ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയുടെ ഏറ്റവും ജനകീയമായ സർവ്വീസ് ഏതാണെന്നു ചോദിച്ചാൽ “അത് മ്മടെ മലക്കപ്പാറ” എന്നായിരിക്കും ഉത്തരം. വിജയകരമായി സർവ്വീസ് മുടക്കമില്ലാതെ നടത്തിക്കൊണ്ടു വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12.20 നുള്ള ബസ് സർവ്വീസ് നിർത്തുവാൻ അണിയറയിൽ നീക്കങ്ങൾ ശക്തമായിരുന്നു.
ചാലക്കുടി മുനിസിപ്പൽ സ്റ്റാന്റിൽ പ്രസ്തുത ബസ്സിന് ആളെ കയറ്റാതിരിക്കാൻ വേണ്ടി ട്രാക്ക് നൽകാതിരിക്കുക തുടങ്ങി നിരവധി കലാപരിപാടികൾ ഈ സർവ്വീസ് തുടങ്ങിയ കാലം മുതൽ നടന്നു വന്നിരുന്നു. എന്നാൽ അതൊന്നും വേണ്ടത്ര ഫലം കാണാതെ വന്നപ്പോൾ ചില രാഷ്ട്രീയ ബന്ധങ്ങൾ വച്ച് സർവ്വീസ് നിർത്താൻ സമ്മർദ്ദം ചെലുത്തുക വരെ ചെയ്തു ചിലർ. എന്നിട്ടും കുലുക്കമില്ലാതെ ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനം നേടിക്കൊണ്ട് ഇന്നും സർവ്വീസ് തുടരുകയാണ്..
സഞ്ചാരികളുടെയും യാത്രക്കാരുടെയും ഹൃദയത്തിൽ തട്ടിയുള്ള ഒരു യാത്ര. ഇതാണ് സർവ്വീസ്.. ഇങ്ങനെ ആണ് ഒരു സർവ്വീസ് നടത്തേണ്ടത്. കഴിഞ്ഞ 12-05-19 നു മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് ഉള്ള ട്രിപ്പ് യാത്രക്കാരും സഞ്ചാരികളും എല്ലാവരും ചേർന്ന് മനോഹരമാക്കി. ആദ്യമായിട്ടായിരിക്കും ഒരു KSRTC സർവീസിൽ ഇങ്ങനെ കാണുന്നത്. ചാലക്കുടിക്കാരുടെ സ്വന്തം മണിചേട്ടന്റെ പാട്ടുകൾ ആയിരുന്നു യാത്രയ്ക്കിടെ വണ്ടിയിൽ അധികവും. യാത്രക്കാർ എല്ലാവരും ചേർന്നു കൊണ്ട് ഈ ട്രിപ്പ് അവിസ്മരണിയം ആക്കി.
ചാലക്കുടി ഡിപ്പോയുടെ ഒരു “ജനകിയ സർവിസ്” തന്നെ ആണ് ഈ 12.50 മലക്കപ്പാറ സർവിസ്. ആനകളെയും കാട്ടുപോത്തുകളെയും ഭാഗ്യം ഉണ്ടെങ്കിൽ പുലിയെയും ഒക്കെ കാണാൻ പറ്റുന്ന ഒരു സർവിസ് ആണിത്. 12.50 നു ചാലക്കുടിയിൽ നിന്നും എടുത്ത് തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പുളിയിലപ്പാറ വഴി 4.30 ആകുമ്പോൾ മലക്കപ്പാറയിൽ എത്തുന്ന ഈ സർവിസ് 5 മണിയോട് കൂടി ചാലക്കുടിക്ക് തിരിച്ചു പോരും.
ഇരുട്ട് വീണു തുടങ്ങുമ്പോൾ വഴിയിൽ മാൻ, പുലി, ആന, കാട്ടുപോത്തു, കരടി തുടങ്ങിയ ജീവികളെ ചിലപ്പോഴൊക്കെ നമുക്ക് അടുത്ത് കാണാം. അങ്ങനെ കൊടുംകാട്ടിലൂടെ ഈ വണ്ടി കുലുങ്ങി കുലുങ്ങി 7 മണിക്ക് പുളിയിലപ്പാറ എത്തും. മൃഗങ്ങളെ കണ്ടു പേടിച്ചവർക്ക് വേണമെങ്കിൽ ചായ കുടിക്കാൻ 5 മിനിറ്റ് അവിടെ നിർത്തുന്നതാണ്. അവിടെ നിന്നും പിന്നെ സാധാരണ പോലെ അതിരപ്പിള്ളിയും കടന്നു 8.40 ന് ചാലക്കുടിയിൽ എത്തിച്ചേരും. ഒറ്റ ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വഴി ഒരിക്കൽ യാത്ര ചെയ്താൽ പിന്നെ വീണ്ടും വന്നിരിക്കും.
ചാലക്കുടി ഡിപ്പോയിൽ നിന്നും മലക്കപ്പാറക്കും തിരിച്ചും ഉള്ള ബസ് സമയങ്ങൾ : ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് 7.50 AM, 12.20 PM, 3.00 PM, 4.50 PM. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് 7.15 AM, 8.00 AM, 12.25 PM, 5.00 PM.
കടപ്പാട് – സുദീപ് മംഗലശ്ശേരി.