വിവരണം – രേഷ്‌മ രാജൻ.
അല്ലു അർജുന്റെ ബദരീനാഥ് എന്ന സിനിമയിൽ കൂടിയാണ് ഞാൻ, വർഷത്തിൽ 6 മാസം തുറക്കുകയും ബാക്കി 6 മാസം മഞ്ഞിൽ മൂടി കിടക്കുന്ന ഉത്തരാഖണ്ഡിലെ ബദ്രിനാരായണ ക്ഷേത്രത്തെ കുറിച് അറിയുന്നത്. അന്നു മുതലുള്ള സ്വപ്നം ആണ് അവിടെ എങ്ങനെങ്കിലും എത്തിച്ചേരുക എന്നുള്ളത്. 2017 മുതൽ ഉത്തരാഖണ്ഡിലേക്കു ഞാൻ പല തവണ പോയെങ്കിലും ഹരിദ്വാർ, ഋഷികേശ്, ഡെഹ്റാഡൂൺ വരെയേ പോകാൻ കഴിഞ്ഞുള്ളു. അങ്ങനെ ഇരിക്കെയാണ് കേദാർനാഥ് എന്ന സിനിമയിലെ അമിത് തിവാരിയുടെ “നമോ നമോ” എന്ന പാട്ട് കേക്കുന്നതും. ഈ വർഷം എന്തൊക്കെ ആയാലും ബദരീനാഥ്, കേദാർനാഥ്, പോകണം എന്നു ഉറച്ച തീരുമാനം എടുത്തത്.
2019 മെയ് ഞാൻ ഋഷികേശിൽ എത്തി..അവിടുന്ന് ആദ്യം കേദാർനാഥ്, പിന്നീട് ബദ്രി പോകാനായിരുന്നു പ്ലാൻ. ഋഷികേശിൽ രണ്ടാം ദിവസം ഞാൻ ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ നമ്മൾ രജിസ്റ്റർ ചെയ്യണം. ചാർധാമിൽ എവിടൊക്കെയാണ് നമ്മൾ പോകുന്നത്, എത്ര ദിവസം അവിടെ ഉണ്ടാകും, എങ്ങനെ ആണ് പോകുന്നത് എന്നുള്ള വിവരങ്ങൾ കൂടാതെ നമ്മുടെ ആധാർ കാർഡും, കൂട്ടത്തിൽ ബിയോമെട്രിക് ഇതൊക്കെയാണ് ചാർധാം പോകുന്നതിനു മുൻപ് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.
ഋഷികേശിൽ നിന്നും ആകെ ഒരു ബസ് ആണ് കേദാർ, ബദ്രി എന്നിവിടങ്ങളിലേക്ക് പോകുന്നത്. ആയതിനാൽ റിസർവേഷൻ ചെയ്യാനായി ഞാൻ പോയപ്പോൾ അവർ പറഞ്ഞു റിസർവേഷൻ ഒന്നും ചെയ്യേണ്ട രാവിലെ 5 ആകുമ്പോൾ ഇങ്ങ് എത്തിയാൽ മതി എന്നു.
ഋഷികേശ് ഡോർമെറ്ററി മുറിയിൽ ഞാൻ രാവിലെ 3.30 ആയപ്പോൾ എഴുനേറ്റു പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തി. നേരത്തെ പറഞ്ഞു വെച്ചതിനാൽ ഒരു ഓട്ടോ ഡ്രൈവർ ഹോസ്റ്റലിനു മുന്നിൽ എത്തി. റിസെപ്ഷനിലെ ഹിന്ദിക്കാരൻ ചേട്ടൻ എന്നോട് വന്നു പറഞ്ഞു ഓട്ടോ എത്തി എന്ന്. ഞാൻ ധിറുതിയിൽ എൻ്റെ ബാഗും, ട്രെക്കിങ്ങ് സ്റ്റിക്കും, ടെന്റും എല്ലാം എടുത്ത് ഇറങ്ങി. 20 മിനുട്ടുകൊണ്ട് ഞാൻ ഋഷികേശ് ബസ്സ്റ്റാൻഡിൽ എത്തി.. അവിടെ ചാർധാം ദർശനത്തിനു പോകാൻ വേണ്ടി നിറയെ ആളുകൾ ഉണ്ടായിരുന്നു. പല സംസ്ഥാനത്തു നിന്നും വന്ന പലതരത്തിലുള്ള ആളുകൾ.
ആകെ ഒരു ബസ് ആണ് എന്നും രാവിലെ ഋഷികേശിൽ നിന്നും കേദാർ, ബദ്രി ഇലേക്ക് പോകുന്നത്. ടിക്കറ്റ് എടുക്കാനായിട്ടു ഞാൻ നേരെ കൗണ്ടറിലേക്ക് പോയി. ഹിന്ദിയിൽ അത്ര പരിജ്ഞാനം ഇല്ലാത്ത ഞാൻ അറിയാവുന്ന ഹിന്ദിയിൽ ഒക്കെ അവരോടു കേദാർനാഥ് പോകാനുള്ള ടിക്കറ്റ് ചോദിച്ചു. തികച്ചും ദേഷ്യം വരുത്തുന്ന തരത്തിൽ ആയിരുന്നു അവരുടെ മറുപടി. കേദാര്നാഥിലേക്കുള്ള ബസിന്റെ റിസർവേഷൻ തീർന്നു എന്നായിരുന്നു അവർ പറഞ്ഞത്. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണം എന്നു അറിയാതെ ഞാൻ അമ്പരന്നു നിന്ന് പോയി. സ്വപ്‌നങ്ങൾ എല്ലാം അവിടെ തകർന്നു പോയപോലെ തോന്നി. സങ്കടക്കടൽ ആഴത്തിൽ വീശി അടിച്ചപോലെ ഒകെ തോന്നി പോയി..
ഞാൻ അവരോടു തർക്കിച്ചു.. കാരണം ഇന്നലെ ഞാൻ റിസർവേഷൻ എടുക്കാൻ വന്നപ്പോൾ അവർ പറഞ്ഞത് അതിന്റെ ആവശ്യം ഇല്ല, രാവിലെ ഇങ്ങ് എത്തിയാൽ മതി എന്നു ആയിരുന്നു. എന്നിട്ടു ഇപ്പോ റിസർവേഷൻ ഇല്ല എന്നു പറഞ്ഞാൽ എങ്ങനാ ശരിയാകുക എന്നു ചോദിച്ചു. ഒരു സീറ്റ് റിസർവേഷൻ ചോദിച്ചത് കാരണം അവർക്കു മനസിലായി ഞാൻ ഒറ്റക്കാണ് പോകാൻ പോകുന്നത് എന്ന്. എന്തോ.. ഒരു അല്പം ദയ തോന്നിയത് കാരണം ആയിരിക്കണം എന്നോട് പറഞ്ഞു കേദാർ പോകാൻ ആണ് സീറ്റ് ഇല്ലാത്തത്.. ബദ്രി പോകുന്ന ബസിൽ ഒരു സീറ്റും കൂടി ഉണ്ട്.. പോകുന്നോ എന്ന്.
ബദ്രിനാരായണനെ കുറെ നാളായി സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് അത് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടന്നു ഞാൻ ബദ്രി പോകാനുള്ള ടിക്കറ്റ് എടുത്തു. അവർ എനിക്ക് വിന്ഡോ സീറ്റ് തന്നു. ബസ് നമ്പർ 1217 ആണെന്നും പറഞ്ഞു. ഞാൻ അങ്ങനെ ബസിന്റെ മുൻപിൽ എത്തി. വീണ്ടും ഒന്ന് പകച്ചു പോയി. ദൈവമേ.. ഈ കൊച്ചു കുടുക്ക വണ്ടിയിൽ ആണോ ഞാൻ 18 മണിക്കൂർ യാത്ര ചെയ്യേണ്ടത്. എന്നിട്ട് ഉത്തരാഖണ്ഡ് പരിവഹാൻ എന്നു പേരും. എന്തായാലും വരുന്നെടുത് വെച്ച് കാണാം എന്നും വിചാരിച്ചുകൊണ്ട് കയറി.
വെളുപ്പാം കാലം ആയതിനാൽ ബസിനുള്ളിൽ നല്ല ഇരുട്ട് ആയിരുന്നു. എൻ്റെ സീറ്റ് 19 ആയിരുന്നു. ഞാൻ അവിടെ പോയി ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ബസിലേക്കു ആളുകൾ കയറി തുടങ്ങി. കുറെ സന്യാസിമാർ…ദൈവമേ.. അൽപനേരം ഒന്ന് പേടിച്ചു. അപ്പോൾ ദാ… ഒരാൾ വന്നിട്ടു എല്ലാരേയും അയാൾക്കു തോന്നുന്ന സീറ്റിലേക്ക് മാറ്റി തിരുത്തുന്നു. അങ്ങനെ എന്നോട് പറഞ്ഞു ഒരു സന്യാസി അപ്പൂപ്പന്റെ അപ്പുറത്തെ സീറ്റിൽ ഇരിക്കാൻ. ഞാൻ പറ്റത്തില്ല എന്നു പറഞ്ഞു തർക്കിച്ചു. എനിക്ക് വിൻഡോ സീറ്റ് വേണം എന്നു പറഞ്ഞു വാശി പിടിച്ചു. അവസാനം ഹരിയാനയിൽ നിന്നും വന്ന ഒരു അങ്കിൾ അയാളോട് സംസാരിച്ചിട്ട് എനിക്ക് വിൻഡോ സീറ്റ് തന്നു ഞാൻ അവിടെ ഇരുന്നു.
വര്ഷങ്ങളായി സ്വപ്നം കണ്ട നാട്ടിലേക്കുള്ള യാത്ര ആയിട്ടും പ്ലാൻ ചെയ്തപോലെ അല്ലല്ലോ പോകുന്നത് എന്നോർത്തു ഞാൻ അല്പം സങ്കടത്തിൽ ആയിരുന്നു. ബസിന്റെ മുൻ സീറ്റിൽ ഇരുന്ന ഒരു സന്യാസിയോട് ആരോ ചോദിച്ചു എങ്ങോട്ടാ പോകുന്നേ എന്ന്. മറുപടിയായി “ബദരീനാഥ് ” എന്ന് പറയുന്നത് കേട്ടപ്പോൾ എൻ്റെ മനസിലും സന്തോഷം തോന്നി. ഇതും ഒരു ദൈവ നിശ്ചയം എന്നു മനസിലായി.. ഇല്ലെങ്കിൽ അവസാനത്തെ ആ 1 സീറ്റ് എനിക്ക് വേണ്ടി ബാക്കി വരില്ലല്ലോ..
ബസിൽ നിറയെ ആളുകൾ കയറി. കുറെ സന്യാസികൾ, ഹരിയാന അങ്കിൾ, ഉത്തർപ്രദേശിൽ നിന്നും 3 പയ്യന്മാർ, രാജസ്ഥാനിലെ പുഷ്കറിൽ നിന്നും സ്ത്രീകളും ഒരു അമ്മുമ്മയും (രാജസ്ഥാനി രീതിയിലുള്ള അവരുടെ വേഷവും, കാലിലെ വെള്ളി ചിലമ്പും, കൈനിറയെ കുപ്പിവളകളും എല്ലാം എനിക്ക് കൗതുകം ആയിരുന്നു ), പിന്നെ പഞ്ചാബിൽ നിന്നും സർദാറും അവരുടെ മകനും..ഇത്ര ആളുകൾ ആണ് ആ ബസിൽ ഉണ്ടായിരുന്നത്.. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി.
രുദ്രപ്രയാഗ്, ദേവപ്രയാഗ്, ജോഷിമത്, ചമോലി വഴി ആണ് ബസ് പോകുന്നത്..
തുടക്കത്തിൽ തന്നെ വളവും തിരിവും നിറഞ്ഞ വഴികൾ ആയിരുന്നു. പണ്ടു ഹരിദ്വാറിൽ വിപ്രോയിൽ പ്രൊജക്റ്റ് ചെയ്യാനായിട്ടു ഞാൻ അവിടെ 2 മാസം ഉണ്ടായിരുന്നു. ഞാൻ താമസിച്ച സ്ഥലത്തെ കുക്ക് ഹരീഷ് ഭയ്യാ ചമോലിക്കാരൻ ആണ്. അന്ന് പറയുമായിരുന്നു, അവരുടെ വീടിന്റെ അവിടെ കടുവ ഒക്കെ വരും എന്ന്. ചമോലി ഒക്കെ എത്തിയപോ അതൊക്കെ ഓർമ വന്നു. ദൈവമേ ഇനി ബദ്രിയിലും അങ്ങനെ ആണോ എന്നു ചിന്തിച്ചു.
പോകുന്ന വഴി നിറയെ കളർഫുൾ ആയിരുന്നു. നമ്മുടെ നാട്ടിൽ ചേട്ടന്മാർ ട്രിപ്പ് പോകുന്നപോലെ ആണ് റോഡിൽ ഫുൾ പഞ്ചാബി ചേട്ടന്മാർ ബൈക്കിൽ മുൻപിൽ അവരുടെ ഓറഞ്ച് കോടി ഒക്കെ കുത്തി, തലകെട്ടൊക്കെ ആയിട്ടു, പൊടി അടിക്കാതിരിക്കാൻ മുഖം മുഴുവൻ തുണി കൊണ്ട് വെട്ടി വെച്ച്. 2 പേരുടെയും ബാഗ് ബാക്കിൽ കെട്ടി വെച്ച് ബുള്ളറ്റിൽ പോകുന്നത് കാണാം. ചിലർ ഒകെ ഗ്രൂപ്പ് ആയിട്ടാണ് പോകുന്നത്. ആ യാത്രയിൽ ഇതുപോലുള്ള ഏകദേശം 3000 ആളുകളെ ഞാൻ കണ്ടു. ഏതോ ഗുരുദ്വാരയിൽ പോകുന്നവർ ആണ് അവരെല്ലാം..
ഞങ്ങളുടെ ബസ് ഭക്ഷണം കഴിക്കാൻ നിർത്തിയത്. വഴിയരികിലുള്ള ഒരു ഗുരുദ്വാരയിൽ ആയിരുന്നു. വഴി യാത്രക്കാർക്ക് ഭക്ഷണം കൊടുക്കുന്നവർ ആണ് അവർ.. അതും ഒരു പുണ്യ കർമം ആണ്.. റൊട്ടിയും കറിയും ഒക്കെ ബദ്രിനാഥിൽ പോകുന്ന ആളുകൾക്ക് സ്നേഹത്തോടെയും, സന്തോഷത്തോടെയും, ബഹുമാനത്തോടെയും ആണ് അവർ കൊടുക്കുന്നത്. കഴിക്കുന്നവരുടെ മനസും നിറയും.. രാവിലെയും ഉച്ചക്കും ഗുരുദ്വാരയിൽ ആണ് ബസ് നിർത്തിയത്. പഞ്ചാബികളുടെ സ്നേഹത്തിൽ ചാലിച്ച ഭക്ഷണം കഴിക്കാനും ഭാഗ്യം കിട്ടി.
ബദ്രി ക്ഷേത്രം തുറന്ന നാളുകൾ ആയതിനാൽ പോകുന്ന വഴി നിറയെ നല്ല തിരക്കായിരുന്നു. വൈകിട്ട് 6 ആകുമ്പോൾ എത്തേണ്ട ബസ് രാത്രി 10 അയി എത്തിയപ്പോൾ. ബസിൽ നിന്നും എല്ലാവരും ഇറങ്ങി. ഞാൻ അവിടുന്ന് നേരെ ഒരു ധർമശാല നോക്കി ഞാൻ പോയി. മഞ്ഞു മലയുടെ താഴ്‌വരയിൽ, ബദ്രി ക്ഷേത്രത്തോടു ചേർന്ന്, അളകനന്ദ നദിയുടെ തീരത്തു എനിക്ക് താമസിക്കാൻ ധർമശാല കിട്ടി. ഞാൻ സ്വപ്നങ്ങളിൽ മാത്രം കണ്ട ബദ്രിനാരായണനെ കാണാനുള്ള ആകാംക്ഷയിൽ നേരത്തെ കിടന്നുറങ്ങി…
ബസിൽ എൻ്റെ കൂടെ ഉണ്ടായിരുന്ന ആളുകൾ രാവിലെ 3 ആയപ്പോൾ എന്നെ വന്നു വിളിച്ചു. യാത്രയുടെ ക്ഷീണം കാരണം ഞാൻ വീണ്ടും കിടന്നുറങ്ങി. രാവിലെ 8 മണി ഒകെ ആയപ്പോൾ ഞാൻ ഒരു ജാക്കറ്റ് ഒക്കെ ഇട്ടു നേരെ നടന്നു ബദ്രിനാഥ ക്ഷേത്രത്തിലേക്ക്. അൽപ ദൂരം നടക്കാൻ ഉണ്ടായിരുന്നു.. പോകുന്ന വഴിയിൽ വെള്ളച്ചാട്ടം ഒക്കെ കാണാൻ പറ്റി. വഴി ഒക്കെ തപ്പി പിടിച്ചു അങ്ങ് നടന്നു….
അങ്ങനെ ഞാൻ അളകനന്ദ നദിയുടെ അടുത്ത് എത്തി. മറുകരയിൽ മഞ്ഞു മലയുടെ താഴെയായി ബദ്രിനാഥ ക്ഷേത്രം. പാലം കടന്നു ഞാൻ അവിടെ എത്തി. സിനിമയിൽ കാണുന്നപോലെ തന്നെ ആണ് അവിടെ. ദർശനത്തിനായി വലിയൊരു ക്യൂ ഉണ്ടായിരുന്നു. ഏകദേശം 4 കിലോമീറ്ററോളം നീണ്ട ക്യു. കാത്തിരുന്നു കിട്ടുന്ന മുന്തിരി ആണേലും മധുരം അല്പം ഏറും എന്നപോലെ. കുറെ നേരം ക്യൂ നിന്നെങ്കിലും കാണാൻ പോകുന്ന കാഴ്ച ഓർത്തു ഒരുപാടു സന്തോഷിച്ചു. അങ്ങനെ ക്ഷേത്രം അടക്കുന്നതിനു മുൻപ് ദർശനം കിട്ടി.
നുമ്മ സഞ്ചാരി ശരത് ചേട്ടൻ പണ്ടു പറഞ്ഞിട്ടുണ്ട് ബദ്രിനാഥിലെ പൂജാരി മലയാളി ആണെന്ന്. അവിടെ പോയപ്പോൾ എനിക്ക് അത് ഓർമ വന്നു.. ഞാൻ അവിടെ കണ്ട ഒരാളോട് ചോദിച്ചു “പൂജാരി എവിടെ” എന്ന്.. അങ്ങനെ മലയാളി പൂജാരിയെ കണ്ടുമുട്ടി. ക്ഷേത്രത്തോടു ചേർന്നുള്ള ശിവ ക്ഷേത്രത്തോടു ചേർന്നാണ് അവർ താമസിക്കുന്നത്.. അവിടെ ആദി ശങ്കരാചാര്യരെ പൂജിക്കുന്ന പൂജ മുറി ഒകെ ഉണ്ട്.
ദർശനം കഴിഞ്ഞ് ഞാൻ അൽപനേരം അവിടെ ഇരുന്നു. ഏകദേശം അന്നദാനത്തിനുള്ള സമയം ആയിരുന്നു അപ്പോൾ. അവിടുന്നു ഞാൻ ഭക്ഷണവും കഴിച്ചിട്ട് അളകനന്ദ നദിയുടെ തീരത്തൂടെ അല്പം നടന്നു. അവിടെ അടുത്താണ് “മന” ഗ്രാമം. ഇന്ത്യ – ചൈന ബോർഡറിലെ അവസാനത്തെ ഗ്രാമം ആണ് മന. പർവത നിരകളുടെ താഴെ ഒരു ചെറിയ ഗ്രാമം… ബദ്രിയിൽ വരുന്ന ആളുകൾ എല്ലം മന കാണാനും വരുന്നുണ്ട്. ചെറിയ ചെറിയ വ്യാപാരം അയി ജീവിതം പച്ച പിടിപ്പിക്കാൻ നോക്കുന്ന ഗ്രാമവാസികൾ.
അവിടുന്ന് ഒരു 5 കിലോമീറ്റർ ട്രെക്കിങ്ങ് ചെയ്താൽ വസുതാര കാണാം. പക്ഷെ ഒറ്റക്കായത് കൊണ്ടും തണുപ്പ് അധികം ആയതുകൊണ്ടും ഞാൻ പോയില്ല. തിരിച്ചു ബദ്രിയിൽ എത്തി. രാത്രി ബദ്രി മാർക്കറ്റിൽ കൂടി കറങ്ങി പൂജാരിയുടെ അവിടെ പോയി. അപ്പോൾ എറണാകുളത്തു നിന്നും വന്ന മലയാളികളെ കണ്ടു. അതിരാവിലെ തിരിച്ചു പോകാനുള്ള ബസ് ബുക്ക് ചെയ്തശേഷം വീണ്ടും ക്ഷേത്ര പരിസരത്ത് ഞാൻ കുറെ ചുറ്റി തിരിഞ്ഞു. തിരിച്ചു പോകാനേ തോന്നിയില്ല.