വിവരണം – ശാരി തൃശ്ശൂർ.
പ്രകൃതിക്കു മുൻപിൽ മഹാമാരിക്ക് മുമ്പിൽ നമ്മൾ മനുഷ്യർ ഒന്നുമല്ല എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാലും നമ്മൾ എത്ര ശക്തമായിട്ടാണ് എല്ലാത്തിനോടും പൊരുതുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള സാഹചര്യങ്ങളിലൂടെ ആണ് ഓരോരുത്തരും കടന്നുപോകുന്നത്. എല്ലാം നമുക്ക് വേണമെങ്കിൽ ഒരു തിരിച്ചറി വായിഎടുക്കാം.. അല്ലെങ്കിൽ തള്ളിക്കളയാം.
ആരും ഇഷ്ടപ്പെടുന്ന മാറ്റങ്ങൾ അല്ല ഈ വീട്ടിൽ ഇരിപ്പും പുതിയ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള ഈ ജീവിതവും. സാഹചര്യം നമ്മളെ ഇപ്പോൾ നിർബന്ധിതരാക്കിയിരിക്കുന്നു. എല്ലാത്തിനും ഒരു നല്ല വശം ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്. ജോലിക്ക് വേണ്ടി ഓടി വീടും വീട്ടുകാര്യങ്ങൾക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പറ്റാത്ത എത്ര പേരെയാണ് കൊറോണ ഇന്ന് വീട്ടിൽ ഇരുത്തിയത്.. കുടുംബാംഗങ്ങൾ തമ്മിൽ അകന്നു പോയി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൊറോണ കടന്നുവന്നത്.
വേണമെങ്കിൽ ഈ സാഹചര്യത്തിൽ ഒരു ദൈവദൂതൻ എന്ന് വിശേഷിപ്പിക്കാം (പക്ഷേ ആള് ഒരു വില്ലനാണ്). പഴയകാലത്തെ പോലെ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുന്നു, കഴിക്കുന്നു, പല പഴയ കളികൾ തിരിച്ചു കൊണ്ടുവരുന്നു… ആർക്കും വേണ്ടാതെ കിടന്നിരുന്ന ചക്കയും മാങ്ങയും ഒക്കെ എത്ര സന്തോഷത്തോടെയാണ് നമ്മൾ ഇപ്പോൾ കഴിക്കുന്നത്. വീട്ടിലെ കറിവേപ്പിലക്ക് പോലും ഇന്ന് വൻ ഡിമാൻഡാണ്. പച്ചക്കറിയുടെ ഒരു നാമ്പു പോലും ഇല്ലാത്തവർ എന്തെങ്കിലുമൊക്കെ വീട്ടിൽവച്ച് ഉണ്ടാക്കണം എന്ന് ചിന്തിക്കുന്നത് തന്നെ വലിയൊരു മാറ്റം അല്ലേ?
കുട്ടികൾക്ക് ബർഗറും പിസയും വാങ്ങി കൊടുക്കുന്നവർ അതെല്ലാം മാറ്റിവച്ച് നാടൻ പലഹാരങ്ങൾ ലേക്ക് മാറി. ഷോപ്പിങ് മാളുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങിയിരുന്ന ഒരു വിഭാഗം ആളുകൾ സ്വന്തം അയൽപക്കത്തെ രാമേട്ടൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ തുടങ്ങി. പഠിപ്പ് കഴിയുന്നതിനു മുന്നേ കേരളം കടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. പുറം രാജ്യങ്ങളിൽ നിന്ന് പേടിസ്വപ്നമായി മാറി. ജീവിക്കാൻ ഏറ്റവും നല്ലതും സുരക്ഷയും ദൈവത്തിന്റെ സ്വന്തം നാടായ ഇവിടെയാണ് എന്ന് നമ്മൾ തിരിച്ചറിയുന്നു.
നമ്മൾ വേഗത്തിൽ ഈ ഭൂമിയിൽ സഞ്ചരിക്കുമ്പോൾ നമ്മുടെ ഇടപെടൽ കൊണ്ട് ശ്വാസം മുട്ടുമ്പോൾ ഈ പ്രകൃതി അനുഭവിക്കുന്ന ഒരു നോവ് ഇപ്പോൾ തിരിച്ചറിയുന്നു. പുകപടലം മാലിന്യവും കൊണ്ട് നിറഞ്ഞ നമ്മുടെ പരിസ്ഥിതി ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. നമ്മുടെ പുഴകൾ ശക്തമായിരിക്കുന്നു ഇന്നാർക്കും മാലിന്യങ്ങൾ കളയണ്ട നമ്മൾ വിചാരിച്ചാൽ ഇത് എല്ലാം മാറ്റി എടുക്കാം എന്ന് സ്വയം ഒരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു.
നമ്മളെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയും അവകാശവും ഉള്ളവരാണ് ഓരോ ജീവജാലങ്ങളും. ഒരു ആപത്തു വരുമ്പോൾ മനുഷ്യർ കൈകോർക്കുന്നു. എന്നാൽ എല്ലാവരും വീടിനകത്ത് ആയപ്പോൾ ഭക്ഷണവും വെള്ളവും കിട്ടാതെ എത്ര പക്ഷിമൃഗാദികൾ ആണ് നമുക്ക് ചുറ്റും ഉള്ളത്. വിശക്കുന്നു എന്നു പറയാനോ കുറച്ചു വെള്ളം തരുമോ എന്ന് ചോദിക്കാനോ ആവാത്ത ആ മിണ്ടാപ്രാണികൾക്ക് പക്ഷേ അവര് പോലും വിചാരിക്കാതെ അത് അവരുടെ മുന്നിൽ എത്തിക്കുന്ന ഒരു പിടി നല്ല മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവരുടെ വിശപ്പകറ്റാൻ മാത്രം ഇറങ്ങി പുറപ്പെടുന്നവർ. ഇവർ നമ്മുടെ ഹീറോസ് ആണ്.
അങ്ങനെ ഒരു കാഴ്ച ഞാനും നേരിൽ കണ്ടു. തൃശ്ശൂർ സിറ്റി പോലീസ് എസ്ഐ സിന്ധു മാഡം.. ഈ ലോക ഡൗൺ തുടങ്ങിയത് മുതൽ തൃശൂർ തേക്കിൻകാട്ടിൽ പക്ഷികൾക്ക് അന്നവും വെള്ളവും കൊടുക്കുന്ന കാക്കി വസ്ത്രമണിഞ്ഞ് മാലാഖ. പല ഉത്തരവാദിത്വങ്ങൾക്ക് ഇടയിൽ ഇതിനൊന്നും മെനക്കെടേണ്ട എന്ന് തീരുമാനിച്ചാൽ ഈ കൊടുംചൂടിൽ ഒരുതുള്ളി വെള്ളംപോലും കിട്ടാതെ എത്രയോ ചിറകുകൾ പൊഴിഞ്ഞനെ. ഈ നന്മയുള്ള കാഴ്ച എന്റെ മുന്നിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾക്കതീതമാണ്. യഥാർത്ഥ ഹീറോകൾ നമുക്ക് ചുറ്റുമുണ്ട്.. ഇതാണ് നമ്മുടെ ശക്തി നമ്മുടെ ധൈര്യം.. ബിഗ് സല്യൂട്ട്…