വിവരണം – Joy Cheriakkara.
കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല. ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. കാഴ്ച ഏകദേശം മൂന്നരമണിക്കൂറിന്റേതാണ്. ഈ യാത്രാക്കുറിപ്പ് കുറച്ചു ദിവസം മുൻപ് ഇവിടെ പോസ്റ്റ് ചെയ്തതാണ്. ആദ്യമായാണ് സഞ്ചാരിയിൽ എഴുതിയത്. കുറേപേർക്ക് അതിഷ്ടപ്പെട്ടു. കുറച്ചുപേർ നല്ല അഭിപ്രായം പറഞ്ഞു. വായനക്ക് കുറച്ചുകൂടി നന്നായിരിക്കും എന്ന് കരുതി ഘടനയിലും ഉള്ളടക്കത്തിലും കുറച്ചു മാറ്റം വരുത്തി. വായിക്കൂ. നിങ്ങൾക്കിഷ്ടപെടും.
കാഴ്ചപ്പാടിലൂടെ ഒരു ട്രെയിൻ യാത്ര. ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു. ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ. വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യെശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും 11.40 നാണ് ട്രെയിൻ. അവിടെ നിന്ന് മെട്രോ പിടിച്ചാൽ എളുപ്പം യെശ്വന്ത്പുർ സ്റ്റേഷനിലെത്താം എന്ന് അയാൾ പറഞ്ഞു. മജിസ്റ്റിക്കിലെ ലോക്കൽ, ഇന്റർ സിറ്റി ബസ് സ്റ്റാന്റുകളും മജിസ്റ്റിക്ക് റെയിൽവേ സ്റ്റേഷനുമെല്ലാം അണ്ടർപാസ്സ് വഴി ബന്ധിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നല്ല സൗകര്യമാണത്. മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയായി സ്വീകരിക്കേണ്ടതായി തോന്നി.
പൊതുസ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ചില സ്ഥലങ്ങളിലേയും സ്ഥാപനങ്ങളിലേയും അന്തരീക്ഷം നമ്മിൽനിന്നും വ്യത്യസ്തമായ പെരുമാറ്റം ആവശ്യപ്പെടുന്നു. അവിടെയെത്തുമ്പോൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലും പെരുമാറ്റത്തിലും അടക്കവും ഒതുക്കവും വരുന്നു. മെട്രോ സ്റ്റേഷനുകൾ അതുപോലെയുള്ള ഇടങ്ങളാണ്. തിരക്കുണ്ടെങ്കിലും അതിനും ഒരു സ്വയം നിയന്ത്രണമുണ്ട്. ബാംഗ്ലൂർ മെട്രോയിൽ ആദ്യമായാണ് യാത്ര ചെയ്യുന്നത്. ‘മജിസ്റ്റിക്ക്’മെയിൻ സ്റ്റേഷനായതിനാൽ യാത്രക്കാരെല്ലാം കൃത്യമായി ലൈനിൽനിന്നാണ് ട്രെയിനിൽ കയറാൻ കാത്തുനിൽക്കുന്നത്. യാത്രക്കാർ ഇറങ്ങിയതിനുശേഷം തിരക്ക് കൂട്ടാതെ കയറുകയും ചെയ്യുന്നു. ഇതെല്ലം ശ്രദ്ധിക്കാൻ ആവശ്യത്തിന് ജോലിക്കാരും അവിടെയുണ്ട്.
കോച്ചിനകത്തെ ഡോറിനു മുകളിലുള്ള ഡിജിറ്റൽ റൂട്ട് മാപ്പ് ഡൽഹി മെട്രോയുടേതുപോലെ മികച്ചതല്ല. ട്രെയിൻ നീങ്ങുന്നതും സ്റ്റേഷനിൽ എത്തിച്ചേരുന്നതും കാണിക്കുന്നില്ല. സ്റ്റേഷനുകളുടെ പേരുകൾ എഴുതിയിരിക്കുന്നത് ചെറിയ അക്ഷരങ്ങളിലാണ്. ഇത് മുതിർന്നവർക്ക് വായിക്കാൻ ബുദ്ധിമുട്ടാണ്. സ്ഥലങ്ങൾ പരിചയമില്ലാത്ത യാത്രക്കാർ ഇത് വായിച്ചു മനസ്സിലാക്കാൻ ഡോറിനടുത്തേക്കു പോകുന്നത് അനാവശ്യമായ തിരക്കുണ്ടാക്കും. ഓട്ടോമാറ്റിക് വോയ്സ് അനൗൺസ്മെന്റ് സിസ്റ്റം ചെറിയ ശബ്ദത്തിലാണ് പ്രവർത്തിക്കുന്നത്. സംസാരത്തിൽ മിതത്വം പാലിക്കാത്ത യാത്രക്കാരുടെ ശബ്ദത്തിൽ, എത്തിച്ചേർന്ന സ്റ്റേഷന്റെ പേരും അടുത്ത സ്റ്റേഷന്റെ പേരും വേണ്ടവിധം കേൾക്കാൻ സാധിക്കുന്നില്ല. ബാംഗ്ലൂരിലെ ബസ്സുകളിൽപ്പോലും ഈ സിസ്റ്റവും ഡിജിറ്റൽ ഡിസ്പ്ലേയും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നുള്ളത് സാങ്കേതികവിദ്യകൾ പൊതുജനങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടുത്താം എന്നതിന് മാതൃകയാണ്.
എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്. ബാംഗ്ലൂരിലെ യെശ്വന്ത്പുർ സ്റ്റേഷൻ പരിചയമുണ്ട്. ബാക്കിയൊന്നും മനസ്സിലായില്ല. ‘കോർബ’ മറ്റൊരു സ്ഥലപ്പേരാണെന്നും ‘വെയ്ൻഗംഗ’ ട്രെയിന്റെ പേരാണെന്നും ഒരാൾ പറഞ്ഞുതന്നു. ‘വെയ്ൻഗംഗ’ ഒരു നദിയാണ്. മധ്യപ്രദേശിലെ സത്പുരറേഞ്ച്ന്റെ തെക്കുഭാഗത്തു നിന്നും ഉൽഭവിക്കുന്ന ‘വെയ്ൻഗംഗ’ മധ്യപ്രദേശിലൂടെയും മഹാരാഷ്ട്രയിലൂടെയും ഒഴുകി മഹാരാഷ്ട്രയിലെ വിദർഭയിലെ വച്ച് ‘വാർദ്ധ’ നദിയുമായി കൂടിചേർന്ന് ‘പ്രണഹിത’ എന്നപേരിൽ തെലങ്കാനയിലെ കാലേശ്വരത്തുവച്ചു ‘ഗോദാവരി’ നദിയിൽ ലയിക്കുന്നു. 579 കി മീറ്റർ ആണ് ‘വെയ്ൻഗംഗ’യുടെ നീളം.
ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റെയ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു പട്ടണമാണ് ‘കോർബ’. അവിടേക്കുള്ള ട്രെയിനാണിത്. കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ 1630 കി മീറ്റർ ദൂരം ഈ ട്രെയിൻ യാത്ര ചെയ്യുന്നു. 29 മണിക്കൂറാണ് യാത്രാസമയം. ഇടക്കുവച്ചു ഹൈദെരാബാദിൽ എനിക്കിറങ്ങാനുള്ള ‘കാച്ചിഗുഡ’ സ്റ്റേഷനിലേക്ക് 622 കി മീറ്റർ ദൂരം ഉണ്ട്. രാവിലെ 10.35 ആണ് അവിടെ എത്തുന്ന സമയം.
രാത്രിയുടെ നിശബ്ദതയെ തുളച്ചുകീറുന്ന ശബ്ദത്തിൽ ട്രെയിൻ ഹോണടിച്ചു. ഇരുമ്പു പാളങ്ങളിലൂടെ എൻജിൻ മുന്നോട്ടു വലിക്കുമ്പോൾ, ഭാരമുള്ള ബോഗികൾ വലിഞ്ഞു മുറുകുന്നതിന്റെ മുരൾച്ചയും കറ കറ ശബ്ദവും. ഇരുളിനെ കീറിമുറിച്ചു ട്രെയിൻ അതിന്റെ യാത്ര ആരംഭിക്കുകയാണ്. സ്റ്റേഷനിലെ പ്ലാറ്റുഫോമുകളിൽ നിന്നുള്ള അവശേഷിക്കുന്ന ശബ്ദവും വെളിച്ചവും പുറകിലേക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇരുട്ട് കൂടുന്തോറും അതിന്റെ വേഗതയും കൂടിവന്നു. പാളങ്ങളിൽ തുടികൊട്ടി താളമടിച്ചും താളത്തിനൊപ്പം ഉയർന്നുതാണും ഇടയ്ക്കിടെ ചൂളംവിളിച്ചും പ്രയാണത്തിന്റെ ലഹരി നുകർന്ന് ട്രെയിൻ ദ്രുതചലനത്തിലേക്ക് കടന്നു.
യാത്രയുടെ തുടക്കമായതിനാൽ കമ്പാർട്മെന്റ് വൃത്തിയുള്ളതായിരുന്നു. സ്വസ്ഥവും സുഖകരവുമായ യാത്രക്ക് അത് വളരെ പ്രധാനപ്പെട്ടതാണ്. പൊതുവെ ശാന്തമായ അന്തരീക്ഷം. ദീർഘദൂരട്രെയിനുകളെ വച്ചുനോക്കുമ്പോൾ പതിനൊന്നു മണിക്കൂറിന്റെ ട്രെയിൻ യാത്ര വളരെ ചെറുതാണ്. രാത്രിയായതിനാൽ ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങാം. രാത്രിഭക്ഷണമെല്ലാം നേരത്തെ കഴിച്ചുവന്ന യാത്രക്കാർ തങ്ങളുടെ ബെർത്തുകളിൽ കിടപ്പായിക്കഴിഞ്ഞു. പല സ്ഥലങ്ങളിലും മറ്റു ട്രെയിനുകൾ കടന്നുപോകാൻ നിർത്തിയിട്ടിരുന്നതുകൊണ്ടു കൂടുതൽ വൈകിക്കൊണ്ടിരുന്നു. ട്രെയിന്റെ ശബ്ദവും താളവും ആസ്വദിച്ചു ഞാൻ ഉറക്കം കാത്തുകിടന്നു.
ഉണർന്നപ്പോൾ കർണ്ണാടക പിന്നിട്ടു ആന്ധ്രയിലൂടെ കുറേ ദൂരം കടന്നുപോയിരുന്നു. ചൂടുകാലത്തും തിരക്കുള്ള സീസണിലും ഒഴികെ ട്രെയിൻ യാത്ര ആസ്വദിക്കണമെങ്കിൽ സ്ലീപ്പർക്ലാസ്സിൽ യാത്ര ചെയ്യണം. സൈഡ്സീറ്റിലിരുന്നു പുറത്തെ കാഴ്ചകൾ കാണുക എന്നതാണ് ട്രെയിൻ യാത്രയിൽ ആസ്വാദ്യകരമായിട്ടുള്ളത്. പുതിയ സ്ഥലങ്ങൾ. വ്യത്യസ്തമായ ഭൂപ്രദേശങ്ങൾ. വേഷവിധാനങ്ങളിലും സംസ്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ജനങ്ങൾ, അവരുടെ ജീവിതരീതി ഇങ്ങനെ ബഹുവിധ കാഴ്ചകളാണ് യാത്ര സമ്മാനിക്കുന്നത്.
നല്ല യാത്രക്കാരാണ് കോച്ചിലുള്ളതെങ്കിൽ അവരുമായി ഇടപെഴുകുമ്പോൾ ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാനാകും. ഞാൻ കാഴ്ചകൾ കാണാനിരുന്നു. കുർണൂൽ പ്രദേശത്തെ കുന്നിൻ നിരകൾ അകലെ മങ്ങി കാണാം. ഹൈദെരാബാദിൽനിന്ന് റോഡ് വഴി കേരളത്തിലേക്ക് കാറിൽ പോകുമ്പോൾ ഈ കുന്നിൻതാഴ്വരകളിലൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് ഓർമ്മ വന്നു. ഏറെ വർഷങ്ങൾക്ക്ശേഷമാണ് ഇത്തരമൊരു യാത്രയുടെ പകൽകാഴ്ച.
കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന പണ്ടത്തെ പതിവ് കാഴ്ചകൾ തന്നെ ഇപ്പോഴും. കണ്ണെത്താദൂരം വരെ അതിർത്തികളില്ലാതെ വിശാലമായി പരന്നുകിടക്കുന്ന, മരുഭൂമി പോലെ തോന്നിക്കുന്ന ഭൂപ്രദേശങ്ങളാണ് ഇരുവശവും. കൂടുതലും കൃഷിസ്ഥലങ്ങളാണ്. നമ്മുടെ നെൽപ്പാടങ്ങൾ പോലെയല്ല. മഴ കുറവായ പ്രദേശങ്ങളാണെന്നു തോന്നും.
കാഴ്ചകൾ അതിവേഗം കടന്നുവരുന്നു. കൺകുളിർക്കേ കണ്ടു തൃപ്തിയടയുന്നതിന് മുൻപേ അവ പുറകിലേക്കോടിമറയുന്നു! വരണ്ട മണ്ണ്. ഓരോ സ്ഥലത്തും മണ്ണിന് ഓരോ നിറം. ചിലയിടങ്ങളിൽ ഉഴുതുമറിച്ചിട്ട കറുത്ത മണ്ണ്. ചിലയിടത്ത് മണ്ണിന് ചാരനിറം. മറ്റൊരിടത്ത് ചുവന്ന മണ്ണിന്റെ ഭംഗിയാർന്ന വിശാലത മനസ്സിലേക്കോടിക്കയറുന്നു. ചെരുപ്പുകൾ അഴിച്ചുവച്ചു ആ മണ്ണിലൂടെ കുറച്ചുനേരം നടക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാശിച്ചുപോയി. പലതരം കൃഷികൾ ഉള്ള സ്ഥലങ്ങൾ പല നിറങ്ങളുടെ മനോഹാരിത സമ്മാനിക്കുന്നു. സാന്ദ്രമായ നിറഭേദങ്ങൾ മനസ്സിന് കുളിർമ്മയും സന്തോഷവും പകരുന്നു.
കൃഷിക്ക് കാവലും കൃഷിക്കാർക്ക് തണലുമായി ഒറ്റപ്പെട്ട മരങ്ങൾ. വായുവിൽ പറന്നുകളിക്കുന്ന ആ കിളികളുടെ കൂടും ആ മരങ്ങളിലായിരിക്കണം! മരുപ്രദേശങ്ങളിൽ ഒറ്റയാൻ പനകൾ!
“ഖസാക്കിന്റെ ഇതിഹാസ”ത്തിലെ കരിമ്പനകളാണ് ഓർമ്മയിൽ വന്നത്. പുള്ളുവൻ പാട്ടിന്റെ ഈണം അലയടിക്കുന്ന ഖസാക്കിലെ കരിമ്പനക്കാടുകൾ! പനകളിൽ പ്രേതങ്ങൾ കുടിയിരിക്കുന്നുണ്ടാകുമോ? വൈകുന്നേരങ്ങളിൽ ഒറ്റയടിപ്പാതയിലൂടെ വീട്ടിലേക്കു മടങ്ങുന്നവരെ പിടിക്കാൻ പനകളിൽ പ്രേതങ്ങൾ കാത്തിരിക്കും! മനുഷ്യർ അടുത്തെത്തുമ്പോൾ കൂർത്ത നഖങ്ങളും നീണ്ടു വളഞ്ഞു പുറത്തേക്ക് തള്ളിനിൽക്കുന്ന രക്തക്കറയുള്ള കോമ്പല്ലുകളുമായി അവ ചാടിവീഴും. മിന്നൽപോലെയാണ് മനസ്സ് പായുന്നത്. നോവലിന്റെ ഏടുകളിലൂടെ ഊളിയിട്ട് പ്രകാശവേഗത്തിൽ മനസ്സ് തിരിച്ചുവന്നു.
വിശാലമായ കൃഷിയിടങ്ങളിൽ ചിലയിടത്ത് വിളവെടുപ്പ് നടക്കുന്നു. ചിലപ്പോൾ അതിനോട് ചേർന്ന് കൃഷിയിറക്കുന്നു. മറ്റൊരിടത്തു നിലം ഒരുക്കുന്നു. അങ്ങിങ്ങായി ട്രാക്ടറുകൾ ഉപയോഗിച്ചാണ് നിലം തയ്യാറാക്കുന്നത്. ചിലയിടങ്ങളിൽ കൃഷിക്കാർ കാളകളെ വച്ച് നിലം ഉഴുകുന്നു. നമ്മുടെ നെൽപ്പാടങ്ങളുടെ നടുവിലൂടെ വെള്ളം നിറഞ്ഞൊഴുകുന്ന വലിയ തോടുകളും അവയുമായി ബന്ധിപ്പിച്ചു വിലങ്ങനെ പോകുന്ന ചെറുതോടുകളും ഒന്നും ഇവിടെയില്ല. കൃഷിയിറക്കാൻ വെള്ളത്തിനായി ഇടക്കിടെ കുഴൽ കിണറുകൾ കുത്തിയിട്ടുണ്ട്.
പലതരം ധാന്യങ്ങളും പരുത്തിയും കരിമ്പും മറ്റുമാണ് കൃഷി. കൊയ്ത്തുകഴിഞ്ഞ പാടത്ത് മേഞ്ഞുനടക്കുന്ന കന്നുകാലികൾ. കുറേ സ്ഥലങ്ങൾ കുറ്റിക്കാടുകളാണ്. അവിടെ മേഞ്ഞുനടക്കുന്ന ചെറിയ ആട്ടിൻകൂട്ടങ്ങൾ. നിർത്താതെ കടന്നുപോകുന്ന ചെറിയ സ്റ്റെഷനുകൾ യാത്രക്കാരെ കാത്തുകിടക്കുന്നു. അവയെല്ലാം ഒരേ പോലെ തോന്നിച്ചു. പേര് മാത്രമേ മാറ്റമുണ്ടാകുകയുള്ളൂ.
അതിനോട് ചേർന്ന് തന്നെയാണ് ജനവാസമുള്ള പ്രദേശങ്ങളും.
കൃഷിക്കാരുടെ വീടുകളും കൂട്ടമായി ഒരുമിച്ചാണ്. പുല്ലു മേഞ്ഞതോ, പനയോല മേഞ്ഞതോ ആയ ചെറിയ വീടുകളാണവ. വീടുകളോട് ചേർന്ന് തൊഴുത്തും കന്നുകാലികളും വൈക്കോൽ കൂട്ടവും കാണാം. ഇത്തരത്തിലുള്ള ചെറിയ ഗ്രാമങ്ങൾ കഴിഞ്ഞാൽ വീണ്ടും വിശാലമായ കൃഷിസ്ഥലങ്ങൾ. ഇതിനിടയിൽ ഒറ്റപ്പെട്ട കുന്നുകൾ. വലിയ കല്ലുകൾ അടുക്കി വച്ചിരിക്കുന്നതുപോലെയാണവ. താഴ്വാരങ്ങളിൽ ചിതറിക്കിടക്കുന്ന വലിയ കല്ലുകൾ. അതെല്ലാം പെറുക്കി മാറ്റിയാണ് പരിസരങ്ങളിൽ കൃഷി നടത്താൻ നിലം ഒരുക്കുന്നത്.
വീണ്ടും നോക്കെത്താദൂരം തരിശുഭൂമി. അതിലൂടെ കടന്നുപോകുന്ന ഹൈ പവർ ഇലക്ട്രിക് ലൈനുകളുടെ അലുമിനിയം പെയിന്റടിച്ച കൂറ്റൻ ടവറുകൾ. ടവറുകളുടെ നീണ്ട നിര ചെറുതായി ചെറുതായി അങ്ങകലെയുള്ള കുന്നിൻ താഴ്വരയിൽ ഇല്ലാതാകുന്നു. മുന്നിൽ റെയിൽപാത രണ്ടായി പിരിയുന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങി വലിയൊരു വളവെടുത്ത് ചൂളം വിളിച്ചുപോകുന്ന ഒരു ട്രെയിൻ! അത് ഞാൻ യാത്ര ചെയ്യുന്ന ട്രെയിൻ തന്നെയാണ് എന്നെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. മനസ്സിൽ കൗതുകം നിറച്ച ഒരു കാഴ്ചയായിരുന്നു അത്.
റയിൽട്രാക്കിനു സമാന്തരമായി വരുന്ന റോഡുകൾ കുറേദൂരം ഓടി കറുത്ത വരപോലെ വിജനതയിലേക്ക് അകന്നുപോകുന്നു. ചെറിയ റെയിൽവേ ക്രോസ്സുകളിൽ കാത്തുകിടക്കുന്ന വണ്ടികളും ജനങ്ങളും. വലിയ സ്റ്റേഷനുകൾ വരുമ്പോഴാണ് പട്ടണങ്ങൾ കാണാനാവുക. അവ വിട്ടകന്ന് തരിശുഭൂമിയിലൂടെ കുറേദൂരം ഓടിയെത്തിയപ്പോൾ ഒന്നുരണ്ടിടങ്ങളിൽ തടാകങ്ങൾ.
മറ്റിടങ്ങളിൽ മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്നു. വെള്ളമില്ലാത്ത ഒരു നദിക്കു കുറുകേയുള്ള പാലത്തിലൂടെ ട്രെയിൻ കടന്നുപോയി. നദിയിൽ നനവുള്ളതിനാൽ കൃഷിയിറക്കിയിട്ടുണ്ട്.
വെള്ളം ധാരാളമുള്ളയിടങ്ങളിൽ നെൽകൃഷിയുടെ മനോഹരമായ പച്ചപ്പരപ്പ്. ചില ഭാഗങ്ങളിൽ വിവിധ നിറങ്ങളിലുള്ള സാരിയോ അതോ അതുപോലെ നീളത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ നീളത്തിൽ കെട്ടി കൃഷി മറച്ചിട്ടുണ്ട്. ഒന്നുരണ്ടിടത്തു ചെറിയ തോട്ടങ്ങൾ കാണാറായി.
ട്രെയിൻയാത്രയുടെ സാമാന്യസ്വഭാവത്തിൽ സ്മാർട്ട് ഫോൺ വരുത്തിയിട്ടുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ്. എപ്പോഴും ഉറക്കെയുള്ള സംസാരവും തമാശയും ചിരിയും ബഹളവുമൊക്കെയായി ശബ്ദമുഖരിതമായിരുന്നു സ്ലീപ്പർ ക്ളാസ്സ് കമ്പാർട്മെന്റ്. അടുത്തിരിക്കുന്ന യാത്രക്കാർക്ക് അസഹ്യതയായി മാറുന്ന തരത്തിൽ ചോദ്യങ്ങളും സംഭാഷണങ്ങളും പതിവാക്കിയവരും കുറവായിരുന്നില്ല. നീണ്ടയാത്രയുടെ മടുപ്പിൽനിന്ന് രക്ഷപെടാൻ സുഹൃത്തുക്കൾ ഒരുമിച്ചു ചീട്ടു കളിക്കുന്നതും പതിവുള്ള കാഴ്ചയായിരുന്നു.
ഇന്നതൊന്നും കാണാനില്ല. അപരിചിതമായ ഒരു മൂകത കമ്പാർട്മെന്റിൽ ഘനീഭവിച്ചു നിൽക്കുന്നു. ഭാരമുള്ള ഈ നിശ്ശബ്ദത സാധാരണ എ സി കൊച്ചുകളിലാണ് കാണാറ്. പുറം ലോകവുമായി നേരിട്ട് ബന്ധമില്ലാത്തതുകൊണ്ട് മടുപ്പിക്കുന്ന നീണ്ട മണിക്കൂറുകൾ കമ്പിളിക്കുള്ളിൽ പുസ്തകം വായിച്ചോ, ഉറങ്ങിയോ അതിനുള്ളിൽ തള്ളിനീക്കേണ്ടിവരുന്നു. പൊതുവെ സജീവവും ഉന്മേഷപൂർണ്ണവുമായിരുന്ന സ്ലീപ്പർ ക്ളാസ്സ് കമ്പാർട്മെന്റിൽ ഇന്ന് പക്ഷെ സംസാരമില്ല, സുഖാന്വേഷണങ്ങളില്ല, ശബ്ദമില്ല, ചിരിയില്ല, പരിഗണനയില്ല. അടുത്തിരിക്കുന്ന ആളെ പരിചയപ്പെടുന്നുപോലുമില്ല. പ്രായഭേദമെന്യേ എല്ലാവരുടെ കയ്യിലും സ്മാർട്ട് ഫോൺ ഉണ്ട്. കുട്ടികൾക്കടക്കം. എല്ലാവരും തല കുമ്പിട്ടിരുന്ന് സ്മാർട്ട് ഫോണിൽ രസിച്ചു മുഴുകിയിരിക്കുന്നു. ചിലർ സിനിമ കാണുന്നു. ചിലർ മൊബൈൽ ഗെയിം കളിക്കുന്നു. ചിലർ കോമിക്ക് വീഡിയോ കണ്ടു പരിസരം മറന്നു ചിരിക്കുന്നു.
‘നോ മാൻ ഈസ് ആൻ ഐലൻഡ്’ എന്ന് പണ്ട് ജോൺ ഡോൺ പറഞ്ഞിരുന്നു. എന്നാൽ 400 വർഷങ്ങൾക്കിപ്പുറം പാമേല ഗൂഡ് പറയുന്നതുപോലെ ‘എവ് രി മാൻ ഈസ് ആൻ ഐലൻഡ്’ എന്ന് തിരിച്ചായിരിക്കുന്നു എന്നത് യാഥാർഥ്യം തന്നെ. എല്ലാവരും അവരവരുടെ ലോകത്തു ഒറ്റപ്പെട്ട തുരുത്തുകളായിത്തീർന്നിരിക്കുന്നു. ഇറങ്ങേണ്ട സ്ഥലം വരുമ്പോൾ അടുത്തിരിക്കുന്ന ആളുകൾക്ക് കൈ കൊടുത്ത്, ഇനിയും കാണാമെന്നു പറഞ്ഞു പിരിയുന്ന കാഴ്ചയും ഇന്നില്ല! ഇയർ ഫോൺ മടക്കി പോക്കറ്റിലിട്ടു ബാഗുമെടുത്തു ഇറങ്ങിപ്പോകുന്നു. സാമൂഹ്യജീവിതത്തിൽ മൊബൈൽ വിപ്ലവം വരുത്തിത്തീർത്ത സ്വാധീനത്തിന്റെ നല്ല പരിച്ഛേദമാണ് ഞാൻ ട്രെയിൻ യാത്രയിൽ കണ്ടത്.
പത്തുമണിയോടെ ചൂട് കൂടി വന്നു. ഞാൻ പകർത്തിയ ചിത്രങ്ങളെല്ലാം ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ എടുത്തതാണ്. ഉദ്ദേശിച്ച പല ചിത്രങ്ങളും ഫ്രെയിമിൽ കിട്ടിയില്ല. പല ചിത്രങ്ങൾക്കും ക്ലാരിറ്റിയില്ല. വരണ്ട ചുടുകാറ്റ് വീശിയടിച്ചുകൊണ്ടിരുന്നതിനാൽ ഫോട്ടോ എടുക്കുക എളുപ്പമായിരുന്നില്ല. ട്രെയിനകത്തെ അന്തരീക്ഷം നല്ലതായിരുന്നു എന്നത് വളരെ ആശ്വാസം നൽകിയ കാര്യമാണ്.
ഭിക്ഷക്കാരോ വാണിഭക്കാരോ ട്രെയിനിൽ കയറിയില്ല. വരുന്ന സാധനങ്ങളെല്ലാം വാങ്ങിക്കഴിച്ചു ട്രെയിനകം വൃത്തികേടാക്കുന്ന തരത്തിലുള്ള യാത്രക്കാരും ഉണ്ടായിരുന്നില്ല. ഉറക്കെയുള്ള സംസാരം പോലും കേട്ടില്ല. നേരത്തേ സൂചിപ്പിച്ചപോലെ മിക്കവാറും ആളുകൾ മൊബൈൽ ഫോണിൽ മുഴുകി സമയം ചിലവഴിക്കുന്നു. ചെറുപ്പക്കാർ മൊബൈൽ ചാർജ് ചെയ്യുന്നതിന് ചെറിയ എക്സ്റ്റെൻഷൻ ബോർഡും അഡാപ്റ്ററുകളുമായാണ് വന്നിരിക്കുന്നത്. അങ്ങകലെ ഒരു കുന്നിൻ താഴ്വാരയിൽ തടാകം കണക്കെ സോളാർ പാനൽ പിടിപ്പിച്ചിരിക്കുന്നത് പുതിയ കാഴ്ചയായിരുന്നു.
ആന്ധ്രപ്രദേശ് കഴിഞ്ഞു തെലങ്കാനയിൽ എനിക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തുന്നതുവരെ ചിത്രങ്ങളിൽ കാണുന്നതുപോലെ ഒരേ കാഴ്ചകളാണ് ഇടവിട്ട് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുള്ള ചെറിയ മുഷിവ് ഉണ്ടായിരുന്നെങ്കിലും ഏറെ വർഷങ്ങൾക്കു ശേഷം ഇത്തരത്തിൽ ഒരു യാത്രയിലൂടെ ലഭിച്ച സംതൃപ്തിയും ചിത്രങ്ങൾ പകർത്താൻ സാധിച്ചത്തിലെ സന്തോഷവും വലുതാണ്. അതുകൊണ്ടുതന്നെയാണ് യാത്രകൾ ഞാൻ ഇഷ്ടപ്പെടുന്നത്.
ഹൈദെരാബാദ് അടുക്കുകയാണ്. നീണ്ട മണിക്കൂറുകൾ ഓടിത്തളർന്ന ട്രെയിൻ ‘കാച്ചിഗുഡ’ സ്റ്റേഷനിൽ വിശ്രമിക്കാനിടം കണ്ടെത്തി. ട്രെയിൻ ഇറങ്ങി പ്രീപെയ്ഡ് ഓട്ടോ പിടിക്കുമ്പോൾ വിശ്രമം കഴിഞ്ഞു ട്രെയിൻ അതിന്റെ യാത്ര തുടരാനുള്ള ഒരുക്കത്തിലാണ്. ഹോൺ മുഴങ്ങുന്നു. അതെന്നോട് ബൈ പറയുകയാണെന്ന് തോന്നുന്നു. ഓർത്തുവക്കാൻ ഒരു പിടി ഓർമ്മകളുമായി ഞാൻ വീട്ടിലേക്ക് തിരിക്കുമ്പോഴും യാത്രയുടെ താളത്തിൽനിന്ന് ഞാൻ വിമുക്തനായിരുന്നില്ല.