സിനിമാതാരങ്ങൾക്കും കായികതാരങ്ങൾക്കുമെന്നപോലെ കെഎസ്ആർടിസി ബസുകൾക്കും ഇന്ന് ആരാധകരേറെയാണ്. ആരാധന മൂത്ത് തൻ്റെ ഇഷ്ട സർവ്വീസിന് ജന്മദിനാശംസകൾ വരെ നേരുന്ന ആനവണ്ടി പ്രേമികളുണ്ട് ഇന്ന്. അതിനു ഒരുദാഹരണമാണ് തുമ്പമൺ സ്വദേശിയായ ദീപു രാഘവൻ അടൂർ ഡിപ്പോയിലെ തൻ്റെ ചങ്ക് ബസ്സുകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്. ദീപുവിന്റെ ആ കുറിപ്പ് ഒന്നു വായിക്കാം.

“ജന്മദിനാശംസകൾ ഗന്ധർവ്വാ…” ആദ്യമായി കേൾക്കുന്ന ഒരാളുടെ മനസ്സിൽ ഓടിവരുക ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ നായകൻ ആയിരിക്കും,അല്ല നമ്മുടെ birth day boy ഒരു കെഎസ്ആർടിസി ബസ് ആണ് .

2015 ജൂൺ 14നു നമ്മുടെ MLA ചിറ്റയം ഗോപകുമാർ സാറിന്റെ സാന്നിധ്യത്തിൽ അടൂരിലെ കുറച്ചു ചെറുപ്പക്കാരുടെ (ഞങ്ങടെ സ്വന്തം Nidhin Uday) ശ്രമഫലമായി ഒരു സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. “അടൂർ – പെരിക്കലൂർ”, ചുരുങ്ങിയ കാലയളവുകൊണ്ട് വണ്ടി സൂപ്പർ ഹിറ്റ് ആയി മാറി.

RPE 54 & RPK 83 എന്നീ ബസ്സുകളായിരുന്നു ഈ റൂട്ടിലേക്ക് അലോട്ട് ചെയ്തിരുന്നത്. പണ്ടു മുതലേ നമ്മുടെ അടൂരിന്റെ വണ്ടികളെ അണിയിച്ചൊരുക്കുന്ന Jaison J Adoor, Sreesanth Nair, Sethu Prabha, Chinthu Vijayan തുടങ്ങിയ നമ്മുടെ ചങ്കുകൾ അവന്മാരെ (ബസ്സുകളെ) അണിയിച്ചൊരുക്കി. കണ്ടാൽ തിളങ്ങുന്ന വണ്ടികൾ, വണ്ടികണ്ട ഇന്റർനാഷണൽ ചളു യൂണിയൻ (ട്രോൾ ഗ്രൂപ്പ്) അടൂരന്മാർക് ഒരു പേര് സമ്മാനിച്ചു “ഗന്ധർവൻ.” പേരിടാൻ ഒരു കാരണവും ഉണ്ട്, ഞാൻ ഗന്ധർവ്വൻ എന്ന മൂവിയിലെ നായകനെ ശ്രദ്ധിച്ചാൽ മനസിലാകും തിളങ്ങുന്ന കിരീടവും ആടയാഭരണങ്ങളും ചാർത്തി നിൽക്കുന്ന നമ്മുടെ നായകനെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള ബസുകൾ.. ICU അത് വച്ച് ഒരു ട്രോളും ഇറക്കി.

പെരിക്കലൂർ ഗ്രാമത്തിലേക്കു ഒരുപാട് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉണ്ടെങ്കിലും എന്തുകൊണ്ട് അടൂർ ഗന്ധർവന്മാരെ ആ ഗ്രാമം നെഞ്ചിലേറ്റി? കാരണം രാത്രി ആ ഗ്രാമത്തിലേക്കുള്ള ഏക സർവീസ്. പലരും ചോദിക്കാം പെരികലൂർ – അടൂർ ഗന്ധർവന്മാരെ നെഞ്ചിലേറ്റിയതിനു എന്താണ് തെളിവെന്ന്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് അടൂർ – പെരികലൂർ സൂപ്പർഫാസ്റ്റ് സുൽത്താൻബത്തേരി വരെയുള്ള സർവീസ് ആക്കി വെട്ടിക്കുറച്ചു.

കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ കൊണ്ടുനടന്ന പെരിക്കലൂർ എന്ന പേര് നഷ്ടമായപ്പോൾ ഒരുപക്ഷെ അടൂർകാരെക്കാൾ മനസു വേദനിച്ചത് പെരിക്കലൂർ എന്ന ഗ്രാമത്തിനാണ്. അവർ വെറുതെ ഇരുന്നില്ല. തങ്ങളുടെ ഗന്ധർവനെ അവർ തിരികെ പിടിച്ചു. ബസിന്റെ സർവീസ് പുനരാരംഭിച്ചപ്പോൾ ഒരു വമ്പൻ സ്വീകരണവും നൽകി പെരിക്കലൂർ ഗ്രാമം. കൂടെ ഒരു താക്കീതും, ഇനി ഞങ്ങളുടെ ഗന്ധർവന് നേരെ ഒരു ചൂണ്ടുവിരൽ അനക്കിയാൽ !!

ഇന്ന് (2019 ജൂൺ 14) അടൂർ – പെരിക്കലൂർ സൂപ്പർഫാസ്റ്റ് ആരംഭിച്ചിട്ട് നാലാം വർഷം. നശിപ്പിക്കും എന്ന് ഉറച്ച മനസുമായി മുൻപോട്ടു വന്നവന്മാരുടെ മുൻപിൽ ചങ്കു വിരിച്ചു ഇന്നും ഓടുന്നു നമ്മുടെ അടൂർ ഗന്ധർവന്മാർ.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.