എഴുത്ത് – shameersha sha.
നമ്മളിൽ പ്രായപൂർത്തിയായവരെല്ലാം വോട്ട് ചെയ്തിട്ടുണ്ടാകും. പോളിങ്ബൂത്തിൽ ചെന്ന് ക്യൂ നിന്നിട്ടാണ് മിക്കവാറും ആളുകൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഒരേയൊരു വോട്ടർക്കു മാത്രമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പോളിങ്ബൂത്ത് ഒരുക്കുമോ? ഇല്ലെന്നു പറയാൻ വരട്ടെ, അങ്ങനെയൊന്നുണ്ടായിരുന്നു കഴിഞ്ഞ വർഷം വരെ.
ഗുജറാത്തിലെ ഗിര്‍ വനത്തിനുള്ളില്‍ വര്‍ഷങ്ങളായി തപസ് ചെയ്തിരുന്ന മെഹന്ത് ഭരത് ദാസ് ദര്‍ശന്‍ ദാസ് എന്ന സന്യാസിക്ക് വേണ്ടിയാണ് ഇന്ത്യയിൽ ഒരു വോട്ടെറിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിംഗ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. ഗിര്‍ വനത്തിനുള്ളില്‍ നിന്ന് 55 കി.മീ അകലെയുള്ള ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് പോളിങ് ബൂത്ത് സാധാരണ സജ്ജീകരിക്കുന്നത്.
ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ബനേജ്. പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അധികൃതര്‍ ദര്‍ശന്‍ ദാസിന്റെ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വൈദ്യുതിയോ, ഫോണോ, വിനോദ മാധ്യമങ്ങളോയില്ലാതെയാണ് ദര്‍ശന്‍ ഇവിടെ താമസിക്കുന്നത്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി അവിടെ ഉള്ള ഒരു ശിവക്ഷേത്രത്തിലും പരിസരത്തുമായാണ് താമസം.
ഒരൊറ്റ വോട്ടിനായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണം മുടക്കി ഇവിടെ പോളിങ് ബൂത്ത് ഒരുക്കുന്നത്. അദ്ദേഹം വോട്ട് ചെയ്യുന്നതോടെ ഇവിടെ 100 ശതമാനം പോളിങ് രേഖപ്പെടുത്തും.
വോട്ടര്‍മാര്‍ നില്‍ക്കുന്നിടത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ മാത്രമേ പോളിങ് ബൂത്ത് ഒരുക്കാന്‍ പാടുള്ളുവെന്ന് തിരഞ്ഞെടുപ്പ് ചട്ടമുള്ളതുകൊണ്ടാണ് അപകടകരമാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഇവിടം വന്ന് പോളിങ് ബൂത്ത് ഒരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഒരു വോട്ടിന് വേണ്ടി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ദര്‍ശന്‍ ദാസിന്‍റെ മടയില്‍ എത്തിച്ചേരാനായിരുന്നു.
സിംഹങ്ങളും ,കടുവകളും വന്യജീവികളും അധിവസിക്കുന്ന ഗിര്‍ വനത്തിലേക്ക് ജീവന്‍ പണയം വച്ചാണ് ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഉദ്യോഗസ്ഥര്‍ എത്താറുള്ളത്.
രണ്ടു ഡസനിലേറെ അനുയായികളുണ്ടെങ്കിലും ദര്‍ശന്‍ ദാസിന് മാത്രമാണ് വോട്ടവകാശമുള്ളത്. 2004 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ പതിവുതെറ്റിക്കാതെ ദര്‍ശന്‍ ദാസിനെ തേടി ഗീര്‍ വനത്തിലെത്തും.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വോട്ടര്‍മ്മാരിൽ ഒരാളായിരുന്നു ദര്‍ശന്‍ ദാസ്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി ക്ഷേത്രത്തിലും പരിസരത്തുമായിട്ടാണ് ജീവിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം 2019 നവംബർ 2 ന് അന്തരിച്ചു.