ട്രെയിൻ യാത്രകൾ ചെയ്യാത്തവർ പൊതുവെ കുറവായിരിക്കും. ദീർഘദൂര യാത്രകൾക്ക് ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗം നമ്മുടെ ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകൾ തന്നെയാണ്. കാലാകാലങ്ങളായി ഇന്ത്യൻ റെയിൽവേ പലതരം മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളുമൊക്കെ ട്രെയിനുകളിൽ കൊണ്ടു വന്നിട്ടുണ്ടെങ്കിലും നമ്മളിൽ പലർക്കും ട്രെയിൻ അഥവാ തീവണ്ടി എന്നു പറഞ്ഞാൽ ആദ്യം ഓർമ്മ വരുന്നത് പണ്ടത്തെ ചാര നിറത്തിലുള്ളതും പിന്നീട് വന്ന നീല നിറത്തിലുള്ളതുമായ കോച്ചുകളായിരിക്കും.

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് മേൽപ്പറഞ്ഞ കോച്ചുകളിൽ കാണപ്പെടുന്ന നമ്പറുകൾ. നാമെല്ലാം കോച്ചുകളുടെ നമ്പര്‍ നോക്കിയാവും ട്രെയിനുകളിലെ റിസര്‍വ് കമ്പാര്‍ട്മെന്‍റുകളില്‍ കയറുക. ഉദാഹരണത്തിന് S1 , S2 ,S3, S4, S5 ഇങ്ങനെയാവും റിസേർവ്ഡ് കോച്ചുകളില്‍ രേഖപ്പെടുത്തിയിരിക്കുക. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ ഇതൊന്നുമല്ലാതെ മറ്റു ചില രഹസ്യ കോഡുകളും രേഖപ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക.

രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഒഴികെ ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്. ഇത്തരം കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ കയറുന്ന കോച്ചിന്റെ പഴക്കം എത്രയാണെന്ന് ഈ കോഡ് നോക്കി മനസ്സിലാക്കാവുന്നതാണ്.

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്. 050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്. അതിൻ്റെ വിശദാംശങ്ങൾ ഇനി കൊടുക്കുന്നു. 151-200: എസി ചെയര്‍ കാര്‍, 201-400: സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ്, 401-600: ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 601-700: 2L സിറ്റിംഗ് ജനശതാബ്ദി ചെയര്‍ കാര്‍, 701-800: സിറ്റിംഗ് കം ലഗ്ഗേജ് റേക്ക്.

ഇനി ഈ നമ്പറുകൾ കൂടാതെ ചില ഇംഗ്ലീഷ് അക്ഷരങ്ങളും കോച്ചുകളിൽ കാണപ്പെടാറുണ്ട്. അവ എന്തിനെയൊക്കെയാണ് പ്രതിനിധീകരിക്കുന്നതെന്നു നോക്കാം. W C R- സെന്‍ട്രല്‍ റെയില്‍വെ, E F- ഈസ്റ്റ് റെയില്‍വെ, N F- നോര്‍ത്ത് റെയില്‍വെ, C N- 3 ടയര്‍ സ്ലീപ്പര്‍ കോച്ച്, CW- 2 ടയര്‍ സ്ലീപ്പര്‍ കോച്ച്, CB- പാന്‍ട്രി കാര്‍, CL- കിച്ചന്‍ കാര്‍, CR- സ്റ്റേറ്റ് സലൂണ്‍, CT- ടൂറിസ്റ്റ് കാര്‍ – ഫസ്റ്റ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ), C T S- ടൂറിസ്റ്റ് കാര്‍ – സെക്കന്‍ഡ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ), C- കൂപ്പെ, D- ഡബിള്‍-ഡെക്കര്‍, Y- ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്, AC- എയര്‍-കണ്ടീഷണ്‍ഡ്.

ഇപ്പോൾ മനസിലായില്ലേ, നമ്മൾ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ളവയാണ് ട്രെയിനുകളുടെ കോച്ചുകളിൽ കാണപ്പെടുന്ന അക്കങ്ങളും അക്ഷരങ്ങളുമെല്ലാം എന്ന്. ഈ അറിവുകൾ ഇനിയും അറിയാത്തവർക്കു മനസ്സിലാക്കുന്നതിനായി ഷെയർ ചെയ്യുക. ഇനി അടുത്ത തവണ ട്രെയിനിൽ കയറുമ്പോൾ, അല്ലെങ്കിൽ ട്രെയിൻ കാണുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നു പരിശോധിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.