പൊതു ടോയ്‌ലറ്റുകളുടെ അഭാവമാണ് ഇന്ന് നമ്മുടെ പ്രധാന നഗരങ്ങളിൽപ്പോലും അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡുകളിലെയും മറ്റും ടോയ്‌ലറ്റുകൾ ആണെങ്കിൽ വളരെ ശോചനീയമായ അവസ്ഥയിലും. അതിനെല്ലാം വിരാമമിട്ടുകൊണ്ട് പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി ഷിപ്പ് യാർഡ്.

എറണാകുളം നഗരത്തിൽ വൃത്തിയുള്ളതും നയന മനോഹരവുമായ ശുചിമുറികൾ ഒരുക്കി കൊച്ചി കപ്പൽശാല തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഉപയോഗ ശൂന്യമായ പഴയ കണ്ടെയിനർ നവീകരിച്ച് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ ആധുനിക ശൗചാലയങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. 20 അടി വിസ്തീർണമുള്ള കണ്ടെയ്നറാണ് ടോയലെറ്റായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ഇടങ്ങൾ, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, മുന്നിൽ മനോഹരമായ വെർട്ടിക്കൽ ഗാർഡൻ എന്നിവയൊക്കെയാണ് ഈ കണ്ടെയർ ടോയ്‌ലറ്റുകളെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ പ്രധാന പ്രത്യേകത ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി പ്രത്യേകം നിർമ്മിക്കുന്ന ആദ്യ പൊതു ശൗചാലയം കൂടിയാണിത് എന്നതാണ്.

എം.ജി റോഡിൽ അറ്റ്ലാന്റിസ് ജംഗ്ഷനു സമീപം കപ്പൽശാലയുടെ സ്ഥലത്ത് സ്ഥാപിച്ച ശുചി മുറികളുടെ ഉദ്ഘാടനം 07/06/19 ന് ബഹു. കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. മധു .എസ് . നായർ നിർവ്വഹിച്ചു. ‘വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങൾ’ എന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നർ ടോയലെറ്റുകൾ നിർമ്മിക്കുന്നത്. പ്രശസ്ത ഡിസൈനർമാരായ കുമാർ ഗ്രൂപ്പാണ് ശുചി മുറികളുടെ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർവ്വഹണച്ചുമതല ക്രെഡായി കൊച്ചിക്കാണ്. എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പേ ആൻഡ് യൂസ് അടിസ്ഥാനത്തിൽ ശുചി മുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

നഗരങ്ങളിൽ ഇനിയും ഇനിയും വരണം ഇതേ പോലത്തെ നല്ല നല്ല കാര്യങ്ങൾ, ഇത്രയും വലിയ നഗരത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും ഇനിയും വരണം… നല്ല വൃത്തിയുള്ള കൊച്ചിയെ നമുക്ക് വേണം. കൊച്ചിയെ മാതൃകയാക്കി ഇതേപോലെ കേരളത്തിലെ എല്ലാ നഗരങ്ങളിലും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ വരണം. ഇവയെല്ലാം ഇതേപോലെ തന്നെ കാത്തുസൂക്ഷിക്കുന്നതിൽ പൊതുജനങ്ങളും കൂടി സഹകരിക്കുകയും വേണം.

12 ലക്ഷം രൂപയാണ് ഇത്തരത്തിലുള്ള ഒരു കണ്ടെയ്നർ ടോയലെറ്റ് നിർമ്മാണത്തിനുള്ള ചെലവ്. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിലായി ഈ മാതൃകയിൽ 16 ടോയ്ലെറ്റുകൾ കൂടി പണിയുവാനാണ് തീരുമാനം.

വിവരങ്ങൾക്ക് കടപ്പാട് – Maneesh Xavier Edappally, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.