കേരളത്തിൽ നിന്നും മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർ തിരഞ്ഞെടുക്കുന്ന ഒരു പ്രധാനപ്പെട്ട റൂട്ടാണ് സുൽത്താൻ ബത്തേരി – മുത്തങ്ങ – ബന്ദിപ്പൂർ വഴി. നല്ലൊരു ഭാഗം കൊടുംകാടിനുള്ളിലൂടെയുള്ള പാതയായതിനാൽ രാത്രി കാലങ്ങളിൽ ഈ റൂട്ടിൽ യാത്രാ നിരോധനം നിലവിലുണ്ട്. രാത്രികാലങ്ങളിൽ ഇതിലൂടെ വാഹനങ്ങൾ പോകുമ്പോൾ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിനു അത് തടസ്സമാകും എന്നതിനാലാണ് ഈ യാത്രാ നിരോധനം. കർണാടക, കേരള ആർടിസികളുടെ തിരഞ്ഞെടുക്കപ്പെട്ട ബസ് സർവ്വീസുകൾ മാത്രമാണ് രാത്രികാലങ്ങളിൽ ഇതുവഴി കടത്തി വിടുന്നത്.
ഇതുവഴിയുള്ള യാത്രാക്ലേശത്തിനു പരിഹാരമെന്നോണം കാടിനെയോ മൃഗങ്ങളെയോ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ മേൽപ്പാലം നിർമ്മിക്കുക എന്നതാണ് കേരള-കർണാടക സർക്കാരുകൾ കണ്ടെത്തിയിരിക്കുന്ന വഴി. ഇതിനെക്കുറിച്ച് ബഹു. ഗതാഗത മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ ഫേസ്ബുക്കിൽ വിശദമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.
“ബന്ദിപ്പൂര്‍-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212-ല്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നത് ഉള്‍പ്പെടെയുള്ള ചെലവില്‍ 50 % തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏകദേശം 450-500 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് വിശദമായ സര്‍വ്വെയ്ക്കും മേല്‍പ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷവും കണക്കാക്കും.
കര്‍ണ്ണാടകയിലെ കൊള്ളെഗല്‍ മുതല്‍ മൈസൂര്‍ വഴി കോഴിക്കോടുവരെ 272 കിലോ മീറ്റര്‍ ദൂരത്തിലുള്ള ദേശീയ പാത 212 (പുതിയ നമ്പര്‍ NH 766)-ല്‍ ബന്ദിപ്പൂര്‍-വയനാട് ദേശീയപാര്‍ക്ക് വഴിയുള്ള രാത്രികാല യാത്രനിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ബഹു. സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം (MoRTH) മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഇക്കാര്യം ബഹു. സുപ്രീംകോടതിയില്‍ അറിയിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള സന്നദ്ധത ബഹു. സുപ്രീംകോടതിയില്‍ അറിയിക്കുന്നതിനായി സ്റ്റാന്‍ഡിംങ് കൗണ്‍സല്‍ ശ്രീ. ജി. പ്രകാശിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രസ്തുത ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക. 15 മീറ്റര്‍ വീതി വരുന്ന റോഡില്‍ ഒരു കി.മീ നീളത്തിലുള്ള അഞ്ച് മേല്‍പ്പാതകളാണ് ഉദ്ദേശിക്കുന്നത്. ഇത്തരം മേല്‍പ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാന്‍ഡ് സ്‌കേപ് ആയി വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സമില്ലാത്ത രീതിയില്‍ തയ്യാറാക്കുന്നതാണ്. ഇപ്രകാരം വനപ്രദേശത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന സ്ഥലത്തിന് ആനുപാതികമായ സ്ഥലം സംസ്ഥാന വനം വകുപ്പ് വിട്ടു നല്‍കേണ്ടതാണ്.
രാത്രികാല യാത്രാനിരോധനം മൂലം വിവിധ മേഖലയിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കാണുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഇതിനാവശ്യമായ തുക വകയിരുത്തുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.”
ഈ പാലം യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീങ്ങുകയും വാഹനങ്ങൾ മൃഗങ്ങൾക്ക് ഒരു തടസ്സമാകാതെയിരിക്കുകയും ചെയ്യും എന്നാണു പൊതുവെയുള്ള വിലയിരുത്തൽ.