വിവരണം – ലിജോ ചീരൻ ജോസ്.
സാധാരണയിലും രണ്ടര മണിക്കൂർ വൈകിയായിരുന്നു ഞായറാഴ്ച് 24/03/19 നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗളൂർക്ക് യാത്ര ആരംഭിച്ചത്. അതിനാൽ പുലർച്ച രണ്ടരക്കെ എത്താൻ പറ്റു എന്ന നിഗമനത്തിലായിരുന്നു. യാത്ര സേലം കഴിഞ്ഞു ധർമപുരി ടോളും കഴിഞ്ഞു. ഇനി രണ്ടു ടോളും (കൃഷ്ണഗിരി /അത്തിബെല്ലെ ) കഴിഞ്ഞാൽ വീടെത്താം എന്ന ആശ്വാസത്തിൽ ആസ്വദിച്ചു വരുന്ന സമയം. ഏകദേശം അർധരാത്രി ഒരു ഒന്നേകാൽ ഒന്നരായി കാണും സമയം. ഇടതു ട്രാക്കിൽ അതായത് ധർമപുരി – സേലം പോകുന്ന പാതയിൽ മുന്നിൽ ബ്ലോക്ക് കാണുന്നു. വലതു വശത്തു ബാംഗളൂരിൽ നിന്ന് സേലം പോകുന്ന പാതയിൽ തടസമില്ലാതെ വാഹനങ്ങൾ പോകുന്നുണ്ട്. ശനിയാഴ്ച രാത്രി നാട്ടിൽ പോകുമ്പോൾ ടാറിങ് നടന്നിരുന്നു. ആ ടാറിങ് തീർന്നില്ലേ എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യ ചോദ്യം.
ടാറിങ് നടത്തിയിരുന്ന സ്ഥലത്തുന്നിന് ഒരുപാട് മുന്നോട്ട് പോയിട്ടായിരുന്നു ഈ ബ്ലോക്ക് കണ്ടത് അതിനാൽ ടാറിങ് തന്നെയല്ലേ എന്നൊരു സംശയം. അല്പം നേരം കഴിഞ്ഞപ്പോൾ മറ്റു വാഹങ്ങൾ എൻജിൻ ലൈറ്റ് എല്ലാം ഓഫ് ചെയ്തു തുടങ്ങി. അതോടെ ഏകദേശ ധാരണയായി. തത്കാലം തീരുന്ന ബ്ലോക്കല്ല എന്ന്. ടാറിങ് ഈ നട്ടപ്പാതിരക്കു ഇത്രേം വണ്ടികളെ ബ്ലോക്ക് ചെയ്തു വേണോ എന്ന് ഞങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നു. കൂട്ടത്തിൽ ഉള്ളയാൾ ഗൂഗിൾ മാപ്പിലൂടെ ഒരു എത്തിനോട്ടം. അതോടെ കാര്യത്തിന് അല്പം വ്യക്തതയായി. എന്താണെന്നു വെച്ചാൽ ഗൂഗിൾ കാണിക്കുന്നത് ഇലക്ട്രോണിക് സിറ്റിയിൽ എത്തിച്ചേരുന്ന സമയം രാവിലെ അഞ്ചര എന്നാണ്. ഞെങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്ന് ഒരു`മൂന്ന് കിലോമീറ്റർ ചുവന്ന വര തന്നെയാണ് (ബ്ലോക്ക് ആണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്) ഗൂഗിൾ കാണിക്കുന്നത്. അതോടെ സംഗതി സബാഷ്.
അല്പം നേരംകൂടി കാത്തുനിന്നിട്ട് മാറ്റം ഒന്നും തന്നെയില്ല എന്ന് മനസിലായപ്പോൾ ഞാനും വണ്ടി ഓഫാക്കി ഗ്ലാസ് താഴ്ത്തി ഇരിക്കാൻ തുടങ്ങി. മറ്റു വണ്ടികളിലെ ഡ്രൈവർമാർ പുറത്തിറങ്ങി തമ്മിൽ തമ്മിൽ ബ്ലോക്കിനെ പറ്റി അന്വേഷണം. ഞാനും ഇറങ്ങി. ആ സമയം വലതു ട്രാക്കിൽ ബാംഗ്ലൂർ സേലം പോകുന്ന പാതിയിൽ വന്ന ഒരു ലോറി നിർത്തി. ലോറി ഡ്രൈവർ ഈ ബ്ലോക്കിൽ പെട്ട് കിടക്കുന്ന വണ്ടിയിലെ ഡ്രൈവര്മാരോട് എന്തോ പറയുന്നു. ഞാൻ അടുത്ത് ചെന്നപ്പോൾ കേട്ടത് ഒരു അപകടം നടന്നിട്ടുണ്ട് അതുകൊണ്ടാണ് ബ്ലോക്ക്. മൂന്നു കിലോമീറ്റര് മാറി ഒരു ചരക്കു ലോറി ഫ്രൂട്ട്സ് കയറ്റി വന്ന മറ്റൊരു മിനി പിക്ക് ആപ്പ് വാനിനെ ഇടിച്ചാണ് അപകടമുണ്ടായതെന്ന്. അതിനിടയിൽ മൊബൈലിൽ ‘ബ്ലാ ബ്ലാ വാട്സ്ആപ്’ ഗ്രൂപ്പിൽ മുന്നിൽ കടന്നു പോയവർ എടുത്ത വിഡിയോ വന്നു. അതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നു.
സുഹൃത്തായ വൈശാഖ് അതുവഴി വരുന്നുണ്ട് എന്നറിയാം. എന്നാൽ കടന്നു പോയോ എന്നൊരു സംശയത്താൽ വിളിച്ചപ്പോൾ ധർമപുരി ടോൾ എത്തുന്നേ ഉള്ളു. അപ്പൊ ഞാൻ പറഞ്ഞു ഇവിടെ ബ്ലോക്കാണ്. പറ്റുമെങ്കിൽ ടോൾ കഴിഞ്ഞു വേറെ റോഡ് തേടുവാൻ. പക്ഷെ ഞങ്ങൾ കിടക്കുന്ന ബ്ലോക്ക് ആ സമയംകൊണ്ട് നീണ്ടു വൈശാഖിന്റെ വാഹനത്തിലേക്കും എത്തിപ്പോയി. അതിനുള്ളിൽ ബ്ലോക്കിൽ കിടക്കുന്ന മറ്റൊരു കൂട്ടുകാരനായ ബെന്സന് ലൊക്കേഷൻ പങ്കു വെച്ചപ്പോൾ അവൻ എനിക്ക് പുറകിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അല്പം വണ്ടികൾ മുന്നോട്ട് നീങ്ങി. അങ്ങനെ രണ്ടു മൂന്ന് തവണയായി ഒരു കിലോമിറ്റർ എന്റെ വാഹനം കിടക്കുന്ന ട്രാക്ക് മുന്നോട്ടു നീങ്ങുകയും അതെ സമയം വലതു സൈഡിൽ ട്രാക്കിൽ റോങ്ങ് സൈഡായി നിറയെ വാഹങ്ങൾ മുന്നോട്ടു പോകുന്നത് ശ്രെദ്ധയിൽ പെട്ടു.
സമയം ഏകദേശം രണ്ടേമുക്കാൽ. വൈശാഖിന്റെ ലൊക്കേഷൻ മാപ്പിൽ ഞാൻ നോക്കി. ഞാൻ കിടക്കുന്നതിനു മൂന്ന് നാലു കിലോമിറ്റർ മുന്നിൽ, അതുപോലെ മൂന്നേഇരുപതോടെ ഞാനും രക്ഷപെട്ടേ എന്ന് ബെൻസനും. അവന്മാർ രക്ഷപെട്ടല്ലോ എന്ന അസൂയയോടെ ഞാൻ ബ്ലോക്കിൽ തന്നെ. അവർ നിന്നിടത്തുന്നു നിന്ന് വലതു വശത്തു തിരിഞ്ഞു പോകാനുള്ള ഭാഗ്യം കിട്ടിയതിനാൽ അല്പം നേരം കഴിഞ്ഞാണെങ്കിലും ഈ ബ്ലോക്കിൽ നിന്ന് അവർക്ക് രക്ഷ ലഭിച്ചു. ഏകദേശം നാലുമണിയോടെ ഞങ്ങൾ കിടന്നിരുന്ന വാഹനനിര നീങ്ങാൻ തുടങ്ങി.
ഇടിച്ചു തകർന്ന വാഹനവും റോഡിൽ ചിതറി കിടക്കുന്ന മസ്ക് മെലെൻ (തയ്ക്കുമ്പളം) ഒക്കെ കണ്ടു. പോലീസും മറ്റുള്ളവരും ക്രയിൻ ഉപയോഗിച്ച് വാഹങ്ങൾ മാറ്റുന്നു. അങ്ങനെ ഒരു വേദനാജനകമായ രംഗം കാണുവാനിടയായി. ബ്ലോക്ക് തീർന്ന ആവേശത്തിൽ മറ്റു വാഹങ്ങൾക്കൊപ്പം ഞങ്ങളും പുറപ്പെട്ടു. കൂടെയുള്ളവർ കാറിൽ സുഖമായി ഉറങ്ങി. അങ്ങനെ വെളുപ്പിന് അഞ്ചേമുക്കാലോടെ ഇലക്ട്രോണിക് സിറ്റിയിൽ സുരക്ഷിതമായി ഞങ്ങൾ എത്തിച്ചേർന്നു. ഒരു രാത്രി കൺപോള അടയ്ക്കാത്തതിന്റെ ക്ഷീണം ഓഫീസിൽ ചെന്നപ്പോൾ നന്നായി ഉണ്ടായെങ്കിലും പണി പോകുമല്ലോ എന്ന പേടിയിൽ ഓഫീസ് സമയം തീരും വരെ പിടിച്ചു നിന്നു. പിന്നീട് രാത്രി അല്പം നേരത്തെ കിടന്നു ക്ഷീണം തീർത്തു.