സ്വകാര്യ ബസ് സർവ്വീസുകൾ തുടങ്ങിയ അന്നു മുതലേയുള്ള പ്രശ്നമാണ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ. കെഎസ്ആർടിസിയിൽ പ്രത്യേകം കൺസെഷൻ കാർഡുകൾ ഉള്ളവർക്ക് മാത്രമേ ചാർജ്ജിൽ ഇളവ് ലഭിക്കുകയുള്ളൂ എന്നതിനാൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറുമില്ല. എന്നാൽ കാർഡ് ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുക്കുവാൻ പൊതുവെ മടിയുള്ളവരാണ് നമ്മുടെ നാട്ടിലെ ചില ബസ്സുകാർ.

ബസ് സ്റ്റാൻഡുകളിൽ മറ്റു യാത്രക്കാർ കയറി സീറ്റ് നിറയുന്നതുവരെ ബസ്സിനു പുറത്ത് കാത്തു നിൽക്കുന്ന വിദ്യാർഥീ-വിദ്യാർത്ഥിനിമാർ ഒരിടയ്ക്ക് എല്ലായിടത്തെയും സ്ഥിരം കാഴ്‌ചയായിരുന്നു. എന്നാൽ പിന്നീട് ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയുടെ ഉയർന്നതലത്തിലുള്ള ഇടപെടലുകൾ വന്നതോടെ ഈ കാഴ്ചകൾക്ക് ഒരു പരിധിവരെ കുറവുണ്ട്. എന്നാൽ ഇന്നും ചില ബസ് സ്റ്റാൻഡുകളിൽ ഈ കലാപരിപാടി അരങ്ങേറുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ നെന്മാറ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ കണ്ടത്. ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശിയായ വിനോദ് ചന്ദ്രശേഖരൻ എന്ന യാത്രക്കാരനാണ് ഈ കാര്യം കാണിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ഇട്ടത്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“പ്രിയ സുഹൃത്തുക്കളെ ഞാൻ ഇന്ന് ( 22.O3.2019) ജോലിയുടെ അവശ്യത്തിന് പാലക്കാട് ജില്ലയിലെ നെന്മാറയിൽ പോകകയുണ്ടായി.അവിടുത്തെ ബസ്സ് സ്റ്റാന്റിൽ ഉച്ചയ്ക്ക് 12.55 ന് ഞാൻ കണ്ട കാഴ്ചയാണ് ഈ ചിത്രം. ഇത്രയും ചൂടുള്ള ഈ കാലവസ്ഥയിൽ മറ്റുള്ള ആൾക്കാരെ കയറ്റിയിട്ടും ഇത്രയും സ്കൂൾ കുട്ടികളെ പുറത്ത് നിർത്തി ബസ് വിടുന്നതിന് 5 മിനിറ്റ് മുൻപാണ് ഈ കുട്ടികളെ ബസിൽ കയറ്റിയത്. എനിക്ക് അവിടുത്തെ മോട്ടോർ വെഹിക്കിളിന്റെ (MVD) നമ്പർ ഒന്നും അറിയില്ല. പിന്നെ ഞാൻ ഒറ്റയ്ക്ക് എതിർക്കാൻ പറ്റുന്ന സ്ഥലമല്ല ബസ് സ്റ്റാന്റ് ആണ് മോട്ടർ വാഹന വകുപ്പിലെ അധികാരികളിൽ ഈ ചിത്രം എത്തുന്നതു വരെ നിങ്ങൾ ഷെയർ ചെയ്യണം. ഈ ബസുകാർക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കാൻ സഹായിക്കണം. ഇനി മറ്റൊരു ബസ്സും ഇങ്ങനെ ചെയ്യാതിരിക്കട്ടെ.”

കേരളമൊട്ടാകെ കൊടുംചൂടിൽ വലയുന്നതിനിടെയാണ് (പ്രത്യേകിച്ച് ചൂടിനു പേരുകേട്ട പാലക്കാട്) ഈ പാവം കുരുന്നുകളെ ബസിൽ കയറുവാൻ അനുവദിക്കാതെ ജീവനക്കാർ പൊരിവെയിലത്ത് നിർത്തിയത്. ചിത്രത്തിൽ ബസ്സിൽ ചില യാത്രക്കാർ ഇരിക്കുന്നതും കാണാം. അവരിൽ ആരെങ്കിലും ഇതിനെതിരെ ഒന്നു പ്രതിഷേധിച്ചിരുന്നെങ്കിൽ ആ കുട്ടികൾക്ക് ഇങ്ങനെ വാടിത്തളർന്നു നിൽക്കേണ്ടി വരുമായിരുന്നില്ല.സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുറമേ കോളേജ് വിദ്യാർത്ഥികളും പൊരിവെയിലത്ത് ബസ് ജീവനക്കാരുടെ അനുവാദം ലഭിക്കുന്നതിനായി മിക്കയിടങ്ങളിലും ഇതുപോലെ കാത്തുനിൽക്കേണ്ടി വരാറുണ്ട്.

എന്തുകൊണ്ടാണ് ഇവർക്ക് വിദ്യാർത്ഥികളോട് ഇത്ര വിവേചനം? ഒരുകാലത്ത് ഇവരും ഇതുപോലെ ബസ്സിലും ബോട്ടിലുമൊക്കെ കയറി സ്‌കൂളിൽ പോയിരുന്നതല്ലേ? അന്നൊക്കെ ഇതുപോലെ പല കണ്ടക്ടർമാരുടെയും ഡോർ ചെക്കർമാരുടെയും അവഹേളനവും വഴക്കു പറച്ചിലുകളും ഒക്കെ ഇവരും സഹിച്ചിട്ടുണ്ടാകില്ലേ? കളക്ഷൻ കുറയുന്നതു കാരണം മുതലാളിയുടെ നിർദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്ന ന്യായം. മുതലാളിയുടെ മക്കൾ ആണെങ്കിൽ ഇവർ ഇതുപോലെ തന്നെയായിരിക്കുമോ പെരുമാറുന്നത്? കുറേയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്നുമിന്നും വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള അകൽച്ചയ്ക്ക് അധികം കുറവുകളൊന്നും വന്നിട്ടില്ല.

ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് അന്യായമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് ഈ സംഭവം ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിൽ വണ്ടിയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും റൂട്ടും ഒക്കെ ചൂണ്ടിക്കാട്ടിച്ചുകൊണ്ട് നേരിട്ടു വിളിച്ച് അറിയിക്കാവുന്നതാണ്. സ്‌കൂൾ കുട്ടികൾക്കും ഈ നമ്പറിൽ വിളിച്ചു പരാതിപ്പെടാവുന്നതുമാണ്. ഉറപ്പായും അവർ വേണ്ട നടപടിയെടുക്കും എന്നുറപ്പ്. വിളിക്കേണ്ട നമ്പർ – 0471-2326603. ഒരു കാര്യംകൂടി പറയട്ടെ, ബസ്സുകാരോടുള്ള മറ്റു വൈരാഗ്യം തീർക്കുവാനായി ഈ സൗകര്യം നിങ്ങൾ ദുർവിനിയോഗിക്കരുത്. ഇനിയുള്ള കാലത്ത് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കുറവുകൾ ഉണ്ടാകുമെന്നു തന്നെ വിശ്വസിക്കാം. ഈ വിശ്വാസം യാഥാർഥ്യമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.