അനുഭവക്കുറിപ്പ് – സമീർ തെക്കേതോപ്പിൽ.

എല്ലാ ആഴ്ചയും ബെംഗളൂരു to കോട്ടയം യാത്ര ചെയുന്ന ആളാണ് ഞാൻ. പതിവായി സുഹൃത്തുക്കളുമായി ബെംഗളുരുവിൽനിന്നും കാറിൽ അങ്കമാലി അല്ലേൽ മുവാറ്റുപുഴയിൽ എത്തുകയും അവിടെന്നു കോട്ടയത്തേക്ക് KSRTC ബസ്സിനെ ആശ്രയിക്കുകയാണ് പതിവ്. അങ്ങനെ ഇരിക്കെ കഴിഞ്ഞയാഴ്ച KSRTC ബസിൽ എനിക്കുണ്ടായ ദുരനുഭവമാണ് ഇവിടെ വിവരിക്കുന്നത് .

ബംഗളുരുവിൽ നിന്നും തൊടുപുഴക്കു പോകുന്ന സുഹൃത്തുക്കളുമായി കഴിഞ്ഞ വെള്ളിയാഴ്ച (18/10/19) യാത്ര തിരിച്ചു. ശനിയാഴ്ച (19/10/19) പുലർച്ചെ 4.30 മണിയോട് കൂടി മുവാറ്റുപുഴ KSRTC സ്റ്റാൻഡിൽ എത്തുകയുണ്ടായി. കോട്ടയം പോകേണ്ടിയിരുന്ന ഞാനും എന്റെ മറ്റൊരു സുഹൃത്തും അവിടെ ഇറങ്ങുകയായിരുന്നു.

അല്പം നേരം കാത്തു നിന്നപ്പോൾ, ഏകദേശം 5 മണിയോട് കൂടി ബത്തേരിയിൽ നിന്ന് തിരുവനന്തപുരം പോകുന്ന മിന്നൽ എക്സ്പ്രസ്സ് വന്നു.  സമയം. കോട്ടയം കൊട്ടാരക്കര തിരുവനതപുരം ബോർഡ് വെച്ച ബസ് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. എത്രയും പെട്ടന്ന് വീട്ടിൽ എത്തുക എന്ന ആഗ്രഹം. വീണ്ടും ഞായറാഴ്ച വൈകുന്നേരം തിരിച്ചു ബെംഗളുരുവിലേക്ക് പോകണം എന്ന നിരാശയും. ബസ് നിർത്തി, ഉടനെ ഞാൻ ചാടിക്കയറി.

കയറിയെ ഉടനെ കണ്ടക്ടർ എന്നോട് ചോദിച്ചു “എങ്ങോട്ടു പോകാനാണെന്നു.” ഞാൻ പറഞ്ഞു “കോട്ടയം.” കണ്ടക്ടർ ഉടനെ “ഇത് കോട്ടയം പോകുന്ന ബസ് അല്ല, വയനാട്ടിലേക്കുള്ള ബസ് ആണെന്ന്” പറഞ്ഞു. അയ്യോ അബദ്ധം പറ്റിയോ എന്ന നിലക്ക് ഞാൻ ഇറങ്ങി ബോർഡ് ഒന്നും കൂടി നോക്കി. അതിൽ തിരുവനന്തപുരം എന്ന് തന്നെയാണ് എഴുതിയതെന്നു ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും ബസിൽ കയറി.

കയറിയ പാടെ കണ്ടക്ടർ വീണ്ടും തന്നോടല്ലേ ഇത് വയനാട്ടിലേക്കാണെന്നു പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു തള്ളി. എനിക്ക് മലയാളം വായിക്കാനറിയാമെന്നും ഇത് കോട്ടയം വഴി തിരുവനന്തപുരം ആണെന്ന് ബോർഡ് വെച്ചത് വായിച്ചിട്ടാണ് കയറിയതെന്നും ഞാൻ പറഞ്ഞു. ഉടനെ ബസിന്റെ പടിയിൽ നിന്ന എന്നെയും വെച്ച് ബസ് അല്പം മുൻപോട്ടു പോയി. അവിടെന്നു കണ്ടക്ടർ ഇറങ്ങി സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക് പോയി.

ആ സമയം ഞാൻ ഡ്രൈവറോട് ചോദിച്ചു “സർ, ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?” അദ്ദേഹം മറുചോദ്യമായി “തനിക്കു എങ്ങോട്ടാണ് പോകേണ്ടത്?” എന്ന് എന്നോട്. ഞാൻ വീണ്ടും ചോദിച്ചു “ഞാൻ ഒരു യാത്രക്കാരനാണ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?” എന്ന്. അദ്ദേഹം പറയാൻ കൂട്ടാക്കാതെ വന്നപ്പോൾ ഞാൻ പറഞ്ഞു “എനിക്ക് കോട്ടയമാണ് പോകേണ്ടത്” എന്ന്. അദ്ദേഹം അന്നേരവും പറഞ്ഞില്ല ഈ ബസ് എങ്ങോട്ടാ പോകുന്നതെന്ന്.

ഈ സമയം കണ്ടക്ടർ വന്നു എന്നെ വലിച്ചു താഴെയിറക്കുകയുണ്ടായി. ഡ്രൈവർ ബസ് എടുത്തു മുന്നോട്ടു പോകുകയും ചെയ്തു. എന്തിനാണ് ഇവർ ഇങ്ങനെ പെരുമാറുന്നതറിയാതെ ഞാൻ പകച്ചു പോയി. ഉടനെ തന്നെ സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ പോയി കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി ബുക്ക് കൈമാറി അതിൽ പരാതി എഴുതുവാൻ ആവശ്യപ്പെട്ടു. ആ മിന്നൽ ബസ്സിന്റെ നമ്പർ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആ ബസ് നമ്പർ ഞാൻ സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചെങ്കിലും അദ്ദേഹം അത് എന്നോട് പറയാൻ തയ്യാറായില്ല. ഒടുവിൽ ഞാൻ പരാതി എഴുതി കൊടുത്തു.

അൽപ സമയത്തിനകം ഒരു കോട്ടയം ബസ് വരികയും, ഞാൻ അതിൽ കയറി യാത്ര തിരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ യാത്ര തുടങ്ങി ഒരു 20 മിനുട്ടു കഴിഞ്ഞപ്പോൾ മുവാറ്റുപുഴ സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നു. “അവർ ബസ് ക്രൂവുമായി സംസാരിച്ചുവെന്നും, അത് കോട്ടയം പോകുന്ന ബസ് ആയിരുന്നുവെന്നും, അവർക്കൊരു അബദ്ധം പറ്റിയതാണെന്നും, പരാതിയുമായി മുൻപോട്ടു പോകാതിരുന്നൂടെ” എന്നുമായിരുന്നു എന്നെ വിളിച്ച വ്യക്തി പറഞ്ഞത്.

ഇത്രയധികം ആൾക്കാരുടെ മുൻപിലാണ് എന്നെ നാണം കെടുത്തിയെന്നും, ഇന്ന് ഞാൻ ആണെങ്കിൽ നാളെ വേറെ ആർക്കെങ്കിലും ഈ അനുഭവം ഉണ്ടാകുമെന്നും, അത് ഇനി ഉണ്ടാകാതിരിക്കാൻ എന്തായാലും പരാതിയുമായി തന്നെ മുൻപോട്ടു പോകുമെന്നും ഞാൻ പറഞ്ഞു. സത്യത്തിൽ ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് അമ്പരപ്പാണ്. ബസ്സിൽ സീറ്റ് ഇല്ലെങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ? വയനാട് നിന്നും വരുന്ന ബസ് വീണ്ടും വയനാട്ടിലേക്കാണ് പോകുന്നത് എന്നു പറയേണ്ട ആവശ്യമുണ്ടോ? എന്തായിരുന്നിരിക്കാം അവർ എന്നോട് അങ്ങനെ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചതിനു പിന്നിലെ ചേതോവികാരം? എന്തായാലും പരാതിയുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് എൻ്റെ തീരുമാനം. ഇനിയൊരിക്കലും ഇത്തരത്തിൽ അവർ ആരോടും പെരുമാറരുത്.

Bus Image – Representative.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.