‘സദാ ഇ സർഹദ്’ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് ഒരു ബസ് സർവ്വീസ്… ഡൽഹിയിൽ നിന്നും ഇൻഡോ പാക് അതിർത്തിയായ വാഗാ ബോർഡർ കടന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്ക് സർവ്വീസ് നടത്തുന്ന ഈ വോൾവോ ബസ്സിൻറെ ചരിത്രവും വിശേഷങ്ങളും നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ കേട്ടോളൂ.
ഇരു രാജ്യങ്ങളുടെയും തർക്കങ്ങൾക്കിടയിൽ സമാധാനത്തിന്റെ വഴിയെന്നോണം ആരംഭിച്ചതാണ് ഈ ബസ് സർവ്വീസ്. 1999 ജനുവരി 8, 14 തീയതികളിൽ ട്രയൽ റൺ നടത്തിയതിനു ശേഷം ഫെബ്രുവരി 19 നാണു ചരിത്രപ്രാധാന്യമുള്ള ഈ സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയ്, നടൻ ദേവാനന്ദ്, ക്രിക്കറ്റ് താരം കപിൽദേവ്, കുൽദീപ് നയ്യാർ, ശത്രുഘ്‌നൻ സിൻഹ, ജാവേദ് അക്തർ, മല്ലികാ സാരാഭായ് അടക്കമുള്ളവർ ഈ ബസ്സിലെ ആദ്യത്തെ യാത്രക്കാരായി. ഈ യാത്ര ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഉത്ഘാടനയാത്രയ്ക്ക് ശേഷം യാത്രക്കാർക്കായി ഈ സർവ്വീസ് ആരംഭിക്കുന്നത് മാർച്ച് 16 നായിരുന്നു.
1947 ലെ ഇന്ത്യ-പാക് വിഭജനത്തിനു ശേഷം ഇരുരാജ്യങ്ങളിലേക്കുമുള്ള വഴികൾ അടക്കപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ വസിച്ചിരുന്നവരുടെ ബന്ധുക്കൾ അയൽരാജ്യത്തായി. ഇത്തരത്തിൽ ധാരാളം കുടുംബങ്ങൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഇന്നും വസിക്കുന്നുണ്ട്. അവർക്ക് അവരുടെ ബന്ധുക്കളെ അയൽരാജ്യത്തു പോയി കാണുന്നതിനും കൂടിയായാണ് ‘സദാ ഇ സർഹദ്’ എന്ന പേരിൽ ഡൽഹി – ലാഹോർ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിച്ചത്.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനും പാക്കിസ്ഥാൻ ടൂറിസം ഡെവലപ്പ്മെൻറ്റ് കോർപ്പറേഷനും സംയുക്തമായാണ് ഈ ബസ് സർവ്വീസ് നടത്തുന്നത്. ഇരു രാജ്യങ്ങൾക്കും സർവീസിനായി അവരുടേതായ ബസ്സുകളും ഉണ്ട്. ഇന്ത്യയിൽ ഡൽഹിയിലെ അംബേദ്‌കർ സ്റ്റേഡിയം ബസ് ടെർമിനലിൽ നിന്നും, പാക്കിസ്ഥാനിൽ ലാഹോറിലെ ലിബർട്ടി മാർക്കറ്റിനു സമീപമുള്ള ബസ് ടെർമിനലിൽ നിന്നുമാണ് ഈ ബസ് സർവ്വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഡൽഹിയിൽ നിന്നും ലാഹോറിലേക്ക് ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പാക്കിസ്ഥാൻ ടൂറിസം കോർപ്പറേഷൻ ബസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവ്വീസ് നടത്തുക. ലാഹോറിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര ഇതിനനുസരിച്ചു ക്രമീകരിച്ചിരിക്കുന്ന ദിവസങ്ങളിലുമായിരിക്കും. ഏകദേശം 2500 രൂപയാണ് ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഡൽഹി – ലാഹോർ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. പാക്കിസ്ഥാൻ ടൂറിസം കോർപ്പറേഷൻ ബസ്സിലാണെങ്കിൽ 4000 രൂപയോളമാണ് ടിക്കറ്റ് ചാർജ്ജ്.
ഈ ബസ് സർവ്വീസുകളിലെ യാത്രികർക്ക് കൊണ്ടുപോകാവുന്ന സാധനങ്ങൾക്കും ലഗേജുകൾക്കും വളരെയധികം കർശനമായ നിയന്ത്രണങ്ങളുണ്ട്. കസ്റ്റംസ്, ഇമിഗ്രെഷൻ ചെക്കിംഗുകൾ പൂർത്തിയായ ശേഷമേ ഇരു വശത്തേക്കും യാത്രക്കാരെ കടത്തിവിടുകയുള്ളൂ. പാസ്സ്‌പോർട്ട്, വിസ, ടിക്കറ്റ്, മറ്റു ഡോക്യുമെന്റുകൾ തുടങ്ങിയവ കൈയിൽ കരുതുകയും വേണം.
തുടക്കത്തിൽ DTC ഈ സർവ്വീസിൽ ഓപ്പറേറ്റ് ചെയ്തിരുന്നത് ആസാദ് ബിൽറ്റ് ബോഡിയുള്ള ഒരു അശോക് ലെയ്‌ലാൻഡ് വൈക്കിംഗ് ബസ് ആയിരുന്നു. പിന്നീട് ഇത് മാറ്റി വോൾവോ B9R ആക്കുകയായിരുന്നു. 530 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി – ലാഹോർ റൂട്ട് എട്ടു മണിക്കൂറുകൾ കൊണ്ടാണ് ഈ ബസ് പൂർത്തിയാക്കുന്നത്.
2001 ലെ ഇന്ത്യൻ പാർലമെന്റ് അക്രമണത്തോടനുബന്ധിച്ച് ഈ സർവ്വീസ് ഇരു രാജ്യങ്ങളും നിർത്തലാക്കിയിരുന്നു. പിന്നീട് 2003 ജൂലായ് 16 നാണു വീണ്ടും ഇത് പുനരാരംഭിച്ചത്. ഇരു രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളോ എന്തെങ്കിലും ആക്രമണങ്ങളോ ഉണ്ടാകുന്ന വേളയിൽ ഈ സർവ്വീസ് താൽക്കാലികമായി പിൻവലിക്കാറുണ്ട്. 2019 ൽ കശ്മീർ പ്രശ്നം മൂലം ഈ ബസ് സർവ്വീസുകൾ ഇരുരാജ്യങ്ങളും നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്.
ഡൽഹി – ലാഹോർ റൂട്ട് കൂടാതെ ലാഹോർ – അമൃത്സർ റൂട്ടിലും ഇത്തരത്തിലുള്ള ഇന്റർനാഷണൽ ബസ് സർവ്വീസ് ഉണ്ട്. എന്നാൽ അവയും പ്രശ്നങ്ങൾ കാരണം താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാകുന്ന സമയത്ത് ഈ ബസ് സർവ്വീസുകൾ വീണ്ടും ആരംഭിക്കും. പിന്നീട് ഒരിക്കലും ഇങ്ങനെ ഈ ബസ് സർവീസുകൾ നിർത്തലാക്കുവാൻ ഇടവരാതിരിക്കട്ടെ എന്ന് ആശംസിക്കാം.