ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സെക്യൂരിറ്റി, യുദ്ധകാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ. ഇന്ത്യയിലെ കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിലാണ് ഇവയുടെ പ്രവർത്തനം. ഔദ്യോഗികമായി ഈ സേനകൾ കേന്ദ്ര സായുധ പോലീസ് സേനകൾ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക സേനകൾ താഴെപ്പറയുന്നവയാണ്.
ആസ്സാം റൈഫിൾസ് : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗമാണിത്. കാച്ചാർ ലെവി എന്ന പേരിൽ 1835-ൽ ആരംഭിച്ചു. ഡയറക്ടർ ജനറലാണ് സേനാത്തലവൻ. ആസ്ഥാനം ഷില്ലോങ്ങ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി കാത്തുസൂക്ഷിക്കുക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അഭ്യന്തര സുരക്ഷ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) : ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്. 186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്.
കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.ഐ.എസ്.എഫ്.) : ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന(സി.ഐ.എസ്.എഫ്.). ലോകത്തിലെ ഏറ്റവും വലിയ അർദ്ധ സൈനികവിഭാഗസേനയാണിത്. 1969-ൽ രൂപീകരിച്ച കേന്ദ്ര വ്യവസായ സുരക്ഷാസേന ഒരു അന്വേഷണ വിഭാഗമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നൽകുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവർ പ്ലാൻറുകൾ, സ്പേസ് സ്റ്റേഷനുകൾ, മൈനുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, പ്രധാന തുറമുഖങ്ങൾ, സ്റ്റീൽ പ്ലാന്റ്സ്, ബാരേജുകൾ, ഫെർട്ടിലിസർ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങൾ, ഇന്ത്യൻ കറൻസി നിർമ്മിക്കുന്ന കേന്ദ്രങ്ങളും സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്. കൂടാതെ സ്വകാര്യ വ്യവസായങ്ങൾക്കും ഭാരതസർക്കാരിനുള്ള മറ്റ് സംഘടനകൾക്കും കൺസൾട്ടൻസി സി.ഐ.എസ്.എഫ്. സേവനങ്ങൾ നൽകുന്നുണ്ട്.
കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.) : ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1949-ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട സേനാവിഭാഗമാണിത്. ഇന്ത്യയിലെ ക്രമസമാധാന നില കാത്ത് സൂക്ഷിക്കാൻ ആണ് സി ആർ പി എഫ് കൂടുതലായി നില കൊള്ളുന്നത്. തിരഞ്ഞെടുപ്പ് ജോലികൾക്കും വിദേശ ദൗത്യങ്ങൾക്കും സി ആർ പി എഫ് ഉപയോഗപ്പെട്ടിട്ടുണ്ട്.
ഇൻഡോ – ടിബറ്റൻ ബോർഡർ പോലീസ് : ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്. 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന്, ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. 9000 അടി മുതൽ 18500 അടി വരെ ഉയരത്തിലുള്ള ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ ഇതിലുൾപ്പെടുന്നു.
പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും ഈ പാരാമിലിട്ടറി ഫോഴ്സിന്റെ ശക്തിയാണ്. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാഹസികത നിറഞ്ഞ ജോലിചെയ്യുന്ന്തിന് താത്പര്യമുള്ള യുവതീയുവാക്കൾക്ക് ഐ.ടി.ബി.പി. യിൽ അംഗമാകാവുന്നതാണ്. സ്കീയിംഗ്, പർവ്വതാരോഹണം, ട്രെക്കിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയവ ഈ ഫോഴ്സിന്റെ ചില പ്രത്യേകതകളാണ്.
നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി.) : തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.എൻ.എസ്,ജി. എന്ന ചുരുക്ക നാമത്തിലും അറിയപ്പെടുന്നു. English: National Secutiry Guards (N.S.G.) 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്.
തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ് ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല.
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുപുറമെ വിശിഷ്ട വ്യക്തികൾക്ക് സുരക്ഷ പ്രദാനം ചെയ്യുക, ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോകളായി നിയമിക്കുന്നത്. എല്ലാ കമാൻഡോകളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാസേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് എന്ന പേരിലും അറിയപ്പെടുന്നു.
സശസ്ത്ര സീമാ ബൽ : കേന്ദ്രത്തിലെ 5 അര്‍ധസൈനിക വിഭാഗത്തില്‍പെട്ട പ്രധാനപ്പെട്ട മറ്റൊരു സേനയാണ് സശസ്ത്ര സീമാ ബല്‍. ഇന്തോ-നേപ്പാള്‍ ബോര്‍ഡര്‍, ഇന്തോ- ബൂട്ടാന്‍ ബോര്‍ഡര്‍ എന്നിവയാണ് സശസ്ത്ര സീമാ ബല്ലിന്റെ പ്രധാന പ്രവര്‍ത്തന മേഖല. ക്രമസമാധാന പരിപാലനത്തോടൊപ്പം ആംഗില്‍ ട്രെയിനിങ് സൈനിക യുദ്ധതന്ത്രങ്ങള്‍, കലാപം നേരിടേണ്ട തന്ത്രങ്ങള്‍ എന്നിവയും മികച്ച രീതിയില്‍ ഈ 82,000ത്തിലധികം വരുന്ന പാര മിലിറ്ററി വിഭാഗത്തിന് നല്‍കുന്നു.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.