കുളിരണിഞ്ഞ കുടകിലേക്ക് ഒരു തകർപ്പൻ ട്രെക്കിംഗ്..

Total
0
Shares

വിവരണം – രാഹുൽ രാജ്.

” കുടകറ്‌ മലയല്ലാതെ മറ്റൊരു കൊതിയില്ല. പെരുവഴിയിൽ ഉയിർ ഒടുങ്ങിയാലും ഏഴിനും മീതെ ഞാനെത്തും. കാട്ടാടായ്‌ ഞാൻ കുന്നുകയറും. പാമ്പായ്‌ ഞാൻ പലവഴിയും പാഞ്ഞ്‌ തീർക്കും. കിളിയായ്‌ പറന്ന് കാടും മേടും കടന്ന് ഞാൻ പോകും ”
-ഏഴിനും മീതെ (എൻ. പ്രഭാകരൻ).

അത്രമേൽ മനസിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ഇടമാണ്‌ കുടക്‌. കാസർഗോട്ട്കാർക്ക്‌ പണ്ടു മുതലേ തന്നെ കുടകുമായി ഒരാത്മ ബന്ധം ഉണ്ട്താനും. കുടക്‌ മലയിറങ്ങി കച്ചവടത്തിനു വന്ന കുടകരുടെ തലമുറക്കാർ ഇന്നും കാസർഗ്ഗോഡിന്റെ പലഭാഗത്തുമായുണ്ട്‌. കൃഷി ചെയ്യാനായ്‌ കുടക്‌ മല കേറി വീരാജ്പേട്ടക്ക്‌ പോയ മാങ്ങാട്ട്‌ മന്ദപ്പൻ കാസർഗ്ഗോഡ്‌/ കണ്ണൂരുകാർക്ക്‌ കതിവനൂർ വീരൻ ദൈവമാണ്‌.

അപ്രതീക്ഷിതമായി കണ്ട ഒരു വാട്സപ്പ്‌ സ്റ്റാറ്റസിന്റെ ഫലമാണ്‌ ഈ യാത്ര. കാസർഗ്ഗോഡ്‌ സഞ്ചാരി യൂണിറ്റിന്റെ കോർ മെമ്പറായ ഗോകുൽ നാട്ടുകാരനും അതിലുപരി ബാല്യകാല സുഹൃത്തുമാണ്‌. അപ്രതീക്ഷിതമായാണ്‌ അവന്റെ സ്റ്റാറ്റസിൽ കാസർഗ്ഗോഡ്‌ സഞ്ചാരി യൂണിറ്റിന്റെ ഈ വർഷത്തെ മഴയാത്ര കുടക്‌ കുന്നുകളിലേക്കാണറിയുന്നത്‌. തടിയന്റമോൾ.. പല ഫോട്ടോകളിലും വിവരണങ്ങളിലും സൗന്ദര്യം കാട്ടി വശീകരിച്ചിട്ടുണ്ട്‌ ഈ മല.. വെറുതെയൊന്ന് ഗോകുലിനോട്‌ പറഞ്ഞ്‌ നോക്കിയതാണ്‌ “ഞാനും ഉണ്ട്‌ യാത്രയ്ക്ക്‌. പക്ഷെ എന്റെ കയ്യിൽ വണ്ടിയില്ല.” “വരാനാഗ്രഹമുണ്ടോ? വണ്ടി നമുക്ക്‌ റെഡിയാക്കാം.” ഇതായിരുന്നു അവന്റെ മറുപടി. “അങ്ങിനാണെങ്കിൽ തീർച്ചയായും ഞാൻ വരും.”

രണ്ട്‌ ദിവസത്തെ ലീവുമെടുത്ത്‌ ശനിയാഴ്ച രാവിലെയാണ്‌ കോഴിക്കോട്‌ നിന്ന് കാഞ്ഞങ്ങാട്ടേക്ക്‌ വണ്ടി കയറുന്നത്‌. മഴ തിമിർത്തു പെയ്യുകയാണ്‌. പിറ്റേന്ന് കൃത്യം 6:30 ന്‌ പരപ്പയെത്തണം. അവിടുന്ന് ആലക്കോട്‌ നിന്ന് വരുന്ന ഷിന്റോ ചേട്ടന്റെ കൂടെ ഒടയഞ്ചാലെത്തണം. അവിടുന്ന് ഗോകുലിന്റെ പുറകെ കുമ്മനടിക്കണം. രാത്രി ഇത്രയൊക്കെ പ്ലാൻ ചെയ്ത്‌ നേരത്തേ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. നാലുമാസത്തോളമായി നാട്ടിലേക്ക്‌ വന്നിട്ട്‌. പരിചയമില്ലാത്ത സ്ഥലത്ത്‌ കിടന്നോണ്ടാവുമോ?? ഏയ്‌ അതാവില്ല. എപ്പൊഴോ ഒന്ന് ഉറങ്ങിപ്പോയപ്പോൾ ഞെട്ടി എണീറ്റു. അഞ്ചുമണിയായോ? മൊബെയിൽ ഞെക്കി സമയം നോക്കിയപ്പോൾ ഒന്നര. എങിനെ ഇന്നൊന്ന് നേരം വെളുപ്പിക്കും? മൂന്നരയ്ക്കാണ്‌ പിന്നെയൊന്ന് ഉറങ്ങിയെന്ന് പറയാനാവുക. അഞ്ചരയ്ക്ക്‌ എണീറ്റ്‌ കുളിച്ചിറങ്ങിയപ്പോൾ നല്ല മഴയങ്ങനെ തിമിർത്തു പെയ്യുന്നു. റെയിൻ കോട്ടും ഹെൽമറ്റും ഇട്ട്‌ പരപ്പയിലേക്ക്‌ നടന്നു

വളരെ കൃത്യനിഷ്ടതയോടെയാണ്‌ ഷിന്റോ ചേട്ടനെത്തുന്നത്‌. ആറരയെന്ന സമയം പറഞ്ഞതിൽ അതിന്‌ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഇളക്കം തട്ടിയില്ല. നായിക്കയം തട്ടും കയറി ഒഡയഞ്ചാലെത്തിയപ്പോഴേക്കും 6:45. ബാക്കി മുക്കാൽ ഭാഗം ആൾക്കരും കാഞ്ഞങ്ങാട്ട്‌ നിന്നെത്തേണ്ടവരാണ്‌. അവർ മാവുങ്കാൽ കഴിഞ്ഞിരിക്കുന്നു. ഒരു പത്തുമിനുട്ട്‌ മാത്രമേ അവിടെ കാത്തുനിക്കേണ്ടിവന്നുള്ളൂ. ഞാൻ ഷിന്റോ ചേട്ടന്റെ പുറകിൽ നിന്ന് മാറി ഗോകുലിന്റെ പുറകിൽ സ്ഥാനം പിടിച്ചു. പാണത്തൂരാണ്‌ ഇനിയുള്ള ടീ ബ്രേക്ക്‌. അവിടുന്ന് ഒരു ചായ കുടിക്കണം.

ഒരേ തരം വികാരങ്ങൾക്കടിമപ്പെട്ട മുപ്പത്തിയാറു പേർ.. ബുള്ളറ്റും യൂണിക്കോണും ആക്ടീവയുമൊക്കെയടങ്ങുന്ന 22 ബൈക്കുകൾ. കുറേ കാലത്തിനു ശേഷം സഞ്ചാരി കാസർഗ്ഗോഡ്‌ യൂണിറ്റ്‌ നടത്തുന്ന അൽപം ക്രൗഡഡായ ഒരു ഇവന്റ്‌. സഞ്ചാരി ഒഫീഷ്യൽ ടീമിന്റെ കൂടെയുള്ള എന്റെ ആദ്യ യാത്ര. ആദ്യ കുമ്മനടി യാത്ര. നീണ്ട പതിനാറു വർഷങ്ങൾക്ക്‌ ശേഷം പാണത്തൂർ ബാഗമൻണ്ഠല റൂട്ടിലൂടെയുള്ള എന്റെ യാത്ര. അതിലുപരി കുടക്‌ മലയെന്ന സ്വപ്നം.. പ്രത്യേകതകൾ ഒരുപാടുണ്ട്‌ ഈ യാത്രയ്ക്ക്‌.. ടീ ബ്രേക്ക്‌ കഴിഞ്ഞ്‌ എല്ലാവരുടേം പേരും സ്ഥലവും പറഞ്ഞ്‌ പരിജയപ്പെട്ട ശേഷം തലക്കാവേരി നാഷണൽ പാർക്കിലൂടെ ബാഗമണ്ഠലം ലക്ഷ്യമാക്കി നീങ്ങി.

ചേമ്പേരി കഴിഞ്ഞാൽ കേരള അതിർത്തിയും അവസാനിക്കുകയാണ്‌. വനം തുടങ്ങുകയാണ്‌. തലക്കാവേരി റിസേർവ്വ്‌ ഫോറസ്റ്റ്‌.. ചുരുങ്ങിയ വഴികൾ മുഴുവനും കുണ്ടും കുഴികളുമാണ്‌. ഒമ്പതരയോടടുത്തിട്ടുണ്ട്‌. കോട മൂടിയ കാട്ടു വഴികളിലൂടെ ഇരുപത്തിരണ്ട്‌ ബൈക്കുകളുടെ നിര ഒരു കൊച്ചരുവിയൊഴുകും പോലെ ഒഴുകിക്കൊണ്ടിരുന്നു.. വഴിയരികത്തായ്‌ ഒരു വെള്ളച്ചാത്തിനടുത്തെത്തിയപ്പോൾ എല്ലാവരും വണ്ടിയൊതുക്കി.. കാട്ടിനു നടുവിൽ നിന്നുറവ പൊട്ടിയൊലിക്കുന്ന ആ കാട്ടുചോല നൂലു പോലെ താഴേക്ക്‌ പതിച്ച്‌ ചിന്നിത്തെറിക്കുന്നു.

ബാഗമണ്ഠലത്ത്‌ നിന്നാണ്‌ തലക്കാവേരിക്ക്‌ റോഡ്‌ തിരിയുന്നത്‌. പുണ്യ ഭൂമിയാണ്‌ ബാഗമണ്ഠലം ഇവിടെയാണ്‌ ത്രിവേണീ സംഗമം. കാവേരിയും കനകയും സുജോതയും സംഗമിക്കുന്ന പുണ്യ സ്ഥലം. ഇവിടെ നിന്നാണ്‌ തലക്കാവേരിയിലേക്ക്‌ വഴി തിരിയുന്നത്‌. ഇടതുവശത്തുള്ള വീരാജ്പേട്ട റോഡിലൂടെയാണ്‌ ഞങ്ങൾക്ക്‌ പോകേണ്ടുന്നത്‌. ബാഗമണ്ട്ഠലവും കഴിഞ്ഞ്‌ കുറച്ച്‌ ദൂരം പിന്നിട്ടപ്പോൾ നേവിക്കാരനായ ശ്രീജിത്തേട്ടന്റെ ബുള്ളറ്റു പണി പറ്റിച്ചു. വണ്ടിയുടെ ടയർ പഞ്ചറായി വഴിക്കായി.

ടയർ നന്നാക്കാനിനി ബാഗമണ്ഠലം വരെ തിരിച്ച്‌ പോകണം. അടുത്തുള്ള വർക്ക്‌ ഷോപ്പ്‌ അവിടാണ്‌. അവർ പോയി തിരിച്ച്‌ വരുന്നത്‌ വരേയും കുടകിന്റെ വയൽ വരമ്പത്തിരുന്ന് സൊറ പറഞ്ഞു. കൂട്ടത്തിൽ വമ്പനായാ ഓളിന്ത്യാ റൈഡർ റിച്ചു വയലിലെ ചളിയിലിറങ്ങി തുള്ളിക്കളിച്ചർമ്മാദിച്ചു. വഴിക്കായ വണ്ടി പഞ്ചറായതാണ്‌. തിരിച്ച്‌ കിട്ടാൻ വൈകും. അതുവരെ കാത്തിരിക്കണ്ടല്ലോ തിരിച്ച്‌ വരുമ്പോൾ വണ്ടി നന്നാക്കി വെക്കാനും പറഞ്ഞ്‌ ഒറ്റയായ്‌ വന്ന ബൈക്കിന്റെ പുറകിൽ ശ്രീജിത്തേട്ടനെയുമിരുത്തി യാത്ര തുടർന്നു.

രണ്ടു വശങ്ങളിലും കാപ്പിതൈകൾ കുറ്റിയായ്‌ വളർന്നിരിക്കുന്ന വളരെ മോശപ്പെട്ട റോഡിൽ മഴവെള്ളം കുത്തിയിറങ്ങി കുഴികൾ രൂപപ്പെട്ടിരുന്നു. അതിലൂടെ ഞങ്ങളുടെ 22 ബൈക്കുകൾ ഒന്നിനു പുറകേ ഒന്നായി തടിയന്റമോൾ ട്രക്കിംഗ്‌ പോയിന്റ്‌ ലക്ഷ്യമാക്കി നീങ്ങി. നേർത്ത മഴയപ്പോഴും നൂലു പോലെ പെയ്തുകൊണ്ടിരുന്നു.

ടിക്കറ്റ്‌ കൗണ്ടറിനടുത്ത്‌ നിന്നാണ്‌ ട്രക്കിംഗ്‌ പോയിന്റ്‌ ആരംഭിക്കുന്നത്‌. കുറേ ദൂരത്തേക്ക്‌ ജീപ്പ്‌ പോയി രൂപപ്പെട്ട നിരപ്പായ വഴികളാണ്‌. താഴേക്ക്‌ ബ്രഹ്മഗിരിയുടെ കൊച്ചു കൊച്ചു മലമടക്കുകൾ.. മൂന്ന് ചെറിയ നീർച്ചാലുകൾ കടന്ന് കഴിഞ്ഞാൽ പിന്നെ ചുറ്റിലും വയലറ്റ്‌ നിറത്തിൽ പൂത്തു നിൽക്കുന്ന കുറിഞ്ഞി വർഗ്ഗത്തിൽ പെട്ട പൂക്കൾ പൂത്ത്‌ നിൽക്കുന്ന പാതയാണ്‌. മുകളിലേക്ക്‌ കയറും തോറും കാട്‌ കുറഞ്ഞ്‌ കുറ്റിപ്പുല്ലുകളും കോടയും കൂടി വന്നു. നാലഞ്ച്‌ കിലോമീറ്റർ ഇനിയും നടക്കാനുണ്ട്‌.
മുകളിലേക്ക്‌ ഒരു അമ്പതു മീറ്ററിനപ്പുറം വ്യക്തമായി കാണാൻ കഴിയാത്തത്ര കോട മൂടി കിടക്കുന്നു. ചുറ്റിലും വയലറ്റ്‌ പൂക്കളാൽ ചുറ്റപ്പെട്ട തടിയന്റമോൾ മലനിര. അതിലൊക്കെയുപരി ഒന്നിനെയെടുത്ത്‌ കളയുമ്പൊഴേക്ക്‌ മറ്റൊന്ന് എന്ന് രീതിയിൽ തുടർച്ചയായി കാലുകളിൽ പറ്റിപ്പിടിച്ച്‌ തൂങ്ങി നിൽക്കുന്ന അട്ടകൾ.

ജീവിതത്തിലിത്രയും ഭംഗിയായി മഴയാസ്വദിച്ചിട്ടില്ല. ആവോളം മഴ കൊണ്ടും മഴ കുടിച്ചും ചിരിച്ചും കഥ പറഞ്ഞും മുപ്പത്തിയാറു പേരടങ്ങുന്ന ഈ കൂട്ടം ആ മല കേറി കിതച്ചു. അവ്യക്തമാകാത്ത വിദൂരക്കാഴ്ചകളിലൂടെ മാനമിപ്പോൾ തെളിയുമെന്ന ധാരണയിൽ മുകളിലെത്താൻ കൊതിച്ച്‌ ഞങ്ങൾ നടന്നു. ഒരു മണിയോടടുത്ത്‌ തുടങ്ങിയ നടത്തമാണ്‌. നടന്നും ഇരുന്നും കോടയും മഴയും കൊണ്ടും ആസ്വദിച്ചും രണ്ടരയോടാടുത്തപ്പോഴേക്ക്‌ ഏറ്റവും മുകളിലെത്തി. ഓരോരുത്തരായി എത്തുന്നതേയുള്ളൂ.

മുകളിലെത്താനിനിയും ആളുകൾ ബാക്കിയുണ്ട്‌. തണുത്ത കാറ്റിലങ്ങനെ ആടിയുലഞ്ഞ്‌ നിന്നു. കൈ ഒക്കെ മരവിച്ച്‌ ഫോണിന്റെ ഫിംഗർ പ്രിന്റ്‌ സെൻസർ വരെ സെൻസ്‌ ചെയ്യാതായി. കടലിലെ തിരമാല പോലാണ്‌ മലമുകളിലെ കാറ്റ്‌. ഒന്നാഞ്ഞു വീശും. അൽപം പിന്മാറും. പൂർവ്വാദികം ശക്തിയോടെ വീണ്ടും വീശും. നിൽപ്പുറപ്പിക്കാൻ കൂടി കഴിയാതെ ആ കാറ്റിൽ കാലുകൾ പിന്നിലേക്ക്‌ നീങ്ങി. കയ്യിൽ കരുതിയിരുന്ന ബിസ്ക്കറ്റും പഴവും കഴിച്ച്‌ കുറച്ച്‌ നേരം എല്ലാവരും അവുടിവിടായുള്ള പാറകളിൽ ഇരിപ്പുറപ്പിച്ചു. വഴികളിലെവിടെയോ വച്ച്‌ കൂടെക്കൂടിയ ചെമ്മണ്ണിന്റെ നിറമുള്ള സുന്ദരൻ പട്ടിക്കുട്ടൻ ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ എല്ലാവരുടെയും പരിചയക്കാരനായി വാലാട്ടി.

സമയം മൂന്നു മണി കഴിഞ്ഞിരുന്നു. ഇനിയും ഇരിപ്പുറപ്പിച്ചാൽ നാട്ടിലെത്താൻ വൈകും. മഴ കനത്താൽ,കോടയിറങ്ങിയാൽ തിരിച്ച്‌ കാട്ടിനുള്ളിലൂടെയുള്ള യാത്ര ദുഷ്കരമാവും. അതുകൊണ്ട്‌ മാത്രം തിരിച്ചിറങ്ങാനാരംഭിച്ചു. അപ്പൊഴും കൂട്ടത്തിലുള്ള പലരും മുകളിലെത്തിയിരുന്നില്ല. താഴെയെത്തി കയ്യിലും കാലിലും പറ്റിപ്പിടിച്ചിരുന്ന അട്ടകളെ ഉപ്പിട്ട്‌ വേർപ്പെടുത്തി തിരിച്ചിറങ്ങാൻ തുടങ്ങി. വഴിയിൽ കക്കബെയിലെ ഒരു കൊച്ചു ഹോട്ടലിൽ ഊൺ പറഞ്ഞേൽപ്പിച്ചിരുന്നു. വിശപ്പിന്റെ ആർത്തിയിൽ രുചിയുടെ ആർത്തി മറന്ന് പ്ലേറ്റിന്റെയത്ര തന്നെ വലിപ്പമുള്ള പപ്പടം കൂട്ടിക്കുഴച്ച്‌ ചോറും കഴിച്ച്‌ തിരിച്ചു.

ഭാഗമണ്ഠലത്ത്‌ നിന്ന് കൂടെ വന്ന പലരും യാത്ര പറഞ്ഞ്‌ മുന്നേ പോയപ്പോഴും ഞങ്ങൾ പത്തുപേർ പഞ്ചറായ വണ്ടി നന്നാക്കി കിട്ടുന്ന വരേയും കാത്തിരുന്നു.ഏഴുമണി കഴിഞ്ഞിരുന്നു. ബാഗമണ്ഠലം പോലീസുകാരിലൊരാൾ വൈകിയാൽ ആനയിറങ്ങുമെന്നും. ഗെയ്റ്റടയ്ക്കുമെന്നും മുന്നറിയിപ്പു നൽകി. കൊടും മഴയിൽ മഞ്ഞു മൂടിയ കാട്ടുപാതയിലൂടെ രാത്രി എട്ടുമണിയോടെ ഞങ്ങൾ യാത്ര തുടർന്നു.. തലക്കാവേരിയിൽ നിന്ന് റാണിപുരത്തേക്ക്‌ കാൽനടയായ്‌ നടന്ന് വഴിതെറ്റി ആനക്കൂട്ടത്തെ കണ്ട്‌ ഭയന്നോടി മാലോത്ത്‌ മലകളിൽ ചെന്നെത്തിയ കഥ പറഞ്ഞ്‌ ഗോകുൽ വണ്ടി നീക്കിയപ്പോൾ കാട്ടുചോലകളുടെ ഒഴുക്കിന്റെ കളകളാരവത്തിനിടയിലെവിടെയോ ഒരാനയുടെ അലർച്ചയും കാതോർത്ത്‌ ഞാനിങ്ങനെയിരുന്നു.. സ്വപ്നമായിരുന്നു കുടക്‌.. സ്വപനസാക്ഷാത്കാരമായിരുന്നു ഇന്നലെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post