വിവരണം – ദീപക് മേനോൻ.

ബാങ്കോക്കിലെ സുവര്ണഭൂമി വിമാനതാവളത്തിൽ ഇറങ്ങാനുള്ള പൈലറ്റിന്റെ സന്ദേശം കേട്ടാണ് മയക്കത്തിൽനിന്നുണർന്നത്. അഞ്ചു വർഷങ്ങൾക്കുശേഷം തായ് നാട്ടിലേക്ക് ഒരു യാത്ര. ഇത്തവണ തായ്ലൻഡിലെ രണ്ടാമത്തെ വലിയ ദ്വീപായ ‘സമുയി’ ( Ko Samui ) ലേക്കാണ്. കഴിഞ്ഞ തവണ സന്ദർശിച്ച സഞ്ചാരികളുടെ പറുദീസയായ പട്ടായയും , പുക്റ്റും ഒഴിവാക്കി ഇവിടേക്ക് യാത്ര തിരിക്കാൻ കാരണം ഇതിന്റെ മനോഹാരിത തന്നെയാണ്.

തെക്കൻ ചൈനയിൽനിന്നുമുള്ള മീന്പിടുത്തക്കാരാണ് 15 നൂറ്റാണ്ടുകൾക്കുമുൻബ് ഇവിടെ താമസം ആരംഭിച്ചത്. സുരക്ഷിത ദ്വീപെന്നാണ് ‘കോ – സമുയി ‘ എന്ന തായ് വാക്കിനർത്ഥം. 228 ചതുരശ്ര കിലോമീറ്ററിൽ മലകളും , കുന്നുകളും, സമുദ്രവും ചേർന്ന് കിടക്കുന്ന സ്വർഗ്ഗഭൂമി.

ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും. വിസക്ക് വേണ്ടിയുള്ള തിക്കും തിരക്കും ഒഴിവാക്കാൻ ബഹ്റൈനിലെ തായ് എംബസിയിൽനിന്നും നേരത്തെ വിസ സ്റ്റാമ്പ് ചെയ്ത് വാങ്ങി. ആറര മണിക്കൂർ യാത്രയുണ്ട് ഇവിടെനിന്നും ബാങ്കോക്കിലേക്ക് . അവിടെനിന്നും മറ്റൊരു വിമാനത്തിൽ ഒന്നര മണിക്കൂർ യാത്രചെയ്ത് മനോഹരമായ ‘സമുയി’ ദ്വീപിലെത്തിച്ചേർന്നു. വലിയ മരതൂണുകൾ താങ്ങി നിർത്തിയ മേൽക്കൂരയിൽ, പനയോലമേഞ്ഞ വിമാനത്താവളം ആദ്യ കാഴ്ചയിൽ തന്നെ നമ്മെ അത്ഭുതപ്പെടുത്തും.

അകത്തളങ്ങളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട് പ്രകൃതിയോട് ഇഴചേർന്ന് കിടക്കുന്നയിടം. ചെറിയൊരു തോൾസഞ്ചി മാത്രമുള്ളതുകൊണ്ട് പെട്ടെന്ന് വിമാനത്താവളത്തിന് പുറത്തു കടന്നു. ചെമ്പകമരങ്ങൾ അതിരിടുന്ന വഴിയിലൂടെ, തൊഴുതുകൊണ്ട് സ്വാഗതം പറയുന്ന തായ് സുന്ദരികളെ പിന്നിട്ട് ടാക്സി സ്റ്റാന്റിലെത്തി.

ടാക്സിക്കാരൻ അര മണിക്കൂർ കൊണ്ട് നേരത്തെ ബുക്ക് ചെയ്ത ചാവെങ് ( Chaweng ) പട്ടണത്തിനു സമീപമുള്ള ഹോംസ്റ്റേ യിലെത്തിച്ചു. നിറഞ്ഞ ചിരിയോടെ ഗ്രഹ നാഥനും കുടുംബവും എന്നെ സ്വാഗതം ചെയ്തു. തായ് ശൈലിയിൽ പണിത ചെറിയ വീട്. അതിഥികൾക്കായി മൂന്ന് മുറികൾ, വീടിനോടു ചേർന്ന് ഒരു ഭക്ഷണശാല. തൊടിയിലെങ്ങും , മാവും , തെങ്ങും , പപ്പായയും. കോഴിക്കൂടും , പശു തൊഴുത്തും എല്ലാം ചേർന്ന് നാട്ടിലെ ഗ്രാമ പ്രതീതി. ഇവിടെനിന്നും നോക്കിയാൽ ദൂരെ അലകളില്ലാതെ, തടാകം പോലെ കിടക്കുന്ന കടൽ കാണാം. മടുപ്പുളവാക്കുന്ന ഹോട്ടൽ റൂമുകളിൽ നിന്നുള്ള മോചനമാണ് ഇത്തരം വാടക വീടുകൾ.

കുറച്ചു നേരത്തെ വിശ്രമം കൊണ്ട് ദീഘയാത്രയുടെ ക്ഷീണമകറ്റി പുറത്തേക്കിറങ്ങിയപ്പോൾ സന്ധ്യയായി തുടങ്ങിയിരിക്കുന്നു. ഇരുട്ടു വീഴുന്നതോടെ ചേവാങ് തെരുവ് ഉണർന്നു തുടങ്ങി. സമുയിലെ പ്രസിദ്ധമായ നൈറ്റ് ലൈഫ് കേന്ദ്രമാണ് ‘ചേവാങ്’. രാത്രിയിൽ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത തെരുവിലൂടെ അലസമായി നടക്കുന്ന സഞ്ചാരികൾ. തെരുവിനിരുവശവും , നൈറ്റ് ക്ലബ്ബുകളും , ബാറുകളും. തായ് രുചികൾ ആസ്വദിക്കാൻ അനവധി തെരുവോര ഭക്ഷണ ശാലകൾ . ഏതൊരു തായ് തെരുവിലെയും പോലെ മത്സ്യവും, നമുക്ക് വിചിത്രം എന്ന് തോന്നുന്ന പലജീവികളുടയും മാംസവും കനലിൽ മൊരിയുന്നു. കൊതിയുണർത്തുന്ന മണവും, പുഞ്ചിരി തൂകി മെനുവുമായി നിൽക്കുന്ന സുന്ദരികളും സഞ്ചാരികളുടെ ബലഹീനതയാകുന്നു.

തദ്ദേശീയരും , വിദേശികളും നിറഞ്ഞ തെരുവിലൂടെ നടന്ന് ചേവാങ് ബീച്ചിലെത്തി. ഇന്ന് പൗർണമി ആയതുകൊണ്ട് ‘ഫുൾ മൂൺ’ പാർട്ടിക്കുള്ള ഒരുക്കങ്ങൾ കടൽത്തീരത് നടന്നുകൊണ്ടിരിക്കുന്നു. കുറച്ചു സമയത്തിനുള്ളിൽ തീരമാകെ ജനങ്ങളെകൊണ്ട് നിറഞ്ഞു. നിലാവിൽ തിളങ്ങുന്ന വെള്ളിമണൽ തരികൾക്കുമീതെ അല്പവസ്ത്രധാരികളായ സുന്ദരിമാർ ചടുല താളത്തിനൊത്ത് ആടി തിമിർക്കുന്നു. ഒരു ചെറിയ പ്രവേശന ഫീസുകൊടുത്ത് പാർട്ടിയിൽ പങ്കെടുക്കുന്ന ആർക്കും മതിയാവുവോളം മദ്യം പകർന്നു നൽകുന്നു. കടലിനെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദവും , വെളിച്ചവും കൊണ്ട് നമ്മൾ ഒരു മായിക ലോകത്തകപെടുന്നു. അപരിചിതരായ സഞ്ചാരികൾ കുറച്ചു നിമിഷം കൊണ്ട് സുഹൃത്തുക്കളാകുന്നു, ഒരുമിച്ച് നൃത്തം ചെയ്യുന്നു. ഈ നാട് ഇങ്ങനെയാണ് ഉന്മാദാവസ്ഥയിലെത്തിക്കുന്ന ഉറക്കമില്ലാത്ത രാത്രികളും, ബുദ്ധ ക്ഷേത്രാങ്കണം പോലെ ശാന്തമായ പകലുകളും. നേരം പുലരാതിരുന്നെങ്കിൽ എന്ന ചിന്തയോടെ എല്ലാം മറന്ന് ആഘോഷിക്കുന്നവർ. ആഘോഷരാവിനിടയിൽ രാത്രിയേറെവൈകി റൂമിലേക്ക് മടങ്ങി.

പിറ്റേന്ന് വളരെവൈകിയാണ് ഉറക്കമുണർന്നത് , ദൂരെ രാത്രിയാഘോഷം നടന്ന കടൽ തീരം കാണാം . പ്രഭാതത്തിൽ മറ്റൊരു മുഖമാണിവിടത്തിന്, ഇളം പച്ചനിറത്തിൽ അടിത്തട്ട് കാണുന്ന ശാന്ത സമുദ്രം. കഴിഞ്ഞ രാത്രിയിലെ ആഘോഷത്തിന്റെ ഒരു ലക്ഷണവും കടൽ തീരത്ത് കാണാനില്ല. ഒരു വിനോദ സഞ്ചാര കേന്ദ്രം എങ്ങിനെ വൃത്തിയായി പരിപാലിക്കണം എന്നതിന് ഇവർ മാതൃകയാവുകയാണ്.

സമുയിലെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കൊച്ചു ദ്വീപിൽ സ്ഥിതിചെയ്യുന്ന ‘വാട് ഫ്ര യായി’ ( Wat Phra Yai ) കാണുകയെന്നതാണ് എന്റെ അടുത്ത ലക്ഷ്യം. ‘വാട് ഫ്ര യായി’ എന്നാൽ വലിയ ബുദ്ധ ക്ഷേത്രം എന്നർത്ഥം. പ്രഭാത ഭക്ഷണത്തിനുശേഷം നാട്ടുകാർക്കൊപ്പം ബുദ്ധ ക്ഷേത്ര പരിസരത്തുകൂടി മറ്റേതോ ഗ്രാമത്തിലേക്കു പോകുന്ന ഒരു ബസ്സിൽ കയറിപറ്റി. രാത്രിയാഘോഷത്തിന്റെ ആലസ്യത്തിൽനിന്നും തെരുവ് ഉണർന്നിട്ടില്ല. വൻ മരങ്ങൾ തണൽ വിരിച്ച വഴിയിലൂടെ ബസ് നീങ്ങിത്തുടങ്ങി. കുട്ടയും, പായയും, വീടുകളിൽ നിർമിക്കുന്ന മറ്റു വസ്തുക്കളും ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുന്ന നിസ്വരായ ഗ്രാമീണർ. കടത്തിണ്ണയിൽ കുശലം പറഞ്ഞിരിക്കുന്നവർ, വഴിയരികിലൂടെ പുസ്തകസഞ്ചിയുമായി വിദ്യാലയങ്ങളിലെക്കുപോകുന്ന കുട്ടികൾ. ലോകത്തെ എല്ലാ ഗ്രാമ കാഴ്ചകളും ഇങ്ങനെയാണ്. തായ് ഗ്രാമജീവിതം കണ്ടുകൊണ്ടിരിക്കവേ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി.

ഭീമാകാരന്മാരായ വ്യാളികളുടെ കാവലിൽ സമുദ്രത്തിലേക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്വർണ വർണ്ണത്തിലുള്ള ശ്രീബുദ്ധൻ. 1972ൽ പണികഴിപ്പിച്ച ഈ പ്രതിമക്ക് 12 മീറ്റർ ഉയരം ഉണ്ട്. തായ് പരമ്പരാഗത വാസ്തുവിദ്യ എങ്ങും പ്രകടമാകുന്നു, ക്ഷേത്ര ചുവരുകളിൽ കടുംനിറങ്ങൾ പൂശിയിരിക്കുന്നു. ഭക്തർക്ക് അവരുടെ വിഷമങ്ങളും പ്രാരാബ്ധങ്ങളും ഇറക്കി വക്കാനുള്ള അഭയ കേന്ദ്രം. കൗതുകമുണർത്തുന്ന പലവസ്തുക്കളും നിവേദ്യമായർപ്പിക്കുന്നു. ബുദ്ധ സൂക്തങ്ങൾ ആലേഖനം ചെയ്ത തോരണങ്ങൾ എങ്ങും കാണാം. അങ്ങിങ്ങായി പ്രാർത്ഥന ചക്രം തിരിച്ചുകൊണ്ട് നടക്കുന്ന ബുദ്ധ സന്യാസിമാർ. ഇവിടെ വന്ന് പ്രാർഥിക്കുന്നത്കൊണ്ട് , പ്രലോഭനങ്ങളെ അതിജീവിച്ച് ശാന്തിയും സമാധാനവും കൈവരും എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. നാനാജാതി മതസ്ഥർക്കും കടന്നു ചെല്ലാം എന്നത് ബുദ്ധ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചവർ മുകളിൽ ഒരുമുണ്ട് ചുറ്റണമെന്നുമാത്രം.

ക്ഷേത്ര പരിസരത്ത് നിരവധി സുവനീർ കടകളും , ലഖു ഭക്ഷണ ശാലകളും. ഇന്നെന്തോ പ്രത്യേക പൂജ നടക്കുന്ന ദിവസമാണ്, ‘ഓം മണി പദ്മെ ഹും’ ( om mani padme hum ) എന്ന ബുദ്ധ മന്ത്രധ്വനികൾ കടൽ കാറ്റിനൊപ്പം കുളിർ മഴയായി പെയ്തിറങ്ങുന്നു. ശാന്തമായ അന്തരീക്ഷം, ഒരുപാടു നേരം കടലിലേക്ക് നോക്കി മാർബിൾ വിരിച്ച തറയിലിരുന്നു. വൈകുന്നേരമായതോടെ ചോവാങ്ങിലേക്ക് മടങ്ങി.

ചോവാങ് കടൽത്തീരത്ത് നല്ല തിരക്കുണ്ട്. ചാരുകസേരകളിൽ പോക്കുവെയിൽ കായുന്നവർക്ക് മസ്സാജ് ചെയ്യുന്ന തായ് യുവതികൾ. വീട്ടിൽ നിന്നും പാചകം ചെയ്ത വിഭവങ്ങളും, പഴവര്ഗങ്ങളും വില്പന നടത്തുന്നവർ. അസ്തമനം കണ്ട് കടൽക്കാറ്റേറ്റ് ഒരുപാടുനേരം അവിടെയിരുന്നു. രാവിലത്തെ യാത്രയുടെ ക്ഷീണമുള്ളതിനാൽ, തെരുവോര ഭക്ഷണശാലയിൽനിന്നും അത്താഴവും കഴിച്ച് റൂമിലേക്കുനടന്നു. പിന്തിരിഞ്ഞ് നോക്കുബോൾ കടൽത്തീരത്ത് വീണ്ടും ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുന്നു.

ഭോപെട് പട്ടണത്തിലെ മുക്കുവഗ്രാമത്തിലേക്കായിരുന്നു എന്റെ അടുത്ത യാത്ര. ഏകദേശം 10 മിനിറ്റ് ‘ടുക്ക് ടുക്ക്’ യാത്ര മതി ചേവാങ്ങിൽ നിന്നും ഭോപെട്ടിലെത്താൻ. ഓട്ടോ റിക്ഷയെ ഇവർ ‘ടുക്ക് ടുക്ക്’ എന്നാണ് വിളിക്കുന്നത്. ഇടുങ്ങിയ നടപാതക്കിരുവശവും കച്ചവടക്കാർ നിരന്നിരിക്കുന്ന ഗ്രാമച്ചന്ത. കരകൗശല വസ്തുക്കളും , സുവനീറുകളും , വസ്ത്രങ്ങളും എല്ലാം ലഭ്യമാകുന്നയിടം. സഞ്ചാരികൾ ഗ്രാമീണരുമായി വിലപേശി സാധങ്ങൾ വാങ്ങിക്കുന്നു. ഭക്ഷണ വൈവിധ്യം തന്നെയാണ് പ്രധാന ആകർഷണം. ഒരു പാട് ഭക്ഷണശാലകൾ വഴിക്കിരുവശവുംകാണാം . പിടക്കുന്ന കടൽ ജീവികളെ നമ്മുടെ മുന്നിൽ വച്ചുതന്നെ പാചകം ചെയ്തുതരും. പാറ്റയും , പുൽച്ചാടിവറുത്തതും സുലഭം.

കാഴ്ചകൾ കണ്ടുനടന്നാൽ ബോപെട് ബീച്ചിലെത്താം. ഒരു ചെറിയ ടിക്കറ്റെടുത്താൽ കടലിലൂടെ സഞ്ചരിക്കുന്ന യോട്ടിലിരുന്ന് സൂര്യാസ്തമനം കാണാം. ലഖു ഭക്ഷണവും , പരിധിയില്ലാത്ത മദ്യവും പ്രവേശന ഫീസിൽ ഉൾപെടും. ഞാനും മറ്റു വിദേശീയർക്കൊപ്പം അതിൽ കയറിപറ്റി. അസ്തമന സൂര്യന്റെ പൊൻവെയിലേറ്റ് ബിയർ നുകർന്നിരിക്കുന്ന സഞ്ചാരികൾ. ‘സൺ സെറ്റ് യോട്ട്’ എന്നറിപ്പെടുന്ന ഈ മൂന്ന് മണിക്കൂർ യാത്ര നമുക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിക്കുന്നു. സഞ്ചാരികളുടെ സ്വകാര്യതക്കും, സുരക്ഷിതത്തിനും ഇവർ നൽകുന്ന പ്രാധാന്യം കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നു.

100 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കരയും, കടലും ചേർന്ന സംരക്ഷിത പ്രദേശമാണ് ‘ആങ് തോങ് നാഷണൽ മറൈൻ പാർക്ക്’ (Ang Thong National Marine Park ). ഉഷ്ണമേഖലാവനങ്ങളാൽ സമ്പുഷ്ടമായ നാല്പത്തിരണ്ടോളം ദ്വീപുകൾ ചേർന്നതാണീപ്രദേശം. ലൈസൻസ് ഉള്ള ടൂർ ഓപ്പറേറ്റർമാർക്കുമാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ , അതിനാൽ ഞാൻ ഒരു ടൂർ ഗ്രൂപ്പിനൊപ്പം കൂടി . വെള്ളിമണൽ തീരങ്ങളും, ചുണ്ണാബ് പാറകളും, നിബിഡ വനങ്ങളും ചേർന്ന വിസ്മയലോകം. വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെയും, സമുദ്ര ജീവികളുടെയും ആവാസ സ്ഥാനമാണിവിടം. സ്നോർക്കലിംഗ്, ഹൈക്കിംഗ്, കയാക്കിംഗ്, ഡൈവിംഗ് എന്നിവ ആസ്വദിക്കാൻ പറ്റിയയിടം.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാട് കയറാം, വന്യ ജീവികളെ നേരിൽ കാണാം, ഏറുമാടങ്ങളിൽ അന്തിയുറങ്ങാം. 42 ദ്വീപുകളിൽ പലതും അധികം മനുഷ്യ സ്പര്ശമേല്ക്കാത്തവയാണ്. ( Virgin Islands ) ചെറിയ ബോട്ടുകൾ വാടകക്കെടുത്ത് അവിടേക്കു പോകാം. അടിത്തട്ടുകാണുന്ന തിരയിളക്കമില്ലാത്ത കടലും, വന്യമായ വിജനതയും , തണുത്ത കാറ്റും വർണനാതീതമായ അനുഭവമാകുന്നു. സമുയിലെ ഏറ്റവും മനോഹര പ്രദേശമാണ് ഈ പാർക്ക് . ആഴ്ചകളോളം താമസിച്ചാലും മതിവരില്ല.

അടുത്ത ദിവസം ‘ലമായി’ ബീച്ച് ആയിരുന്നു ലക്ഷ്യം. ചേവാങ്ങിൽ നിന്നും 12 കിലോമീർ അകലെയാണ് ‘ലമായി’. വലിയ തിരക്കില്ലാത്ത കടൽ തീരം , താമസത്തിനും , ഭക്ഷണത്തിനും ചേവാങ്ങിനെ അപേക്ഷിച്ച് ചിലവ് കുറവാണ്. പുലരും വരെ സജീവമായ തെരുവോര ഭക്ഷണ ശാലകൾ തന്നെയാണ് മുഖ്യ ആകർഷണം. നാളികേരത്തിൽനിന്നും ഉണ്ടാക്കുന്ന ഐസ് ക്രീമും , പ്രാദേശിക മധുരപലഹാരങ്ങളും മധുര പ്രിയരെ കാത്തിരിക്കുന്നു. മത്സ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരുതവണയെങ്കിലും രുചികരമായ ‘തോം യോം സൂപ്’ കഴിക്കാൻ മറക്കരുത്. മസാലക്കൂട്ടുകളൊന്നുമില്ലാതെ ഉപ്പുവെള്ളം തളിച്ച് കനലിൽ ചുട്ടെടുക്കുന്ന ഞണ്ടിനും ആവശ്യക്കാരേറെയാണ്. നമുക്ക് അറപ്പുളവാക്കുന്ന ജീവികളുടെ മാംസ വിഭവങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിലും വലിയ തിരക്കുണ്ട്. തിരക്കുകളിൽ നിന്നും വിട്ടുമാറി കുറഞ്ഞ ചിലവിൽ താമസിക്കാൻ ഇവിടം തിരഞ്ഞെടുക്കാം. അമ്യൂസ്മെന്റ് പാർക്കും , ഭംഗിയുള്ള റിസോർട്ടുകളും ഈ സമുദ്ര തീരത്തുണ്ട്.

ചേവാങ്ങിലെ അവസാന ദിനം ഒരു വ്യത്യസ്ഥ പരിപാടി കാണാനാണ് പോയത്. ‘ലേഡി ബോയ് കാബറെ ഷോ’, അഴകളവുകലാൽ സമ്പന്നരായ ഭിന്ന ലിംഗക്കാരാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വർണ ചിറകുകൾ വിരിച്ച്, മാലാഖമാരെ പോലെ അവർ നമുക്ക് മുന്നിൽ നൃത്തവും, പാട്ടുമായി നിറഞ്ഞാടുന്നു. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും അത്യാധുനിക വിന്യാസം ഈ പരിപാടിക്ക് കൂടുതൽ മിഴിവേകുന്നു. തായ് പരമ്പരാഗത നൃത്തങ്ങൾ മുതൽ പാശ്ചാത്യ നൃത്തം വരെ ഇവർ നമുക്കായി കാഴ്ച വക്കുന്നു. പരിപാടിക്കിടെ ലഖു ഭക്ഷണവും, ആവശ്യക്കാർക്ക് മദ്യവും പരിചാരികമാർ വിളബുന്നു. കലാകാരൻമാർ ഇറങ്ങി വന്ന് കാണികളെയും നൃത്തത്തിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളും, മുതിർന്നവരും ഇതു കാണാൻ എത്തുന്നു എന്നത് തായ് സമൂഹത്തിൽ ഇവർക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

തായ് നാട്ടിലെ ഓരോ ദ്വീപും അത്ഭുതകളുടെ കലവറയാണ്. സന്ദർശകരെ വശീകരിക്കുന്ന സെക്സ് ടൂറിസം മാത്രമല്ല ഈ നാട്ടിലുള്ളത് , തായ് സംസ്കാരം , ആയോധന കലകൾ എന്നിവ കാണിച്ചുകൊടുക്കുന്ന പരിപാടികളും, പ്രൗഢമായ കൊട്ടാരങ്ങളും , ബുദ്ധ ക്ഷേത്രങ്ങളും തടാകത്തിൽ ഒഴുകുന്ന ചന്തകളും, രാത്രിജീവിതവും, സഹൃദയരായ നാട്ടുകാരും ഈ നാടിൻറെ മാത്രം പ്രത്യേകതയാണ്. ഒറ്റക്കോ, കുടുബമായോ എത്രനാൾ വേണമെങ്കിലും താമസിക്കാം, സുരക്ഷിതമാണിവിടം .

ഉത്സവങ്ങളുടെ നാടാണ് തായ്ലൻഡ്. വെള്ളം ചീറ്റിച്ചും, നൃത്തം ചെയ്തും ആഘോഷിക്കുന്ന സോങ്ക്രാൻ ഉത്സവവും , മെഴുകുതിരി റാന്തലുകൾ ആകാശത്തക്ക് പറത്തിവിടുന്ന ‘ലാന്റേൺ ഫെസ്റ്റിവലും’, ചൈനീസ് പുതുവര്ഷവും, കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കുന്ന ‘മങ്കി ബാങ്ക്റ്റും’ എന്തും ഏതും ആഘോഷമാക്കുന്നു, നമ്മെ കൂടി പങ്കെടുപ്പിക്കുന്നു.

‘സമുയിലെ അവധിക്കാലം’ നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ല. മറിച്ച് ഒരുപാട് നല്ല ഓർമ്മകൾ നൽകും. 6 ദിവസം കടന്നു പോയതറിഞ്ഞില്ല, നല്ലൊരവധിക്കാലത്തിന്റെ സംതൃപ്തിയിൽ മനസും ശരീരവും തണുപ്പിച് വീണ്ടും വരുമെന്ന വിശ്വാസത്തോടെ തിരിച്ച് ബഹ്റൈനിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.