മിക്കയാളുകളും യാത്രകൾ പോകുവാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ യാത്രയുടെ ഓർമ്മകൾ ആരും ഒരിക്കലും മറക്കുകയില്ല. എന്നാൽ ജീവിതത്തിൽ ആദ്യമായി ആശിച്ചു കൊതിച്ചു ഇറങ്ങിപ്പുറപ്പെട്ട യാത്ര നടക്കാതെ വന്നാലുള്ള ആ ഒരു അവസ്ഥ എന്തായിരിക്കും? അത്തരത്തിലുള്ള തൻ്റെ മുടങ്ങിപ്പോയ ആദ്യ യാത്രയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് ആലുവ സ്വദേശി ഷാനിൽ മുഹമ്മദ്. അദ്ദേഹത്തിൻ്റെ ആ അനുഭവക്കുറിപ്പ് ഇങ്ങനെ..

“ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്ത്. ആ കാലത്താണ് ജീവിതത്തിൽ ആദ്യമായി ‘വിനോദയാത്ര’ പോകാൻ സാഹചര്യം ഒത്തുവന്നത്. കൊടൈനാൽ ആണ് സ്ഥലം. അക്കാലത്തെപ്പോഴോ “വെൽക്കം ടു കൊടൈക്കനാൽ” എന്ന സിനിമ ടി വി യിൽ കണ്ടപ്പോഴോ മറ്റോ ആണ് അങ്ങനെ ഒരു സ്ഥലം ഉണ്ടെന്നും നല്ല തണുപ്പുള്ള ടൂറിസ്റ്റ് സ്ഥലമാണെന്നും ഒക്കെ മനസ്സിലാവുന്നത് തന്നെ. അതുകൊണ്ട് വല്ലാത്ത സന്തോഷത്തോടെ ജീവിതത്തിലെ ആദ്യ വിനോദയാത്രക്കൊരുങ്ങി. വാപ്പച്ചിയുടെ ഓഫീസിൽ നിന്ന് സ്റ്റാഫ് എല്ലാം കൂടി കൊടൈക്കനാൽ ടൂർ പോകാൻ ആണ് പ്ലാൻ. പോകേണ്ട അന്ന് സ്‌കൂൾ വിട്ടു വരുമ്പോ ആണ് ഞാൻ അറിയുന്നത് ഞാനും കൂടി പോകുന്നുണ്ടെന്ന്.

ഫാമിലി ആയിട്ടാണ് ആണ് മിക്കവരും വരുന്നത് വീട്ടിൽ നിന്ന് എന്നെയും കൂടെ കൂട്ടാം എന്ന് കേട്ടപ്പോ മുതൽ ‘സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ’ എന്ന് പറഞ്ഞ പോലെ ആയി. പെങ്ങമ്മാരോടൊക്കെ ജാഡ കാട്ടി, “പോയിട്ട് വരുമ്പോ എന്തേലും വാങി കൊണ്ട് വരാം, സമധാനിക്ക്” എന്നൊക്കെ വീമ്പിളക്കി പോകാൻ തയ്യാറെടുത്തു. അതുവരെ സ്‌കൂളിൽ നിന്നോ മറ്റെങ്ങുനിന്നോ ടൂർ പോയ ഓർമ എനിക്കില്ല. കുടുംബമൊന്നിച്ചു ഏതെങ്കിലും കല്യാണത്തിന് പോകുന്നതല്ലാതെ അതുവരെ വേറെങ്ങോടും പോയിട്ടില്ല. കൂടതെ വീഡിയോ കോച്ച് ബസ്സിലൊന്നും അതുവരെ കയറിയിട്ടില്ല. കേരളം വിട്ട്, എന്തിന് ആലുവ വിട്ടുപോലും പുറത്തു പോയിട്ടില്ല. എറണാകുളം സിറ്റി കണ്ട ഓർമ്മ പോലും ഇല്ല. വല്ലപ്പോഴും ആരുടെയെങ്കിലും കല്യാണത്തിന് പെണ്ണിന്റെയോ ചെറുക്കന്റെയോ കൂടെ പോകുമ്പോ ആണ് കാറിൽ കേറുന്നത് തന്നെ.

Representative Image.

നാട്ടിൽ പൊതുവെ പ്രൈവറ്റ് ബസ്സോ, ജീപ്പോ, ട്രക്കർ എന്ന വണ്ടിയോ ഒക്കെ ആണ് സാധാരണ കല്യാണത്തിന് ഓടിയിരുന്നത്. എന്റെ കഷ്ടകാലത്തിന്, എന്റ കുടുംബക്കാരൊക്കെ ആലുവയും പരിസരത്തുനിന്നുമൊക്കെ തന്നെ ആണ് കല്യാണം പോലും കഴിച്ചിരിക്കുന്നത്. അത് കൊണ്ട് യാത്രകൾ വളരെ കുറവായിരുന്ന എനിക്ക് അടിച്ച ലോട്ടറി ആയിരുന്നു ഈ കൊടൈക്കനാൽ ട്രിപ്പ്. സ്‌കൂൾ വിട്ടുവന്നു, വൈകിട്ട് ഇത് കേട്ടപ്പോൾ തന്നെ പാക്കിങ് ഒക്കെ തീർത്തു. തണുപ്പിൽ ഇടേണ്ട ഡ്രസ്സ് ഒന്നും കൈയിലില്ല. തണുപ്പ് ഉണ്ടെങ്കിൽ ഇടാം എന്ന് കരുതി രണ്ടു മൂന്നു ഷർട്ട് കൂടുതൽ എടുത്തു. ഒന്നിന് മുകളിൽ ഒന്നായി ഇടാം എന്ന ധാരണയിൽ. സന്ധ്യയോടെ ഭക്ഷണമൊക്കെ അടിച്ചു കേറ്റി. ഇനി നാളെ രാവിലെ കൊടൈക്കനാലിൽ നിന്നാണല്ലോ കഴിക്കേണ്ടത് എന്നൊക്കെ ഓർത്തു പുളകിതനായി.

എല്ലാരോടും യാത്രയൊക്ക പറഞ്ഞു. ഞാൻ വാപ്പച്ചിയുടെ വിരലിൽ തൂങ്ങി, ഡ്രസ്സ് ഒക്കെ ഇട്ട കവർ പിടിച്ചു വീടിന്റെ അടുത്തുനിന്ന് ആലുവക്ക് രാത്രി 7:30 ന് ഉള്ള ബസ്സ് പിടിച്ചു. ആലുവയിൽ വാപ്പച്ചിയുടെ ഓഫീസിനടുത്തെത്തി. ടൂറിസ്റ്റ് ബസ്സ് നിർത്തി ഇട്ടിട്ടുണ്ട്. ബസ്സ് ആലുവയിലെ പ്രമുഖ ട്രാവൽസ് ആയ OSA Travels ന്റെ ആണെന്നാണ് ഓർമ്മ. കുറെ ആളുകൾ എത്തിയിട്ടുണ്ട്. ആരേം എനിക്ക് മുൻ പരിചയമില്ല. പൊതുവെ നാണം കുണുങ്ങിയായ ഞാൻ ഒരു സൈഡിലേക്ക് ഒതുങ്ങി ബസ്സിനെ തൊട്ടും തലോടിയും സമയം കഴിച്ചു കൂട്ടി. ഇടക്ക് ചെറിയ ചാറ്റൽ മഴ പെയ്യുമ്പോ മാത്രം എവിടെങ്കിലും കേറി നിൽക്കും. വീണ്ടും ബസ്സിനെ ഒട്ടിചേർന്ന് വന്ന് നില്കും.

ഏകദേശം 9 മണിയോടടുത്തപ്പോൾ ആളുകൾ എല്ലാരും എത്തി. ബസ്സിന്റെ ഡോർ തുറന്നു. അകത്തു ലൈറ്റ് ഒക്കെ ഇട്ടു. വേഗം കയ്യിലിരുന്ന ഡ്രെസ്സിന്റെ കവർ കൊണ്ട് ബസ്സിലേക്ക് ഇടിച്ചു കയറി സൈഡ് സീറ്റ് പിടിച്ചു. സൈഡ് ഗ്ലാസ്സൊക്കെ വലിച്ചു നീക്കി ആഹ്ലാദത്തോടെ സീറ്റിൽ അമർന്നിരുന്നു. പല നിറത്തിലുള്ള ലൈറ്റ് ഒക്കെ തിളങ്ങുന്ന, ടിവി ഒക്കെ ഉള്ള ടൂറിസ്റ്റ് ബസ്സിന്റെ അകത്തിരിക്കുമ്പോൾ മനസ്സിൽ സന്തോഷം കൊണ്ട് ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. നാളത്തെ കൊടൈക്കനാൽ ചിന്ത മാത്രമേ എന്റെ ഉള്ളിലുള്ളൂ. സമയം പോകുന്നതൊന്നും ഞാൻ അറിഞ്ഞില്ല. എന്റെ വാപ്പച്ചി ഉൾപ്പെടെ ആണുങ്ങൾ പലരും പുറത്തു തന്നെ ആണ് . എന്തൊക്കെയോ സംസാരം. വണ്ടി പോകുന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഇടക്ക് ഇടക്ക് മഴയും. പക്ഷെ ആ കാത്തിരിപ്പിൽ എനിക്ക് യാതൊരു വിധ മുഷിച്ചിലും അനുഭവപ്പെട്ടില്ല.

ആ ബസ്സിന്റെ സീറ്റിൽ ഞാൻ അമർന്നു തന്നെ ഇരുന്നു. എന്റെ കയ്യിലുള്ള ഡ്രെസ്സിന്റെ കവറും മുറുക്കെ പിടിച്ചുകൊണ്ട്. ഏതാണ്ട് പന്ത്രണ്ടു മണി ആയിക്കാണും. ഒരു ചേട്ടൻ വന്നു “എല്ലാരും ഇറങ്ങിക്കോ, ടൂർ ഇന്ന് പോകുന്നില്ല, വേറെ ഒരു ദിവസത്തേക്ക് മാറ്റി വച്ചു” എന്ന് പറഞ്ഞു. വാപ്പച്ചി ജനലിൽ കൂടി എന്നോടും ഇറങ്ങാൻ പറഞ്ഞു. എനിക്ക് അറിയില്ല എനിക്ക് അപ്പൊ എന്ത് ഫീലിങ് ആണ് ഉണ്ടായത് എന്ന്. കാര്യ കാരണമൊന്നും എനിക്കറിയില്ല. അന്ന് അത് മനസ്സിലാക്കാനുള്ള പ്രായവും ആയിട്ടില്ല. അത്രയും സമയം രാത്രി ഒരു വീഡിയോ കോച്ച് ബസ്സിൽ കയറി ഇരുന്നതോ, വേറെ ഒരു ദിവസം പോകാൻ പറ്റുമല്ലോ എന്ന ചിന്തയോ എന്തൊക്കെയോ എന്നിൽ സമ്മിശ്ര വികാരം നിറച്ചു. എന്തായാലും ബസ്സിൽ നിന്ന് ഇറങ്ങി. കുറെ സമയം കൂടി വാപ്പച്ചിയുടെ കൂടെ അവിടെയൊക്ക നിന്നു. പയ്യെ

പയ്യെ ഓരോരുത്തരായി പിരിഞ്ഞു പോയി. പിന്നെ ഞങ്ങളും വീട്ടിൽ പോകുവാൻ വഴി നോക്കി. ഇന്നത്തെ കാലമല്ല. ആലുവ വളരെ ചെറിയ പട്ടണവും. സമയം പാതിരാത്രിയും. അന്നത്തെ ആ പത്തോ പതിനൊന്നോ വയസ്സുകാരൻ വാപ്പച്ചിയുടെ വിരലിൽ തൂങ്ങി ആ രാത്രി ആലുവ പട്ടണത്തിലൂടെ കുറെ നടന്നു. കൈ കാണിച്ചപ്പോൾ ഇടക്ക് ഒരു ബസ്സ് നിർത്തി തന്നു. FACT കമ്പനിയിലേക്ക് സ്റ്റാഫ്കളെ കൊണ്ട് പോയി ഏലൂരിലേക്ക് മടങ്ങി പോകുന്ന ബസ് ആണ്. അതിന്റെ മുൻപിൽ ഡ്രൈവർ സീറ്റ്ന്റെ അടുത്ത് കമ്പിയിൽ ചാരി വീടിന്നടുത്തു വരെ ഇരുന്നു. ഇടക്ക് ചന്നം പിന്നം പെയ്യുന്ന മഴയിൽ മുഖത്തേക്ക് തെറിക്കുന്ന മഴത്തുള്ളികളുടെ തണുപ്പും, ബസ്സിന്റെ മുൻ സീറ്റിൽ ആദ്യമായി ഇരിക്കുന്നതിന്റെയും ആദ്യത്തെ പാതിരാത്രി കഴിഞ്ഞുള്ള ഡ്രൈവ് ന്റെ അനുഭൂതിയും എല്ലാം കൂടി അന്നത്തെ രാത്രി എന്നേക്കും മറക്കാനാവാത്ത രാത്രി ആക്കി മാറ്റി.

അന്നത്തെ യാത്ര പിന്നീട് ഒരിക്കലും നടന്നില്ല. കാരണമൊന്നും അറിയില്ല. ഇനി ഞാൻ അറിയാതെ പോയതാണോ എന്നും അറിയില്ല. എന്തായാലും, അന്നത്തെ സംഭവത്തിന് ശേഷം ഇന്നേവരെ വാപ്പച്ചിയുമൊക്കെ ആയി കൊടൈക്കനാലോ, ഊട്ടിയോ, മൂന്നാർ പോലും ടൂർ പോകാൻ സാധിച്ചിട്ടില്ല. അന്ന് ആദ്യമായി ടൂർ പോകാൻ ഒരുങ്ങിയതും, ആദ്യമായി ടൂറിസ്റ്റ് ബസ്സിൽ കയറിയതും, ടൂറിസ്റ്റ് ബസ്സിലെ ഒരുപാട് നിറങ്ങളുള്ള ലൈറ്റ് കണ്ടതും മുതൽ ആദ്യമായി ആലുവ ടൗണിൽ കൂടി പാതിരാത്രി നടന്നതും ആദ്യമായി ബസ്സിൽ ഡ്രൈവറിന്റെ അടുത്തിരുന്നു യാത്ര ചെയ്തതും, ആ രാത്രി യാത്രയിലെ മുഖത്തു തെറിച്ച മഴതുള്ളികളും, പാതിരാത്രിക്ക് ശേഷം ബസ്സിറങ്ങി വീട്ടിലേക്കുള്ള നടത്തവും വരെ എല്ലാം എനിക്ക് പുതുമകൾ ആയിരുന്നു.

അന്നത്തെ പത്തു വയസ്സുകാരൻ ഇന്ന് മുപ്പത്താറു വയസ്സുകാരനായി. ആലുവയും എറണാകുളവും കേരളവും ഇന്ത്യയും കടന്ന് ഏകദേശം പത്തു പതിമൂന്നു രാജ്യങ്ങൾ രാജ്യങ്ങൾ ഇതുവരെ സഞ്ചരിച്ചു. ഇന്നും രാത്രി യാത്രയിൽ തണുത്ത മഴതുള്ളി മുഖത്തേക്ക് ചിതറി തെറിക്കുമ്പോൾ ഞാൻ ആ പഴയ, നടക്കാത്ത കൊടൈക്കനാൽ ട്രിപ്പിന് പോയ പത്തു വയസ്സുകാരനായി മാറും. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രകളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ യാത്ര ആണ്. നടക്കാത്ത കൊടൈക്കനാൽ യാത്ര. അതായത്, വീടിന് ഏകദേശം 7 കിലോമീറ്റർ മാത്രം ദൂരമുള്ള ആലുവയിലേക്കും തിരിച്ചുമുള്ള രാത്രി യാത്ര. ഇന്നത്തെ ഞാൻ ആണെങ്കിൽ, അന്ന് മനസ്സിൽ കയറിക്കൂടിയ ‘യാത്ര’ എന്ന വികാരത്തെ പ്രണയിച്ചിട്ട് ഇന്നും തുടരുന്ന നിരന്തര യാത്രകളിലും…”

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.