മാസങ്ങൾക്ക് മുൻപ് വരെ നമ്മളെല്ലാം വളരെ സന്തോഷത്തോടെ ജീവിതം നയിക്കുകയായിരുന്നു. ജോലി, കുടുംബം, പഠനം, യാത്രകൾ അങ്ങനെയങ്ങനെ… എന്നാൽ കൊറോണയെന്ന മഹാമാരി ഒരു വില്ലനായി കടന്നു വന്നതോടെ എല്ലാം തകിടം മറിയുകയാണുണ്ടായത്. ചിലർക്ക് ജോലി നഷ്ടപ്പെട്ടു, മറ്റു ചിലർക്ക് ശമ്പളം നേർപകുതിയായി, ജീവിക്കാൻ ബുദ്ധിമുട്ടായി എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ.
ഉയർന്ന തലത്തിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട ചിലർ ജീവിത വരുമാനത്തിന് വേറെ വഴിയൊന്നും കാണാതെ കിട്ടുന്ന ജോലികൾ വരെ ചെയ്യാൻ തുടങ്ങി. പണ്ടത്തെപ്പോലെ സമൂഹത്തിലെ സ്റ്റാറ്റസ് നോക്കാതെ വരുമാനം ലഭിക്കുന്നതെന്തും ചെയ്യാമെന്ന അവസ്ഥയിലായി. ഇത്തരത്തിൽ ധാരാളം ഉദാഹരണങ്ങൾ നമ്മുടെ സമൂഹത്തിൽ കാണാവുന്നതാണ്. എന്നാൽ ഏറെ ഞെട്ടിച്ച ഒരു സംഭവം അങ്ങ് ബ്രിട്ടനിൽ നിന്നും വന്ന ഒരു വാർത്തയാണ്.
ലോകത്ത് ഏറ്റവും നല്ല ശമ്പളം ലഭിക്കുന്ന മികച്ച പ്രൊഫഷണൽ ജോലികളിൽ ഒന്നാണ് പൈലറ്റ്. കൊറോണ ലോകമെമ്പാടും പിടിമുറുക്കിയതോടെ വലിയ എയർലൈനുകൾ അടക്കം തങ്ങളുടെ സർവ്വീസുകൾ നിർത്തി വെക്കുകയും വിമാനങ്ങൾ ഗ്രൗണ്ടിൽ പിടിച്ചിടുകയും ചെയ്തതോടെ പൈലറ്റുമാർ അടക്കമുള്ള നല്ലൊരു ശതമാനം ജീവനക്കാർക്ക് നിലവിലെ ജോലി ഇല്ലാതാകുന്ന അവസ്ഥയായി. ചിലർ പിരിച്ചു വിടപ്പെട്ടു, ചിലർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വന്നു.
ഇത്തരത്തിൽ കോക്ക്പിറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന ഒരു പൈലറ്റാണ് പീറ്റർ ലോഗിൻ. ബ്രിട്ടീഷ് എയര്വേയ്സിൽ പൈലറ്റ് (ഫസ്റ്റ് ഓഫീസർ) ആയി ജോലി ചെയ്യുകയായിരുന്നു പീറ്റർ. മികച്ച ശമ്പളം, ആനുകൂല്യങ്ങൾ, ആകാശത്തെ ഓഫീസ് തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ജീവിതം. കൊറോണ വന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. ഇന്ന് മാറും, നാളെ മാറും എന്നു കരുതി കാത്തിരുന്നിട്ടും രക്ഷയില്ലാതായതോടെ തൽക്കാലത്തേക്ക് പിടിച്ചു നിൽക്കാൻ മറ്റെന്തെങ്കിലും ജോലി ചെയ്യണം എന്ന അവസ്ഥയായി.
പൈലറ്റ് എന്ന പദവിയും കെട്ടിപ്പിടിച്ചുകൊണ്ട് ഇരിക്കാൻ പീറ്ററിന് കഴിഞ്ഞില്ല. അദ്ദേഹം ടെസ്‌കോ എന്ന കമ്പനിയുടെ ഡെലിവറി വാൻ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. വരുമാനത്തിനായി വേറെ മാർഗ്ഗമില്ലാതായതോടെ ഒരു ഡെലിവറി വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഈ പൈലറ്റ്.
വിമാനത്തിന്റെ കോക്ക്പിറ്റ് പോലെത്തന്നെയാണ് താൻ വാനിൻ്റെ കാബിനെയും കാണുന്നത് എന്നാണു പീറ്റർ പറയുന്നത്. തൻ്റെ ജീവിതത്തിൽ വന്ന മാറ്റം ഉൾക്കൊള്ളുവാൻ ഇപ്പോൾ അദ്ദേഹത്തിന് കഴിഞ്ഞു. വിമാനത്തോടൊപ്പവും, വാനിനൊപ്പവുമുള്ള ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നതും, ഇത് വാർത്തയാകുന്നതും.
മാസങ്ങൾക്ക് മുൻപുവരെ ഉയർന്ന പദവിയിലിരുന്ന ധാരാളമാളുകൾ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിട്ടിയ ജോലികൾ എന്തും ചെയ്തു ജീവിക്കുന്നുണ്ട്. മനുഷ്യന് എന്തിലും വലുത് ജീവിതം ആണെന്ന കാര്യം കാര്യമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. എല്ലാം പെട്ടെന്നു മാറി, പഴയപോലെ ആകട്ടെ എന്ന് ആശംസിക്കാം.