ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്‍റെ മെയിന്‍ ഗെയിറ്റിന് മുമ്പിലെ അവസഥയാണ് വിവരിക്കുന്നത്.ഒരു ഹോം ഗാര്‍ഡിന്‍റെ സേവനമാണ് ഇവിടെയുളളത്. നല്ല തിരക്കുളള ഭാഗം. ആശുപത്രിയിലേക്കുളള ആംബുലന്‍സുകള്‍ ചീറിപാഞ്ഞു വന്ന് ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് പ്രവേശിക്കുന്നതും ഇതുവഴി തന്നെയാണ്. വൈകിട്ട് 4 മണി മുതല്‍ 6 വരെ തെക്ക് ഭാഗത്തേക്കുളള കെ.എസ്സ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്സുകള്‍ സീബ്രാ ക്രോസ്സിംഗ് ഭാഗത്താണ് പലപ്പോഴും നിര്‍ത്തുന്നത്. പല ബസ്സുകളും റോഡില്‍ നിന്നും ബസ്സ് ബേയുടെ ഭാഗത്തേക്ക് ഇറക്കി നിര്‍ത്താറുമില്ല.പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രണ്ടു പ്രധാന സ്റ്റോപ്പുകളിലും സ്ഥാപിച്ചിരിക്കുന്ന ബസ്സ് സ്റ്റോപ്പ് ബോര്‍ഡുകളും ഇപ്രകാരം സംഭവിക്കുവാന്‍ കാരണമാകുന്നത്.

പടിഞ്ഞാറ് വശത്ത് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന സ്റ്റോപ്പില്‍ പലപ്പോഴും പ്രൈവറ്റ് ബസുകൾ, ബസ് ബേയുടെ തുടക്കത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനാലും, ഈ ബസ്സുകളുടെ മുമ്പില്‍ മറ്റു ബസ്സുകള്‍ ഉളളതിനാലും ആംബുലന്‍സ് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി ബസ്സ് കൊണ്ട് ഇടുകയും, ബ്ളോക്കാകുയും ചെയ്യാറുണ്ട്. ഇപ്രകാരം ചെയ്യുമ്പോള്‍ ആംബുലന്‍സിന്‍റെ പാതയില്‍ തടസ്സം സൃഷ്ടിക്കുകയും ആ താമസം ഒരു ജീവന്‍ വരെ നഷ്ടപ്പെടുവാനും സാധ്യതയുണ്ട്‌. വിശാലമായ ബസ്സ് ബേകള്‍ ഇരുവശങ്ങളിലും ഉണ്ടായിട്ടുപോലും ബസ്സ് സ്റ്റോപ്പുകളുടെ ബോര്‍ഡ് മാറ്റി സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് നിസംശയം പറയാം.

ഇന്ന് കിഴക്ക് വശത്തെ സ്റ്റോപ്പില്‍ ഇപ്രകാരം സീബ്രാലൈനില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്സ്‌.ആര്‍.ടി.സി , പ്രൈവറ്റ് ബസ്സുകള്‍ അവിടെ നിന്നും മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ ഹോം ഗാര്‍ഡിന്‍റെ സഹായത്താല്‍ ആവശ്യപ്പെടുകയും, ഈ സ്ഥലങ്ങളില്‍ കൂടി നിന്നിരുന്ന യാത്രികരെ അവിടെ നിന്നും ബസ്സ് ബേയിലേക്ക് മാറ്റി നിര്‍ത്തി ബസ്സുകളും മാറ്റി നിര്‍ത്തുനുമുളള സംവിധാനമൊരുക്കി. കെ.എസ്സ്.ആര്‍.ടിസി ജീവനക്കാര്‍ പൂര്‍ണ്ണമായി സഹകരിച്ചു എന്ന് അവിടെ സഹായത്തിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ,കാരുണ്യപ്രവര്‍ത്തകനുമായ കോയാ സര്‍ അഭിപ്രായപ്പെട്ടു. സേവ് കെ.എസ്സ്.ആര്‍.ടി. ക്യാംപെയ്ന്‍റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയവും പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജ്ജം നല്‍കി.

ഓര്‍ഡിനറി,ഫാസ്റ്റ്,സൂപ്പര്‍ ഫാസ്റ്റ്,വോള്‍വോ,ഇലക്ട്രിക് ബസ്സുകളില്‍ ആവശ്യമായവ തെരെഞ്ഞെടുത്ത് യാത്ര ചെയ്യുവാന്‍ യാത്രികര്‍ക്ക് ഈ പ്രവര്‍ത്തിയിലൂടെ സഹായകരമായി. ഹോം ഗാര്‍ഡിന് കൃത്യമായി ട്രാഫിക്ക് നിയന്ത്രിക്കുവാനും ഇത് സഹായകരമായി. തുടര്‍ന്നുളള തിരക്കുളള ദിനങ്ങളില്‍ 4 മുതല്‍ 6 വരെ ഈ സേവനം തുടരുവാനാണ് തീരുമാനം. സമാന മനസ്സുളളവരെ ഈ ഉദ്യമത്തിലേക്ക് ക്ഷണിക്കുന്നു. (9846475874).

രോഗികളായ അമ്മമാര്‍,വൃദ്ധര്‍,അസുഖബാധിതരായ നില്‍ക്കാന്‍ കഴിവില്ലാത്തവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ ധാരാളം പേര്‍ ഈ സമയത്ത് ബസ്സ് കാത്തു നില്‍ക്കുവാനും, വിവിധ ഇടങ്ങളിലേക്ക് യാത്ര പോകുവാനും ഈ പ്രധാന ഇടങ്ങളില്‍ എത്താം. അവര്‍ക്കാവശ്യമായ കസേരകള്‍, കുടിവെളളം, ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകുന്ന വൃദ്ധരായവരെ സാധന സാമഗ്രികളുമായി കയറുമ്പോള്‍ അവരെ സഹായിക്കുക. അതോടൊപ്പം കണ്ടകടറോട് അവര്‍ ഇറങ്ങുന്ന ഇടം ഓര്‍മ്മപ്പെടുത്തി സഹായിക്കണമേ എന്നൊരു അഭ്യര്‍ത്ഥനയും കൂടി ഈ സേവനം ചെയ്യുന്നവരിലുണ്ടാകണം എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.

വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെയും, കാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സഹകരണത്തോടെ കൂടുതല്‍ സേവനങ്ങള്‍ ഈ രണ്ടിടങ്ങലും ഒരുക്കാന്‍ കഴിയും. നമ്മളുടെ ജീവിതത്തിലെ കുറച്ച് സമയം മാത്രം ഇതിനായി നമുക്ക് മാറ്റിവെയ്ക്കാം. ജീവിതത്തില്‍ നമുക്ക് ബാക്കിയുളളത് ഇത്തരം കാര്യങ്ങള്‍ മാത്രമായിരിക്കും. ഇത് ഒരു ഉദാഹരണം മാത്രമാണ്. ആലപ്പുഴ ടൗണ്‍ വരെ പ്രധാന ഇടങ്ങളിലെ ട്രാഫിക്ക് ബ്ളോക്കിന് കാരണമായ അശാസ്ത്രീയമായ ബോര്‍ഡുകള്‍ റോഡ് ബ്ളോക്ക് ഉണ്ടാകാത്ത രീതിയില്‍ മാറ്റി സ്ഥാപിക്കുക.

കടപ്പാട് – ഷെഫീഖ് ഇബ്രാഹിം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.