കിഴങ്ങുവർഗത്തിൽപെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക മലയാളികൾക്ക് പ്രിയങ്കരമാണ്. അധികം പരിചരണം വേണ്ടാത്ത ഒന്നാണ് കൂർക്ക കൃഷി. വളരെയെളുപ്പത്തിൽ കൂർക്ക കൃഷിചെയ്യാം. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ ഇത് കൃഷി ചെയ്യാം. കൂർക്ക ഏകദേശം നാലഞ്ച് മാസങ്ങൾ കൊണ്ട് വിളവ് എടുക്കാം.
കൂർക്ക കിഴങ്ങുകൾ പാകി മുളപ്പിച്ച് അതിന്റെ തലപ്പുകൾ ആണ് നടുന്നത്. തലപ്പുകൾ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി വിത്ത് കിഴങ്ങ് പാകി മുളപ്പിച്ച് വള്ളികൾ തയ്യാറാക്കുക. കൂർക്കയുടെ വിത്ത് കിഴങ്ങുകൾ കിട്ടാനില്ലെങ്കിൽ കടയിൽ നിന്ന് നല്ല കൂർക്ക നോക്കി വാങ്ങി വിത്തിനായി ഉപയോഗിക്കാം.
കൂർക്ക നടേണ്ട സ്ഥലം കിളച്ച് ഇളക്കി തടം എടുക്കുക. ഉണക്ക ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും കൂടി മണ്ണുമായി യോജിപ്പിക്കുക അതിൽ നാലഞ്ച് അടി അകലത്തിൽ കൂർക്ക തണ്ടുകൾ നടുക. തണ്ടുകൾ എടുക്കുമ്പോൾ മൂന്ന് മുട്ടുകൾ ഉണ്ടായിരിക്കേണ്ടതാണ്. മഴയില്ലാത്ത പ്രദേശങ്ങളിൽ നനച്ച് വളർത്തേണ്ടതായി വരും. കൂർക്ക നട്ട് 45 ദിവസം കഴിഞ്ഞ് മണ്ണ് കൂട്ടിക്കൊടുക്കുകയാണെങ്കിൽ കൂർക്ക ചെടിയുടെ ശാഖകളിൽ നിന്ന് കൂടുതൽ കിഴങ്ങുകൾ പൊട്ടിയുണ്ടാകും. മാസത്തിൽ ഒരിക്കൽ ജൈവസ്ലറി നേർപ്പിച്ച് ഒഴിച്ച് കൊടുത്താൽ നല്ല വിളവ് ഉണ്ടാവും.
കൂർക്കയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം നിമാ വിരകളുടെ ആക്രമണമാണ്. അതായത് തണ്ടുകളിൽ ചില ഭാഗത്ത് തടിച്ച് മുഴ പോലെ വരുകയും പിന്നീട് ചെടി നശിക്കുകയും ചെയ്യും.നിമാ വിരകളുടെ ആക്രമണത്തെ തടയാൻ കൂർക്ക നടുമ്പോൾ വേപ്പിൻ പിണ്ണാക്ക് അടിവളം ആയി ഇട്ട് കൊടുക്കണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. വള്ളികൾ ഉണങ്ങി തുടങ്ങിയാൽ കൂർക്ക വിളവെടുപ്പിന് പാകമായി. നിലത്തു മാത്രമല്ല, സ്ഥലപരിമിതികൾ ഉള്ളവർക്ക് ഗ്രോബാഗിലോ, ചാക്കി ലോ മറ്റും കൂർക്ക നട്ടുപിടിപ്പിച്ച് വളർത്താവുന്നതാണ്.
പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷകസമൃദ്ധവും ആണ് കൂർക്ക. തോരൻ, മെഴുക്കുപുരട്ടി, അച്ചാർ എന്നിവ തയ്യാറാക്കുന്നതിന് വളരെ ഉത്തമമാണ് കൂർക്ക. കൂർക്ക അന്നജം, ഇരുമ്പ്, കാൽസ്യം, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ജീവകം സി എന്നിവയുടെ കലവറയാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കാതെ തന്നെ നന്നായിവിളയുന്ന കൂർക്ക എല്ലാവർക്കും നട്ടുപിടിപ്പിക്കാൻ കഴിയും. വിത്തിനങ്ങൾ ഓൺലൈനായി വാങ്ങുവാൻ – www.agriearth.com.