ഷോറൂമിൽ സർവീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകൾ അടിച്ചുമാറ്റുന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബെംഗളൂരു ജനാർദന സ്കൂൾ സ്വദേശി നസീർ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കാക്കവയലിലെ ഷോറൂമിൽ സർവീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റയുമായി കടന്ന ഇയാൾ വടുവൻചാലിൽനിന്നാണ് പിടിയിലായത്. തിങ്കളാഴ്ച കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് മോഷ്ടിച്ച 44 ലക്ഷം വിലയുള്ള കാറുമായാണ് ഇയാൾ വയനാട്ടിലെത്തിയത്.

ഷോറൂമിലെ ഡെലിവറി ബേയിൽ കാർ താക്കോൽ സഹിതം കിടന്നതാണ് കള്ളനു കാര്യങ്ങൾ എളുപ്പമാക്കിയത്. ദേശീയപാതയിലൂടെ അമിതവേഗത്തിൽ പായുമ്പോൾ മോഷ്ടാവും വാഹനവും കൃഷ്ണഗിരിയിൽ പരിശോധന നടത്തുകയായിരുന്ന പെ‍ാലീസിന്റെ ഇന്റർസെപ്റ്ററിൽ പതിഞ്ഞു. ഇതോടെ കാർ ഉടമയുടെ ഫോണിലേക്ക് പെ‍ാലീസിന്റെ വിളി പോയി. സർവീസിനു കൊടുത്ത വണ്ടി ഓവർ സ്പീഡിനു പിടിച്ചതറിഞ്ഞ് ഞെട്ടിയ ഉടമ ഷോറൂമിൽ ബന്ധപ്പെട്ടപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്.

വിവരം പൊലീസിൽ അറിയിച്ചശേഷം ഉടമ മറ്റൊരു കാറിൽ കള്ളനെ തിര‍‍ഞ്ഞിറങ്ങി. അമ്പലവയൽ-വടുവഞ്ചാൽ പാതയിലെത്തിയപ്പോൾ ഉടമയുടെ കാറിനു മുന്നിലൂടെ കള്ളൻ ചീറിപ്പാഞ്ഞുപോയി. ആയിരംകെ‍ാല്ലിയിലെത്തിയപ്പോൾ സമീപത്തെ ചെറിയ റോഡിലേക്ക് കയറ്റി വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകളെയും ഇടിച്ചിട്ട് റോഡിന് സമീപത്ത് കൂട്ടിയിട്ടിരുന്ന പൈപ്പുകളുടെ മുകളിലൂടെ റോഡിലേക്ക് കടന്ന് വീണ്ടും കള്ളൻ രക്ഷപെട്ടു.

ഇയാളുടെ പിന്നാലെ പോയവരും നാട്ടുകാരുംചേർന്ന് വടുവൻചാലിൽ വാഹനം തടഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലായതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തല്ലുകിട്ടാതിരിക്കാൻ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന കള്ളനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. കാറുമായി രക്ഷപ്പെടാനുള്ള പാച്ചിലിൽ ഇതിനിടെ കാറും ബൈക്കുമടക്കം ഒട്ടേറെ വണ്ടികളിലിടിച്ച് കേടുപാടും വരുത്തിയിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് – മനോരമ ഓൺലൈൻ, മാതൃഭൂമി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.