കൊറോണ വൈറസ് പ്രശ്നങ്ങൾ നടക്കുന്നതു മൂലം എല്ലാ എയർപോർട്ടുകളിലും നല്ലരീതിയിലുള്ള ചെക്കിംഗാണ് നടക്കുന്നത്. മലയാളികളും വിദേശികളുമടക്കമുള്ളവരെ ഇപ്പോൾ കർശന പരിശോധനകൾക്കു വിധേയമാക്കിയതിനു ശേഷമാണു ടെർമിനലിനു പുറത്തേക്ക് പോകുവാൻ അനുവദിക്കുന്നത്. ഇത്തരം പരിശോധനയ്ക്കിടെ ഇന്ത്യക്കാരെ പുച്ഛിച്ച ഇറ്റലിക്കാരിയായ വനിതയ്ക്ക് തങ്ങളുടെ ടീമിലുണ്ടായിരുന്ന ഡോക്ടർ കിടിലൻ മറുപടി നൽകി വായടപ്പിച്ച സംഭവമാണ് മെഡിക്കൽ ടീമിലെ അംഗമായ എറണാകുളം സ്വദേശി ലിബിൻ ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്. ലിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

“ഇന്നലെ (08-03-2020) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ വൈറസ് (കോവിഡ് – 19) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. International Flight ൽ വരുന്ന എല്ലാവർക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. കൂടാതെ രണ്ട് ഫോമുകളിൽ ആരോഗ്യ വിവര റിപ്പോർട്ടുകൾ ഓരോ Passenger ഉം 2 കോപ്പി വിമാനത്തിൽ വച്ച് തന്നെ പൂരിപ്പിച്ച് Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്. അതിൽ ഒരു കോപ്പിയിൽ സീൽ ചെയ്ത് വിട്ടാൽ മാത്രമേ പുറത്തേക്ക് പോവാൻ പറ്റു..

ഇന്നലെ വന്ന ഒരു വിമാനത്തിൽ 30 ഓളം ഇറ്റലിയിൽ നിന്ന് വന്ന വിദേശിയർ ഉണ്ടായിരുന്നു. അവരിൽ പലർക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാൻ കഴിഞ്ഞു. രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാൻ അനുവദിക്കാതെ വന്നപ്പോൾ അവർ ചൂടാവുകയും എന്നാൽ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു “യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല. എന്നിട്ടാണ് ഇൻഡ്യയിൽ ഇങ്ങനെ.”

ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടർ ആ വിദേശ വനിതയോട് പറഞ്ഞു “മേഡം, നൂറ് കോടിയിലേറെയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇൻഡ്യയിൽ ഇത്തരം ആരോഗ്യ പരിശോധനകൾ കർശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ൽ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും.”

ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇൻഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാൻ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തിൽ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാൻ കഴിഞ്ഞു. വനിതാ ദിനത്തിൽ ആ ലേഡി ഡോക്ടർ നൽകിയ മറുപടി ഒരു നല്ല കൈയടിക്ക് വക നൽകിയെങ്കിലും പരിസരം എയർപോർട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയിൽ ആയതിനാലും മനസ്സിൽ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവർക്ക് അഭിനന്ദനം അറിയിച്ചു.”

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.