ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റവും കൂടുതൽ തർക്കങ്ങൾ നടക്കുന്നത് ചില്ലറയെച്ചൊല്ലിയായിരിക്കും. അതിപ്പോൾ കെഎസ്ആർടിസിയായാലും പ്രൈവറ്റ് ബസ്സുകളായാലും കലാകാലങ്ങളായി നടന്നു വരുന്ന ഒരു പ്രതിഭാസമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചില്ലറയുടെ പേരിൽ ബസ്സുകാരോട് തർക്കിക്കാത്ത മലയാളികൾ കുറവായിരിക്കും എന്നുതന്നെ പറയാം.
ഈ സംഭവങ്ങളിൽ ബസ് ജീവനക്കാരെ കണ്ണടച്ചു കുറ്റം പറയുവാനും സാധ്യമല്ല. കാരണം എല്ലാവർക്കും ബാലൻസ് തുക ചില്ലറകളായി കൊടുക്കുവാൻ ബസ് ജീവനക്കാർ നന്നേ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. കൂട്ടമായി ബസ്സിൽ കയറിയിട്ട് ഓരോരുത്തരായി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവർക്ക് ബാലൻസ് തുക ചില്ലറകളായി കൊടുക്കുവാനുണ്ടെങ്കിൽ ബസ് കണ്ടക്ടർ ഇറങ്ങുമ്പോൾ ആ തുക എല്ലാവർക്കുമായി ഒറ്റ തുകയാക്കി നൽകുന്ന പ്രവണതകൾ കാണാറുണ്ട്. യാത്രക്കാർ ഇറങ്ങിയിട്ട് ആ പൈസ ചില്ലറയാക്കി മാറ്റി പരസ്പരം കൈമാറണം.
കണ്ടക്ടർക്ക് എളുപ്പപ്പണിയാണെങ്കിലും ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വലിയ വാക്കേറ്റങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്.
കേരളത്തിൽ ഇന്ന് എവിടെ നോക്കിയാലും കാണപ്പെടുന്ന ഒരു കൂട്ടരാണ് ബംഗാളികൾ എന്നു അറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ഇവരിൽ ബംഗാളികൾ മാത്രമല്ല, ആസാം, മേഘാലയ, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ വരെയുണ്ടാകും. കേരളത്തിലെ പ്രധാനപ്പെട്ട ഏത് ബസ് സ്റ്റാൻഡിൽ നോക്കിയാലും ഇക്കൂട്ടരെ ഇന്ന് കാണാം. ഒന്നുകിൽ നാട്ടിലേക്ക് പോകുന്നവർ, അല്ലെങ്കിൽ നാട്ടിൽ നിന്നും വരുന്നവർ, അതുമല്ലെങ്കിൽ ജോലിസ്ഥലങ്ങളിലേക്ക് ബസ്സിൽ കയറി പോകുന്നവർ… അങ്ങനെ ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് ഭായിമാർ.
പൊതുവെ അന്യസംസ്ഥാന തൊഴിലാളികൾ ബസ്സിൽ കയറിയാൽ ബസ് ജീവനക്കാരും, മറ്റു യാത്രക്കാരും അവരെ വകവെയ്ക്കാറില്ല. മറുനാട്ടുകാർ ആണെന്ന കാരണത്താൽ നല്ലരീതിയിൽ അവഗണന ഇക്കൂട്ടർക്ക് നമ്മുടെ നാട്ടിൽ നിന്നും നേരിടേണ്ടി വരാറുണ്ട്. മുൻപ് പറഞ്ഞതുപോലെ ബാലൻസ് തുക ചില ബസ്സുകാർ ഭായിമാർക്ക് നൽകാതെ “ചെയ്ഞ്ച് നഹീ. ഭായ്..” എന്നു പറഞ്ഞു ഒഴിവാക്കി വിടുകയോ, അല്ലെങ്കിൽ എല്ലാവർക്കും കൂടിയുള്ള ബാലൻസ് തുക ഒറ്റ നോട്ടാക്കി കൂട്ടത്തിൽ ഒരാൾക്ക് നൽകുകയോ ചെയ്യാറുണ്ട്. പൊതുവെ ഇക്കൂട്ടർ നമ്മളെപ്പോലെ തർക്കങ്ങൾക്ക് മുതിരാതെ ഇറങ്ങിപ്പോകാറാണ് പതിവ്.
എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടന്ന സംഭവം ഏറെ വ്യത്യസ്തമായിരുന്നു. സിറ്റി ഓർഡിനറി ബസ്സിൽ കയറിയ പതിനഞ്ചോളം വരുന്ന ഹിന്ദിക്കാർ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടർക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേർക്ക് രണ്ട് രൂപ വെച്ച് കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്റ്റർ അഞ്ചും, നാലും, മൂന്നും പേർക്കൊക്കെയായി പതിനഞ്ച് പേർക്കും ഉള്ള ബാലൻസ് തുക ചില്ലറ പെറുക്കി കൊടുത്തു. ഇറങ്ങിയിട്ട് അവരോട് വീതിച്ചെടുക്കുവാനും പറഞ്ഞു.
സാധാരണഗതിയിൽ ഇവിടെവെച്ച് അവസാനിക്കേണ്ട സംഭവം നീണ്ടത് മറ്റൊരു തലത്തിലേക്കായിരുന്നു. ഭായിമാർക്ക് ഓരോരുത്തർക്കും രണ്ടു രൂപ ബാലൻസ് വേണമെന്നു ശഠിക്കുകയും, ചില്ലറയില്ലാതിരുന്നതിനാൽ അതിനു കണ്ടക്ടർ മുതിരാതിരിക്കുകയും ചെയ്തു. ഇതോടെ ബസ്സിൽ നിന്നിറങ്ങിയ ഭായിമാർ നഗരമധ്യത്തിൽ ബസ് തടഞ്ഞു വെക്കുകയാണുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ഇത്തരമൊരു കൂട്ടായ നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരോ ഈ ദൃശ്യങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന് വീഡിയോയിൽ വ്യക്തമല്ല. എന്തായാലും ബംഗാളി ഭായിമാർ ചില്ലറക്കാരല്ലെന്ന് ഈ സംഭവത്തോടുകൂടി എല്ലാവർക്കും മനസ്സിലായി.
പ്രസ്തുത സംഭവത്തിൽ ആരെയും കുറ്റം പറയുവാൻ പറ്റില്ല. കൂട്ടമായി കയറിയെന്നു വെച്ച് എല്ലാവർക്കും കൂടി ബാലൻസ് തുക ഒപ്പിച്ചു കൊടുത്തത് ഒരിക്കലും ന്യായീകരിക്കുവാൻ കഴിയുന്ന കാരണമല്ല. അതുപോലെ തന്നെ യാത്രക്കാർ ചില്ലറ കൂടുതൽ കരുതിയില്ലെങ്കിൽ ബസ് ജീവനക്കാരും കുടുങ്ങും. കയറുന്ന എല്ലാവരും ചില്ലറയില്ലാതെ (പത്തുരൂപ നൽകിയതിന്റെ കാര്യമല്ല) നൂറും അഞ്ഞൂറുമൊക്കെ കൊടുത്താൽ അവരും പെട്ടുപോകും. അതുകൊണ്ട് യാത്രക്കാരും ബസ് ജീവനക്കാരും ഒരു പരസ്പര ധാരണയോടെ വേണം മുന്നോട്ടു പോകുവാൻ.