ചാലക്കുടി എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ്മ വരിക കലാഭവൻ മണിയെ ആയിരിക്കും. അതെ, ചാലക്കുടി എന്ന നാടിനെ ലോകമെമ്പാടും ഇത്തരത്തിൽ ബ്രാൻഡ് ചെയ്‌തത് കലാഭവൻ മണിയെന്ന ചാലക്കുടിക്കാരുടെ സ്വന്തം ‘മണിച്ചേട്ടൻ’ ആയിരുന്നു. മണിച്ചേട്ടൻ വിടപറഞ്ഞിട്ടു മൂന്നു വർഷമായി ഇപ്പോൾ. കഴിഞ്ഞ ദിവസം മണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നാടെങ്ങും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ആദരവ് നൽകിയപ്പോൾ ചാലക്കുടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്തത് വ്യത്യസ്തമായ ഒരു കാര്യമായിരുന്നു. ആ സംഭവം ഇങ്ങനെ..
ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയ്ക്ക് ആകെയൊരു സൂപ്പർ ഫാസ്റ്റ് ബസ് മാത്രമേ സ്വന്തമായിട്ടുള്ളൂ. അതുകൊണ്ടു തന്നെ RPC 422 എന്ന ടാറ്റാ മോഡൽ സൂപ്പർ ഫാസ്റ്റ് ബസ് ചാലക്കുടി ഡിപ്പോ പൊന്നുപോലെയാണ് സൂക്ഷിച്ചു കൊണ്ട് നടക്കുന്നത്. അങ്ങനെയിരിക്കെ ഈ ബസ് ആദ്യത്തെ CF ടെസ്റ്റ് കഴിഞ്ഞു പുത്തൻ വേഷത്തിൽ കുട്ടപ്പനായി പുറത്തു വന്നപ്പോൾ ചാലക്കുടിയിലെ കുറച്ച് ആനവണ്ടി പ്രേമികൾക്കും ചില ജീവനക്കാർക്കും ഒരാഗ്രഹം, കുറച്ചു അലങ്കാരപ്പണികളും സ്റ്റിക്കർ വർക്കുകളും ഒക്കെ ചെയ്ത് ഒന്നു മോടിപിടിപ്പിച്ചാലോ? അങ്ങനെ എല്ലാവരും ചേർന്ന് ഓരോരുത്തരും ഷെയർ ഇട്ടുകൊണ്ട് ബസ് മോടിപിടിപ്പിച്ചു സുന്ദരനാക്കി. ഒപ്പം ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന് പിൻഭാഗത്ത് എഴുതി വെയ്ക്കുകയും ചെയ്തു.
ചാലക്കുടി സ്വദേശികളായ ശബരി തമ്പി, ദീപക് കെ.ബി തുടങ്ങിയ ആനവണ്ടി പ്രേമികളും ഡിപ്പോയിലെ മെക്കാനിക്കുമാരായ വിശാന്ത്, വിനേഷ് തുടങ്ങിയവരുമെല്ലാം മുൻകൈയെടുത്തായിരുന്നു ബസ്സിനെ ഇത്തരത്തിൽ മോഡി പിടിപ്പിച്ചത്. കൂടാതെ ബസ്സിനു മനോഹരമായ ഡെസ്റ്റിനേഷൻ ബോർഡുകളും തയ്യാറാക്കി. സ്റ്റിക്കർ ചെയ്തപ്പോൾ എല്ലാരും ചോദിച്ച ഒരു കാര്യം എന്തെന്നാൽ നിങ്ങൾ എന്താ മണി ചേട്ടന്റെ പടം വെക്കാത്തത് എന്നായിരുന്നു. അങ്ങനെയിരിക്കെയാണ് കലാഭവൻ മണിയുടെ ഓർമ്മദിനത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഇവർ ആലോചിച്ചത്. എല്ലാവരും ആഗ്രഹിച്ചതു പോലെ മണിച്ചേട്ടന്റെ ചിത്രം വെക്കുവാൻ ആയിരുന്നു ഇവരുടെ പ്ലാൻ. സംഭവം ഡിപ്പോ അധികൃതരെ അറിയിച്ചപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പിന്നൊന്നും കൂടുതൽ ചിന്തിക്കാൻ നിന്നില്ല, ബസ്സിൻറെ മുൻഭാഗത്തും ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന പേരും അതിനോടൊപ്പം കലാഭവൻ മണിയുടെ ഒരു ചിത്രവും ഇവർ സ്റ്റിക്കർ അടിച്ചു മനോഹരമായി ഒട്ടിച്ചു.
ചാലക്കുടി മുതൽ തിരുവനന്തപുരം വരെ ഈ ബസ് ഓടുന്ന എല്ലായിടത്തും ചാലക്കുടിക്കാർക്ക് മണിച്ചേട്ടനോടുള്ള അടുപ്പം
ഇത് കാണുമ്പോൾ അറിയട്ടെ. അതുമല്ല ഈ ചിത്രവും പേരും കാണുന്ന ഏതൊരാളും മണിച്ചേട്ടനെ ഒരു നിമിഷം ഓർത്തുപോകും, ആ വേർപാടിൽ മനസ്സുനോവും എന്നുറപ്പാണ്. മണിച്ചേട്ടന്റെ ഓർമ്മദിനത്തിൽ മണിചേട്ടന് നൽകാവുന്ന നല്ലൊരു ആദരവ് തന്നെയായി മാറി ഈ കൂട്ടുകാരുടെ പ്രയത്നം എന്നതിൽ യാതൊരു സംശയവും വേണ്ട. ഇതിനു സഹായിച്ച ഡിപ്പോയിലെ ബാക്കി ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു.
കലാഭവൻ മണി (ഒരു ജീവിത രേഖ) : ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു.
അങ്ങനെ അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു. പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
1995-ൽ ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.
2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.
ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മുഴക്കം നിലച്ച് പോയെന്നു മലയാളികൾ, എന്തിനേറെ പറയുന്നു ചാലക്കുടിപ്പുഴ പോലും വിശ്വസിച്ചിട്ടില്ല.
ബസ് ചിത്രങ്ങൾ – ദീപക് കെ.ബി.