വിവരണം – Muhammed Unais P.

പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ സ്ഥലമാണ് അയ്യപ്പൻ കോവിൽ. പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം. വേകുന്നരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ഈ അയ്യപ്പന്‍ കോവില്‍ തൂക്കുപാലവും പരിസരവും. കട്ടപ്പന കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയിൽ നിന്ന് 2 കി.മി യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കു പാലത്തിൽ എത്താം. ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലവും കൂടിയാണ് ഇത്.

പെരിയാർ നദിയുടെ തീരത്തുള്ള പുരാതന ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രം അയ്യപ്പൻകോവിലിലെ മറ്റൊരു ആകര്‍ഷണമാണ്. പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കൻ ഇവിടെ വേട്ടയ്ക്ക് വരുകയും അമ്പലം കാണാൻ ഇടവരുകയും തുടർന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്.

കനത്ത മഴയുള്ള സമയങ്ങളിൽ ഇടുക്കി റിസർവോയറിലെ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രവും പരിസരവും പലപ്പോഴും വെള്ളത്തിൽ മുങ്ങാറുണ്ട്. പിന്നെ വേനല്‍ കാലമായി ഡാമിലെ വെള്ളം കുറയുന്നത് വരെ മാസങ്ങളോളം അമ്പലും പരിസരവും വെള്ളത്തിനടിയിലായിരിക്കും. ഈ സമയത്തും ചങ്ങാടങ്ങളിലും വഞ്ചികളിലുമായി തീര്‍ത്ഥാടകര്‍ എത്താറുണ്ട് ക്ഷേത്രത്തിലേക്ക്. പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു.

3000 വർഷത്തെ ചരിത്ര പ്രാധാനമുള്ള ഒരു സ്ഥലം കൂടിയാണ് അയ്യപ്പന്‍കോവില്‍. ഇന്ത്യയിലെ മുഴുവൻ മന്നാൻ ഗോത്രത്തിന്റെ രാജാവിന്റെ കേന്ദ്രമായിരുന്നു അയ്യപ്പന്‍ കോവിലിനടുത്തുള്ള കോവിൽമല. പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമവും പരിസരവും. ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ ഇവിടെയാണ്‌ ഷൂട്ട് ‌ചെയ്തത്. അതിൽ ഇവിടത്തെ തൂക്കുപാലം നന്നായി കാണിക്കുന്നുമുണ്ട്.

വൈകുന്നേരം ആയതിനാല്‍ കൂടുതല്‍ നേരം ഇവിടെ ചിലവഴിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അല്ലായിരുന്നേല്‍ വെള്ളത്തിലൂടെ ഒരു വഞ്ചി സവാരി ചെയ്യാമായിരുന്നു. അയ്യപ്പന്‍കോവലിലെ കാഴ്ച്ചകള്‍ കണ്ട് ഞ‌ങ്ങള്‍ കട്ടപ്പനയിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.