സാധാരണ ഒരു പോലീസ് സ്റ്റേഷനിൽ വരുന്ന പരാതികൾക്ക് മോഷണം, അടിപിടി, സ്ഥല തർക്കങ്ങൾ എന്നിങ്ങനെ ഒരേ സ്വഭാവമായിരിക്കും ഉള്ളത്. പക്ഷെ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷനിൽ ഒരാൾ എത്തിയത് വളരെ വ്യത്യസ്തമായ ഒരു പരാതിയുമായിട്ടായിരുന്നു. പരാതി എന്നു പറയാൻ പറ്റില്ല, ഒരു നിവേദനമായിരുന്നു അത്.

പനയാല്‍ ചെര്‍ക്കാപാറയിലെ രമേശൻ തന്റെ വീട് പണി പൂര്‍ത്തിയാക്കാന്‍ ഒരു വഴി കാട്ടിത്തരണം എന്ന ആവശ്യമടങ്ങുന്ന വേറിട്ട ഒരു പരാതിയുമായി എത്തിച്ചേർന്നത് ബേക്കൽ എസ്‌ ഐക്ക് മുന്നിലാണ്. വില്ലേജ് ഓഫീസിലോ ബാങ്കിലോ സഹായം തേടേണ്ട വിഷയത്തിന്മേൽ ആരോ ഇദ്ദേഹത്തെ കളിയാക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.

ഇയാളുടെ ദയനീയതയും നിഷ്കളങ്കതയും കണ്ട എസ്സ്. ഐ വിനോദ് കുമാർ സാന്ത്വനിപ്പിക്കുകയും സഹപ്രവർത്തകരുടെയും മറ്റു ചില സന്മനസ്സുകളുടെയും ഐസ്‌ക്രീം വ്യാപാരം നടത്തുന്ന കളനാട്ടെ സി എച്ച് എന്ന വ്യക്തിയുടെയും സഹായത്തോടെ വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് മടക്കി അയച്ചത്.

ജനമൈത്രി പോലീസിന്റെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ താഴെക്കിടയിലുള്ള നിരവധി പേര്‍ക്ക് ബേക്കല്‍ പോലീസിന്റെ സഹായം ലഭിച്ചിരുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ മുഖ്യധാരയില്‍ കൊണ്ടുവരാനും ജീവിത സാഹചര്യം മോശമായവര്‍ക്ക് സാന്ത്വനം എത്തിക്കുന്നതിനും തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും സേനയെ വിമർശിക്കാൻ മുന്നിട്ടു നിൽക്കുന്നവർ ഉൾപ്പെടെ പോലീസിന്റെ ഈ സത് പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്.

ബേക്കൽ എസ്‌ഐ ശ്രീ. വിനോദ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് : “ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കൽ സ്റ്റേഷനിൽ ലഭിച്ചത്.ബേക്കൽ സ്റ്റേഷൻ പരിധിയിലെ ചെർക്കാപാറ എന്ന സ്ഥലത്തുള്ള രമേശൻ എന്നയാൾ നൽകിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നൽകേണ്ട ഒരു പരാതിയാണ് സ്റ്റേഷനിൽ നൽകിയത്.ചെറിയ ഒരു വീടു പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്.. സഹായിക്കണം… രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാൻ വേറെ ഇടമില്ല-…. അതു കൊണ്ടാണ്…. പരാതിക്കാരനായി വന്നയാളെ കണ്ടപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വളരെ ദയനീയമാണെന്നു മനസ്സിലായി.. ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി… പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവർത്തകരും സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേർന്ന് വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്…. വളരെ ദയ അർഹിക്കുന്ന ഒരു വ്യക്തിയായതിനാൽ സഹകരിക്കാൻ ആർക്കും മടിയുമില്ലായിരുന്നു…. എല്ലാവരുടേയും നല്ല മനസ്സിന് നന്ദി.”

എന്തായാലും ഈ സംഭവം കാരണം കേരള പോലീസിന്റെ തൊപ്പിയിൽ പുതിയ ഒരു പൊൻതൂവൽ കൂടി പതിഞ്ഞിരിക്കുകയാണ്. അടിച്ചമർത്തേണ്ടവരെ അടിച്ചമർത്തണം, സഹായിക്കേണ്ടവരെ സഹായിക്കണം.. ഇതായിരിക്കണം നമ്മുടെ പോലീസ്… ബേക്കൽ സ്റ്റേഷനിലെ എല്ലാ നല്ലവരായ പോലീസുകാർക്കും ഞങ്ങളുടെ പേരിൽ നന്ദി അർപ്പിക്കുന്നു. കേരളത്തിലെ എല്ലാ പോലീസുകാർക്കും ഇതൊരു നല്ല മാതൃകയാകട്ടെ.

കടപ്പാട് – Kerala Police FB Page.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.