വിവരണം – ഷെറിൻ ഷിഫി.

അതെ പലർക്കും അറിയില്ല തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ഡാം എതാണെന്ന്.. 1996 ൽ നിർമ്മിച്ച 75 മീറ്റർ ഉയരമുള്ള ചിമ്മിനി ആണ് ജില്ലയിലെ വലിയ ഡാം. എതാണ്ട് 1 മണിക്കൂറിനടുത്ത് യാത്ര ഉണ്ട് എന്റെ വീട്ടിൽ നിന്നും അങ്ങോട്ടെക്ക്, അതു കൊണ്ട്ത്തന്നെ ഈ വർഷം ഇത് 4 മത്തെ പ്രാവശ്യമാണ് അങ്ങോട്ടെക്ക് പോകുന്നത് (മറ്റു ഡാമുകളെ താരതമ്യം ചെയുമ്പോൾ ഒരു കാടിന്റെ അന്തരീക്ഷം ആണ് ഇവിടെ, നിർമിതികൾ നന്നെ കുറവ് ) ……

തിങ്കളാഴ്ച്ച ഹർത്താൽ ആയത്കൊണ്ട് ഉച്ചവരെ വീട് ക്ലീനിങ്ങും, മറ്റും ആയി കുറച്ച് പണിയിലായിരുന്നു. ഉച്ചകഴിഞ്ഞ് വെയിലാറിയപ്പോഴാണ് ചിമ്മിനിയിലേക്ക് പോയാലോന്നൊരു ആലോചന വന്നത്, മോനെയും കൂട്ടാം, പ്രളയം വന്നതിന് ശേഷം അവിടെ എന്താണ് അവസ്ഥ എന്നറിയിലായിരുന്നു, ഫോൺ വിളിച്ച് തിരക്കിയപ്പോൾ ഒരു കുഴപ്പവും ഇല്ല, എന്ന് പറഞ്ഞു പിന്നെല്ലാം പെട്ടെന്ന് ആയിരുന്നു വേഗം റെഡിയായി , വണ്ടിയെടുത്ത് ഇറങ്ങി.

പോകുന്ന വഴിക്ക് പുലിക്കണ്ണി എത്തിയപ്പോൾ വിചാരിച്ചു പീച്ചി പോയാലോന്നു, കാരണം രണ്ടിടത്തേക്കും എതാണ്ട് ഒരെ ദൂരം ആയിരുന്നു, പക്ഷെ ചിമ്മിനിയിലേക്കുള്ള എസ്റ്റേറ്റ് റോഡും, കൃത്രിമ പൂന്തോട്ടങ്ങൾ ഇല്ലാത്ത, കാടുകൾ നിറഞ്ഞ ഡാം പരിസരവും, ഞങ്ങളെ ചിമ്മിനിയിലേക്ക് മാടി വിളിച്ചു… പോകുന്ന വഴിയിൽ ഡാമിലെ വെള്ളം വരുന്ന ചിമ്മിനിപുഴ കരകവിഞ്ഞ്, തൊട്ടടുത്ത പറമ്പുകളിലേക്ക് ,മണ്ണും മരങ്ങളും, കല്ലുകളും വന്നടിഞ്ഞ് കിടക്കണത് കാണായിരുന്നു. കൂടാതെ പുഴയിൽ ധാരാളം ഉരുളൻ കല്ലുകൾ ഭംഗിയിൽ കിടക്കുന്നതും കാണായിരുന്നു……

ഏതാണ്ട് മുക്കാൽ മണിക്കുറുകൊണ്ട് ഞങ്ങൾ ഡാമിലേക്ക് എത്തി…. (15 രൂപ ആണ് മുതിർന്നവരക്കുളള പാസ്,80 രൂപ കാർ പാസ്, 30 രൂപ ബൈക്ക് പാസ്,55 രൂപ ക്യാമറ പാസ്) മഴ പെയ്ത കാരണം നല്ല പച്ചപുതച്ച് കിടക്കുന്ന സഹ്യപർവതനിരകൾ വെള്ളത്തിൽ പ്രതിഫലിച്ച് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. സ്ഥിരം കാണാറുള്ള സ്ഥലം ഒഴിവാക്കി, ഡാമിന്റെ സൈഡിലൂടെ താഴെക്ക് ഇറങ്ങി, അവിടെ നിന്നാൽ ബാംബു നഫ്റ്റിങ്ങിന്റെ ചങ്ങാടം അകലെ കിടക്കുന്നത് കാണാം, കൂടാതെ മുളയുടെ വഞ്ചിയും മറ്റും അവിടെ കെട്ടിയിട്ടിരിക്കുന്നുണ്ടായിരുന്നു.

നല്ല തെളിഞ്ഞ ആകാശം ആയതിനാൽ ഫോട്ടൊ എടുക്കാൻ ഞാൻ മോനെയും കൊണ്ട് കുറച്ച് നേരം വെള്ളത്തിന്റെ അടുത്ത് പോയി നിന്നു, 8 മാസം പ്രായമാണെങ്കിലും, വല്യ ആൾക്കാരുടെ പോലെ എല്ലാതും നോക്കി കാണുകയായിരുന്നുയിരുന്നു ഇടക്ക് ക്യാമറ എന്റെ കയിൽ നിന്നും പിടിച്ചും നോക്കുന്നുണ്ടായിരുന്നു ( തിന്നാനുള്ളതായിരിക്കും എന്ന് വിചാരിച്ചാണെന്ന് തോന്നുനു)… അവിടത്തെ കാഴ്ച്ചകൾ കണ്ടു കഴിഞ്ഞ് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ടൊ എന്നറിയാനായി അങ്ങോട്ടെക്ക് പോയി, ഭാഗ്യത്തിന് ഒരു ഷട്ടർ നേര്യതായി തുറന്നിട്ടുണ്ട് അതിന് താഴെ മീൻപിടുത്തവും, കുളിയും മറ്റും നടക്കുന്നുണ്ടായിരുന്നു എല്ലാം പതുക്കെ നടന്ന് കണ്ട് വന്നപ്പോഴെക്കും നേരം സന്ധ്യ ആവാറായിരുന്നു, വഴിയിൽ മൃഗങ്ങളുണ്ടാകാൻ സാധ്യത ഉള്ളതിനാൽ , പതിയെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു… അങ്ങനെ ഹർത്താൽ ദിനം അങ്ങനെയങ്ങ് തീർത്തു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.