ഈ ലേഖനം തയ്യാറാക്കിയത് – സുരേഷ് മഠത്തിൽ വളപ്പിൽ.
ഇത് വെറുമൊരു വിനോദസഞ്ചാരത്തിന്റെ കഥയല്ല. മറിച്ചു കഴിഞ്ഞ തലമുറയിലെ ചില അതിസാഹസികർ നടത്തിയ ഒരു പര്യവേക്ഷണത്തിന്റെ കഥയാണ്. ഒരു അന്വേഷകൻ എന്നതിലപ്പുറം എനിക്കീ സഞ്ചാരത്തിൽ ഒരു പങ്കുമില്ല. എങ്കിലും ഒരു എളിയ സഞ്ചാരി എന്നനിലയിൽ ഇക്കഥ പുതുതലമുറക്കായി സമർപ്പിക്കുന്നു.
28 വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു പത്രവാർത്ത. അതിനെ തിരഞ്ഞുള്ള ഒരു രസകരമായ യാത്രയാണിത് .ഇതിൽ ചില പിശകുകൾ കണ്ടേക്കാം എന്നിരുന്നാലും ഇതൊരു സത്യമാണ് . മറ്റൊന്നുമല്ല , പാലക്കാട് ജില്ലയിൽ ഒരു വിമാനം തകർന്നു വീണിട്ടുണ്ട് , ഇന്നോ ഇന്നലെയോ അല്ല . സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് .
ഇത് സംബന്ധിച്ചു കോയമ്പത്തൂർ ജില്ലാ കളക്ടറുടെ രേഖകളിൽ ഇങ്ങനെയാണത്രെ . അതായത് സുലൂർ വ്യോമസേനാ താവളത്തിൽ നിന്നും കൊച്ചി നേവൽ ബേസിലേക്ക് പറന്ന ബ്രിട്ടീഷ് വ്യോമസേനയുടെ ഒരു വിമാനം കാണാതായി. രണ്ടാം ലോക മഹാ യുദ്ധം അവസാന കാലഘട്ടത്തിൽ എത്തിയ സമയമാണ് എന്നാണു അറിവ് . ഏറെ തിരച്ചിലുകൾക്കു ഒടുവിലും വിമാനം വീണ്ടു കിട്ടിയില്ല. അതിലെ വൈമാനികരായിരുന്ന രണ്ടു ബ്രിട്ടീഷ് പൗരന്മാരെക്കുറിച്ചും വിവരം ലഭിച്ചില്ല , കഥയിലെ ട്വിസ്റ്റ് ഇനിയാണ് .
1952 ലോ 1953 ലോ ശിരുവാണി കാട്ടിലെ ആദിവാസികൾ മണ്ണാർക്കാട് ടൗണിൽ എത്തുന്നു . കയ്യിലുള്ള ലോഹ ഷീറ്റുകൾ പാട്ടയും തകരവും വിൽക്കുന്ന കടയിൽ വിറ്റു കാശാക്കണം. വിൽക്കാൻ കൊണ്ടുവന്ന ലോഹത്തകിടുകളിൽ റോയൽ എയർ ഫോഴ്സ് മുദ്ര കണ്ട കടക്കാരന്റെ ഇതെവിടെന്നു കിട്ടി എന്ന ചോദ്യത്തിന് റോഡിനരികിൽ പാർക്ക് ചെയ്ത ബസ്സിനെ ചൂണ്ടി അവർ പറയുന്നു ” ഇതുപോലൊന്ന് കാട്ടിൽ തകർന്നു കിടക്കുന്നുണ്ടെന്ന്.” വിവരം പോലീസ് അറിയുന്നു … കളക്ടർ അറിയുന്നു … കളക്ടറുടെ നേതൃത്വത്തിൽ ആദിവാസി മൂപ്പനെ വഴികാട്ടിയാക്കി പോലീസ് കാട് കയറുന്നു .
എട്ടോ പത്തോ മണിക്കൂർ നീണ്ട മലകയറ്റത്തിനൊടുവിൽ അവർ വിമാനം കണ്ടെത്തുന്നു. ഒപ്പം ഹത ഭാഗ്യരായ ആ വെള്ളക്കാരുടെ അസ്ഥിപഞ്ജരങ്ങളും . ഓരോ മരക്കുരിശും നാട്ടി ആ അവശിഷ്ടങ്ങൾ മറവു ചെയ്ത ശേഷം അവർ കാടിറങ്ങുന്നു . ശിരുവാണി കാട്ടിൽ ഡാമിന്റെ റിസർവോയറിനു അപ്പുറം മുത്തിക്കുളം മലമുകളിൽ ഇന്നുമുണ്ട് ആ അവശിഷ്ടങ്ങൾ … പൊതുജനത്തിന് പ്രവേശനം നിഷിദ്ധമാണ് .
അബ്ദുള്ളക്കുട്ടി എന്ന സാഹസികൻ കഥയിലേക്ക് പ്രവേശിക്കുന്നത് ഇനിയാണ് ,1983 ഇൽ, അതായത് വിമാനം തകർന്നു വീണു ഉദ്ദേശം 37 വർഷങ്ങൾക്കു ശേഷം. കേട്ടറിഞ്ഞ കഥകളുമായി അബ്ദുള്ളക്കുട്ടിയും സംഘവും കാടുകയറി. മുൻപ് കളക്ടർക്ക് വഴികാട്ടിയായ മൂപ്പന്റെ മകൻ മരുതനെ ആണ് അവർ വഴികാട്ടിയാക്കിയത് .
ഏറെ പണിപ്പെട്ടു നടത്തിയ ശ്രമത്തിനൊടുവിൽ അവർ വിമാനം കണ്ടെത്തി. ഉദ്ദേശം 37 വർഷങ്ങൾക്കിപ്പുറം ആ വിമാനത്തിന്റെ ഡൺലപ് ടയറുകൾ അന്നും കേടുകൂടാതെ ഇരുന്നിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. ആ സാഹസിക യാത്രയുടെ സ്മാരകമായി വിമാനത്തിന്റെ ചെറിയൊരു ഭാഗം എടുത്താണ് അദ്ദേഹം തിരിച്ചിറങ്ങിയത്.
ഇന്റർനെറ്റിൽ തിരഞ്ഞും, ചില ഫോൺ വിളികളിലൂടെയും ആണ് ശ്രീ അബ്ദുള്ളക്കുട്ടിയെ ലഭിച്ചത്. അതുവഴി അദ്ദേഹവും സംഘവും എടുത്ത വിലപ്പെട്ട ചില ഫോട്ടോകളും ലഭിച്ചു. അബ്ദുള്ളക്കുട്ടിക്കൊപ്പം അദ്ദേഹത്തിൻറെ സംഘത്തിലെ ഓരോരുത്തരും പ്രത്യേകം നന്ദി അർഹിക്കുന്നു .
ശിഷ്ടം : 1- വൈമാനികരുടെ ഭൗതികാവശിഷ്ടങ്ങൾ ബ്രിട്ടീഷ് എംബസി വഴി ലണ്ടനിലേക്ക് കൊണ്ടുപോയതായി അറിയാൻ കഴിഞ്ഞു. 2-മരുതൻ: – ഏതാനും വര്ഷം മുൻപ് കാട്ടാന ചവിട്ടി കൊന്നു .