വിവരണം – Vipin Vasudev S Pai.

ഖത്തറിനുമേലുള്ള ഉപരോധം വരുന്നതിനു മൂന്ന് മാസം മുൻപേ നടത്തിയ ഒരു യാത്ര ആയിരുന്നു ഇത്. അന്താരാഷ്ട്ര റോഡ് ട്രിപ്പ് എന്നും ഒരു ഹരമായിരുന്നു. ബഹ്‌റൈൻ (ദുറത്ത് അൽ ബഹ്‌റൈൻ ഗേറ്റ്) മുതൽ ദോഹയിലെ (ഖത്തർ) മത്താർ ഖദീം വരെ ആയിരുന്നു യാത്ര. മുൻപ് ഹജ്ജ്, ഉംറ, ബിസിനസ് എന്നിവയൊഴികെ സൗദി അറേബ്യയിലെ ഒരു ടൂറിസ്റ്റ് സന്ദർശന വിസ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ളതും എളുപ്പവുമായിരുന്നില്ല. ഇപ്പോൾ ഇതിലൊക്കെ ഒരു ഇളവ് വന്നിട്ടുണ്ട്. ജിസിസി രാജ്യത്തേക്ക് കാർ യാത്ര ചെയ്യാൻ ഒരു ട്രാൻസിറ്റ് വിസ (കെഎസ്എ) ലഭിക്കുന്നത് എളുപ്പമായിരുന്നു. അങ്ങനെയാണ് ഇങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. സൗദി അറേബ്യ കാണുന്നതിനും പിന്നെ ഒരു റോഡ് ട്രിപ്പും.

യാത്ര ചെയ്ത തിയ്യതി: 18 February 2017. ആറ് – ഏഴു മണിക്കൂർ മതി ബഹ്‌റൈനിൽ നിന്നും ദോഹയിലെത്താൻ. പക്ഷെ അന്നേ ദിവസം ഉണ്ടായ ശക്തമായ മഴയും, ദമ്മാമിൽ ഉണ്ടായ ബ്ലോക്കിലും പെട്ട് ഒരു പതിനഞ്ചു മണിക്കൂർ വേണ്ടിവന്നു ഇത്രയും ദൂരം താണ്ടാൻ. എന്തിരുന്നാലും ആ ഒരു യാത്രാനുഭവം വളരെ മികച്ചതായിരുന്നു. സന്ദർശിച്ച സ്ഥലങ്ങൾ: ട്രീ ഓഫ് ലൈഫ്, ബഹ്‌റൈൻ, മനാമ സിറ്റി & ബഹ്‌റൈൻ ബേ, ദമ്മാം സിറ്റി, ഉഖൈർ ബീച്ച്, സൗദി അറേബ്യ.

യാത്ര തുടങ്ങിയ ദിവസം ബഹ്റൈനിലുള്ള ദുറത്ത് അൽ ബഹ്‌റൈൻ ഗേറ്റിൽ നിന്നും രാവിലെ യാത്ര ആരംഭിച്ചു. ഈ യാത്രയിൽ ആദ്യം സന്ദർശിച്ചത് ബഹ്‌റൈനിലുള്ള നാന്നൂറ് വയസ്സുള്ള മരം – “ട്രീ ഓഫ് ലൈഫ്”. ബഹ്‌റൈനിലെ മരുഭൂമിയായ ജാബേല്‍ധൂക്കാനിലാണ് ഈ മരം ഉള്ളത്. ബഹ്‌റൈൻ സന്ദർശിക്കാനെത്തുന്ന മിക്ക സന്ദർശകരും സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇത്. ഇവിടെ നിന്നും ഒരു നാല്പത് കിലോമീറ്റർസന്ദർശിച്ചു വേണം മനാമ എത്താൻ. ഇവിടെ ഒരല്പ്പനേരം ചിലവഴിച്ചിട്ടു നേരെ മനാമ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

മനാമയിലെ ബഹ്‌റൈൻ ബേയിൽ നിന്നും കുറച്ചു ഫോട്ടോസ് എടുത്ത ശേഷം ദമാം ലക്ഷ്യമാക്കി യാത്ര തിരിച്ചു. കിംഗ് ഫഹദ് കോസ്‌വേ കടന്നു വേണം ബഹ്‌റൈനിൽ നിന്നും ദമ്മാം എത്താൻ.ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് കിങ് ഫഹദ് കോസ്‌വേ. അങ്ങനെ ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞയിട്ട് കോസ്‌വേ കടന്നു ദമ്മാം എത്തിയപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിച്ചു ശക്തമായ മഴ പെയ്യാൻ തുടങ്ങി.

ദമ്മാമിൽ ചില സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ ദമ്മാമിൽ ഇറങ്ങാനുള്ള പരിപാടി മാറ്റി നേരെ ഖത്തർ ലക്ഷ്യമാക്കി യാത്ര തുടർന്നു. പക്ഷെ ട്രാഫിക് ബ്ലോക്കും വെള്ളം കെട്ടി നിന്നതും കൊണ്ട് മണിക്കൂറുകൾ കൊണ്ടാണ് ദമ്മാം ടൗൺ വിട്ടത്. ഉഖൈർ റോഡ് (Road #612) വഴി ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചു. പോകുന്ന വഴിയുള്ള ഉഖൈർ ബീച്ചിൽ കുറച്ചു സമയം ചിലവഴിച്ചു. സൗദി അറേബ്യയിലെ മരുഭൂമിയിലൂടെ യുള്ള യാത്രയായിരുന്നു പിന്നെ. കുറെ യാത്ര ചെയ്തിട്ടും നല്ല ഭക്ഷണം കഴിക്കാനുള്ള ഹോട്ടലുകൾ ഒന്നും കാണുന്നില്ല. ഇനിയും ഒരു മൂന്ന് മണിക്കൂറെങ്കിലും വേണം ദോഹയിലെത്താൻ. വഴിയിൽ കണ്ട ഒരു ചെറിയ ഹോട്ടലിൽ നിന്നും കബ്സ (പരമ്പരാഗത സൗദി അറേബ്യൻ വിഭവം) കഴിച്ചു.

അങ്ങനെ വൈകി ഒരു ഒൻപതു മണി ആയപ്പോൾ സൽവ- അബു സാമ്രാ (സൗദി അറേബ്യ – ഖത്തർ അതിർത്തി) എത്തി. ഇവിടെ നിന്നും ഇമ്മിഗ്രേഷൻ ഒക്കെ കഴിഞ്ഞിട്ട് ദോഹയിലേക് തിരിച്ചു. അങ്ങനെ ഒരു പത്തര ആയപ്പോൾ ദോഹയിൽ എത്തി. അങ്ങനെ കുറെ കാലം മനസിൽകൊണ്ടുനടന്ന ഒരു യാത്ര പൂർത്തീകരിച്ചു അടുത്ത യാത്രയ്ക്കുള്ള (ഈജിപ്ത്) തയാറെടുപ്പിലേക് കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.