യൂസ്‌ഡ്‌ വസ്തുക്കൾ ലഭിക്കുന്ന പ്രശസ്തമായ ഒരു സൈറ്റാണ് OLX. അതുകൊണ്ടു തന്നെയാകണം OLX വഴി തട്ടിപ്പുകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. കുറച്ചു നാളുകൾക്ക് മുൻപ് ബെംഗളൂരുവിൽ OLX വഴി ബൈക്ക് വാങ്ങാനെന്ന വ്യാജേന ഉടമസ്ഥരുടെ അടുത്തെത്തി ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ ബൈക്ക് മോഷ്ടിച്ചു കടന്നിരുന്നു. ഈ സംഭവം നടന്നുകഴിഞ്ഞു പോലീസ് ഇതേ മാർഗ്ഗം ഉപയോഗിച്ചു തന്നെ, OLX ൽ പരസ്യം നൽകി ബൈക്ക് മോഷ്ടാവിനെ ആകർഷിക്കുകയും, വന്നപ്പോൾ കൈയോടെ പിടികൂടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇതേ മാതൃകയിൽ കേരളത്തിലും നടന്നിരിക്കുന്നു ഒരു മോഷണവും, കള്ളനെ കുടുക്കലും. ബെംഗളൂരുവിൽ ബൈക്ക് ആയിരുന്നെങ്കിൽ കേരളത്തിൽ അത് കാർ ആയി മാറി. ആ സംഭവം ഇങ്ങനെ…

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയും, മലപ്പുറം പാണ്ടിക്കാട് IRB ക്യാമ്പ് ജീവനക്കാരനുമായ സനൽ തന്റെ സ്വിഫ്റ്റ് കാർ വിൽക്കുന്നതിനായി OLX വഴി പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ടിട്ട് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിന്നും ഒരാൾ സനലിനെ ബന്ധപ്പെടുകയും, കാർ വാങ്ങുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 23 നു സനൽ കാറുമായി വാങ്ങുന്നയാളെ കാണുവാൻ പാണ്ടിക്കാട് പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു.

വാങ്ങുവാൻ വന്നയാൾക്ക് കാർ നേരിൽക്കണ്ട് ഇഷ്ടപ്പെടുകയും ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശ്വാസം തോന്നിയതിനാൽ സനൽ അയാൾക്ക് തനിയെ കാർ ടെസ്റ്റ് ഡ്രൈവിനായി കൈമാറുകയായിരുന്നു. എന്നാൽ ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ കാറും കൊണ്ടുപോയ അയാൾ കയ്യോടെ മുങ്ങുകയായിരുന്നു. കാർ മോഷ്ടിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ സനൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനിടയിൽ കള്ളൻ കാറിന്റെ നമ്പർ പ്ലേറ്റും, ജിപിഎസ്സും മാറ്റുകയും ചെയ്തു. നമ്പർ പ്ലേറ്റ് മാറ്റിയശേഷം ‘ഫോർ രജിസ്‌ട്രേഷൻ’ സ്റ്റിക്കർ ഒട്ടിച്ചക്കുക എന്ന തന്ത്രമാണ് കള്ളൻ ചെയ്തത്. ഇതോടെ പോലീസുകാർക്ക് അന്വേഷണം ബുദ്ധിമുട്ടായി മാറി. അങ്ങനെയിരിക്കെ അധികം വൈകാതെ കള്ളൻ ഈ കാർ ഒരു വയനാട് സ്വദേശിയ്ക്ക് വിൽക്കുവാൻ തീരുമാനിച്ചു. എന്നാൽ കാർ വാങ്ങുന്നതിനു മുൻപ് വയനാട് സ്വദേശി നടത്തിയ പരിശോധനയിൽ കാറിൽ നിന്നും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. അതിലുണ്ടായിരുന്ന ഉടമയായ സനലിന്റെ നമ്പറിലേക്ക് അദ്ദേഹം ബന്ധപ്പെട്ടു.

സംഭവം മോഷണ മുതൽ ആണെന്നു മനസിലാക്കിയ വയനാട് സ്വദേശി കാർ വാങ്ങുന്നതിൽ നിന്നും പിന്മാറി. എന്നാൽ കള്ളനെ പിടിച്ചു വെക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ കാര്യം സനൽ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കള്ളനെ കാർ വാങ്ങുവാനെന്ന വ്യാജേന ബന്ധപ്പെട്ടു. കാസർഗോഡ് നീലേശ്വരം സ്വദേശി എന്ന പേരിലായിരുന്നു പോലീസ് കള്ളനെ ബന്ധപ്പെട്ടത്. കാർ നീലേശ്വരത്ത് എത്തിക്കാമെന്നു കള്ളൻ സമ്മതിക്കുകയും ചെയ്തു.

ഇതുപ്രകാരം അടുത്ത ദിവസം കള്ളൻ രാവിലെ പത്തുമണിയോടെ കാറുമായി നീലേശ്വരത്ത് എത്തിച്ചേർന്നു. കാറുമായി എത്തിയ രണ്ടുപേരെ കയ്യോടെ പോലീസുകാർ പിടികൂടിയെങ്കിലും കാർ മോഷ്ടിച്ച വ്യക്തി അവരിൽ ഉണ്ടായിരുന്നില്ല. ഇതോടെ അവരെയും കാറിനേയും കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. എന്തായാലും കേരള പോലീസ് മാസ്സ് ആണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഈ സംഭവം.

ചിത്രം – മാതൃഭൂമി.

1 COMMENT

  1. വേണമെങ്കില്‍ എല്ലാം നടക്കും പക്ഷെ തോന്നണ്ടേ?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.