മനുഷ്യരാല്‍ വേട്ടയാടപ്പെട്ടത് കഴിഞ്ഞാല്‍ ലോകത്ത് വന്യമൃഗങ്ങളുടെ മരണത്തിന് കാരണമാകുന്നത് വാഹനാപകടങ്ങളാണ്. മനുഷ്യരുണ്ടാക്കുന്ന തടസങ്ങളെ മറിക്കടക്കാന്‍ മൃഗങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പാലങ്ങളും ഇടനാഴികളും നമ്മുടെ രാജ്യത്തെ ഒരു നിത്യ കാഴ്ചയല്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

1950 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ഈ രീതികള്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് വന്യ ജീവികളെ പരിരക്ഷിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ‘വൈല്‍ഡ് ലൈഫ് ക്രോസിംഗ്’ എന്നറിയപ്പെടുന്ന ഈ പാലങ്ങള്‍ പണിത് തുടങ്ങി. ഈ രീതി വിജയം കണ്ടതോടെ പല രാജ്യങ്ങളും വന്യജീവികളെ സംരക്ഷിച്ച് കൊണ്ടുള്ള ഇത്തരം പാതകള്‍ ഉയര്‍ന്നു.

1. ബനഫ് നാഷണല്‍ പാര്‍ക്ക്, കാനഡ : 44 ഫ്‌ലൈ ഓവറുകളുമായി ബനഫ് നാഷണല്‍ പാര്‍ക്കാണ് ലോകത്ത് തന്നെ ഈ കാര്യത്തില്‍ ഒന്നാമത്. കരടികളുമായി വാഹനങ്ങള്‍ കൂട്ടിമുട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ഈ ഫ്‌ലൈ ഓവറുകള്‍ കാനഡ നിര്‍മ്മിച്ചത്. മുകള്‍വശം പച്ചപ്പ് കൊണ്ട് പൊതിഞ്ഞ്. നില്‍ക്കുന്നതിനാല്‍ കൃത്രിമ നിര്‍മ്മിതിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് കരടികള്‍ക്കും തോന്നുകയില്ല.

2. സലമാണ്ടര്‍ തുരങ്കങ്ങള്‍, ന്യൂ ഇംഗ്ലണ്ട് : സലമാണ്ടര്‍ എന്ന ജീവികള്‍ക്ക് കടന്നു പോകുന്നതിനു വേണ്ടി ന്യൂ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന തുരങ്കങ്ങളാണിത്.

3. റോപ്പ് ബ്രിഡ്ജ്, വിക്ടോറിയ.

4. ബിര്‍കെനോവ്, ജര്‍മ്മനി : 34 പാലങ്ങളാണ് ജര്‍മ്മനി മൃഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്. കാനഡയേക്കാള്‍ ഒരു പടി കൂടി കടന്ന് മരങ്ങള്‍ വരെ പാലത്തിന് മുകളില്‍ ജര്‍മ്മനി നട്ട് വളര്‍ത്തി. ചെന്നായ്ക്കളും മാനുകളുമാണ് ജര്‍മ്മനിയില്‍ ഈ പാലം കൂടുതല്‍ ഉപയോഗിക്കുന്നത്.

5. ക്രാബാ ബ്രിഡ്ജ്, ക്രിസ്മസ് ഐലന്‍ഡ് : ഓസ്‌ട്രേലിയയില്‍ വര്‍ഷം മുഴുവന്‍ ആവശ്യക്കാരില്ലെങ്കിലും കുടിയേറ്റ സമയത്തെ തിരക്കിനെ നേരിടാനാണ് ഇവിടെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഞണ്ടുകളാണ് ഈ കുടിയേറ്റക്കാര്‍. നാല് വരി പാതക്ക് കുറുകെയാണ് ഞണ്ടുകള്‍ക്കായി ഈ പാലം.

6. സുമാ അക്വാലൈഫ്, ജപ്പാന്‍ : കരടിയും ചെന്നായയും ഒന്നും ഇല്ലാത്തതുകൊണ്ടാകാം ജപ്പാന്‍കാര്‍ പ്രത്യേക പാത നിര്‍മ്മിച്ചത് ആമകള്‍ക്ക് വേണ്ടിയാണ്. സുമാ അക്വാ ലൈഫ് ദേശീയ പാര്‍ക്കിലെ ആമകള്‍ക്ക് റെയില്‍വേ ട്രാക്ക് കടക്കുന്നതിനായി ഭൂമിക്കടിയിലൂടെയുള്ള പാതയാണ് അധികൃതര്‍ നിര്‍മ്മിച്ച് നല്‍കിയത്.

7. എകോഡക്റ്റ്‌സ്, വെലുവി, നെതര്‍ലാന്‍ഡ് : മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ഫ്‌ലൈ ഓവറുകളില്‍ ഏറ്റവും വലിപ്പം കൂടിയവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വെലുവിയിലാണ്. വന്യജീവി സങ്കേതത്തിന് അടിയിലൂടെയുള്ള എട്ട് വരിപാത മൃഗങ്ങള്‍ക്ക് മറികടക്കുന്നതിനായാണ് ഈ പാതകള്‍.

8. ബീ ഹൈവേ, ഓസ്ലോ, നോർവേ.

9. ഫിന്‍ലാന്‍ഡിലെ തുരങ്കം : വാഹനങ്ങള്‍ നിറഞ്ഞ ഹൈവേയുടെ അടിയിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി നിര്‍മ്മിച്ച തുരങ്കമാണിത്. പല രാജ്യങ്ങളിലായി ഇത്തരം പാലങ്ങള്‍ പണിയാനായി വലിയതോതിലുള്ള ചിലവ് വേണ്ടിവരില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന നാശം പരിഗണിക്കുമ്പോള്‍ ഇത് അധികമല്ല.

10. ആനകള്‍ക്ക് വേണ്ടിയുള്ള അണ്ടര്‍പാസ്, കെനിയ.

11. മൊണ്ടാനാ, അമേരിക്ക : കരടികള്‍ക്കും, ചെന്നായ്ക്കള്‍ക്കും, മാനുകള്‍ക്കുമെല്ലാമായി 24 പാലങ്ങളാണ് മൊണ്ടാനയില്‍ നിര്‍മ്മിച്ചത്.

12. കന്നുകാലികള്‍ക്ക് വേണ്ടി അണ്ടർപാസ്, വിക്ടോറിയ.

13. ലോംഗ് വ്യൂ, വാഷിങ്ടണ്‍ : വാഷിങ്ടണില്‍ ആകാശപ്പാതകളാണ്. അതും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക്. അണ്ണാന്‍മാരെ വാഹനങ്ങളില്‍ നിന്ന് രക്ഷിക്കാനായാണ് ഈ പാലങ്ങള്‍.

14. ബ്യൂ പെന്‍ഗ്വിന്‍ അണ്ടര്‍പാസ്, ന്യൂസിലാന്‍ഡ്‌.

മേൽപ്പറഞ്ഞ രീതിയിലുള്ള ‘വൈല്‍ഡ് ലൈഫ് ക്രോസിംഗ്’ പാലങ്ങൾ നമ്മുടെ നാട്ടിലും പരീക്ഷിച്ചുകൂടെ? വയനാട് – മുത്തങ്ങ – ബന്ദിപ്പൂർ പാത എന്നെന്നേക്കുമായി അടക്കുവാൻ മുറവിളികൂട്ടുന്ന ഈ സമയത്ത് ഇത്തരം കാര്യങ്ങൾ അധികാരികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം മനുഷ്യനും സഞ്ചരിക്കണം, അതുപോലെതന്നെ മൃഗങ്ങൾക്കും സഞ്ചരിക്കണം.

കടപ്പാട് – southlive.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.