എഴുത്ത് – പ്രകാശ് നായർ മേലില.

കേവലം 2 ലക്ഷം രൂപയിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 26000 കോടിയുടെ ആസ്തിയിലെത്തി നിൽക്കുന്നു. ബൈജുവിന്റെ ഈ ഐഡിയ വിദേശികൾക്കും ഇഷ്ടമായി അവരുടെ നിക്ഷേപം ഇന്ന് 54 കോടി ഡോളറാണ് അതായത് ഏകദേശം 3865 കോടി രൂപ. ഇത് എജുക്കേഷൻ സ്റ്റാർട്ടപ്പ് ബൈജൂസിൻ്റെ (BYJU’S) CEO ആയ ബൈജു രവീന്ദ്രൻ.

കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രൻ 7 വർഷം മുൻപ് 2 ലക്ഷം രൂപ മുടക്കി തുടക്കമിട്ട “BYJU’S The Learning App” ഇന്ന് 25,763 കോടി രൂപ മൂല്യമുള്ള വലിയൊരു കമ്പനിയായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. കമ്പനിയുടെ ഒരു മാസത്തെ വരു മാനം ഇപ്പോൾ 100 കോടി രൂപയാണ്.ലോകത്തെ ഏറ്റവും വലിയ എജുക്കേഷൻ കമ്പനിയായി മാറാനുള്ള ജൈത്രയാത്ര നടത്തുന്ന BYJU’S അടുത്ത ഒരു വർഷത്തെ വരുമാനം ലക്ഷ്യമിടുന്നത് 1400 കോടി രൂപയാണ്.

മഹത്തായ ഈ നേട്ടം കൈപ്പിടിയിലൊതുക്കി മുന്നോട്ടുകുതിക്കുന്ന ബൈജു രവീന്ദ്രന്റെ ജീവിത വഴികൾ യുവതലമുറകൾക്കു പ്രേരണയേകുന്നതാണ്. കണ്ണൂരിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ നിന്നും BE ബിരുദം കരസ്ഥമാക്കിയ ബൈജു ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി നോക്കുന്നതിനിടെ സുഹൃത്തുക്കളായ നാലോളം യുവാക്കൾക്ക് എംബിഎ പഠനത്തിനുള്ള ടിപ്‌സുകളും ട്യൂഷനും നൽകിയതാണ് വഴിത്തിരിവായത്. അവർ നാലുപേരും ഉന്നത റാങ്കിൽ വിജയം കരസ്ഥമാക്കി. ബൈജുവിന്റെ കഴിവു മനസ്സിലാക്കിയ അവരുടെ കൂടെ നിർബന്ധത്തിനു വഴങ്ങിയാണ് ബൈജു സ്വന്തമായി ഒരു ട്യൂഷൻ സെന്റർ ആരംഭിക്കുന്നത്.

ഒരു ലോകോത്തര ബിസിനസ്സ്മാനാകാനുള്ള ബൈജുവിന്റെ പുറപ്പാടിന്റെ പടയൊരുക്കങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു. കേവലം 2 ലക്ഷം രൂപ മുടക്കി അദ്ദേഹമാരംഭിച്ച കോച്ചിങ് സെന്ററിൽനിന്ന് കൂടുതലാളുകളിലേക്ക് അറിവു പകരുക എന്ന ലക്ഷ്യവുമായി 2011 ൽ “BYJU’S” എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചു. അതൊരു വലിയ കുതിപ്പായിരുന്നു. ഇന്ന് വിദേശികൾ വരെ ഇതിൽ മുതൽ മുടക്കാൻ തയ്യാറായി മുന്നിട്ടു വന്നിരിക്കുന്നു എന്നതാണ് വസ്തുത.

വീഡിയോ – ഏഷ്യാനെറ്റ് ന്യൂസ്.

നാലാം ക്ലാസ്സ് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കുള്ള കോച്ചിങ് കൂടാതെ CAT നും ഓൺലൈൻ കോച്ചിങ് നടത്തി വന്ന ബൈജു 2015 ൽ തുടക്കമിട്ട BYJU’S The Learning APP, സ്മാർട്ട് ഫോണുകളുടെ വരവോടെ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി അത് മാറി. ഇന്ന് 1000 ജോലിക്കാരും 2 കോടി വിദ്യാർത്ഥികളുമായി മുന്നേറുന്ന ബൈജുവിന്റെ കമ്പനിയിൽ വിദേശ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മീഡിയ ഗ്രൂപ്പും കാനഡയിലെ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (CPPIB) ദീർഘകാല പാർട്ട്ണർമാരായി ജോയിൻ ചെയ്തിരിക്കുകയാണ്. കമ്പനിയുടെ പരസ്യമോഡൽ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്. തിയേറ്ററുകളിലും ടിവിയിലുമെല്ലാം ഈ പരസ്യം നിങ്ങൾ കണ്ടിരിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു. കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കുന്ന ഭീമമായ തുക നോക്കുമ്പോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്. വിവിധ പശ്ചാത്തലത്തിലുള്ള ഇന്ത്യൻ വിദ്യാർഥികളെ മികച്ചരീതിയിൽ സഹായിക്കാനുതകുന്ന ആപ്പ് ഒരുപാടു പ്രതീക്ഷയേകുന്നതായും ഇതുപയോഗിക്കുന്ന കുട്ടികളുടെ പഠനവൈഭവം വളരെയധികം മെച്ചപ്പെട്ടതായി 80% രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

അഴീക്കോട്ടെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളിൽനിന്നു തുടങ്ങിവച്ച കുതിപ്പ്, ഇന്നു വിദേശ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതുവരെ എത്തിനിൽക്കുന്നു. കേവലം 7 വർഷം കൊണ്ട് ഇത്ര വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും അതുവഴി നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തപ്പെടുകയും ചെയ്ത ബൈജു രവീന്ദ്രൻ യുവതലമുറകൾക്ക് ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.