എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam).

കെന്റക്കിയിലെ ഒരു ചെറിയ മൈനിംഗ് ടൌണ്‍ ആയ പെയിന്റ്സ് വില്ലയിൽ ലോകത്തെ ഞടുക്കിയ ഒരു സംഭവം നടന്നു. അതിലെ ഒരു കഥാപാത്രം 6 വയസ്സുള്ള കാൾ ന്യൂട്ടൻ മഹൻ എന്ന കുട്ടിയായിരുന്നു. 1929 മെയ് 18 നു ആയിരുന്നു ആ സംഭവം. കാളിനും 8 വയസ്സുകാരനായ സെസിൽ വാൻ ഹൂസിനും വഴിയിൽ ഒരു ഇരുമ്പു കഷണം കിട്ടി. അവരത് പാട്ടക്കടക്കാരന് വിൽക്കാൻ തീരുമാനിച്ചു. എന്തെങ്കിലും ചെറിയ പൈസ ആയിരുന്നു അവരുടെ ലക്‌ഷ്യം. സെസിൽ ആ ഇരുമ്പു കഷണം കാളിന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്തു. കുഞ്ഞു കാളിന്റെ മുഖത്തിനിട്ട് ഇരുമ്പു കഷണം കൊണ്ട് ഒരടി കൊടുത്തു. പക്ഷെ കുഞ്ഞു കാൾ ഒരു പുലിയായിരുന്നെന്നു അവന്റെ പ്രവർത്തി തെളിയിച്ചു!.

കുഞ്ഞു കാളിന്റെ മനസ്സിൽ സെസിലിനോടുള്ള പ്രതികാരം നിറഞ്ഞു. നമ്മുടെ കൊച്ചു കാൾ വീട്ടിലേക്ക് പോയി അവൻ്റെ അച്ഛന്റെ 12 ഗേജ് ഷോട്ട് ഗണ്ണുമായിവന്നു. സെസിലിനെ തപ്പിപ്പോയി കണ്ടുപിടിച്ചു. സെസിലിനെ നോക്കി അവൻ പറഞ്ഞു “ഞാൻ നിന്നെ കൊല്ലാൻ പോവുകയാണ് “. പിന്നെ താമസിച്ചില്ല കുഞ്ഞുകാൾ സെസിലിനെ വെടിവച്ചുകൊന്നു!. കാളിനെ കോടതിയിൽ വിചാരണ ചെയ്തു. അവൻ നടന്ന സംഭവങ്ങൾ പറഞ്ഞു. ഇടക്ക് വിശ്രമിക്കാനായി കാൾ കോടതി മേശയിൽ കിടന്നുറങ്ങി.

കോടതി ശ്രദ്ധാപൂർവ്വം ആ കേസിനെ കുറിച്ച് പഠിച്ചു. മനുഷ്യ ഹത്യ തന്നെയാണെന്ന് കോടതി തീരുമാനിച്ചു. കാളിനു 15 വർഷത്തെ ശിക്ഷ വിധിച്ച് ഒരു സന്മാർഗ സ്കൂളിൽ അയയ്ക്കാൻ തീരുമാനിച്ച് 500 ഡോളർ ജാമ്യത്തിൽ മാതാപിതാക്കളോടൊപ്പം വിട്ടു. ഒരു സർക്യൂട്ട് ജഡ്ജി കുഞ്ഞുകാളിനെ അങ്ങനെ വിധിക്കാൻ പറ്റില്ലായെന്നു എതിർത്തു. ആ പ്രായത്തിലുള്ള കുട്ടിയെ വിധിക്കാൻ നിയമത്തിനു സാധിക്കില്ല എന്ന് പറഞ്ഞു. അങ്ങനെ ശിക്ഷയില്ലാതെ വിട്ടയക്കപ്പെട്ട കുഞ്ഞു കാൾ വീട്ടിലേക്ക് പോയി. പിന്നെ ആ വിചാരണക്ക് ശേഷം കുഞ്ഞു കാളിനു എന്ത് പറ്റിയെന്നു ഇതുവരെ ഒരറിവും ഇല്ല. 1958 ൽ തൻ്റെ മുപ്പത്തിയഞ്ചാം വയസ്സിൽ കാൾ മരിച്ചു എന്നാണു രേഖകൾ പറയുന്നത്. എന്തായാലും ലോകത്തെ ഞെട്ടിച്ച കുട്ടി – കുറ്റകൃത്യങ്ങളിൽ പ്രധാന സ്ഥാനത്താണ് കാൾ ന്യൂട്ടൻ മഹൻ എന്ന ആറു വയസ്സുകാരൻ അറിഞ്ഞോ അറിയാതെയോ ചെയ്ത ആ കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.