കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അതിദാരുണമായ വിമാനാപകടത്തില്‍ രണ്ടു പൈലറ്റ്മാര്‍ ഉള്‍പ്പടെ 19 പേരാണ് ഇത് വരെ മരിച്ചത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ, ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ച പൈലറ്റ്മാര്‍. ഇവരില്‍ ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാര്‍, വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി കരിപ്പൂർ എയർപോർട്ടിൽ എത്തിയ ആദ്യ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാളായിരുന്നു. 2020 മെയ് എട്ടിന് അഖിലേഷ് കുമാറിനെ കരിപ്പൂർ വിമാനത്താവളത്തിൽ കയ്യടികളോടെയായിരുന്നു സ്വീകരിച്ചത്.

എന്നാൽ, അതേ അഖിലേഷ് കുമാർ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായി കരിപ്പൂരിൽ നിലം തൊട്ടപ്പോൾ അത് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അവസാന ലാൻഡിംഗ് ആയി മാറുകയായിരുന്നു.

10 ദിവസത്തിനുശേഷം പിറക്കാനിരിക്കുന്ന സ്വന്തം കുഞ്ഞിനെ കാണാതെയാണ് 32 വയസ്സുകാരനായ അഖിലേഷ് ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. കുഞ്ഞു പിറക്കാനിരിക്കുന്നതിൻ്റെ സന്തോഷത്തിലായിരുന്നു അഖിലേഷും ഭാര്യ മേഘയും. അഖിലേഷിന്റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. മേഘ ഗർഭിണിയാണ്. ഈ മാസം 18 നായിരുന്നു ഡോക്ടർ പ്രസവത്തിനുള്ള തീയതി അറിയിച്ചിരുന്നത്.

നാലുമക്കളുള്ള കുടുംബത്തിലെ രണ്ടാമനായിരുന്നു അഖിലേഷ്. മൂത്ത സഹോദരിയും വിവാഹിതയാണ്. ഇളയ അനുജൻ രാഹുൽ അവിവാഹിതനും ബിസിനസ്സുകാരനുമാണ്. ഏറ്റവും ഇളയ സഹോദരൻ രോഹിത് വിദ്യാർത്ഥിയും. ഉത്തർ പ്രദേശിലെ മഥുര ജില്ലയിലുള്ള ഗോവിന്ദ് നഗർ, പോത്തരാക്കുഡ് ഗ്രാമവാസിയാണ് അഖിലേഷ് ശർമ്മ.

2017 ലാണ് അഖിലേഷ് എയർ ഇന്ത്യയിൽ ജോയിൻ ചെയ്യുന്നത്. ഒടുവിൽ ഇന്നലെ കരിപ്പൂരിൽ തകർന്നുവീണ വിമാനത്തിൽ തന്റെ ക്യാപ്റ്റനൊപ്പം സഹക്യാപ്റ്റനായിരുന്ന അഖിലേഷും മരണപ്പെടുകയായിരുന്നു. ഈ വിവരം ഇന്നലെ രാത്രി 10.30 ന് എയർ ഇന്ത്യ ഔദ്യോഗികമായി അദ്ദേഹത്തിൻറെ പിതാവ് തുളസീറാം ശർമ്മയെ അറിയിച്ചു. ഞെട്ടിക്കുന്ന ആ വർത്തയറിഞ്ഞു കുടുംബവും പ്രദേശവാസികളും ഒന്നടങ്കം ഇപ്പോഴും സ്തബ്ദരാണ്. അഖിലേഷിന്റെ ഭാര്യ മേഘയെ മരണവിവരം അറിയിച്ചിട്ടില്ല. അനുജൻ രാഹുലും സഹോദരീഭർത്താവും കോഴിക്കോടിന് തിരിച്ചിട്ടുണ്ട്.

വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയിരുന്നു അഖിലേഷ് എന്ന് സഹപ്രവർത്തകർ ഓർക്കുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്.

കടപ്പാട് – പ്രകാശ് നായർ മേലില, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.