സാധാരണ ബസ് സേവനത്തേക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള ബസ് സേവനമാണ് അതിവേഗ ബസ് ഗതഗതം (ബി.ആർ.ടി) (ഇംഗ്ലീഷ്:Bus Rapid Transit) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം റെയിൽ ഗതാഗതത്തിന്റെ ഒപ്പം എത്തുന്ന വേഗതയിൽ എത്തിച്ചേരാനുള്ള സംവിധാനം ബസ് വഴി ഒരുക്കുകയും, അതോടൊപ്പം ചെലവ് കുറക്കുകയും ചെയ്യുക എന്നതാണ്. സാധാരണയായി ഗതാഗതത്തിന്റെ വേഗത കൂട്ടാൻ ഇവയ്ക്ക് പ്രത്യേകം റോഡ് നിർമ്മിക്കുകയാണ് പതിവ്. പ്രധാനമായും അമേരിക്കൻ രാജ്യങ്ങളിലും, ചൈനയിലും, ഇന്ത്യയിലും ഈ സേവനം നമുക്ക് കാണാം.
ലോകത്തിൽ ആദ്യ അതിവേഗ ബസ് ഗതാഗതം തുടങ്ങിയതു 1974 ലിൽ ബ്രസീലിലാണ്. ജയിം ലർണർ എന്ന അന്നത്തെ മേയറാണ് ഈ സംവിധാനത്തിനു രൂപകല്പന ചെയ്തത്. ഏകദേശം മുപ്പതു ദശാബ്ദങ്ങൾക്കിപ്പുറം ഇന്നു ഈ സംവിധാനം ലോകമെമ്പാടും ഏതാണ്ട് 150 നഗരങ്ങളിലെ ജനങ്ങളെ സേവിക്കുന്നു.
ഗതാഗത കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇവയ്ക്ക് പ്രതേകം ഒരു വരിയോ ഒന്നിൽ കൂടുതൽ വരികളോ നൽകുകയാണ് പതിവ്. എന്നാൽ ചിലയിടങ്ങളിൽ റോഡിന്റെ ഒരറ്റം ഈ ബസ്സുകൾക്ക് വേണ്ടി മാറ്റിവച്ചിരിക്കും. അവ സമതലത്തിലോ ഉയർത്തിയോ , താഴ്ത്തിയോ, തുരങ്കത്തിലൂടെയോ ആവാം. യാത്രാ താമസം ഒഴിവാക്കാൻ ഇതു സഹായകാരമാവും.
റയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ നല്ക്കുന്നതുപോലെ യാത്രകാർക്ക് ബസ്സിൽ എളുപ്പം കയറാൻ സൗകര്യാർത്ഥം ചെറുസ്റ്റേഷനുകളായി ഉയർത്തി കെട്ടിയിരിക്കും. അത്യാധുനിക സംവിധാനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ സേവനദാതാക്കൾ ശ്രമിക്കുന്നു.
നിലവിലുള്ള ജനസംഖ്യയെ മുൻനിർത്തി ബസ്സുകളുടെ എണ്ണം ക്രമീകരിച്ചിരിക്കും. ബസ്സിനായി ജനങ്ങളുടെ കാത്തിരുപ്പ് പരമാവധി കുറയ്ക്കുക എന്നതും ഈ സേവനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. പരമാവധി ജനങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് ഇവയുടെ കാര്യക്ഷമത കൂട്ടുകയും ചെലവു ചുരുക്കുകയും ചെയും.
ഇന്ത്യയിൽ നിലവിലുള്ളവ : 1. അഹമ്മദാബാദ്: ജൻമാർഗ് (ജനങ്ങളുടെ വഴി) എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വികസിതമായതും നിലവാരമുള്ളതുമായ അതിവേഗ ബസ് ഗതാഗതം. നിരവധി ബഹുമതികൾ ഏട്ടുവാങ്ങിയ ഈ സേവനം ഏകദേശം 70 കി മി യോളം പരന്നു കിടക്കുന്നു.10 ലൈനുകളും, 100 സ്റ്റേഷനുകളുമുള്ള ഈ സേവനം ഇപ്പോളും വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
2. പൂണെ: ഇന്ത്യയിലെ രണ്ടാമത്തെ അതിവേഗ ബസ് ഗതാഗതമാണ്. വോൾവോ ബസ്സുകളാണ് ഇവയുടെ പ്രതേകത. 3. ഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബസ് ഗതാഗതമാണ്. 4. ഇൻഡോർ: ഇൻഡോർ സിറ്റി ബസ്സ് എന്ന് അറിയപെടുന്നു. 5. ജയ്‌പൂർ: അശോക് ലൈലാന്റ് ബസ്സുകൾ ഉപയോഗിക്കുന്നു. 6. രാജ്‌കോട്: നിലവിൽ ഒരു ലൈൻ മാത്രമാണു പ്രവർത്തിക്കുന്നത്. 7. ബെംഗളൂരു: 14 പാതകളാണുള്ളത്.
കേരളത്തിലും ‘ബസ് റാപ്പിഡ് ട്രാൻസിസ്റ്റ്’ മോഡൽ വരുന്നുണ്ട്. കൊച്ചിയിൽ ഇതു നടപ്പാക്കാനൊരുങ്ങുകയാണു സർക്കാർ. എരമല്ലൂരിൽനിന്നു കൊടുങ്ങല്ലൂരിലേക്കു ബസുകൾക്കു മാത്രമായി ഇടനാഴി. പൊതു ഗതാഗത സംവിധാനം ആകെ മാറ്റിമറിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോയ്ക്കു പിന്നാലെ കൊച്ചിയിൽ തന്നെയാണു ബസ് റാപ്പിഡ് ട്രാൻസിറ്റ് നിർമിക്കുന്നത്.
ബിആർടിഎസ് ബസുകൾക്കു മാത്രമാണ് ഇടനാഴിയിലേക്കു പ്രവേശനം. ദേശീയപാതയെയും ബിആർടിഎസ് ഇടനാഴിയെയും ബാരിക്കേഡ് വച്ച് തിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസുകൾ, ഫയർ എൻജിനുകൾ, വിവിഐപി വാഹനങ്ങൾ എന്നിവയ്ക്കും കടക്കാം. ബസ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഉണ്ടാവും. ബസുകൾക്ക് ഇരുവശത്തും വാതിൽ. സ്റ്റേഷനിൽനിന്ന് ഒരുവശത്തെ വാതിലിലൂടെ മാത്രമേ ബസിന് അകത്തു കയറാനാവൂ. ബസുകൾക്കു മാത്രമുള്ള പാതയായതിനാലും വേറെ തടസ്സമില്ലാത്തതിനാലും എത്ര വേഗത്തിൽ വേണമെങ്കിലും ബസ് ഓടിക്കാം. തിരക്കുള്ള സമയത്തു രണ്ടോ മൂന്നോ മിനിറ്റ് ഇടവേളയിലും ബസ് ഓടിക്കാം. ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് എന്ന രീതിയിലും വ്യത്യസ്ത നിരക്കിൽ ബസ് ഓടിക്കാം.
എരമല്ലൂർ– കൊടുങ്ങല്ലൂർ ഇടനാഴിയിൽ 15 മുതൽ 25 വരെ സ്റ്റേഷനുകൾ. തിരക്കുള്ള സ്റ്റോപ്പുകളിൽ ബസ് സ്റ്റേഷനിലേക്ക് എലവേറ്റഡ് ഫുട്പാത്ത്. അല്ലാത്തിടങ്ങളിൽ ദേശീയപാത കുറുകെ കടക്കണം. കൊച്ചി ബിആർടിഎസ് : ആകെ ദൂരം –51.6 കിലോമീറ്റർ, ചെലവ് – 746 കോടി, യാത്രാ നിരക്ക് – 65 രൂപ, സമയം – 56–77 മിനിറ്റ്, ബസുകൾ – 102. സ്റ്റോപ്പുകൾ : കൊടുങ്ങല്ലൂർ, ചേരമാൻപള്ളി, മൂത്തകുന്നം, പറവൂർ, കൊച്ചാൽ, തിരുമുപ്പം, വരാപ്പുഴ, മഞ്ഞുമ്മൽ, അമൃത, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, അരൂർ, എരമല്ലൂർ.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.