്തുവാനും പ്രിയപ്പെട്ടവരെ കാണുവാനുമുള്ള തിടുക്കത്തിലായിരുന്നിരിക്കണം എല്ലാവരും. പക്ഷേ നേരം പുലരുന്ന ആ യാമത്തിൽ മരണം ഒരു കണ്ടെയ്‌നർ ലോറിയുടെ രൂപത്തിൽ വരുമെന്ന് ആരും കരുതിയില്ല.

പലതവണ ബെംഗളുരുവിലേക്ക് സ്വന്തമായി വണ്ടിയോടിച്ചു പോയി പരിചയമുള്ളയാളാണ് ഞാൻ. അപകടം നടന്ന സ്ഥലത്ത് നല്ല റോഡും, വീതിയുമുള്ളതിനാൽ എല്ലാ വണ്ടികളും നൂറിനു മേലായിരിക്കും പോകുക. കണ്ടെയ്‌നർ ലോറി ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടായിരിക്കാം ഡിവൈഡറിനു മീതെ കയറി മീറ്ററുകളോളം ഓടി എതിർ ട്രാക്കിൽ വരികയായിരുന്ന വോൾവോ ബസ്സിന്റെ ഒരുവശവും തകർത്തുകൊണ്ട് നിന്നത്.

മരിച്ചവരിൽ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ജീവനക്കാരായ ബൈജുവും ഗിരീഷും ഉൾപ്പെട്ട വിവരം അതിലേറെ ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ്. കാരണം ഇരുവരും കെഎസ്ആർടിസി പ്രേമികൾക്കും സ്ഥിരയാത്രികർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു. എറണാകുളം ഡിപ്പോയിൽ നിന്നും സ്ഥിരമായി ബെംഗളൂരു ഡ്യൂട്ടിയ്ക്ക് പോകുന്നവരാണ് ബൈജുവും ഗിരീഷും. ഇരുവരും ഡ്രൈവർമാർ ആണെങ്കിലും ഈ സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റമായതിനാലാണ് ഒരേ ബസ്സിൽ ഡ്യൂട്ടി ചെയ്യേണ്ടി വന്നത്.

മികച്ച സർവ്വീസ് റെക്കോർഡുള്ള ഇരുവരും നാളുകൾക്ക് മുൻപ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേണ്ട സഹായങ്ങൾ ചെയ്തത് വാർത്തയായിരുന്നു. യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാര്‍ത്ത ആനവണ്ടി ബ്ലോഗിലും തുടർന്ന് മറ്റു മാധ്യമങ്ങളിലും നിറഞ്ഞു. ഇതോടെ ബൈജുവിനെയും ഗിരീഷിനെയും തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. ഈ സംഭവത്തിനു ശേഷം ഒരിക്കൽ സർവ്വീസ് മുടങ്ങാതിരിക്കാൻ വിശ്രമമില്ലാതെ 24 മണിക്കൂർ ഡ്യൂട്ടി എടുത്തും ബൈജു വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

എറണാകുളം -ബാംഗ്ലൂര്‍ സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നവരാണ് ഇരുവരും. ഒരു ജീവൻ രക്ഷിക്കുവാനായി എല്ലാം മറന്നു നന്മയുടെ പര്യായമായ ബൈജുവിനെയും ഗിരീഷിനെയും മരണം ഒന്നിച്ചു തേടിയെത്തിയത് അത്യന്തം വേദനാജനകമായ കാര്യമാണ്. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത കണ്ണീരോടെയാണ് കേരളം സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല, ഒപ്പം അവരുടെ പ്രിയപ്പെട്ട ബസ്സും.

അപകടവാർത്തകൾ എന്നും ഒരു ഞെട്ടലാണ്. അവിനാശി അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ നേരുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാം നേരിടുവാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ. ഇനിയൊരപകടം ഉണ്ടാകാതിരിക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.