ഒരു പേര് ഒരു നാടിന്റെയും നാട്ടുകാരുടെയും ഹൃദയതുടിപ്പായി മാറിയ ചരിത്രം അതാണ് ചമ്പക്കര മോട്ടോർസ്. ചമ്പക്കര മോട്ടോഴ്‌സിന്റെ ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ വായിച്ചു തുടങ്ങുക ഏതാണ്ട് 40 വർഷം മുന്നെ ആണ്.
1970 കളിൽ കാളവണ്ടിയും,നടപ്പന്തലുകളും സഹയാത്രികർ ആയിരുന്ന കാലത്ത് കേരളത്തിലും, തമിഴ്നാട്ടിലും തീപ്പെട്ടിക്കമ്പനി നടത്തിയിരുന്ന ശ്രീകണ്ഠൻ, ബാലൻ, ഉണ്ണികൃഷ്ണൻ, ശിവരാമൻ എന്നീ 4 സഹോദരങ്ങളെടുത്ത തീരുമാനം പുതിയൊരു വ്യവസായ ലോകത്തേയ്ക്ക് വെളിച്ചം വീശി. ഒരു ബസ് സർവ്വീസ്. അങ്ങനെ KRB 6787 എന്ന പഴയ സെക്കൻഡ് ഹാൻഡ് ബസ് തിരുനക്കരയപ്പന്റെ മുറ്റത്ത് നിന്ന് വാവര് സ്വാമിയുടെ നടയിലേക്കു ചമ്പക്കര പ്രായാണം ആരംഭിച്ചു. അത് ഒരു പുതിയ തുടക്കം ആയിരുന്നു. യാത്രക്കാരുടെ അകമഴിഞ്ഞ സഹകരണം കൂടെ ആയപ്പോൾ വേറെ ഒന്നും ആലോചികേണ്ടി വന്നില്ല. ഒന്നിനു പുറകെ ഒന്നായി ചമ്പക്കര മോട്ടോർസ് അക്ഷരനഗരി അടക്കി ഭരിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കൊട്ടയത്തുനിന്നു പത്തനംതിട്ടയുടെ അതിർത്തി ഗ്രാമങ്ങളിലേക്കും ആലപ്പുഴ ജില്ലയിലെ പട്ടണത്തിലേക്കും സർവിസ് തുടങ്ങിയ ചമ്പക്കര മോട്ടോർസ് ഉൾനാടൻ റോഡ് ഗതാഗതത്തിന്റെ ജീവനാഡിയായി മാറി. പ്രവർത്തന മികവുകൊണ്ട് ചമ്പക്കര ഒരു ബസ് സർവീസ് എന്നതിലുപരി ഒരു വിശ്വാസമായി മാറി. മഴയാണേലും, മഞ്ഞാണേലും കോട്ടയത്തിന് പോകാൻ ചമ്പക്കര വരുമെന്ന വിശ്വാസം. അതൊരു തലമുറ കൈമാറി വന്നു നിൽക്കുന്നു. “തൊട്ടതെല്ലാം പൊന്ന്” എന്ന വാക്ക് പോലെ ആയിരുന്നു പിന്നീടുള്ള ചമ്പക്കരയുടെ വളർച്ച. ചമ്പക്കരയുടെ മുപ്പതിലധികം ബസുകൾ കോട്ടയം പട്ടണത്തിൽ പാറി നടന്നു.
കാലങ്ങൾ കടന്നപ്പോൾ ചമ്പക്കര സ്വന്തമായി ബസ് ബോഡി നിർമ്മാണവും ആരംഭിച്ചു. ചമ്പക്കരയുടെ സ്വന്തം ബോഡി വണ്ടികൾ നല്ല കാളക്കൂറ്റന്മാരേപ്പോലെ കോട്ടയത്തുനിന്നും ചീറിപ്പാഞ്ഞു. ചമ്പക്കര ബോഡിയുടെ ഗുണമേന്മ അക്കാലത്ത് അവകാശപ്പെടാന്‍ മറ്റൊരു ബസ് ബോഡി നിർമ്മാതാക്കൾക്കും സാധിച്ചിരുന്നില്ല. പ്രായഭേദമന്യേ ഇതുപോലെ ആളുകൾ പിന്തുണയ്ക്കുന്ന മറ്റൊരു സർവീസ് കോട്ടയത്ത് ഉണ്ടോ എന്നത് ഇപ്പോഴും സംശയമാണ്. വേറെ ഏതോ ഒരു ഓപ്പറേറ്റരുടെ ഒരു പഴയ വണ്ടി വാങ്ങിച്ചു തുടങ്ങിയ പ്രസ്ഥാനം പിന്നീട് 30 ഇൽ പരം ബസുകളുമായി കോട്ടയം നഗരം കണ്ട ഏറ്റവും വലിയ കമ്പനിയായി എന്നത് കാലം തെളിയിച്ച ചരിത്രം.
ചമ്പക്കര മോട്ടോർസ് തങ്ങളുടെ എല്ലാ വണ്ടികളും സ്വന്തം വർക്ഷോപ്പിൽ ആണ് പണികഴിപ്പിച്ചിരുന്നത്. ചമ്പക്കര മോട്ടോർസ് ബസ്സുകളുടെ പ്രധാന ആകർഷണം അവയുടെ ഒരേപോലുള്ള കളർകോഡ് ആയിരുന്നു. നീലയും മഞ്ഞയും നിറത്തിലുള്ള ചമ്പക്കര ബസ്സുകൾ വരുന്നതു കാണുവാൻ തന്നെ ഒരു ഗമയായിരുന്നു. പ്രായമേറിയവരും കുട്ടികളുമെല്ലാം ചമ്പക്കരയുടെ ആരാധകർ ആയിരുന്നു.
ചമ്പക്കരയും മഹാരാജ ബസ്സും തമ്മിലുള്ള മത്സരങ്ങള്‍ ഒരു കാലത്ത് കോട്ടയം – കറുകച്ചാല്‍ റൂട്ടിലെ ഒരു സ്ഥിരം കാഴ്ച ആയിരുന്നു. യാത്രക്കാരെ പോലെ തന്നെ കണ്ടുനിൽക്കുന്നനാട്ടുകാരും ആസ്വദിച്ച മത്സരങ്ങള്‍. എന്നും പുതിയ ഒരു ബോഡിയുമായി ചമ്പക്കര വരുമ്പോള്‍ ആസ്വാദനത്തിനായി കോട്ടയംകാർ അതിൽ യാത്ര ചെയ്തിരുന്ന കാലം. ആനപ്പാറ, ആങ്ങമൂഴി വണ്ടികളില്‍ യാത്ര ചെയ്യാന്‍ കുട്ടികളും കൗമാരക്കാരും കൊതിച്ചിരുന്ന ഒരു കാലം. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്ന മാസ് സിനിമയിൽ ഒരു നിമിഷം ചമ്പക്കര ബസ് മിന്നി മറഞ്ഞത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
ഒരുകാലത്ത് മുപ്പതോളം ബസ് സർവ്വീസുകൾ ഉണ്ടായിരുന്ന ചമ്പക്കര മോട്ടോഴ്‌സ് 2015 കാലഘട്ടമായപ്പോഴേക്കും വണ്ടികളുടെ എണ്ണം കുറച്ചു. കോട്ടയം – കറുകച്ചാൽ റൂട്ടിൽ KL 5 C 1515 എന്ന ബസ്സായിരുന്നു അവസാനം രൂപം കൊടുത്ത പെർമിറ്റ്. പിന്നീട് ചമ്പക്കര മോട്ടോഴ്സിന്റെ ചില പെർമിറ്റുകൾ മറ്റ് ഓപ്പറേറ്റർമാർക്ക് വിറ്റു. ചമ്പക്കര മോട്ടോർസ് ഓടിത്തെളിയിച്ച റൂട്ടുകളിൽ മറ്റ് ഓപ്പറേറ്റർമാരും അതേ പാത പിന്തുടർന്ന് വിജയം കൈവരിച്ചു.
ഒരു കാലത്ത് കോട്ടയം നഗരത്തെ പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിച്ചിരുന്ന, ജനങ്ങള്‍ക്ക് ഉപകാരമായിരുന്ന, ഒരുപാടു സര്‍വ്വീസ് ഉണ്ടായിരുന്ന ഒരു ബ്രാന്റ് നെയിം കൂടി കാലത്തിന്റെ മറക്കുള്ളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുകയാണിന്ന്. ഇന്നിപ്പോൾ പുതിയ കളർകോഡുമൊക്കെയായി നാമമാത്രമായ സർവ്വീസുകൾ നിലനിർത്തുന്നുണ്ടെങ്കിലും പഴയ ചമ്പക്കരയെ മറക്കുവാൻ കോട്ടയത്തിനും അന്നാട്ടുകാർക്കും കഴിയില്ല. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാലും പ്രിയപ്പെട്ട ചമ്പക്കര ഓരോ കോട്ടയംകാരന്റെയും ഹൃദയത്തിൽ നിറഞ്ഞു നില്‍ക്കും. കോട്ടയംകാരുടെ നൊസ്റ്റാൾജിയകളിൽ ഒരു പ്രധാന സ്ഥാനം എന്നും ചമ്പക്കര മോട്ടോഴ്സിനു തന്നെയായിരിക്കും എന്നുറപ്പാണ്.
കടപ്പാട് – Busfans Elavumthitta, Sujith Prabhakar, Private Bus Kerala FB Group.