കണ്ണൂരിനെ ഞെട്ടിച്ച ‘ചാല ടാങ്കർ ദുരന്തം’ – അന്ന് എന്താണ് ശരിക്കും നടന്നത്?

Total
0
Shares

ലേഖനം എഴുതിയത് – വിമൽ കരിമ്പിൽ.

2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചക വാതകം കയറ്റി കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കർ ലോറി, കണ്ണൂർ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ തട്ടി മറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമാണുണ്ടായത്. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനിൽ കയറുകയും അമിത വേഗതയിലായിരുന്ന (പറയപ്പെടുന്നു) ടാങ്കർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉത്രാട നാളും താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നും ആയതിനാൽ തന്നെ അപകടത്തിൽപെട്ട ടാങ്കറിന്റെ രക്ഷയ്ക്ക് പെട്ടെന്ന് ആരും എത്തിയില്ല. ഡ്രൈവറെ ക്യാബിനിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാൾവ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു.

അപകടം മനസിലാക്കിയ ഡ്രൈവറുടെ നിർദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയർ ഫോഴ്സ്, പോലീസ് തുടങ്ങിയവരെ അപകട വിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശങ്ങൾ നൽകവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സിനും പോലീസിനും സംഭവ സ്ഥലത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ലീക്ക് തടയാനുള്ള ശ്രമങ്ങൾ നടക്കണം എങ്കിൽ മംഗലാപുരത്ത് മാത്രമാണ് IOC ടെക്നിക്കൽ ടീം ഉള്ളത്. അവരെ ബന്ധപ്പെട്ട ശേഷം മൂന്ന് മണിക്കൂർ കൊണ്ട് എന്ന ധാരണയിൽ പ്രദേശത്തെ റോഡുകൾ ബ്ളോക്ക് ചെയ്ത് നിൽക്കവേ ടാങ്കറിനകത്തേക്ക് പടർന്ന തീ വഴി ടാങ്കർ പൊട്ടിത്തെറിച്ച് ഒരു അഗ്നി ഗോളുമായി രൂപാന്തരപ്പെട്ടു.

ഉഗ്ര സ്ഫോടനത്തിൽ ടാങ്കിന്റെ പാർട്സുകൾ ആകാശത്ത് കിലോമീറ്റർ താണ്ടി പതിച്ചു. അഗ്നി ഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്ര സ്ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്നി വിഴുങ്ങി. മിനിറ്റുകളോളം ആർക്കും പ്രവേശിക്കാനാവാത്ത വിധം ആ പ്രദേശം നിന്നു കത്തി. തീ അടങ്ങിയ ശേഷം അവിടെ രക്ഷാ പ്രവർത്തനത്തിന് എത്തിയവർക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ ജഢങ്ങളും ആയിരുന്നു. സത്യത്തിൽ ഒരു ശ്മശാന ഭൂമി ആയി മാറിയിരിന്നു ചാല. രക്ഷാ പ്രവർത്തനം നാട്ടുകാരുടെയും സിവിൽ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെയും കൈ മയ്യ് മറന്ന ശ്രമ ഫലമായി പുലർച്ചെ വരെ നീണ്ടു. അഗ്നി ഒരു ആ നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ത്ഥ ചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോ മീറ്ററുകൾ പരിധിയിൽ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികൾ എല്ലാം കരിഞ്ഞു വീണിരിക്കുന്നു. ഒരു പുതു നാമ്പു പോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിണ്ടർ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റർ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ കണ്ട( മുകൾ ഭാഗം) മുറിച്ചു താഴെയിട്ട സിലിണ്ടർ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്. ഒരു പക്ഷേ ആ തെങ്ങുകൾ ഇല്ലായിരുന്നു എങ്കിൽ സിലിണ്ടർ പതിച്ച സ്ഥലത്തിന് മീറ്ററുകൾക്കപ്പുറമാണ് IOC ഗ്യാസ് സംഭരണ ശാല. അതിനു പുറകിൽ ആയി ജനനിബിഢമായ നടാലിലോ ആയിരുന്നു പതിക്കുക എങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഏറിയേനെ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 20 പേർ ദുരന്തത്തിൽ മരിച്ചു. അഞ്ചുവീടുകൾ പൂർണമായും കത്തിനശിച്ചു. മുപ്പതോളം വീടുകൾക്ക് കേടുപറ്റി. 60 ലേറെ പേർക്ക് പരിക്കേറ്റു. കാർഷികവിളകൾ കത്തിക്കരിയുകയും വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തിൽ മൂന്ന് കുടുംബങ്ങൾ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങൾ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകൾ. ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകൾ.

മരിച്ചവർക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചു. ചാല ദുരന്തത്തിൽ ഡ്രൈവർ സേലം സ്വദേശി കണ്ണയ്യക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ദുരന്തവുമായി ബന്ധപ്പെട്ട് ലോറി ഉടമയെ അറസ്‌റ്റ് ചെയ്തു. നാമക്കല്‍ സ്വദേശി ദൊരൈരാജനായിരുന്നു ടാങ്കര്‍ ഉടമ. മനപ്പൂര്‍വമല്ലാത്ത നരഹത്യ(304), അശ്രദ്ധമൂലമുള്ള നരഹത്യ (304 എ) എന്നീ വകുപ്പുകള്‍ ചുമത്തി. ദൊരൈരാജിന്റെ ഉടമസ്‌ഥതയിലുള്ള ടാങ്കര്‍ ലോറി ഐഒസി വാടകയ്‌ക്ക് എടുത്തതായിരുന്നു. പാചകവാതകം വിതരണം ചെയ്യുന്ന ടാങ്കറുകളില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ വേണമെന്ന വ്യവസ്‌ഥ ഉടമ ലംഘിച്ചുവെന്ന്‌ പോലീസ്‌ കണ്ടെത്തി. അപകടം നടന്ന ടാങ്കര്‍ കണ്ണയ്യന്‍ എന്ന ഡ്രൈവര്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഉടമയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്‌ച ചൂണ്ടിക്കാണിച്ചായിരുന്നു കേസ്. അപകടത്തില്‍പ്പെട്ട ടാങ്കര്‍ 1999ല്‍ റജിസ്റ്റര്‍ ചെയ്തതാണ്. ഇത്രയും കാലപ്പഴക്കമുള്ള വാഹനം പാചക വാതകം കൊണ്ടുപോകാന്‍ ഉപയോഗിക്കരുതെന്നും വ്യവസ്ഥയുണ്ട്. ഈ വാഹനത്തിന് അനുമതി നല്‍കിയ ഐ ഒ സിക്കെതിരെയും കേസെടുത്തു.

ഗ്യാസ്‌ ടാങ്കര്‍ അപകടത്തില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചപ്പോൾ ടാങ്കര്‍ ഡ്രൈവര്‍ കണ്ണയ്യനും ലോറി ഉടമയും മാത്രമാണ്‌ പ്രതിപട്ടികയില്‍ വന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ പ്രതിപട്ടികയില്‍ ചേര്‍ത്തില്ല. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ്‌ ചുമത്തിയത്‌. സ്‌ഫോടന സാധ്യതയുളള വസ്‌തുക്കള്‍ വഹിച്ചുകൊണ്ട്‌ പോകുന്ന വാഹനത്തില്‍ രണ്ട്‌ ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മോട്ടോര്‍ വാഹന നിയമം ലംഘിച്ചതു മാത്രമാണ്‌ ഉടമയ്‌ക്കെതിരെയുളള കുറ്റം. അപകടം നടക്കുന്ന സമയത്ത്‌ ഒരു ഡ്രൈവര്‍ മാത്രമാണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്‌. ഡ്രൈവര്‍ക്ക്‌ സ്‌ഫോടന സാധ്യതയുളള വസ്‌തുക്കള്‍ വഹിക്കുന്ന വാഹനം ഓടിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. സ്‌ഫോടക വസ്‌തുക്കള്‍ വഹിക്കാനുളള ശേഷിയും സുരക്ഷയും വാഹനത്തിന്‌ ഉണ്ടായിരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പാലിക്കപ്പെട്ടിരുന്നതായി അന്വോഷണത്തിൽ കണ്ടെത്തി. ഗേറ്റ്‌ കടന്നുകഴിഞ്ഞാലുള്ള പിഴവുകള്‍ക്ക്‌ കമ്പനി ഉത്തരവാദി ആയിരിക്കുകയില്ലെന്നും കരാറില്‍ പറയുന്നുണ്ട്‌.

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറിയിരിക്കുന്നു. പ്രത്യക്ഷത്തിൽ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് ചാലയിലില്ല. പക്ഷേ ചാലയിലൂടെ കടന്നു പോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓർക്കും. ദുരന്തത്തിനു ശേഷം ടാങ്കറുകൾ ക്ക് ശക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് ചെക്കിംഗ് അഞ്ചാറു മാസം തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയ പോലെ. അതിനു ശേഷം പരിയാരം , തളിപ്പറമ്പ് , കല്ല്യാശ്ശേരി , വളപട്ടണം , വലിയന്നൂർ , അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ചെറുതും വലുതുമായ ടാങ്കര്‍ അപകടങ്ങൾ നടന്നു. ചാല ദുരന്തത്തിന് മുമ്പ് കരുനാഗപ്പള്ളിയിലും അതിനു ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളിലും ടാങ്കര്‍ അപകടങ്ങൾ ഉണ്ടായി.

കല്യാശേരിയിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട് മറിഞ്ഞതിനെത്തുടർന്ന് മണിക്കൂറുകളോളം വാതകം നിന്ന് കത്തി. പുലർച്ചെ നാലുമണിയോടെ അപകടം സംഭവിക്കുമ്പോൾ നാട്ടുകാർ സുഖസുഷുപ്തിയിലായിരുന്നു. പൊലീസും ഫയർഫോഴ്സുകാരും നാട്ടുകാരും ചേർന്ന് അപകടസ്ഥലത്തിനടുത്തുള്ള താമസക്കാരെ മുഴുവൻ ദ്രുതഗതിയിൽ ഒഴിപ്പിച്ചു. ടാങ്കർ പൊട്ടിത്തെറിക്കാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളും കൈക്കൊണ്ടു. മണിക്കൂറുകളോളം ഗ്യാസ് കത്തി നിന്നു. ഒന്നും രണ്ടുമല്ല പതിനെട്ട് ടൺ പാചകവാതകമാണ് മറിഞ്ഞ ടാങ്കറിൽ ഉണ്ടായിരുന്നത്. ചാലയിലുണ്ടായത് പതിനാറും . കല്ല്യാശ്ശേരി മറ്റൊരു ചാലയിൽ കലാശിക്കുമായിരുന്നത് ജനങ്ങളുടെ ശക്തമായ ഇടപെടലും (ദുരന്തമുഖത്തെ ആസ്വാദകരായ ഫേസ്ബുക്ക് കേമറകളെ കണ്ടം വഴിയാണ് ഓടിച്ചു വിട്ടത്) ടാങ്കറിന് മുകളിൽ വെള്ളമൊഴിച്ച് തണുപ്പിച്ച് ഫയർ ഫോഴ്സ് നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങളും അന്ന് രക്ഷകരായി.

സംസ്ഥാനത്തെ തിരക്കേറിയ റോഡുകൾ ഗ്യാസ് ടാങ്കറുകൾക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാൽ കഴിവതും ട്രെയിൻ മാർഗമോ ജലമാർഗമോ കൊണ്ടുപോകാൻ നടപടിയെടുക്കണമെന്ന് വ്യാപകമായി അന്ന് അഭിപ്രായമുയർന്നതാണ്. എന്നാൽ ഏത് ദുരന്തത്തിന്റെയും ഓർമ്മകൾ അധികനാൾ മനസിൽ നിൽക്കുകയില്ലെന്ന് അറിയാവുന്ന ഭരണാധികാരികൾ ഇത്തരത്തിലുള്ള സുരക്ഷാനിർദ്ദേശങ്ങൾ പതിവുപോലെ പുച്ഛിച്ചുതള്ളുകയാണ് ചെയ്യാറുള്ളത്. പട്ടാപ്പകൽപോലും സംസ്ഥാനത്തെവിടെയും വാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ ചീറിപ്പാഞ്ഞു പോകുന്നത് കാണാം. ഇരുചക്രവാഹനം ഓടിക്കുന്നവന്റെ തലയിൽ ഹെൽമറ്റ് ഉണ്ടോ എന്ന് നോക്കാൻ കവലകൾ തോറും കാവൽ നിൽക്കുന്ന പൊലീസുകാരുടെയും മോട്ടോർ വാഹന വകുപ്പിലെ മറ്റു ശിങ്കങ്ങളുടെയും മുന്നിലൂടെയാണ് ഇന്നും ഈ വാതകബോംബുകൾ എല്ലാ സുരക്ഷാവ്യവസ്ഥകളും ലംഘിച്ച് ഓടിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post