വിവരണം – Akhil Sasidharan.
ചൈനയുമായി അതിർത്തി പങ്കിടുന്ന രണ്ട് പ്രദേശങ്ങളിലെ ഇന്ത്യൻ പട്ടാളക്കാരുമായി നേരിൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ അഭിപ്രായം ആണ് “ഇവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല” എന്ന്. ചൈനീസ് – ഇന്ത്യൻ സർക്കാരുകൾ തമ്മിലുള്ള ഉന്നതതല സമധാനയോഗം കഴിഞ്ഞാലുടൻ ഇവന്മാര് ഇളിച്ചു കൊണ്ട് കുറെ ദിവസം നിൽക്കും. പിന്നീട് യാതൊരു പ്രകോപനവും കൂടാതെ അക്രമണവും തുടങ്ങും. ഇവരുടെ സർക്കാർ അറിവോടെ ആണ് ഇതെല്ലാം നടക്കുന്നത് എന്ന് ഉറപ്പാണ്. പാക്കിസ്ഥാൻ പട്ടാളക്കാർ ഇവരെ അപേക്ഷിച്ച് വളരെ ഭേദമാണ് കുറഞ്ഞ പക്ഷം മനസ്സിൽ ഉള്ള കാര്യം തുറന്ന് പ്രകടിപ്പിക്കുക എങ്കിലും ചെയ്യുംമെന്നാണ് അതിർത്തി മേഖലയിലെ പട്ടാളക്കാർ പറയുന്നത്.
എൻ്റെ ഭൂട്ടാൻ സഞ്ചാരത്തിൽ നേരിൽ കണ്ടറിഞ്ഞതാണ് ഭൂട്ടാനികൾക്ക് ചൈനക്കാരോട് ഉള്ള വെറുപ്പ്. ഇന്ത്യ എന്ന രാജ്യം സഹായത്തിന് ഇല്ലായിരുന്നുവെങ്കിൽ എന്നേ ചൈന, ടിബറ്റ് പോലെ ഭൂട്ടാൻ അക്രമിച്ച് കീഴടക്കുവായിരുന്നു എന്ന് യാത്രക്കിടെ പരിചയപ്പെട്ട ഒരു ഭൂട്ടാനി ഉന്നതോഉദ്യോഗസ്ഥൻ പറഞ്ഞു. വളരെ കാലങ്ങൾ ആയി നേപ്പാളിൽ ചൈന ആസൂത്രിതമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലം ആണ് ഇപ്പോൾ ഇന്ത്യയുടെ ആ പഴയ സുഹൃത്ത് നമുക്കെതിരെ തിരിഞ്ഞതും ഭൂപടം വരെ മാറ്റി വരച്ചതും.
നേപ്പാൾ സന്ദർശ്ശിച്ചവർക്ക് അറിയാം ഡ്രഗ്സും, ലൈഗിംക തൊഴിലാളി പ്രവർത്തനങ്ങളും, രാഷ്ട്രീയ കുതന്ത്രങ്ങളും ആയി ചൈന ഇപ്പോൾ നേപ്പാളിനെ കീഴ്പ്പെടുത്തിയിരിക്കുന്നു. പാക്കിസ്ഥാൻ പണ്ടേ ഇവർക്കൊപ്പം ആണല്ലോ. ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കൾ ആയ ബംഗ്ലദേശും, ഭൂട്ടാനും മാത്രമാണ് ഈ മേഖലയിൽ ചൈനയെ പ്രതിരോധിച്ച് ഇന്ത്യക്കൊപ്പം നിൽക്കുന്നത്.
1975-ൽ സിക്കിം നമുക്ക് ഒപ്പം ചേർന്ന നാൾ മുതൽ തുടങ്ങിയതാണ് ഇവരുടെ ഈ പുറകിൽ നിന്നുള്ള കുത്ത്. അതിന് മുൻപേ ഉത്തരാഘണ്ടിൽ ജോഷിമഠ് വരെ പിടിച്ചെടുത്ത് പിന്നീട് പുറകോട്ട് പോയെങ്കിലും നമ്മുടെ ആയിരകണക്കിന് ചതുരശ്ര കിലോമീറ്റർ ഹിമാലയ ഭൂമി അവർ കൈയ്യടക്കിയിട്ടുണ്ട് എന്ന് ബദരീനാഥ് ക്ഷേത്രത്തിലെ മലയാളിയായ റാവൽജി പറഞ്ഞത് ഓർക്കുന്നു.
സൈനിക ശേഷി കൊണ്ടും ആയുധബലം കൊണ്ടും നമ്മെക്കാൾ മികവ് ഉണ്ടാകും ചൈനക്കാർക്ക്. എങ്കിലും ഇനി ഒരു തുണ്ട് ഇന്ത്യൻ മണ്ണ് ഇവന്മാർക്ക് വിട്ട് കൊടുക്കരുത്. കാരണം വീര ചരമമടഞ്ഞും, നമുക്കൊന്നും ചിന്തിക്കാൻ സാധിക്കാത്തത്ര ദുരിതത്തിൽ കഷ്ട്ടപ്പെട്ടും കുറെയേറെ ഇന്ത്യൻ സൈനികർ കാത്ത് സൂക്ഷിച്ച മണ്ണാണ് ഇത്. ഇനിയൊരു ഇന്ത്യൻ പട്ടാളക്കാരൻ്റെയും ഒരു തുള്ളി ചോരയും അവിടെ വീഴാൻ പാടില്ല. നമ്മുടെ ഒരു കൈപ്പിടി മണ്ണും അവർക്ക് വിട്ട് കൊടുക്കാൻ പാടില്ല. അതിനുള്ള രാഷ്ട്രീയ ആർജവവും, നയതന്ത്ര നിപുണതയും ഇന്ത്യൻ സർക്കാർ പ്രയോഗിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
വീരമൃത്യ വരിച്ച എല്ലാ സൈനികർക്കും ഹൃദയത്തിൽ നിന്നും ആദരാജ്ഞലികൾ… അവരുടെ കുടുബാംഗങ്ങൾക്കും ഉറ്റവർക്കും ഈ തീരാ നഷ്ട്ടം സഹിക്കാൻ ആത്മധൈര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.