എഴുത്ത് – നിഖിൽ ദാസ്.
എൺപതുകളിൽ ബോംബെയിലെ ബൈക്കുള, പരേൽ , ലോവർ പരേൽ ഏരിയ അടക്കി ഭരിച്ചിരുന്ന ടീം ആയിരുന്നു “ബൈക്കുള കമ്പനി.” ബാബു രേഷം, രാമ നായ്ക് എന്നിവരായിരുന്നു ഗ്യാംഗിന് നേതൃത്വം നൽകിയിരുന്നത്. കോട്ടൺഗ്രീൻ പ്രവിശ്യയിലെ തുണി മില്ലുകളിലെ സമരം മൂലം തൊഴിൽ നഷ്ടപ്പെട്ട മില്ലിലെ തൊഴിലാളികളായ അരുൺ ആഹിർ, കിഷോർ ആഹിർ എന്നീ സഹോദരങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ ബൈക്കുള കമ്പനി പെട്ടെന്ന് വളർന്നു.
അരുൺ ഗാവ്‌ലി എന്നു വിളിക്കപ്പെട്ട അരുണിന്റെ കൂർമ്മബുദ്ധി ഗ്യാംഗിന്റെ വേരുകൾ കൂടുതലാഴത്തിൽ ഇറങ്ങിപ്പടരാൻ സഹായിച്ചു. പല അധോലോക നായകന്മാരുമായി അടുത്ത ബന്ധം പുലർത്തിയ അവർ B.R.A ഗ്യാംഗ് (ബാബു രേഷം, രാമ നായ്ക്, അരുൺ ഗാവ്‌ലി) എന്നറിയപ്പെട്ടു.
1984-ൽ സബീർ കസ്കറുടെ ഘാതകനായ സമദ് ഖാന് വധശിക്ഷ വിധിച്ചവരിൽ ബൈക്കുള കമ്പനിയിലെ തലവൻ രാമ നായികും ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് 1988 വരെ ദാവൂദ് ഇബ്രാഹിമിന്റെ കൺസൈൻമെന്റുകൾ കാത്തുരക്ഷിയ്ക്കുന്ന ചുമതല B.R.A ഗ്യാംഗിനായിരുന്നു. ദക്ഷിണേന്ത്യൻ വിരുദ്ധ വികാരം ആളിക്കത്തിയപ്പോഴും ഹൈന്ദവരും മറാട്ടികളും മാത്രമടങ്ങിയ ഗ്യാംഗ് “ആംചി മൂലേ” (നമ്മുടെ പയ്യന്മാർ) എന്ന ലേബലിൽ ശിവസേനയുടെ രാഷ്ട്രീയസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു.
B.R.A ഗ്യാംഗിന് ഏറ്റവും വലിയ തലവേദന സൃഷ്ടിയ്ക്കുന്ന ശത്രുക്കളായിരുന്നു സാക്ഷി രസം, പ്രശാന്ത് പാണ്ഡെ എന്നിവർ നയിച്ചിരുന്ന ബൈക്കുളയിലെ തന്നെ “കോബ്ര ഗ്യാംഗ്. ഒരിക്കൽ, ആകസ്മികമായി സംഭവിച്ച ഒരു വഴക്കിൽ കലിപൂണ്ട അരുൺ ഗാവ്‌ലി ബൈക്കുള ബ്രിഡ്ജിലിട്ട് രണ്ടിനെയും തിരുനെറ്റിക്ക് തന്നെ വെടിവെച്ചു കൊന്നു. പ്രശാന്ത് വധം ഒഴിഞ്ഞെങ്കിലും സാക്ഷി രസയെ കൊന്നതിനു അരുൺ ഗാവ്‌ലി അറസ്റ്റ് ചെയ്യപ്പെട്ടു. അരുൺ ഗാവ്‌ലിയ്ക്ക് എതിരെ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസായിരുന്നു അത്.
ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബാബു രേഷം ബോംബെയിലെ ജേക്കബ് സർക്കിൾ പോലിസ് ലോക്കപ്പിൽ കൊല്ലപ്പെട്ടു. തുടർന്ന് ഗ്യാംഗിന്റെ നേതൃത്വം രാമ നായിക് ഏറ്റെടുത്തു.
അങ്ങനെയിരിക്കെ, 1988-ൽ ജോഗേശ്വരിയിൽ ഒരു ഭൂമിയിടപാടിൽ ദാവൂദിന്റെ ഉറ്റ അനുയായി ശരദ് ഷെട്ടിയും രാമനായിക്കും തമ്മിൽ തർക്കമുണ്ടായി. നിഷ്പക്ഷത പാലിക്കേണ്ടതിനു പകരം ദാവൂദ് ഇബ്രാഹിം ശരദ് ഷെട്ടിയുടെ പക്ഷം നിന്നു. ഇതിൽ ക്ഷുഭിതനായ രാമനായികും അരുൺ ഗാവ്‌ലിയും ദാവൂദ് നയിച്ചിരുന്ന D കമ്പനിയുമായി തെറ്റിപ്പിരിഞ്ഞു.
തൊട്ടടുത്ത വർഷം ,1989-ൽ ചെമ്പൂരിൽ വച്ചുണ്ടായ ഒരു പോലിസ് എൻകൗണ്ടറിൽ രാമനായിക് കൊല്ലപ്പെട്ടു. വെൽ പ്ലാൻഡായ അതിനു പുറകിൽ ദാവൂദ് ഇബ്രാഹിം തന്നെയായിരുന്നു. സംയമനം പാലിച്ചു ഗ്യാംഗ് ഏറ്റെടുത്ത അരുൺ ഗാവ്‌ലി ദാവൂദ് ഇബ്രാഹിമിനോട് പകരം വീട്ടുമെന്ന് ശപഥം ചെയ്തു.
ബൈക്കുളയിലെ ധഗ്ഡി ചൗൾ അരുൺ ഗാവ്‌ലിയുടെ വിഹാരരംഗമായി മാറിയിരുന്നു അതിനകം. എത്രവേഗത്തിൽ ഓടുന്ന വണ്ടിയിൽ നിന്നും എത്ര വേഗത്തിൽ ഓടുന്ന വണ്ടിയിലിരിക്കുന്ന ആരെവേണമെങ്കിലും ഉന്നം പിഴയ്ക്കാതെ വെടിവെച്ചു വീഴ്‌ത്തുന്ന ഷാർപ്പ്ഷൂട്ടറായ ശൈലേഷ് ഹലന്ദർ അരുൺ ഗാവ്‌ലിയുടെ വലംകൈ ആവുന്നത് ഇവിടെ നിന്നാണ്.
ഗ്യാംഗിലെ നാലുപേരെയും ഒപ്പം അരുൺ ഗാവ്‌ലിയുടെ സഹോദരനും ഗ്യാംഗ് മെമ്പറുമായ കിഷോർ അഥവാ ബപ്പ ഗാവ്‌ലിയെയും ദാവൂദിന്റെ ആൾക്കാർ വധിച്ചതോടെ ഗാവ്‌ലിയുടെ പക ആളിക്കത്തി.
തന്റെ പാർട്ട്ണറും മെന്ററും ആയ രാമ നായിക്കിന്റെ കൊലയ്ക്ക് പിറകിൽ പ്രവർത്തിച്ചവരും ദാവൂദിന്റെ വിശ്വസ്തരും ആയ സതീഷ് രാജയെയും ഹവാല ഡീലറായ മഹേന്ദ്ര ചൗധരിയെയും വധിച്ചുകൊണ്ട് അരുൺ ഗാവ്‌ലി പകരം വീട്ടി.
ഷൂട്ടൗട്ടിൽ പരിക്കേറ്റ ശൈലേഷ് ഹലന്ദറെ പോലിസ് അറസ്റ്റ് ചെയ്തു ബോംബെ J.J ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുപത്തിനാലു പേരടങ്ങുന്ന ഒരു സംഘം സായുധരായ ആൾക്കാർ ഹോസ്പിറ്റലിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസുകാരോടൊപ്പം ശൈലേഷ് ഹലന്ദർ കൊല്ലപ്പെട്ടു. ദാവൂദിന്റെ തിരിച്ചടി !!
സഹായം ചോദിച്ചു വരുന്ന സാധാരണക്കാരെ കൈയയച്ച് സഹായിച്ച അരുൺ ഗാവ്‌ലി ജനങ്ങൾക്കിടയിൽ വളരെ നല്ലൊരു ഇമേജ് വളർത്തിയെടുത്തു. ബോംബെ റോബിൻഹുഡ് സങ്കല്പം അരുൺ ഗാവ്‌ലിയ്ക്ക് പുതിയൊരു പേരു നൽകി – “ഡാഡി.”
പക മൂലം കണ്ണ് കാണാതായ ഗാവ്‌ലി D കമ്പനിയിലെ ആരെക്കണ്ടാലും നിർദാക്ഷിണ്യം വകവരുത്താൻ ഉത്തരവിട്ടു. ബോംബെയിലെ ഗ്യാംഗുകളായ ഹാജിമസ്താൻ ഗ്യാംഗ്, കരിം ലാല ഗ്യാംഗ്, D കമ്പനി, നാന കമ്പനി, B.R.A ഗ്യാംഗ് എന്നിവയെക്കാൾ അതിസാഹസികരും, ക്രൂരന്മാർ എന്ന് പറഞ്ഞാൽ പോരാ രാക്ഷസകുട്ടികൾ തന്നെയായിരുന്നു ഡാഡി ഗ്യാംഗ്.
നാഗ്പടയിൽ വസിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പെങ്ങളുടെ ഭർത്താവിനെ വെടിയുണ്ടകൾ കൊണ്ട് തുളച്ചാണ് ഡാഡിയും ഗ്യാംഗും പക വീട്ടിയത്. നാൽപ്പത് വർഷത്തെ ബോംബെ അധോലോകം കണ്ടതിൽ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായിരുന്നു D കമ്പനിയും ഡാഡി ഗ്യാംഗും തമ്മിൽ നടന്നത്.
അതിബുദ്ധിശാലിയായ ഗാവ്‌ലി, ദാവൂദ് ഗ്യാംഗിനാൽ പോലീസുകാർ J.J ഹോസ്പിറ്റലിൽ കൊല്ലപ്പെട്ടത് ഒരു രാഷ്ട്രീയ, ക്രമസമാധാന പ്രശ്നമാക്കി ഉയർത്തികൊണ്ടു വന്നു. അതോടെ D കമ്പനിയ്ക്ക് മഹാരാഷ്ട്രയിൽ കിട്ടിയിരുന്ന പൊളിറ്റിക്കൽ സപ്പോർട്ട് അവസാനിച്ചു. D കമ്പനിയുടെ പല പ്രമുഖരും രാത്രി ഇരുട്ടി വെളുത്തപ്പോൾ നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടന്നു. നിൽക്കക്കള്ളിയില്ലെന്ന് മനസിലായ D കമ്പനി തലവന്മാരായ ദാവൂദ് ഇബ്രാഹിം, രാജൻ, ശരദ് ഷെട്ടി എന്നിവരെല്ലാം ജീവനെ ഭയന്ന് ദുബായിലേക്ക് കടന്നു.
ദാവൂദ് ഇബ്രാഹിം നേരിട്ടതിൽ ഏറ്റവും ഭീകരനായ, ബുദ്ധിമാനായ ശത്രുവായിരുന്നു ഡാഡിയെന്ന അരുൺ ഗാവ്‌ലി. അർജുൻ രാംപാൽ അരുൺ ഗാവ്‌ലിയായി അഭിനയിച്ച ചലച്ചിത്രം അടുത്ത് ഇറങ്ങിയിരുന്നു.