വിവരണം – ജസ്റ്റിന്‍ ഫിലിപ്പ്.
ജോലിക്കിടയിൽ വീണ് കിട്ടിയ ഒരു ലീവ് വെറുതെ കളയാതെ ഒന്ന് കോയമ്പത്തൂരിലൂടെ തെണ്ടാൻ ഇറങ്ങി. ഒറ്റ ദിവസം കൊണ്ട് കോയമ്പത്തൂരിൽ വളരെ ചുരുങ്ങിയ ചിലവിൽ ( Rs300) പോയി വരാൻ പറ്റിയ സ്ഥലം അന്വേഷിച്ചപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് മൂന്ന് സ്ഥലങ്ങൾ ആണ്…. ഒന്ന്. ഇഷയോഗ (മുൻപ് ഒരിക്കൽ പോയത് ആണ് എന്നാലും പോയി വരാം). രണ്ട്.കോവൈ കുട്രാളം വാട്ടർ ഫാൾസ് (വെള്ളംകുറവാണ്. അതുകൊണ്ട് ഉപേക്ഷിച്ചു). മൂന്ന്. ധർമ്മലിംഗ മലൈ (ഇതുവരെ പോയിട്ടില്ല. അതുകൊണ്ട് അത് ഉറപ്പിച്ചു)
ഇഷ യോഗ : കോയമ്പത്തൂരിൽ നിന്നും 30 km മാറി വെള്ളിയൻഗിരി മലനിരകൾക്ക് താഴെ പൂണ്ടി എന്ന ഗ്രാമ പ്രദേശത്ത്സ്ഥിതി ചെയ്യുന്ന യോഗമഠം. ഇഷയോഗയുടെ തൊട്ടടുത്ത് തന്നെ ശിവന്റെ ഒരു വലിയ പ്രതിമയും ഉണ്ട്. അതിന്റെ ചുവട്ടിൽ പോയി രണ്ട് ഫോട്ടോ എടുത്ത് തിരിച്ചുവരാം എന്ന ഉദ്ദേശത്തോടെ ആണ് പോയത്… കൂടെ വരാൻ 3 കൂട്ട്കാരും ഉണ്ടായിരുന്നു…
രാവിലെ ആറരയ്ക്ക് തന്നെ അലാറം വച്ച് എണീറ്റ് പോകണം എന്ന പ്ലാൻ ആയിരുന്നു പക്ഷേ എണീറ്റപ്പോൾ സമയം എട്ട് ആകുന്നു…. പിന്നെ എല്ലാത്തിനെയും കുത്തിപൊക്കി റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം ഒമ്പത് കഴിഞ്ഞു (ഇപ്പോഴത്തെ കാലവസ്ഥയ്ക്ക് രാവിലെ തന്നെ പോയിട്ട് വരണം അതാണ് ശരീരത്തിന് നല്ലത്. ചൂട് ചൂടെയ്…) ബൈക്ക് ഇല്ലാത്തത് കൊണ്ടും ലോ ബഡ്ജറ്റ് (RS300) ട്രിപ്പ് ആയതു കൊണ്ടും യാത്ര ബസ്സിൽ തന്നെ മതി എന്ന് തീരുമാനിച്ചു.അങ്ങനെ ബസ്സ് കേറാൻ നിൽക്കുമ്പോൾ അടുത്ത കുരിശു.കൂടെ ഉള്ളവൻ വഴിയിൽ കിടന്ന പട്ടിയുടെ മുതുകത്ത് ചവിട്ടി. (അറിയാതെ പറ്റി പോയതാണ്) പട്ടി ഒന്ന് കമ്മി വിടുകയും ചെയ്തു…
കാര്യം ആയിട്ട് ഒന്നും പറ്റിയില്ലെങ്കിലും ഇഞ്ചക്ഷൻ എടുക്കാൻ പോയത് കൊണ്ട് വീണ്ടും ലേറ്റായി. കോയമ്പത്തൂർ ടൗൺ ബസ്റ്റന്റിൽ നിന്നും പൂണ്ടിക്ക് ബസ്സ് ഉണ്ട് ഒരാൾക്ക് രൂപ 40 ടിക്കറ്റ്.(ഇപ്പോൾ അവിടെ ക്ഷേത്രത്തിലെ പൂജ നടക്കുന്നതിനാൽ സീസൺ ബസ്സ് ഉണ്ട്. ക്ഷേത്രത്തിലെക്കും മലകയറുവാനും ആയിട്ട് ഇപ്പോൾ വൻ ജനത്തിരക്കാണ്.) വെളളിയൻഗിരി മല നിരകൾക്ക് താഴെയാണ് പൂണ്ടി എന്ന ഗ്രാമ പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് ശിവന്റെ ഭീമൻപ്രതിമ സ്ഥിതി ചെയ്യുന്നതും. വെളളിയൻ ഗിരി മല ട്രെക്കിങ്ങിന് പറ്റിയ സ്ഥലമാണ്. കഴിഞ്ഞ വർഷം മെയ് 1 ന് അവിടെ ആരുന്നു.
രാത്രിയിൽ 10 മണിക്ക് തുടങ്ങിയ ട്രെക്കിങ് അവസാനിച്ചത് രാവിലെ 7 മണിക്കാണ്. പോയതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് ഇവിടെക്കുള്ള ട്രെക്കിങ് ആണ്.( സ്ത്രീകൾക്ക് age limit ഉണ്ട്.ശബരിമലയോട് സാമ്യം തോന്നിക്കുന്ന രീതിയിൽ). ടൗണിൽ ഒരു മണിക്കൂർ നോക്കി നിന്ന ശേഷം വന്ന ബസിൽ കയറി യാത്ര ആരംഭിച്ചു. (കാല് കുത്താൻ ഇടം കിട്ടിയത് ഭാഗ്യം) കൈയ്യിൽ ഉണ്ടാരുന്ന ബാഗ് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയുടെ കൈയ്യിൽ കൊടുത്തു കൈ ഫ്രീയാക്കി. പരിചയപ്പെട്ടു വന്നപ്പോൾ പുള്ളിക്കാരി ആലപ്പുഴയാണ് സ്ഥലം. ചെന്നൈയിൽ മെഡിസിന് പഠിക്കുന്നു രണ്ട് ദിവസത്തെ ലീവിന് കറങ്ങാൻ ഇറങ്ങിയത് ആണ് ആള്.പിന്നീട് ഉള്ള യാത്ര ഞങ്ങൾ ഒരുമിച്ചാക്കി. അത് അല്ലെലും അങ്ങനെ അല്ലെ പാടെള്ളൂ.
കോയമ്പത്തൂർ ടൗണിൽ നിന്ന് അകലും തോറും റോഡ് സൈഡിലെ പച്ചപ്പ് കൂടി വന്നു. പൂണ്ടിയിൽ ഒരുപാട് തെങ്ങിൽ തോപ്പുകളും കവുങ്ങുകളും നിറഞ്ഞ് നിൽക്കുന്നുണ്ട്… ഇതെല്ലാം ഉണ്ടെങ്കിലും നല്ല ഉഷാറ് ചൂടാണ്. വിചാരിച്ച പോലെ തന്നെ നട്ടുച്ചക്ക് അവിടെ പോയി ബസ്സ് ഇറങ്ങി. വെയില് കാരണം കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട് നല്ല ഒരു ഫോട്o പിടിക്കാനും പറ്റിയില്ല.
കഴിഞ്ഞ തവണ വന്നപ്പോൾ ഇഷ യോഗയുടെ അകത്ത് പോകാൻ പറ്റിയിരുന്നില്ല അതിനാൽ അതിന്റെ ഉള്ളിൽ കയറി കണ്ട് ഇറങ്ങാൻ തീരുമാനിച്ചു. അകത്ത് മൊബൈൽ, ക്യാമറ ഒന്നും കടത്തിവിടില്ല എല്ലാം പുറത്ത് കൗണ്ടറിൽ കൊടുത്തിട്ട് വേണം അകത്ത് കടക്കാൻ. ഒരു പ്രാർത്ഥനാലയത്തിന് ഉള്ളിൽ കയറിയ ഫീൽ ആണ് അകത്ത്. നിശബ്ദത ആണ് എങ്ങും.യോഗമടത്തിന് ഉള്ളിൽ ഒരു പറ്റം വിദേശികളും ഉണ്ട്. അവിടെ തന്നെ സ്റ്റേ ചെയ്ത് യോഗ കാര്യയങ്ങളിൽ ശ്രദ്ധിക്കുന്നവരും ഉണ്ട്. അതിനെക്കുറിച്ചു കൂടുതൽ അറിയാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ അടുത്ത സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. ബസ്സ് കയറ്റി തിരിച്ച് കോയമ്പത്തൂർ ടൗണിൽ വന്നിട്ട് വേണം അടുത്ത സ്ഥലം പിടിക്കാൻ. യാത്രക്ക് ഇടയിൽ വന്ന സഹയാത്രിക ഞങ്ങളോട് ടാറ്റ പറഞ്ഞ് തിരിച്ചു പോയി.
ധര്‍മ്മലിംഗ മല (‘ശിവ ശിവ’ ക്ഷേത്രം) : തിരിച്ച് ടൗണിൽ വന്ന ശേഷം രണ്ട് ചായ കുടിച്ച്( ഉച്ചക്ക് ഭക്ഷണം കഴിച്ചില്ല കൂടെ വന്നകൊച്ചിന്റെ സ്നാക്ക്സ് വച്ച് അഡ്ജസ്റ്റ് ചെയ്തു. അതു കൊണ്ട് വൈകുന്നേരം രണ്ട് ചായ വീതം ആക്കി) ധർമ്മമലിംഗ മലയ്ക്ക് പോകാൻ ഉള്ള ബസ്സിൽ കയറി യാത്ര തുടങ്ങി… കോയമ്പത്തൂർ ഉക്കടം ബസ്സ്റ്റാന്റിൽ നിന്ന് പത്ത് രൂപ ടിക്കറ്റ് .ഇരുപത് മിനുട്ട് യാത്ര. അവിടെ എത്തിയപ്പോൾ സമയം 5:10 ആയി ആറു മണിക്ക് ശേഷം മലമുകളിലേക്ക് പ്രവേശനം ഇല്ല.
ധർമ്മലിംഗ മല കോയമ്പത്തൂർ പാലക്കാട് റൂട്ടിൽ പോകുമ്പോൾ കാണം മലയുടെ മുകളിൽ ‘ശിവ ശിവ’ എന്ന് തമിഴിൽ എഴുതിയിട്ട് ഉണ്ടാകും.ഏകദേശം 850 ഓളം പടികൾ കയറി വേണം മലമുകളിൽ എത്താൻ.ഒരു അര മണിക്കൂറിന് ഉള്ളിൽ മല മുകളിൽ എത്തി. മുകളിൽ ഒരു ചെറിയ അമ്പലം ഉണ്ട്. (തമിഴ് നാട്ടിൽ ഇങ്ങനെ ഉള്ള മിക്ക മലമുകളിലും അമ്പലങ്ങൾ ഉണ്ട്). വൈകുന്നേരം ആയതുകൊണ്ട് മലമുകളിൽ നല്ല കാറ്റുണ്ട്. കൈ വിരിച്ച് നിന്നാൽ പുറകിലേക്ക് വലിച്ച് കൊണ്ട് പോകും വിധം. മലയുടെ ഒരു ഭാഗത്ത് നിന്ന് നോക്കിയാൽ കോയമ്പത്തൂർ പാലക്കാട് ഹൈവേയും റെയിൽപാളവും എല്ലാം കാണാം.ഒരു നല്ല വ്യൂ കിട്ടി. വന്നത് വെറുതെ ആയില്ല എന്ന തോന്നൽ ഉണ്ടായി.
സമയം ആറ് കഴിഞ്ഞപ്പോൾ മുകളിൽ നിന്ന് പൂജാരി താഴെക്ക് എല്ലാവരെയും ഇറക്കാൻ തുടങ്ങി. ഞങ്ങൾക്കും തിരിച്ചിറങ്ങാം എന്ന തോന്നൽ വന്നു. പെട്ടെന്ന് ഉണ്ടായ മഴക്കാറ് തന്നെ കാരണം എന്തായാലും തിരിച്ച് താഴെ എത്തുന്നതിന് മുൻപ് തന്നെ മഴപെയ്ത് തുടങ്ങി. അന്നത്തെ ദിവസം മുഴുവൻ വെയിൽ കൊണ്ട് നടന്നത് കൊണ്ടാവാം ആ ചെറു മഴയിൽ അലിയാൻ ഞങ്ങൾക്ക് ഒട്ടും മടി ഉണ്ടായിരുന്നില്ല….
1 comment