വളർത്തു പട്ടിക്കുട്ടിയുമായി വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുമോ? നിങ്ങളിൽ ചിലരെങ്കിലും ഈ കാര്യം ആലോചിച്ചിട്ടുണ്ടാകും. അത്തരത്തിൽ ഒരു അനുഭവമാണ് ഉത്തർപ്രദേശ് സ്വദേശിയും ബെംഗളൂരിൽ താമസക്കാരനുമായ രാജീവ് ശർമ്മ (Rajeev Sharma) എന്നയാൾ പങ്കുവെയ്ക്കുന്നത്. സംഭവം ഇനി രാജീവിന്റെ വാക്കുകളിൽ നമുക്ക് വായിക്കാം.

ഉത്തർപ്രദേശിലെ വീട്ടിൽ നിന്നും ഞങ്ങളുടെ വളർത്തു നായയായ ബ്രൂണോ എന്ന പട്ടിക്കുട്ടിയെ ഇപ്പോൾ താമസിക്കുന്ന ബെംഗളൂരുവിൽ എത്തിക്കണം. സാധാരണയായി ഞങ്ങളുടെ യാത്രകൾ വിമാനത്തിൽ ആയിരിക്കും. പക്ഷേ പട്ടിക്കുട്ടിയെ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുമോ എന്ന സംശയം ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. അവസാനം എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നുമാണ് എനിക്ക് ആ വിവരം ലഭിക്കുന്നത്. പട്ടിക്കുട്ടിയെ എയർ ഇന്ത്യ വിമാനത്തിലെ കാബിനിൽ കയറ്റിക്കൊണ്ടു പോകുവാൻ സാധിക്കും എന്നായിരുന്നു വെബ്‌സൈറ്റിൽ ഉണ്ടായിരുന്ന വിവരം. കാബിനിലല്ലാതെ ഈ പട്ടിക്കുട്ടിയെ കൊണ്ടുപോകുകയാണെങ്കിൽ അത് അതിൻ്റെ ജീവനുതന്നെ അപകടകരമാകും. കാരണം കുഞ്ഞു നായയല്ലേ അവൻ.

അഞ്ച് കിലോയിൽ താഴെയുള്ള വളർത്തു മൃഗങ്ങളെ എയർ ഇന്ത്യ കാബിനിൽ ഒപ്പം കൂട്ടി യാത്ര ചെയ്യുവാൻ സാധിക്കും എന്ന് എനിക്ക് വെബ്‌സൈറ്റ് മുഖേന അറിയുവാൻ സാധിച്ചു. അങ്ങനെ ഞാൻ എയർ ഇന്ത്യയുടെ കസ്റ്റമർ കെയറിലേക്ക് വിളിച്ചു ഇക്കാര്യം പറഞ്ഞു. ഇതിനായി എന്താണ് ഞാൻ ചെയ്യേണ്ടത് എന്നറിയുവാനായിരുന്നു ആ കോൾ. എന്നാൽ അവരുടെ മറുപടി എന്നെ നിരാശനാക്കി. പട്ടിക്കുട്ടിയെ കാബിനിൽ കയറ്റിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷെ ഞാൻ പിന്മാറുവാൻ ഒരുക്കമല്ലായിരുന്നു. എയർ ഇന്ത്യയുടെ വെബ്‌സൈറ്റിനെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനേക്കാൾ ഞാൻ വിശ്വസിച്ചു.

ബ്രൂണോയ്ക്ക് (പട്ടിക്കുട്ടി) എല്ലാവിധ വാക്സിനേഷനും എടുത്ത സർട്ടിഫിക്കറ്റുകൾ എൻ്റെ കൈവശം ഉണ്ടായിരുന്നു. ഒപ്പം ബ്രൂണോയുടെ ആരോഗ്യനില വിമാനയാത്രയ്ക്ക് ഒരുക്കമാണെന്നും അവനു യാതൊരുവിധ പകർച്ച വ്യാധികൾ ഇല്ലെന്നുമുള്ള ഡോക്ർ സർട്ടിഫിക്കറ്റും ഞാൻ നേടി. അങ്ങനെ ഞാൻ ഉത്തർപ്രദേശിൽ നിന്നും ദൽഹി എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. രാവിലെ 5.15 നായിരുന്നു ഞങ്ങളുടെ വിമാനം (ഡൽഹി – ബെംഗളൂരു). വെളുപ്പിന് രണ്ടുമണിയോടെ ഞങ്ങൾ ഡൽഹി എയർപോർട്ടിൽ എത്തിച്ചേർന്നു.

ചെക്ക് ഇൻ കൗണ്ടറിലേക്ക് ഞാൻ ബ്രൂണോയുമായി നടന്നു. ചെക്ക് ഇൻ കൗണ്ടറിൽ ഇരുന്നവരോട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. ഞങ്ങളുടെ വിമാനത്തിന്റെ പൈലറ്റ് വരുന്നത് വരെ കാത്തിരിക്കുവാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പൈലറ്റിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ബ്രൂണോയുടെ യാത്ര സാധ്യമാകുകയുള്ളൂ. അങ്ങനെ ഞാൻ ബ്രൂണോയുമായി പൈലറ്റ് വരുന്നതുവരെ എയർപോർട്ടിൽ കാത്തിരുന്നു. ആ സമയത്ത് പ്രാർത്ഥനകൾ ആയിരുന്നു എന്റെയുള്ളിൽ. ഇനിയെങ്ങാനും പൈലറ്റ് സമ്മതിച്ചില്ലെങ്കിൽ ഞങ്ങളുടെ യാത്ര തടസ്സപ്പെടും. എന്തായാലും ശുഭപ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. ആ സമയത്ത് ബ്രൂണോ എയർപോർട്ടിലെ തിണ്ണയിൽ ഉറക്കം ആസ്വദിക്കുകയായിരുന്നു. എനിക്കാണെങ്കിൽ ടെൻഷൻ കാരണം ഇരിപ്പുറക്കുന്നുണ്ടായിരുന്നു പോലുമില്ലായിരുന്നു.

ഞങ്ങളുടെ ആ കാത്തിരിപ്പ് വെളുപ്പിന് 4.15 വരെ നീണ്ടു. ചെക്ക് ഇൻ ചെയ്യുന്നതിന് 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഞാൻ കൗണ്ടറിൽ ചെന്ന് വീണ്ടും കാര്യം അന്വേഷിച്ചു. ക്യാപ്റ്റൻ (പൈലറ്റ് എത്തിയിട്ടില്ലെന്നായിരുന്നു അപ്പോഴും എനിക്ക് ലഭിച്ച മറുപടി. കാബിനിൽ സാധാരണ വളർത്തു മൃഗങ്ങളെ അനുവദിക്കാറില്ലെന്നും പ്രതീക്ഷ വെക്കേണ്ട എന്നുമായിരുന്നു അവരുടെ മറുപടി. ഇതു കേട്ടതോടെ ഞാൻ ആകെ തകർന്നുപോയി. ഞങ്ങളുടെ യാത്ര തടസ്സപ്പെടും എന്ന് ഏതാണ് ഞാൻ ഉറപ്പിച്ചു. എങ്കിലും അവസാന കച്ചിത്തുരുമ്പ് എന്നപോലെ ഞാൻ ചെക്ക് ഇൻ കൗണ്ടറിനു സമീപമുണ്ടായിരുന്ന മാനേജരോട് കാര്യം പറഞ്ഞു. ഞങ്ങളുടെ അവസ്ഥ ക്യാപ്റ്റനെ പറഞ്ഞു ബോധ്യപ്പെടുത്താമോ എന്ന് ഞാൻ മാനേജരോട് അഭ്യർത്ഥിച്ചു. അദ്ദേഹം പറഞ്ഞുനോക്കാമെന്ന് എനിക്ക് ഉറപ്പുനൽകി.

സമയം 4.20, ഒരു എയർഹോസ്റ്റസ് എന്നെ വിളിച്ചു. ഞങ്ങൾക്ക് ബ്രൂണോയുമായി വിമാനത്തിൽ യാത്ര ചെയ്യുവാൻ ക്യാപ്റ്റന്റെ അനുമതി ലഭിച്ചു എന്ന സന്തോഷ വാർത്ത പറയുവാനായിരുന്നു ആ എയർഹോസ്റ്റസ് എന്നെ വിളിച്ചത്. ഇത് കേട്ടതോടെ ഞങ്ങൾ വളരെ സന്തോഷത്തിലായി. ഞങ്ങൾക്ക് ബോർഡിംഗ് പാസ് ലഭിച്ചു. അതുമായി ഞങ്ങൾ സെക്യൂരിറ്റി ഗേറ്റിലേക്ക് ഓടി. പട്ടിക്കുട്ടിയ്ക്ക് വേണ്ടിയുള്ള ഒരു സ്ലിപ്പ് വേണമെന്ന് സെക്യൂരിറ്റി ഗേറ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വീണ്ടും ചെക്ക് ഇൻ കൗണ്ടറിലേക്കോടി. അവരോട് കാര്യം പറഞ്ഞു. പക്ഷെ അവർക്കും ആ സ്ലിപ്പ് എന്താണെന്നു മനസിലായില്ല.

കൗണ്ടറിൽ ഉണ്ടായിരുന്നയാൾ ആരോടോ വിളിച്ചു സംശയം ചോദിച്ചു. എന്നിട്ട് എന്നോട് അടുത്ത കൗണ്ടറിൽ ചെന്നിട്ട് പട്ടിയുടെ തൂക്കം ചെക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടു. ലഗ്ഗേജ് ചാർജ്ജ് പട്ടിയ്ക്ക് അടക്കുവാൻ അവർ ആവശ്യപ്പെട്ടു. ഒരു കിലോയ്ക്ക് 250 രൂപയായിരുന്നു അവർ ഈടാക്കിയത്. ഞാൻ ഉടനെ പണമടച്ച രശീതുമായി ഞാൻ സെക്യൂരിറ്റി ഗേറ്റിൽ വീണ്ടുമെത്തി. ഈ സ്ലിപ്പ് ആയിരുന്നു ആ ഉദ്യോഗസ്ഥൻ എന്നോട് ആവശ്യപ്പെട്ടത്. സ്ലിപ്പ് പരിശോധിച്ച ശേഷം അവർ ഞങ്ങളെ ഗേറ്റിനു അകത്തേക്ക് പോകുവാൻ അനുവദിച്ചു.

നാടകീയമായ ഈ ഓട്ടങ്ങൾക്കും സംഭവങ്ങൾക്കും ശേഷം ഞങ്ങൾ ബ്രൂണോയുമായി വിമാനത്തിൽ കയറി. യാത്രയിൽ അവൻ ഒരിക്കൽ പോലും ഒച്ചയെടുക്കുകയോ അസ്വസ്ഥനാകുകയോ ചെയ്തില്ല. സഹയാത്രികർക്കും ഞങ്ങളുടെ കൂടെയുള്ള ബാസ്കറ്റിൽ ഒരു പട്ടിക്കുട്ടി യാത്ര ചെയ്യുന്നുണ്ടെന്ന കാര്യം അറിയാൻ പാടില്ലായിരുന്നു, ഞാൻ ഇടയ്ക്ക് ആ ബോക്സ് തുറക്കുന്നതു വരെ. അങ്ങനെ അവസാനം ഞങ്ങൾ ബ്രൂണോയുമായി ബെംഗളൂരു എയർപോർട്ടിൽ എത്തിച്ചേർന്നു. എയർപോർട്ടിൽ നിന്നും ഒരു ടാക്സി പിടിച്ച് ഞങ്ങൾ നേരെ താമസ സ്ഥലത്തേക്ക് യാത്രയായി.

ഇതിൽ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങൾ എന്തെന്നാൽ എയർ ഇന്ത്യയുടെ കസ്റ്റമർ കെയർ, ചെക്ക് ഇൻ കൗണ്ടർ, കാര്യേജ് സ്റ്റാഫ് എന്നിവരിൽ നിന്നും എനിക്ക് ലഭിച്ച വിവരങ്ങൾ കൃത്യതയുള്ളവയായിരുന്നില്ല. വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങളാണ് ശരി. സാധാരണക്കാരായ യാത്രക്കാർ ആണെങ്കിൽ ചിലപ്പോൾ ഇതുപോലെ പറഞ്ഞു പിടിച്ചു നിൽക്കുവാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് നിങ്ങളും ഇതുപോലെ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാ കാര്യങ്ങളും ഒക്കെയായിരിക്കുവാൻ ശ്രദ്ധിക്കുക. എയർപോർട്ട് ജീവനക്കാർ എന്തെങ്കിലും എതിരു പറയുകയാണെങ്കിൽ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അവരെ കാണിച്ച് ബോധ്യപ്പെടുത്തുക. എല്ലാവരോടും തട്ടിക്കയറാതെ മാന്യമായി ഇടപെടുക. എങ്കിൽ നിങ്ങൾക്കും ഇത്തരമൊരു യാത്ര സാധ്യമാകും. ബ്രൂണോ ഇന്നും സുഖമായി എൻ്റെ കൂടെയുണ്ട്, ഞങ്ങളുടെ വീട്ടിൽ ഒരംഗമായി…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.