കെഎസ്ആർടിസി ജീവനക്കാരെ എല്ലാവരും ഒന്നടങ്കം കുറ്റം പറയാറുണ്ട്. പക്ഷേ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അധികമാരും ചർച്ച ചെയ്യുകയോ വൈറൽ അയക്കുകയോ ഇല്ല എന്നതാണ് സത്യം. കെഎസ്ആർടിസിയുടെ ഒട്ടുമിക്ക ഡിപ്പോകളുടെ അവസ്ഥയും വളരെ പരിതാപകരമാണ്. അതിൽ ഏറ്റവും കൂടുതലായി എടുത്തു പറയേണ്ടത് കേരളത്തിലെ ഏറ്റവും മികച്ച സിറ്റിയെന്നു പേരുള്ള എറണാകുളത്തെ കെഎസ്ആർടിസി ഡിപ്പോയുടെ കാര്യമാണ്.

പേരുപോലെ തന്നെ, മഴ പെയ്താൽ ഒരു കുളം തന്നെയാണ് എറണാകുളത്തെ കെഎസ്ആർടിസി ഡിപ്പോ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നമല്ല. എറണാകുളം ഡിപ്പോ ഉണ്ടായ കാലം തൊട്ടേയുള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. ‘മഴക്കാലമായാൽ എറണാകുളത്തെ കെഎസ്ആർടിസി ഡിപ്പോ ജലഗതാഗത വകുപ്പ് ഏറ്റെടുക്കും’ എന്നാണു പൊതുവെ എല്ലാവരും ട്രോളുന്നത്. സംഭവം സത്യമാണ്, അത് നേരിട്ടു കണ്ടാൽ ബോധ്യമാകും.

എറണാകുളം ഡിപ്പോയുടെ പരിതാപകരമായ അവസ്ഥ ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായിട്ടുണ്ടാകുമല്ലോ അല്ലേ? അപ്പോൾ ഡിപ്പോയിൽ രാത്രി തങ്ങേണ്ടി വരുന്ന ദീർഘദൂര ബസുകളിലെ ജീവനക്കാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ. അഴുക്കുചാലുകൾ നിറഞ്ഞും ചെളിവെള്ളമൊഴുകിയുമൊക്കെ വൃത്തികേടായിക്കിടക്കുന്നതിനിടയിൽ കൊതുകിന്റെ ശല്യവും കൂടിയായാൽ പറയണോ പിന്നത്തെ കാര്യം. ഈ ലേഖനത്തോടൊപ്പമുള്ള ചിത്രം ഒന്നു നോക്കിക്കേ. ആശുപത്രിയിൽ കിടക്കുന്ന രോഗിയോന്നുമല്ല അത്. എറണാകുളം ഡിപ്പോയിൽ ഒരു രാത്രി വിശ്രമിക്കുന്ന ഹതഭാഗ്യനായ ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ ചിത്രമാണത്.

കൊതുകുപടയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കാലുകളിൽ കടലാസും, സിൽവർ ഫോയിലും കൊണ്ട് ആവരണം തീർത്ത്, കൈയും തലയുമെല്ലാം ഒരു തുണിയ്ക്കുള്ളിൽ മൂടി ക്ഷീണത്തിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന ഈ സർക്കാർ ജീവനക്കാരന്റെ അവസ്ഥ എറണാകുളം ഡിപ്പോയെക്കാൾ കഷ്ടമെന്നേ പറയുവാനൊക്കുകയുള്ളൂ. ഈ കിടക്കുന്ന ജീവനക്കാരൻ ആരാണെന്നോ, ഏതു ഡിപ്പോയിലെ ജീവനക്കാരനാണെന്നോ ഒന്നും അറിയില്ല. പക്ഷെ അദ്ദേഹം ഒരു മനുഷ്യനല്ലേ? ദീർഘദൂര സർവ്വീസുകൾക്കിടയിൽ ലഭിക്കുന്ന കുറച്ചു സമയം മര്യാദയ്ക്ക് വിശ്രമിക്കുവാൻ സാധിക്കാതെ വീണ്ടും അടുത്ത ട്രിപ്പിനു പോകുന്ന ആ അവസ്ഥ ആലോചിക്കുവാൻ പോലും വയ്യ.

ഇങ്ങനെയുള്ള മനംമടുപ്പിക്കുന്ന അവസ്ഥകളെയും തരണം ചെയ്തുകൊണ്ട് ഡ്യൂട്ടിയെടുക്കുന്നതിനിടയിൽ ഇവരെല്ലാം ചിലപ്പോൾ ആളുകളോട് ദേഷ്യപ്പെട്ടു പെരുമാറിയില്ലെങ്കിലേ അതിശയമുള്ളൂ എന്നാണ് തോന്നുന്നത്. ഇത്രയും ഫ്രസ്റ്റേഷൻ, ഇത്രയും മോശമായ സാഹചര്യത്തിൽ നിന്നും വരുന്ന ഒരാൾക്ക് സമാധാനപരമായി പോസിറ്റീവ് മനസ്സോടെ എങ്ങനെ ജോലി ചെയ്യുവാൻ സാധിക്കും? ഇതൊന്നും ഒരിക്കലും മറ്റുള്ളവരോട് ദേഷ്യപ്പെടാനുള്ള ഒരു കാരണമായി ന്യായം പറയുകയല്ല, അവരുടെ അവസ്ഥ ഒന്ന് വിവരിച്ചെന്നേയുള്ളൂ.

എന്തായാലും ദീർഘദൂര സർവ്വീസുകളിലെ ജീവനക്കാർക്ക് നല്ല രീതിയിലുള്ള വിശ്രമ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ കെഎസ്ആർടിസി അധികൃതർ ശ്രദ്ധ ചെലുത്തുക തന്നെ വേണം. ദയവു ചെയ്തു ഈ വിഷയത്തിൽ വേണ്ട നടപടികൾ അധികാരികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. യാത്രക്കാരോട് ‘സുഖയാത്ര, സുരക്ഷിതയാത്ര’ എന്നു പറയുമ്പോൾ അത് ജീവനക്കാർക്കും കൂടി ബാധകമാക്കുവാൻ ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.