വിമാനാപകടങ്ങൾ നടക്കുമ്പോൾ നമ്മൾ വാർത്തകളിൽ കേൾക്കാറുള്ള ഒരു കാര്യമാണ് “ബ്ലാക്ക് ബോക്സിനായി തിരയുന്നു, ബ്ലാക്ക് ബോക്സ്‌ കിട്ടിയിട്ടില്ല, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു” എന്നൊക്കെ. ശരിക്കും എന്താണ് ഈ ബ്ലാക്ക് ബോക്സ്? അതിനെക്കുറിച്ചാണ് ഈ ലേഖനം.

വിമാനങ്ങളിൽ നടക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോർഡർ ഉപകരണമാണ്‌ ബ്ലാക്ക് ബോക്സ്. വിമാനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തുകയാണ്‌ ഇത് ചെയ്യുന്നത്. വിമാനത്തിന്റെ യാത്രാചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഫൈ്‌ളറ്റ് ഡാറ്റ റെക്കോർഡറിൽ പകർത്തുന്നത്. വേഗം കൂട്ടുന്നത്, എൻജിന്റെ കുതിപ്പ്, സാധാരണ സഞ്ചാരവേഗം, ഉയരം, സ്ഥാനം തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും.

ബ്ലാക്ക് ബോക്സിൽ രണ്ട് തരം ഫ്ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്ലൈറ്റ് ഡാറ്റ റെക്കോഡറാണ് (FDR). വിമാനത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഡിവൈസാണ് ഇത്. രണ്ടാമത്തെ ഡിവൈസ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) ആണ്. പൈലറ്റുകളുടെ സംഭാഷണം അടക്കമുള്ള കോക്ക്പിറ്റിലെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവൈസാണ് ഇത്.

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും അടങ്ങുന്ന ബ്ലാക്ക് ബോക്സ് കോമേഴ്ഷ്യൽ ഫ്ലൈറ്റുകളിലും കോർപ്പറേറ്റ് ജെറ്റുകളിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സാധാരണയായി ഈ ബ്ലാക്ക്ബോക്സ് വിമാനത്തിന്റെ ഏറ്റവും പിറകിലെ ഭാഗത്താണ് നൽകാറുള്ളത്. വിമാനം തകർന്നാൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകുന്ന ഭാഗത്തായാണ് ഇത് ഘടിപ്പിക്കാറുള്ളത്.

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ വിമാനത്തിന്റെ എയർസ്പീഡ്, ആൾട്ടിട്ട്യൂഡ്, വെർട്ടിക്കൽ ആക്സിലറേഷൻ, ഫ്യൂവൽ ഫ്ലോ എന്നീ കാര്യങ്ങളാണ് റെക്കോർഡ് ചെയ്യുന്നത്. ഏതാണ്ട് 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സ്റ്റോറേജാണ് ഒരു എഫ്ഡിആറിൽ ഉള്ളത്. എയർട്രാഫിക്ക് കൺട്രോളുമായുള്ള കോക്ക്പിറ്റിലെ സംഭാഷണങ്ങൾ അടക്കം റെക്കോർഡ് ചെയ്യുന്ന ഡിവൈസാണ് സിവിആർ. സ്വിച്ചുകളുടെയും എഞ്ചിന്റെയും ശബ്ദവും ഇതിൽ റെക്കോർഡ് ചെയ്യും.

സിവിആർ, എഫ്ഡിആർ എന്നിവ ഒന്നിച്ച് വച്ച് പരിശോധിച്ചാൽ വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാകും. ഇത് അനുസരിച്ചാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മറ്റും മനസിലാക്കുന്നത്. കോക്ക്പിറ്റ് വോയിസ് റെക്കോഡിങിന് രണ്ട് മണിക്കുറുള്ള വോയിസുകൾ മാത്രമേ റെക്കോർഡ് ചെയ്യാൻ സാധിക്കുകയുള്ളു. വിമാനത്തിലെ ജിവനക്കാരുടെ പരസ്പര സംഭാഷണങ്ങൾ അടക്കം മിക്ക ശബ്ദങ്ങളും റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിക്കുന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കാറുണ്ട്.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നത് എങ്ങനെ എന്ന സംശയം പലർക്കും ഉണ്ടാകും. കരയിൽ വച്ചാണ് അപകടം ഉണ്ടായതെങ്കിൽ കണ്ടെത്താൻ എളുപ്പമാണ്. വിമാനം തകർന്ന് കടലിലാണ് വീണതെങ്കിൽ അത് കണ്ടെത്താനുള്ള സംവിധാനം ബ്ലാക്ക് ബോക്സിൽ തന്നെ നൽകിയിട്ടുണ്ട്. ബ്ലാക്ക് ബോക്സിലെ അണ്ടർവാട്ടർ ലോക്കേറ്റർ ബീക്കൺ ഉപയോഗിച്ച് ഇത് കണ്ടെത്താം. വെള്ളത്തിൽ വീണാൽ ഒരു അൾട്രാസോണിക്ക് പൾസ് ഇത് പുറപ്പെടുവിക്കും. ഇങ്ങനെ മുപ്പത് ദിവസം വരെ പൾസ് ഉണ്ടാകും. ഇതിനകം ബ്ലാക്ക് ബോക്സ് കണ്ടുപിടിക്കണം.

ബ്ലാക്ക് ബോക്സ് എന്ന് പറയുമെങ്കിലും ആ ഉപകരണത്തിന്റെ നിറം ഫ്ലൂറസന്റ് ഫ്ലെയിം ഓറഞ്ചാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളം റേഡിയോ, റഡാർ, ഇലക്ട്രോണിക്ക് നാവിഗേഷൻ എയിഡുകൾ എന്നിവയുമായി ബന്ധപ്പെട്ട് രഹസ്യ ഡിവൈസുകൾ കറുപ്പ് ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് വിമാനത്തിലെ വിവരങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന ഡിവൈസിന് ബ്ലാക്ക് ബോക്സ് എന്ന പേര് വന്നത്.

ബ്ലാക്ക് ബോക്സ് ഏത് തരം അപകടത്തെയും അതിജീവിക്കാൻ പോന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കടുത്ത താപം, പ്രഷർ, വീഴ്ച്ചയിലുണ്ടാകുന്ന ആഘാതം എന്നിവയെ ഈ ബ്ലാക്ക് ബോക്സ് അതിജീവിക്കുന്നു. ഒരു കോൺഗ്രീറ്റ് ചുമരിലേക്ക് 750 കിലോമീറ്റർ വേഗതയിൽ വന്ന് ഇടിച്ചാലും തകരില്ല എന്ന് പരിക്ഷിച്ച് ഉറപ്പിച്ച ശേഷമാണ് ബ്ലാക്ക് ബോക്സ് വിമാനങ്ങളിൽ ഘടിപ്പിക്കുന്നത്. 1,100 ഡിഗ്രി സെൽഷ്യസ് വരെ ചൂടിലും ഈ ഡിവൈസിന് കേടുപാടുകൾ സംഭവിക്കില്ല. വെള്ളത്തിൽ മുങ്ങിപ്പോയാലും ഇത് പ്രവർത്തനക്ഷമമായിരിക്കും. അപകടത്തിനു ശേഷം ആളുകളെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയും മറ്റുള്ളവരെ കണ്ടെടുത്തതിനും ശേഷം ബ്ലാക്ക് ബോക്സിനെ കണ്ടെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ്‌.

വിവരങ്ങൾക്ക് കടപ്പാട് – gizbot malayalam, wikipedia.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.