വിവരണം – ഷിജു പി.എസ്; പോലീസ് ഇൻസ്‌പെക്ടർ.
മിനിയാവുന്നാൾ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO വിജുവും കൂടി എത്തിയപ്പോൾ അറബിക്കടൽ രൗദ്രഭാവത്തോടെ കരയിലേക്ക് കയറി വന്നു കൊണ്ടിരിക്കുകയായിരുന്നു. റോഡിനു പടിഞ്ഞാറുവശത്തുള്ള വീടുകളില്ലെല്ലാം രണ്ടടിയിലധികം ഉയരത്തിൽ വെള്ളം കയറിയിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കലി തുള്ളി പെയ്യുന്ന പെരുമഴയത്തും സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്നു.
ജീപ്പിൽ നിന്നും റോഡിലേക്കിറങ്ങിയപ്പോൾ മുട്ടോളം വെള്ളം. ഈ പെരുവെള്ളത്തിൽ ഇവർ ഇന്ന് എങ്ങനെ കഴിച്ചുകൂട്ടും എന്ന് വേവലാതിയോടെയാണ് ഞാൻ ഓർത്തത്. രാത്രിയിൽ, കുട്ടികളടക്കമുള്ളവർ എന്ത് ഭക്ഷണം കഴിക്കും എന്നൊക്കെ ചിന്തിച്ചപ്പോൾ എൻ്റെ മനസിൽ ആദ്യം വന്നത് എൻ്റെ നാടായ കുമ്പളങ്ങിയിലെ ഞാനുൾപ്പെടുന്ന Whatsapp group നെക്കുറിച്ചും, പനങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും വർഷങ്ങളായി ചങ്കായി കൂടെക്കൂടിയ ശ്രീ.ജേക്കബ്ബിനേയും ആണ്.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.മാർട്ടിൻ ആൻ്റണി, പ്രതിപക്ഷ നേതാവ് ശ്രീ.സുരേഷ് ബാബു എന്ന സാബു ചേട്ടൻ, അയൽവാസിയായ ഷൈജു എന്നിവരേയും ഫോണിൽ വിളിച്ചു കുറച്ചു പേർക്കുള്ള ബ്രെഡും പഴവും എങ്കിലും തയ്യാറാക്കണം എന്നാവശ്യപ്പെട്ടു. ജേക്കബ്ബ് അപ്പോൾ തന്നെ നെട്ടൂർ മാർക്കറ്റിലേക്ക് പുറപ്പെട്ടു. മറ്റുള്ളവർ നോക്കട്ടെ, ശരിയാക്കാം എന്നും പറഞ്ഞു. പക്ഷേ തുടർന്നുള്ള ഒരു മണിക്കൂർ കൊണ്ട് അവിസ്മരണീയമായ വേഗതയിലാണ് കാര്യങ്ങൾ നടന്നത്.
കുമ്പളങ്ങി ഗ്രൂപ്പിൽ നിന്നും ടോജി വിളിച്ചു പറഞ്ഞതനുസരിച്ച് Fire & Rescue team ൻ്റെ Civil Defense team ശ്രീ. ബിനു മിത്രനും സംഘവും 250 പേർക്കുള്ള ഭക്ഷണവും ആയി എത്തുമെന്ന് അറിയിച്ചു. കൂടാതെ ജേക്കബ്ബിൻ്റെ സുഹൃത്തായ നെട്ടൂർ മാർക്കറ്റിലെ മൊയ്തുക്ക പറഞ്ഞതനുസരിച്ച് ആലുവയിൽ നിന്നും സുധീർ, സഗീർ തുടങ്ങിയവർ 600 പേർക്കുള്ള ചോറും ചിക്കൻ കറിയുമായി എത്തുമെന്ന് അറിയിച്ചു. ഇതിനിടയിൽ സാബുച്ചേട്ടൻ കുറേ ബ്രെഡ് കൊണ്ടുവന്ന് തന്നു. തുടർന്ന് കുമ്പളങ്ങിയിൽ നിന്നും നെൽസൺ മാഷ് ഫോണിൽ വിളിച്ച് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
തുടർന്നിങ്ങോട്ട് ഇന്ന് രാത്രി വരെ 4000 ൽ അധികം പേർക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യാനായത്. ശ്രീ. നെൽസൺ മാഷ്, ബിനോജ്, സെൽജൻ അട്ടിപ്പേറ്റി, ജോസ് മോൻ, ആൻസൻ, ടോജൻ, ദിലീപ്, സന്തോഷ്, ജിനീഷ്,അപ്പച്ചൻ, ഷൈജു, ടോജി, ഞാൻ പഠിച്ച St.Peters സ്കൂളിലെ ടീച്ചർമാർ, കുമ്പളങ്ങി OLF HS ലെ ഹെഡ്മിസ്ടസ് സിസ്റ്റർ സിൽവി, UPS ലെ ഹെഡ്മിസ്ട്രസ് Sr.ഷൈനി, PTAപ്രസിഡൻ്റ് പോൾ ബെന്നി, ബിന്ദു, ജോണി, അക്ഷര സെൻ്ററിലെ പഴയ അധ്യാപകനും ഇപ്പോൾ Excise Asst.commissioner ഉം ആയ ശശി സാർ, സൗമിത്രൻ സാർ, കുമ്പളങ്ങി പഞ്ചായത്ത് മെമ്പർ ശ്രീ.സുബീഷ്, സഹപാഠികളായ ഉണ്ണികൃഷ്ണൻ, സോണി KB, പ്രമോഷ്, സർജിൽ, സെൻ്റ് ജയിംസ് ചർച്ച് പൂണിത്തുറ വൈസ് ചെയർമാൻ ഫ്രാൻസീസ് താടിക്കാരൻ, കൈക്കാരൻ ജയ് മോൻ തോട്ടുപുറം, പാരീഷ് കൗൺസിൽ അംഗങ്ങൾ സിജുമോൻ, ബിശാൽ തുടങ്ങി ഒത്തിരി ആളുകളെ നന്ദിയോടെ സ്മരിക്കുന്നു.
ഇന്ന് വിതരണം ചെയ്ത ഭക്ഷണപ്പൊതികൾ ഓരോരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികൾ വീതം ശേഖരിച്ചവയായിരുന്നു. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ ഒരെണ്ണം സഹപ്രവർത്തകനായ അനിൽ ആൻറണി ഒരു പൊതി ഊണ് തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്. ഒരു പഴം കൊടുത്താൽ പോലും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നു. ഇങ്ങനെയും മനസുകൾ ഉള്ളപ്പോൾ നമുക്ക് തോൽക്കാനാകുമോ?