ബേപ്പൂരിൽ നിന്നും കോഴിക്കോട് വരെ ഒരു കിടിലൻ കടൽയാത്ര ആയാലോ? ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ ‘ക്ലിയോപാട്ര’യാണ് ആ സൗകര്യമൊരുക്കുന്നത്. കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടു കൂടിയ വിനോദസഞ്ചാര ബോട്ടാണ് ‘ക്ലിയോപാട്ര”. ബേപ്പൂർ ബീച്ചിൽ നിന്നു തന്നെയാണ് യാത്ര തുടങ്ങുന്നത്.

ബേപ്പൂരില്‍നിന്ന് തുടങ്ങി കോഴിക്കോട് ബീച്ചുവരെയും അവിടെ നിന്ന് തിരിച്ച് ബേപ്പൂർ വരെയുമാണ് യാത്ര. വെയിലേറ്റ് തിളങ്ങുന്ന ഓളങ്ങളെ വകഞ്ഞു മാറ്റി കുടുംബമായും കൂട്ടുകാരുമായും ഉല്ലസിച്ചു കൊണ്ട് ഒന്നര മണിക്കൂർ കടൽയാത്ര. ആദ്യമായാണ് വിനോദ സഞ്ചാരികള്‍ക്കായുള്ള ഉല്ലാസബോട്ട് സര്‍വീസ് ബേപ്പൂര്‍ തുറമുഖത്താരംഭിക്കുന്നത്.

കേരള ഷിപ്പിങ് ആൻ‍ഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (KSINC) ഉടമസ്ഥതയിലുള്ള ഈ ടൂറിസ്റ്റ് ക്രൂയിസ് ബോട്ട് ‘വാൻസൻ ഷിപ്പിങ് സർവീസസിൻ്റെ’ നേതൃത്വത്തിലാണ് സേവനം നടത്തുന്നത്. ഗോവയിൽ നിർമിച്ച ഈ ബോട്ടിന് 130 പേരെ ഉൾകൊള്ളിക്കുവാനുള്ള ശേഷി ഉണ്ടെങ്കിലും 100 പേരെയാണ് ഇപ്പോൾ കയറ്റുന്നത്. ഇതിൽ 72 യാത്രക്കാർക്ക് നോൺ AC യിലും 28 പേർക്ക് A/C ക്യാബിനിലും യാത്ര ചെയ്യാം.

സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിൽ ക്ലിയോപാട്രക്ക് മുഴുവൻ മാർക്കും കൊടുക്കാം. രജിസ്ട്രേഷന്‍ ഓഫ് ഷിപ്പിങ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷനോടുകൂടി, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഈ യാനസുന്ദരിക്ക് 23 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുണ്ട്. നിലവിൽ കേരളത്തിലെ ഏറ്റവും വേഗംകൂടിയ പാസഞ്ചര്‍ ഫെറി ബോട്ടാണ് ക്ലിയോപാട്ര. മണിക്കൂറില്‍ 12 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.

കഫ്റ്റീരിയ, ഹോം തിയേറ്റർ, ബയോ ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ക്ലിയോപാട്രയിൽ ലഭ്യമാണ്. യാത്രക്കാർക്കിടയിലുള്ളവർക്ക് എന്തെങ്കിലും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അതിനുള്ള സൗകര്യവും ഇതിൽ ഉണ്ട്. ഇനി സർവീസുകളുടെ കാര്യം നോക്കുകയാണെങ്കിൽ, രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ രണ്ടു മണിക്കൂർ ഇടവിട്ടാണ് ക്രൂയിസ് ബോട്ട് സർവ്വീസ് നടത്തുന്നത്. രാവിലെ ഒമ്പതിന‌് ആദ്യയാത്ര തുടങ്ങുന്ന ക്ലിയോപാട്ര ഒന്നര മണിക്കൂർ കടലിൽ ചുറ്റിയടിച്ച‌് തിരികെയെത്തും. പിന്നെ 11 am, 1 pm, 3 pm, 5 pm എന്നിങ്ങനെ അഞ്ച‌് സർവീസുകളാണ‌് ഒരു ദിവസമുള്ളത‌്.

രാവിലെയുള്ള മൂന്ന‌് ട്രിപ്പുകൾ പ്രധാനമായും വിദ്യാർഥികൾക്കായാണ‌് സജ്ജീകരിച്ചിരിക്കുന്നത‌്. വിനോദവും പഠനവും സംയോജിപ്പിച്ചുള്ളതാണ് ഈ ട്രിപ്പുകൾ. ഉച്ചക്ക‌് ശേഷം യാത്ര ചെയ്യുന്നവർക്ക് കോഴിക്കോടൻ തീരങ്ങളിലൂടെ യാത്ര ചെയ‌്ത‌് സായാഹ്നത്തിന്റെ മനോഹര ദൃശ്യങ്ങളും സൂര്യാസ്തമയവും കണ്ട‌് സന്തോഷത്തോടെ മടങ്ങാം. വിവാഹം, ബർത്ത് ഡേ പാർട്ടികൾ, കോൺഫറൻസുകൾ എന്നിവയ്ക്കായും ക്ലിയോപാട്ര സർവീസ‌് നടത്തും.

വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കുമെല്ലാം വളരെ ഉപകാരപ്രദമായ രീതിയിലാണ് ക്ലിയോപാട്ര എന്നയീ ബോട്ട് സർവ്വീസ് നടത്തുന്നത്. ഇതേപോലെ കൊച്ചിയിൽ സാഗരറാണി, നെഫർടിറ്റി എന്നീ ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ നെഫർടിറ്റി ലക്ഷ്വറി ക്ലാസിലുള്ള സർവ്വീസായതിനാൽ അതിൽ ചാർജ്ജ് വളരെ കൂടുതലാണ്. സാധാരണക്കാർക്ക് കൊച്ചി കായലും കടലുമൊക്കെ ചുറ്റിയടിക്കുവാൻ സാഗരറാണി എന്ന ക്രൂയിസ് ബോട്ടാണ് നല്ലത്.

ഒന്നര മണിക്കൂർ യാത്രക്ക‌് മുതിർന്നവർക്ക‌് 300 രൂപയാണ‌് നിരക്ക‌്. എസി ക്യാബിനിൽ യാത്രചെയ്യാൻ ഒരാൾ 450 രൂപ മുടക്കണം. വിദ്യാർഥികൾക്ക് 250 രൂപയാണ‌് നിരക്ക‌്. അഞ്ച‌് മുതൽ പത്ത‌് വരെയുള്ള കുട്ടികൾക്ക് 200 രൂപയാണ‌് ടിക്കറ്റ‌് ചാർജ‌്. ഈ ടിക്കറ്റ് നിരക്കിൽ ഓരോരുത്തർക്കും ലഘുഭക്ഷണം (സ്‌നാക്‌സ്) ലഭിക്കുന്നതാണ്. ബോട്ട് യാത്ര ചെയ്യുവാനായി സാധാരണ ബോട്ടിൽ കയറിപ്പോകുന്നതു പോലെ പോകാമെന്നു വിചാരിച്ചാൽ ക്ലിയോപാട്രയിൽ അത് പറ്റില്ല. യാത്രയ്ക്ക് മുൻപായി മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്തിട്ടു മാത്രമേ യാത്ര ചെയ്യുവാൻ പറ്റുകയുള്ളൂ.

ഇത്തരത്തിൽ ബുക്ക് ചെയ്ത യാത്രക്കാർ ബോട്ട് യാത്ര തുടങ്ങുന്നതിന് 15 മിനിട്ടു മുന്നേ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഗ്രൂപ്പ് ആയിട്ടാണ് ബുക്ക് ചെയ്യുന്നത് എങ്കിൽ നിരക്കുകളിൽ 15% വരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. യാത്രയ്ക്കിടെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെങ്കിലും കൂടുതൽ സമയം കടലിൽ യാത്ര ചെയ്യണമെങ്കിലും അതിനുള്ള സൗകര്യം ക്ലിയോപാട്രയിൽ ഉണ്ട്. ക്ലിയോപാട്രയിലെ യാത്ര ബുക്ക് ചെയ്യുവാനായി വിളിക്കാം – 7592999555, 8592999555.

വിവരങ്ങൾക്ക് കടപ്പാട് – Kabeer Erm, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.