എഴുത്ത് – പ്രിനു പടിയൂർ.
ഞാൻ ഏറ്റവും മനോഹരമായ ദിവാസ്വപ്നങ്ങൾ കണ്ടിട്ടുള്ളത് ബസ് യാത്രയിലാണ്. ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുകൊണ്ട് ഞാൻ മനസ്സിൽ തീർത്ത സ്വപ്നങ്ങൾ എന്ത് സുന്ദരമാണ്. ആ സ്വപ്നത്തിൽ കുറച്ചുനേരമെങ്കിലും അലിഞ്ഞ് അതിൽ ജീവിക്കുമ്പോൾ ജീവിതം സുന്ദരമാണ്. മനസ്സ് വീണ്ടും പ്രതീക്ഷകൾ കൊണ്ട് നിറയുമ്പോൾ കാലം കടന്നു പോകുന്നത് പോലെ. മരങ്ങളും ആളുകളും വീടും കടകളും കാടുകളും എല്ലാം എന്റെ മുന്നിലൂടെ പുറകോട്ടുപൊയ്ക്കൊണ്ടിരുന്നു. ഞാൻ ദിവാ സ്വപ്നങ്ങളുമായി മുന്നോട്ടും.
ഈ കൊറോണക്കാലത്ത് കുറെ നാളുകൾക്ക് ശേഷം ആണ് വീണ്ടും ബസിൽ കയറിയത്. പ്രതീക്ഷിച്ച പോലെ സൈഡ് സീറ്റ് തന്നെ കിട്ടി. ബസ്സിൽ ആളുകൾ വളരെ കുറവാണ്. ആളുകൾ തമ്മിൽ പരസ്പരം പേടിക്കുന്നത് പോലെ. മാസ്ക് ധരിച്ച ഞാനും പേടിയോടെ പതുങ്ങിയിരുന്നു. എവിടെ നിന്ന് എപ്പോഴാണ് കൊറോണയുടെ അനുഗ്രഹം കിട്ടുന്നതെന്ന് പറയാൻ കഴിയില്ലല്ലോ?
ബസ്സ് നീങ്ങിത്തുടങ്ങി. കയ്യിലെ മൊബൈൽ കീശയിൽ തിരുകി പുറം കാഴ്ചകളിലേക്ക് നോക്കിയപ്പോൾ പലപ്പോഴായി മറന്നുപോയ ദിവാസ്വപ്നങ്ങൾ വീണ്ടും എന്നെ തേടിയെത്തി. ഏറ്റവും സിമ്പിൾ ആയ എല്ലാവരും കാണുന്ന ഒരു സ്വപ്നമാണ് എന്നെ തേടി എത്തിയത്. ബസ്സിൽ കയറുന്നതിനു മുൻപ് വാങ്ങിയ ലോട്ടറി ടിക്കറ്റ്. സ്വപ്നങ്ങളും കൊണ്ട് യാത്ര തിരിച്ചു കഴിഞ്ഞു.
ആ സ്വപ്നത്തെകുറിച്ച് ഞാനായിട്ട് പറയേണ്ടതില്ലല്ലോ? ലോട്ടറി അടിക്കുന്നു, കൈനിറയെ പണം, പുതിയ കാഴ്ചകൾ, പ്രണയം, സിനിമ… സ്വപ്നങ്ങൾ വല്ലാതെ പൂത്തുലഞ്ഞു.
ഇന്നേവരെ ലോട്ടറി എടുത്തിട്ട് കിട്ടിയ സൗഭാഗ്യം എന്ന് പറയുന്നത് റിസൽട്ട് പത്രത്തിൽ നോക്കും വരെ കാണുന്ന ദിവാസ്വപ്നങ്ങൾ മാത്രമാണ്. സ്വപ്നങ്ങൾ സമ്മാനിച്ച ലോട്ടറി കീശയിൽ ഇരുന്നു. സ്വപ്നത്തിലെ ലക്ഷ പ്രഭുവായ ഞാൻ ബസ്സിറങ്ങി. ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷേ വീട്ടിലേക്ക് നടന്നേ മതിയാകൂ. ലോട്ടറി എടുത്ത പൈസ ഉണ്ടായിരുന്നെങ്കിൽ ഓട്ടോറിക്ഷക്ക് വീട്ടിൽ പോകാമായിരുന്നു. എന്താ ഒരു അവസ്ഥ..
ഇനി എന്തായാലും നടന്നേ പറ്റൂ. ദിവാസ്വപ്നത്തിന്റെ ഊർജ്ജത്തിൽ വീട്ടിലെത്തിയ ഞാൻ കീശയിലെ ലോട്ടറി എടുക്കാൻ ശ്രമിച്ചു. ഇല്ല കീശയിൽ കാണുന്നില്ല. തിരിച്ചും മറിച്ചും കീശകൾ ഓരോന്നായി പരതിയെങ്കിലും ലോട്ടറി ടിക്കറ്റ് കാണുന്നില്ല. എന്നാലും ടിക്കറ്റ് എവിടെപ്പോയി? കീശയിൽ നിന്നും മൊബൈൽ എടുത്തപ്പോൾ കെ എസ് ആർ ടി സി ബസിൽ വീണുപോയത് ആവാമെന്ന് നിഗമനത്തിലെത്തി.
പ്രതീക്ഷയുടെ രണ്ട് ദിവസങ്ങൾ പോലും സമ്മാനിക്കാതെ സ്വപ്നങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ മാഞ്ഞുപോയി എന്നുമാത്രമല്ല തകിടം മറിഞ്ഞു. ആ ലോട്ടറി അടിക്കാതെ പോട്ടെ. 40 രൂപ അല്ലേ പോട്ടെ. എന്നാലും സ്വപ്നം കാണാൻ പോലും… ശ്രീനിവാസൻ പറഞ്ഞ ആ സിനിമ ഡയലോഗ് മനസ്സിലേക്ക് വന്നു. “എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ…” എന്നാലും കുഴപ്പമില്ല, നാളെ വീണ്ടും ലോട്ടറി എടുത്തിട്ട് തന്നെ ബാക്കി കാര്യം. സ്വപ്നങ്ങൾ ദാ പിന്നെയും.